DCBOOKS
Malayalam News Literature Website

മതേതരത്വത്തിന്റെ അതിജീവന സമസ്യകള്‍

കെ. വേണു

കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ബാബറി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണി വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുമെന്ന് ഉറപ്പാണ്. അതിനെ മുന്‍ നിര്‍ത്തി വീണ്ടും ഹിന്ദു മതവികാരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഹിന്ദുത്വശക്തികള്‍ അത് ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇതിനെ ഫലപ്രദമായി നേരിടുക എന്നത് മതേതര ജനാധിപത്യ ശക്തികളുടെ മുന്നില്‍ ഒരു വലിയ വെല്ലുവിളി തന്നെയാണ്. മുകളില്‍ ചൂണ്ടിക്കാണിച്ചതു പോലെ ഇന്ത്യയില്‍ ശക്തമായ ഒരു മതേതര സാമൂഹ്യാടിസ്ഥാനം നില നില്‍ക്കുന്നു എന്നത് തന്നെയാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്.

അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനുള്ള ശിലാസ്ഥാപന ചടങ്ങില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഹിന്ദു പൂജാരിമാരോടൊപ്പം അവരുടെ വേഷവുമണിഞ്ഞു പങ്കെടുക്കുന്ന കാഴ്ച ആരുടെ മനസ്സിലും ഉയര്‍ത്താനിടയുള്ള ചോദ്യമാണിത്: ഇന്ത്യയില്‍ മതേതരത്വം അതിജീവിക്കുമോ?

ഒരു മതേതര രാഷ്ട്രത്തിന്റെ ഭരണമേധാവി പ്രകടമായ മതചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നത് ആ
രാഷ്ട്രത്തിന്റെ മതേതരത്വത്തെയാണ് അപഹാസ്യമാക്കുന്നത്. അത് ആ രാഷ്ട്രത്തിലെ ജനങ്ങള്‍ക്കും ലോകത്തിനു തന്നെയും നല്‍കുന്ന രാഷ്ട്രീയസന്ദേശം ശുഭോദര്‍ക്കമായ ഒന്നായിരിക്കുകയില്ലെന്നു സ്പഷ്ടമാണ്.

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യപ്രഖ്യാപനം ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ കേന്ദ്രീകൃത സംഘടനയായ ആര്‍.എസ്.എസ്.ഏതാണ്ട് ഒരു നൂറ്റാണ്ടു മുന്‍പു തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മഹാത്മാ ഗാന്ധിയുടെ ഫലപ്രദമായ ഇടപെടലിലൂടെയാണ് ആ ശ്രമം പരാജയപ്പെടുത്തപ്പെട്ടത്. ബാലഗംഗാധര തിലകന്റെ Pachakuthiraനേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു ഹിന്ദു സംഘടനയുടെ സ്വഭാവത്തിലാണ് വളര്‍ന്നു വന്നിരുന്നത്. 1920ല്‍ തിലകന്‍ മരിച്ചപ്പോള്‍ നേതൃത്വം ഏറ്റെടുത്ത ഗാന്ധിജി കോണ്‍ഗ്രസിന്റെ സമീപനം ഹിന്ദുമുസ്ലിം-സിക്ക് സാഹോദര്യത്തില്‍ അധിഷ്ഠിതമായ മതസൗഹാര്‍ദ്ദ ദേശീയവാദമാണെന്ന് പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്തത്. താനൊരു സനാതന ഹിന്ദുവാണ് എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടു തന്നെയാണ് അദ്ദേഹം ഈ സമീപനം അവതരിപ്പിച്ചത്.

തുര്‍ക്കിയില്‍ ഖലീഫക്കെതിരായി ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വീകരിച്ച മേധാവിത്ത സമീപനത്തോട് ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ഉയര്‍ത്തിയപ്രതിഷേധം ഇന്ത്യയില്‍ വലിയൊരു ഖിലാഫത്ത് പ്രസ്ഥാനമായി ഉയര്‍ന്നു വന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിനു ലോകം മുഴുവന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വ്യാപിച്ചു കൊണ്ടിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തെഅവഗണിക്കാനാകുമായിരുന്നില്ല. ഇന്ത്യയിലും ആ പ്രസ്ഥാനത്തിന് പിന്തുണ നല്‍കിക്കൊണ്ട് കൂടിയാണ് ഗാന്ധിജി ആ നിലപാട് സ്വീകരിക്കുന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കിക്കൊണ്ട് മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും എതിരായി കര്‍ഷകര്‍ ആരംഭിച്ച ചെറുത്തുനില്‍പ്പ് സമരങ്ങളാണ് മലബാര്‍കലാപമായി പരിണമിച്ചത്.

സിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞില്ല. ഈശ്വര അള്ളാ തേരെ നാം പോലുള്ള പ്രാര്‍ഥനാ ഗാനങ്ങള്‍ തുടങ്ങി ഗ്രാമാന്തരങ്ങളിലേക്ക് വരെ എത്താന്‍ കഴിയുന്ന ഗാന്ധിജിയുടെ സവിശേഷ പ്രവര്‍ത്തന ശൈലിയിലൂടെ അക്കാലത്ത് ഇന്ത്യന്‍ സമൂഹത്തില്‍ ഉടനീളം സൃഷ്ടിക്കപ്പെട്ട ഈ മത സൗഹാര്‍ദ്ദ അന്തരീക്ഷമാണ് ആധുനിക ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാനം. ഗാന്ധിജി ഒരിക്കലും മതേതരത്വം എന്ന വാക്ക് ഉപയോഗിക്കാറില്ല. മതസൗഹാര്‍ദ്ദത്തിലാണ് അദ്ദേഹം ഊന്നിയത്. ആസൂത്രിതവും സംഘടിതവുമായ നിശ്ശബ്ദ പ്രവര്‍ത്തനത്തിലൂടെ അവരുടെ ഹിന്ദുരാഷ്ട്രവാദം ആര്‍.എസ്.എസ്.ഇന്ത്യയില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. തീര്‍ച്ചയായും മഹാത്മാഗാന്ധി കൊല്ലപ്പെട്ടതും അതിന്റെ ഭാഗമായിട്ട് തന്നെയായിരുന്നു. തുടര്‍ന്ന് ഹിന്ദുത്വവാദികള്‍ക്കെതിരായി കര്‍ക്കശമായ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നെങ്കിലും അവരുടെ ചെറു കരുനീക്കങ്ങള്‍ പോലും പിന്നീട് നിര്‍ണായകപങ്ക് വഹിക്കുന്ന കാഴ്ച്ചയും നമ്മുടെ മുന്നിലുണ്ട്.

ഒരു ചെറുവിഭാഗം മുസ്ലിങ്ങള്‍ മാത്രം ആരാധനക്കായി ഉപയോഗിച്ചിരുന്ന ബാബറി മസ്ജിദില്‍ 1949 ഡിസമ്പര്‍ 22 അര്‍ദ്ധരാത്രിക്ക് ഒരു സംഘം ഹിന്ദുക്കള്‍ ഒരു രാമവിഗ്രഹം ഒളിച്ചുകടത്തിക്കൊണ്ടു വന്നു സ്ഥാപിക്കുകയുണ്ടായി. വ്യക്തമായ മതേതര നിലപാട് സ്വീകരിച്ചിരുന്ന നെഹ്‌റു സര്‍ക്കാരിന് അപ്പോള്‍ത്തന്നെ ഇടപെട്ട് അത് നീക്കം ചെയ്യാ
മായിരുന്നു. അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന വല്ലഭായ് പട്ടേല്‍ അതിനു തയ്യാറായില്ലത്രേ. രാമവിഗ്രഹം, മതവികാരം തുടങ്ങിയുള്ള പല പരിഗണനകള്‍ കൊണ്ടായിരിക്കാം അങ്ങിനെ സംഭവിച്ചത്. അക്കാലത്ത് കോടതിയും ഇതേ പരിഗണനകൊണ്ട് വിഗ്രഹത്തെ സംരക്ഷിക്കുകയാണുണ്ടായത്. എങ്കിലും പിന്നീട് ആ വിഷയം അവഗണിക്കപ്പെടുകയാ
യിരുന്നു. അത് പൊതുസമൂഹത്തിന്റെ പ്രശ്‌നമായി വളര്‍ന്നു വരികയുണ്ടായില്ല. ഹിന്ദുത്വവാദം അക്കാലത്ത് ഒരു രാഷ്ട്രീയ ശക്തിയായി ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പൂര്‍ണ്ണരൂപം വായിക്കാന്‍  സെപ്തംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.