ലോകം ഉറങ്ങിയപ്പോള്‍ സ്വാതന്ത്ര്യലബ്ധിയില്‍ ഒരു ചെങ്കോല്‍കൈമാറ്റച്ചടങ്ങ് നടന്നിരുന്നോ?
ഡിസംബർ 4- ഡൊമിനിക് ലാപിയര്‍ ഓർമ്മദിനം
ന്യൂഡൽഹി, 14 ആഗസ്റ്റ് 1947
സൂര്യാസ്തമയത്തോടെ അവര്‍ പുറപ്പെട്ടു. ഒരു വൃത്തികെട്ട കൊറ്റിയെപ്പോലെ, ഒരു നാഗസ്വരം വായനക്കാരന്‍ അവരുടെ കാറിനുമുമ്പേ ഒറ്റയ്ക്കു നടന്ന് ന്യൂഡല്‍ഹിയിലെ ആള്‍ത്തിരക്കുള്ള തെരുവുകളിലൂടെ അവരെ നയിച്ചു. ഓരോ നൂറു വാര കഴിയുമ്പോഴും നാഗസ്വരക്കാരന്‍ നില്ക്കും. എന്നിട്ട് ടാറിട്ട റോഡിലിരുന്ന് ഇരുട്ടിലൂടെ പതറിപ്പായുന്ന ഒരു ദാരുണനാദം പുറപ്പെടുവിക്കും. അയാളുടെ പിന്നിലുള്ള കാറിലെ രണ്ടു വിശുദ്ധന്മാരും സ്വര്‍ഗീയമായ അലക്ഷ്യഭാവത്തോടെ മുന്നോട്ടുതന്നെ നോക്കിയിരിക്കും. ഒരു ബ്രാഹ്മണനു പ്രാപിക്കാവുന്ന ഏറ്റവും ഉന്നതമായ പദവിയില്‍ വര്‍ത്തിക്കുന്ന രണ്ടു സന്യാസിമാരാണത്. ഒരുകോടി ജന്മംകൊണ്ടും ഒരു സാധാരണമനുഷ്യനു പ്രതീക്ഷിക്കാനാവാത്ത ആത്മീയാനുഗ്രഹങ്ങള്‍ ഒരു ജീവിതകാലത്ത് ആര്‍ജിക്കുന്നവര്‍ക്കാണ്, ഹൈന്ദവവിശ്വാസപ്രകാരം ആ പദവി ലഭിക്കുക.
മറയ്ക്കാത്ത മാറും ഭസ്മം പൂശിയ നെറ്റിത്തടവും പിണച്ചു ജടയാക്കി തോളിലേക്കു തൂക്കിയിട്ടിരിക്കുന്ന മുറിക്കാത്ത കറുത്ത തലമുടിയും ഉള്ള അവര്‍ പ്രാചീനവും കാലാതീതവുമായ ഒരിന്ത്യയില്‍നിന്നെത്തിയ തീര്‍ത്ഥാടകരാണ്. അവരുടെ പരിത്യക്ത ജീവിതത്തില്‍ അവര്‍ക്കനുവദിച്ചിട്ടുള്ള മൂന്നു സാധനങ്ങള്‍ അവരുടെ അടുത്തുതന്നെയുണ്ട്. ഏഴു മുട്ടുകളുള്ള ഒരു മുളവടി, ഒരു ജലപാത്രം, ഒരു മാനിന്റെ തോല്‍. അവരുടെ, 1937 മോഡല്‍ ‘ഫോര്‍ഡ്’ വാടകക്കാറിലേക്ക് ഏതെങ്കിലും ഒരു സാരി ധരിച്ച രൂപം എത്തിനോക്കിയാല്‍ സന്യാസിമാര്‍ മുഖം തിരിക്കും. സ്ത്രീകളുമായുള്ള സഹവാസം പരിത്യജിക്കുക മാത്രമല്ല, ഒരു സ്ത്രീയുടെ നേര്‍ക്കു നോക്കാന്‍കൂടി അവര്‍ക്ക് അനുവാദമില്ല. അത്ര കര്‍ശനമാണ് അവരുടെ സമൂഹത്തിലെ ചട്ടങ്ങള്‍. ശരീരത്തിന്റെ ക്ഷണികതയുടെ പ്രതീകമായ ഭസ്മം എന്നും രാവിലെ ദേഹത്തിലണിയാന്‍ വിധിക്കപ്പെട്ട അവര്‍, ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. ഒരു ദിവസം ഒരു തവണയാണ് അവര്‍ക്കു ഭക്ഷണം വിധിച്ചിട്ടുള്ളത്. അതു കഴിക്കുമ്പോഴും അവര്‍ നിലത്ത് ഇരിക്കുകയില്ല. വിശുദ്ധപശുവില്‍നിന്ന് ലഭിക്കുന്ന അഞ്ചു സമ്മാനങ്ങളായ പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം ഇവ തുല്യഅളവില്‍ ചേര്‍ത്ത പഞ്ചഗവ്യം അവര്‍ പതിവായി പാനംചെയ്യുന്നു.
ആ രണ്ടുപേരിലൊരാള്‍ ഒരു വലിയ വെള്ളിത്തട്ടം വഹിച്ചിരുന്നു. വെളുത്ത പട്ടില്‍ സ്വര്‍ണവരകള്‍ പിടിപ്പിച്ച ഒരു വസ്ത്രം മടക്കി അതില്‍വെച്ചിട്ടുണ്ട്. പീതാംബരമാണത്; സ്വര്‍ണവസ്ത്രം. മറ്റേ സന്യാസിയുടെ കൈയില്‍, അഞ്ചടി നീളമുള്ള ഒരു ചെങ്കോലും തഞ്ചാവൂര്‍നദിയില്‍നിന്നു കൊണ്ടുവന്ന വിശുദ്ധജലമുള്ള മൊന്തയും ഒരു ചെറിയ ഭസ്മസഞ്ചിയും മദ്രാസിലുള്ള ക്ഷേത്രത്തിലെ നൃത്തദേവനായ നടരാജന്റെ പാദത്തിങ്കല്‍ രാവിലെ നിവേദിച്ച ചോറ് ഉള്‍ക്കൊള്ളുന്ന മറ്റൊരു സഞ്ചിയും ഉണ്ട്.
അവരുടെ ഘോഷയാത്ര തലസ്ഥാനത്തെ തെരുവീഥികളിലൂടെ നീങ്ങിക്കൊണ്ടിരുന്നു. യോര്‍ക്ക് റോഡ് 17-ലെ ഒരു ചെറിയ ബംഗ്ലാവിന്റെ മുമ്പിലെത്തിയപ്പോള്‍ അതു നിന്നു. അതിന്റെ പടികളില്‍വെച്ച്, അന്ധവിശ്വാസത്തെയും ഇന്ദ്രിയാതീത വിഷയങ്ങളെയും പൂജിക്കുന്ന ഒരിന്ത്യയുടെ ആ പ്രതിനിധികള്‍, ശാസ്ത്രത്തിന്റേതും സോഷ്യലിസത്തിന്റേതുമായ പുതിയ ഇന്ത്യയുടെ പ്രവാചകനുമായി സന്ധിച്ചു. പുരാതനകാലത്തെ ഇന്ത്യന്‍ രാജാക്കന്മാര്‍ക്ക് ഹിന്ദുവിശുദ്ധന്മാര്‍ അധികാരചിഹ്‌നങ്ങള്‍ അര്‍പ്പിച്ചിരുന്നതുപോലെ, പുതിയ ഇന്ത്യാരാഷ്ട്രത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ പോകുന്ന മനുഷ്യന് തങ്ങളുടെ പൗരാണികങ്ങളായ അധികാരചിഹ്‌നങ്ങള്‍ അര്‍പ്പിക്കുന്നതിന് സന്യാസിമാര്‍ യോര്‍ക്ക് റോഡില്‍ എത്തിയതായിരുന്നു. അവര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെമേല്‍ വിശുദ്ധജലം തളിച്ചു.
അദ്ദേഹത്തിന്റെ നെറ്റിയില്‍ ഭസ്മം പൂശി. അവരുടെ ചെങ്കോല്‍ അദ്ദേഹത്തിന്റെ കൈയില്‍ വെച്ചു, അദ്ദേഹത്തെ സ്വര്‍ണവസ്ത്രം പുതപ്പിച്ചു. മതം എന്ന വാക്ക് തന്നില്‍ ഉളവാക്കിയിട്ടുള്ള ഭീകരതയെക്കുറിച്ച് എപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആ മനുഷ്യനു തന്റെ രാഷ്ട്രത്തില്‍ താന്‍ അപലപിച്ചിട്ടുള്ള സകലതിന്റെയും മടുപ്പുളവാക്കുന്ന ഒരു പ്രകടനമായിരുന്നു ആ ചടങ്ങ്. എങ്കിലും, ഏറെക്കുറെ ആഹ്‌ളാദപൂര്‍വമായ വിനയത്തോടെ അദ്ദേഹം അതിനു വിധേയനായി. തന്നെ കാത്തിരിക്കുന്ന ഭീകരമായ മഹായത്‌നങ്ങളില്‍, സഹായസാധ്യതയുടെ ഒരു ഉറവിടവും, താന്‍ അധിക്ഷേപിച്ചു തള്ളിയിട്ടുള്ള മാന്ത്രികവിദ്യയെപ്പോലും തീരെ അവഗണിക്കരുതെന്ന് ആ യുക്തിവാദി സ്വയം മനസ്സിലാക്കിയിരുന്നുവെന്നു തോന്നുന്നു.
സൈനികപാളയങ്ങളിലും ഔദ്യോഗികവസതികളിലും നാവികത്താവളങ്ങളിലും ഗവണ്മെന്റുമന്ദിരങ്ങളിലും ക്ലൈവ്, ബ്രിട്ടിഷ് വാഴ്ചയ്ക്കു തുടക്കമിട്ട കല്‍ക്കട്ട യിലെ വില്യം കോട്ടയിലും മദ്രാസിലെ സെന്റ് ജോര്‍ജ് കോട്ടയിലും സിംലയിലെ വൈസ്രോയിയുടെ വസതിയിലും കാശ്മീരിലും നാഗാലാന്‍ഡിലും സിക്കിമിലും ആസാം വനങ്ങളിലും ആയിരക്കണക്കിനു യൂണിയന്‍ജായ്ക്കുകള്‍ അവയുടെ കൊടിമരങ്ങളില്‍നിന്ന് അവസാനമായി താഴ്ത്തപ്പെട്ടു. ഏതാണ്ട് മുന്നൂറോളം വര്‍ഷം ബ്രിട്ടിഷ് വാഴ്ചയുടെ പ്രതീകമായിരുന്ന ആ പതാകകള്‍ ഔപചാരികമായ ചടങ്ങുകളോടെയല്ല ഇന്ത്യയുടെ അന്തരീക്ഷത്തില്‍നിന്നും നീക്കിയത്. ബ്രിട്ടിഷ് പതാക ആഘോഷപൂര്‍വം താഴ്ത്തരുതെന്നാണ് തന്റെ ഉറച്ച നയമെന്ന് മൗണ്ട്ബാറ്റന്‍ വ്യക്തമാക്കിയിരുന്നു. ‘ബ്രിട്ടിഷ് പതാക താഴ്ത്തുന്നത് ഏതെങ്കിലും തരത്തില്‍ ബ്രിട്ടിഷുകാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെങ്കില്‍,’ അതങ്ങനെ നടക്കുകയില്ലെന്ന് നെഹ്രുവും സമ്മതിച്ചു.