DCBOOKS
Malayalam News Literature Website

സ്വപ്നത്തിലെ ജീവസ്സുറ്റ മുദ്രകളും ഉദാസീന മുദ്രകളും

സിഗ്മണ്ട് ഫ്രോയ്ഡ്‌

സ്വപ്ന ഉള്ളടക്കങ്ങളുടെ ഉറവിടം തേടി ഞാന്‍ എന്റെ സ്വപ്നങ്ങളെ വിശകലനം ചെയ്യുമ്പോള്‍, അവയെല്ലാം സ്വപ്നം കണ്ടതിന്റെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഉണ്ടായ സംഭവങ്ങളാണ് എന്നു പറയേണ്ടിവരും. എന്റെ സ്വപ്നമാണെങ്കിലും മറ്റാരുടേതാണെങ്കിലും ഈ അനുമാനത്തിലേക്കുതന്നെ ഞാന്‍ എത്തുന്നു. അതുകൊണ്ട് ഒരു സ്വപ്നം വിശകലനം ചെയ്യുമ്പോള്‍, ആദ്യം ആ ദിവസം നടന്ന സംഭവങ്ങള്‍ പഠിച്ച് തുടങ്ങണം എന്ന് ഞാന്‍ തീരുമാനിച്ചു. പല സ്വപ്നങ്ങളുടെ കാര്യത്തിലും ഇതു എളുപ്പവഴിയാണ്. ഇതിനുമുമ്പ് ഞാന്‍ വിവരിച്ച രണ്ടു സ്വപ്നങ്ങളിലും (ഇര്‍മയുടെ കുത്തിവെപ്പ്, അമ്മാവന്റെ മഞ്ഞത്താടി), പ്രസ്തുത ദിവസങ്ങളിലെ അനുഭവങ്ങള്‍ വളരെ പ്രസക്തമാണ്. തുടര്‍ച്ചയായി ഇതുതന്നെ സംഭവിക്കുന്നു എന്നു കാണിക്കുവാനായി എന്റെ ഡയറിയില്‍ നിന്നും എന്റെ ചില സ്വപ്നങ്ങള്‍ പരിശോധിക്കാം. ഒരു വിശദീകരണത്തിന് ആവശ്യമായ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നുള്ളൂ. ഞാന്‍ ഒരു വീട്ടില്‍ ചെല്ലുന്നു, വളരെ പ്രയാസപ്പെട്ട് പ്രവേശനം ലഭിക്കുന്നു. അപ്പോഴെല്ലാം ഒരു സ്ത്രീ എനിക്കുവേണ്ടി കാത്തുനില്‍ക്കുന്നു.

ഉറവിടം: അന്ന് സന്ധ്യയ്ക്ക് ബന്ധുവായ ഒരു സ്ത്രീയുമായി സംസാരിച്ചിരുന്നു. അവര്‍ക്ക് ലഭിക്കേണ്ട സ്വത്തിനെക്കുറിച്ചായിരുന്നു സംസാരം. അവരോട് ഞാന്‍ കാത്തിരിക്കാന്‍ പറഞ്ഞു.

പേരറിയാത്ത ഒരു ചെടിയെക്കുറിച്ച് ഞാനൊരു ലേഖനമെഴുതി.

ഉറവിടം: ‘സൈക്ലാമെന്‍’ എന്ന ചെടിയെക്കുറിച്ച് ഒരു പുസ്തകം അന്ന് രാവിലെ ഒരു കടയില്‍ കണ്ടിരുന്നു.

Textവഴിയില്‍ രണ്ടു സ്ത്രീകളെ കാണുന്നു, അമ്മയും മകളും. അതില്‍ മകള്‍ എന്റെ രോഗിയായിരുന്നു.

ഉറവിടം: അന്ന് സന്ധ്യയ്ക്ക് യുവതിയായ എന്റെ ഒരു രോഗി, അവളുടെ അമ്മ, ചികിത്സയ്ക്കു തടസ്സം നില്‍ക്കുന്ന കാര്യം പറഞ്ഞിരുന്നു.

S&R പുസ്തകക്കടയില്‍ പോയി ഇരുപത് ഫ്‌ളോറിന്‍ (നെതര്‍ലാന്‍ഡ് നാണയം) കൊടുത്ത് ഒരു വാരികയുടെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നു.

ഉറവിടം: അന്ന് വീട്ടുചെലവിനായി ഭാര്യ ഇരുപത് ഫ്‌ളോറിന്‍ ചോദിച്ചിരുന്നു.

സോഷ്യല്‍ ഡെമോക്രാറ്റിക് കമ്മിറ്റിയിലെ അംഗമാണ് ഞാന്‍. അവിടെനിന്നും എന്നെ ആരോ ഫോണില്‍ വിളിക്കുന്നു.

ഉറവിടം: ലിബറല്‍ ഇലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും ഹ്യൂമാനിസ്‌റ്റേറിയന്‍ സെസൊറ്റിയില്‍
നിന്നും എനിക്ക് വിളിവരാറുണ്ട്. അവിടെയാണ് എനിക്ക് അംഗത്വമുള്ളത്.

നടുക്കടലില്‍ ഒരു പാറയുടെ അറ്റത്തായി ഒരു മനുഷ്യന്‍ നില്ക്കുന്നു.

ഉറവിടം: Devil’s Island-ല്‍ ഡ്രെഫിസ്, ഒപ്പംതന്നെ ഇംഗ്ലണ്ടിലെ ചില ബന്ധുക്കളില്‍ നിന്നും കിട്ടിയ വിവരങ്ങള്‍. (ഡ്രെഫിസ് എന്ന ജൂത ഫ്രഞ്ച് ഓഫീസര്‍ ചാരപ്രവര്‍ത്തനത്തിന് Devil’s Island-ല്‍ ആജീവനാന്ത തടവുശിക്ഷ അനുഭവിച്ചു. പിന്നീട് അദ്ദേഹം കുറ്റക്കാരനല്ല എന്ന് തെളിഞ്ഞു.)

തലേന്ന് നടന്ന കാര്യങ്ങളാണോ അതിനുമുമ്പു നടന്ന കാര്യങ്ങളാണോ സ്വപ്നത്തില്‍ വരികയെന്ന് ഒരു സിദ്ധാന്തമായി നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. എങ്കിലും സ്വപ്നത്തിന്റെ തലേന്ന് നടന്ന സംഭവങ്ങളാണ് കൂടുതലും സ്വപ്നത്തില്‍ വരികയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. രണ്ടു മൂന്നു ദിവസം മുമ്പാണ് സ്വപ്നത്തില്‍ കാര്യം നടന്നത് എന്ന് രോഗി പറഞ്ഞാലും, വിശദമായ പഠനത്തിനുശേഷം ഞാന്‍ മനസ്സിലാക്കിയത്, ഈ സംഭവങ്ങള്‍ രോഗി സ്വപ്നത്തിന്റെ തലേന്ന് ഓര്‍ക്കാനിടയായിട്ടുണ്ട്. അതായത് തലേദിവസം നടന്ന പുനരാവിഷ്‌കരണം, സംഭവം നടന്ന ദിവസം സ്വപ്നം കണ്ട ദിവസത്തിന്റെയും ഇടയിലെവിടെയോ സ്ഥാപിക്കപ്പെട്ടു. രണ്ടു ദിവസം മുമ്പ് കണ്ടു എന്ന് പറയുന്ന ഓര്‍മ്മയുടെ ഉറവിടം എവിടെയാണെന്ന് ഞാന്‍ അന്വേഷിക്കും. എന്നാല്‍ ശാരീരിക മാറ്റങ്ങള്‍ ഈ ഇടവേളയില്‍ ഒരു പ്രത്യേക കാലയളവില്‍ നടന്നതായി എനിക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. (ഹെര്‍മന്‍ സ്വൊബോഡ (1904) ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.) ഹാവ്‌ലോക് എല്ലിസ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിലും. ഒരു കാലയളവില്‍ പുനഃരാവിഷ്‌കരണം നടന്നതായി തന്റെ സ്വപ്നത്തില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സ്‌പെയിനില്‍ താമസിക്കുമ്പോള്‍ അദ്ദേഹം ഡാറോസ്, വാറോസ് അല്ലെങ്കില്‍ സാറോസ് എന്നിങ്ങനെ ഏതോ ഒരു പട്ടണത്തിലേക്ക് യാത്ര ചെയ്യുന്നതായി സ്വപ്നം കണ്ടു. ഉണര്‍ന്നശേഷം ഇങ്ങനെ ഒരു പട്ടണം ഇല്ലായെന്ന് മനസ്സിലായപ്പോള്‍ സ്വപ്നത്തെക്കുറിച്ച് കൂടുതല്‍ ആലോചിച്ചില്ല. ഏതാനും മാസങ്ങള്‍ക്കുശേഷം ഈ പേരിലൊരു സ്ഥലമുള്ളത് അദ്ദേഹം കണ്ടു
പിടിച്ചു. സ്വപ്നം കണ്ടതിന്റെ 250 ദിവസങ്ങള്‍ക്കുമുമ്പ് ഈ സ്‌റ്റേഷനിലൂടെ തീവണ്ടിയില്‍ അദ്ദേഹം പോയിട്ടുണ്ട്.

എല്ലാ സ്വപ്നത്തിനും ഒരു സ്വപ്ന ഉത്തേജനമുണ്ട്. അത് അനുഭവത്തില്‍നിന്നും വരുന്നു. എന്നാല്‍ അനുഭവവും സ്വപ്നത്തിന്റെയും ഇടയില്‍ ‘ഉറങ്ങാന്‍ ഒരു രാത്രി ഉണ്ടാവില്ല.’

അതായത് സ്വപ്നത്തില്‍ തൊട്ടുമുമ്പുള്ള അനുഭവങ്ങള്‍ക്ക് (ഇവിടെ, സ്വപ്നം കാണുന്ന രാത്രിയുടെ മുമ്പുള്ള പകല്‍ മാറ്റിനിര്‍ത്താം) സ്വപ്ന ഉള്ളടക്കവുമായുള്ള ബന്ധം, വിദൂരസ്
മൃതികളുമായുള്ള സ്വപ്ന ഉള്ളടക്കത്തിന്റെ ബന്ധത്തില്‍നിന്നും വ്യത്യസ്തമല്ല. ജീവിതത്തിന്റെ ഏതു ഭാഗത്തില്‍നിന്നു വേണമെങ്കിലും സ്വപ്നത്തിന് വിഷയമാകാം. പക്ഷേ, സ്വപ്നം കണ്ട ദിവസത്തെ അനുഭവങ്ങളുമായി അവയ്ക്ക് ഒരു മാനസികമായി ഒരു നൂല്‍ബന്ധമെങ്കിലും വേണം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.