അടിയാളരുടെ വേദഗുരു
ഡോ. സുരേഷ് മാധവ്
ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
ആധുനികകേരളത്തിന്റെ പല തുടക്കങ്ങളും സദാനന്ദസ്വാമികളുടെ പേരിലായിരുന്നു. കേരളത്തിലാദ്യമായി ജാതിമതഭേദമല്ലാതെ സ്ഥാപിക്കപ്പെട്ട സാമൂഹികപ്രസ്ഥാനമായ ബ്രഹ്മനിഷ്ഠാമഠത്തിന്റെ സ്ഥാപകന്‍. അയ്യന്‍കാളിയെ സംഘടനാരംഗത്തേയ്ക്ക് നയിച്ച ആചാര്യന്‍. കേരളീയസന്ന്യാസികളില്‍ ആദ്യത്തെ ഇന്‍ഡസ്ട്രിയലിസ്റ്റ്. മതപരിഷ്‌ക്കരണം ലക്ഷ്യമിട്ടുകൊണ്ട് വിദേശത്തും സ്വദേശത്തുമായി രണ്ടായിരത്തോളം പ്രസംഗങ്ങള്‍ നടത്തിയ മലയാളിസന്ന്യാസി. 1877-ല്‍ മേഘജ്വാലപോലെ വന്ന് 1924-ല്‍ നാല്പത്തിയേഴാം വയസ്സില്‍ കടന്നുപോയ ഒറ്റമരം. നമ്മുടെ സാസ്‌കാരികമായലോകം അമര്‍ത്തിക്കളഞ്ഞ ആ ജീവിതത്തെക്കുറിച്ച് ഇനിയെങ്കിലും ഒരന്വേഷണം വേണ്ടിവരുന്നു.
അയ്യന്‍കാളിയെ സംഘടനാരംഗത്തേക്ക് നയിച്ച സദാനന്ദസ്വാമികളുടെ (1877-1924) ചരിത്രത്തെ ബോധപൂര്‍വ്വം മറച്ചുകളഞ്ഞവര്‍ ആരാണ്? ‘അടിയാളരുടെ വേദഗുരു’ എന്ന് ഇകഴ്ത്തിയും പുകഴ്ത്തിയും വിളിക്കപ്പെട്ട സദാനന്ദസ്വാമികളായിരുന്നു ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാധ്യമകേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. വേദഗുരുവിനെക്കുറിച്ച് ലേഖനപരമ്പരകള്‍ രചിച്ചുകൊണ്ടാണ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്റെ ഹിംസാത്മകവിമര്‍ശനത്തിന് തീകൂട്ടിയത്. 1900-ല്‍ സദാനന്ദസ്വാമികള്‍ സ്ഥാപിച്ച ബ്രഹ്മനിഷ്ഠാമഠം ചിത്‌സഭാമിഷന്‍, കേരളത്തിലെ ആദ്യത്തെ ജാതിഭേദമില്ലാത്ത സാമൂഹികപ്രസ്ഥാനമായിരുന്നു. ശ്രീമൂലം തിരുനാള്‍, സി.വി. രാമന്‍പിളള,കുമാരനാശാന്‍, അഴകത്ത് പത്മനാഭക്കുറുപ്പ് തുടങ്ങിയ മഹാരഥന്മാര്‍അക്കാലത്ത് ആദരപൂര്‍വ്വം നോക്കിക്കണ്ട സദാനന്ദസ്വാമിയുടെ ചരിത്രം പില്‍ക്കാലത്ത് മറഞ്ഞുപോയി. വേദഗുരു സദാനന്ദസ്വാമികളുടെ എട്ട് കൃതികള്‍ കണ്ടെടുത്ത പശ്ചാത്തലത്തില്‍ ആ ചടുലജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ ആധികാരികമായ അന്വേഷണം.
‘സദാനന്ദസ്വാമി അവര്‍കളെ ഒരു ലോകഗുരുവായി ഈശ്വരന്‍ പ്രത്യേകം സൃഷ്ടിച്ചിരിക്കുന്നു എന്നു
ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നതായി അറിയുന്നു. ഇതിന്റെ വാസ്തവം എന്താണെന്നറിയുന്നില്ലാ’ എന്ന പ്രസ്താവത്തോടെയാണ്, സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലുംഉള്ള ‘കേരളന്‍’ പത്രിക (1905) യിലൂടെ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള (1878-1916) തന്റെ തീക്ഷ്ണവിമര്‍ശനപരമ്പരയ്ക്ക് തുടക്കം കുറിച്ചത്. സദാനന്ദസ്വാമികളെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പല ലേഖനങ്ങളും ‘കേരളനി’ല്‍ രാമകൃഷ്ണപിളളയുടെ വകയായി പ്രത്യക്ഷപ്പെട്ടു. പ്രകോപനം നിറഞ്ഞ ചോദ്യങ്ങളും അഭിമുഖങ്ങളും ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആധുനികസ്വഭാവത്തില്‍ ആരംഭിച്ച പത്രപ്രവര്‍ത്തനത്തിന് ചൂടുംവെളിച്ചവുമേകി സദാനന്ദസ്വാമികള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. അറിവധികാരത്തിനും രാജാധികാരത്തിനും കാലത്തെ മാറ്റാന്‍ കഴിയും. അറിവിന്റെ വിവേകം അനുരഞ്ജനമാണെന്ന് അറിഞ്ഞിരുന്ന സ്വാമികള്‍ ആധുനികതയുടെ നിഷേധസ്വഭാവം, അധികാരത്തിന്റെ നേര്‍ക്ക് സ്വീകരിച്ചിരുന്നില്ല. നയം ദൗര്‍ബല്യമാണ് എന്ന മുന്‍വിധിയും സദാനന്ദസ്വാമികളെ തൊട്ടിരുന്നില്ല.
ഇന്ത്യന്‍ സാംസ്‌കാരികചരിത്രത്തെ, കാലമാറ്റങ്ങളുടെ തിരിച്ചറിവില്‍ വിശകലനം ചെയ്തുകൊണ്ടാണ്, സ്വാമികള്‍ രംഗത്തിറങ്ങിയത്. പഴയ മാമൂലുകള്‍ക്കും പുതിയ ചിന്താധാരകള്‍ക്കും പെട്ടെന്ന് വന്നുകയറാവുന്ന വഴിയായിരുന്നില്ല സദാനന്ദസ്വാമി തെരഞ്ഞെടുത്തത്. പാരമ്പര്യത്തേയും ആധുനികതയേയും അദ്ദേഹം ഒരുപോലെ കൈകാര്യം ചെയ്തു. കര്‍ണാടകം മുതല്‍ ശ്രീലങ്കവരെ സ്വാമികളുടെ പ്രഭാവത്തിന് വഴിപ്പെട്ടു. കേവലം ഇരുപത്തിയെട്ട് വയസ്സുള്ള ഒരു സന്ന്യാസി, കേരളത്തിന്റെ ആത്മീയ-സാംസ്‌കാരിക-വ്യവസായ രംഗങ്ങളില്‍ ചെലുത്തിയ സ്വാധീനം, നവോത്ഥാനകേരളത്തിന്റെ ഉയിര്‍പ്പിന് വീര്യം പകര്‍ന്നു. അധഃസ്ഥിതവര്‍ഗത്തേയും അധികാരിസമൂഹത്തേയും സ്വാമികള്‍ സ്വാധീനിച്ചു. ആധുനികകേരളത്തിന്റെ പല തുടക്കങ്ങളും സദാനന്ദസ്വാമികളുടെ പേരിലായിരുന്നു. കേരളത്തിലാദ്യമായി ജാതിമതഭേദമല്ലാതെ സ്ഥാപിക്കപ്പെട്ട സാമൂഹികപ്രസ്ഥാനമായ ബ്രഹ്മനിഷ്ഠാമഠത്തിന്റെ സ്ഥാപകന്‍. അയ്യന്‍കാളിയെ സംഘടനാരംഗത്തേയ്ക്ക് നയിച്ച ആചാര്യന്‍. കേരളീയസന്ന്യാസികളില്‍ ആദ്യത്തെ ഇന്‍ഡസ്ട്രിയലിസ്റ്റ്. ചെറുകോല്‍പ്പുഴ ഹിന്ദുമതമഹാസമ്മേളനത്തിന്റെ പ്രോദ്ഘാടകന്‍. മതപരിഷ്‌ക്കരണം ലക്ഷ്യമിട്ടുകൊണ്ട് വിദേശത്തും സ്വദേശത്തുമായി രണ്ടായിരത്തോളം പ്രസംഗങ്ങള്‍ നടത്തിയ മലയാളി സന്ന്യാസി. 1877-ല്‍ മേഘജ്വാലപോലെ വന്ന് 1924-ല്‍ നാല്പത്തിയേഴാം വയസ്സില്‍ കടന്നുപോയ ഒറ്റമരം. നമ്മുടെ സാസ്‌കാരികമായലോകം അമര്‍ത്തിക്കളഞ്ഞ ആ ജീവിതത്തെക്കുറിച്ച് ഇനിയെങ്കിലും ഒരന്വേഷണം വേണ്ടിവരുന്നു.
പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്
Comments are closed.