ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഇ.പി ശ്രീകുമാറിന്റെ ‘സ്വരം’
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഇ. പി ശ്രീകുമാറിന്റെ സ്വരം എന്ന നോവൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ‘ ഐ ബി ആർ അച്ചീവർ’ ബഹുമതി നേടിയിരിക്കുന്നു. മലയാളത്തിൽ ആദ്യമായിട്ടാണ് ഒരു പുസ്തകം ഈ നേട്ടത്തിന് അർഹമാവുന്നത്.
പൂർണമായും ഓർമ്മയും സംഗീതവും പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലാണ് ‘സ്വരം‘. സംഗീത പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ, മറവി രോഗത്തിനെതിരെ പ്രതിരോധം തീർക്കുന്നതിന് സർഗ്ഗ സംഗീത സാധ്യതകളെ ശാസ്ത്രീയ കാഴ്ചപ്പാടോടെ തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ ഇ.പി ശ്രീകുമാർ, കേരളസാഹിത്യ അക്കാദമി അവാർഡ്, കറന്റ് ബുക്‌സ് സുവർണ്ണ ജൂബിലി നോവൽ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, പത്മരാജൻ പുരസ്‌കാരം, ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം, അയനം സി.വി. ശ്രീരാമൻ കഥാപുരസ്‌കാരം, ദുബായ് ഗലേറിയ ഗാലന്റ് അവാർഡ്, മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.