സുരേന്ദ്രനാഥ ബാനര്‍ജിയുടെ ജന്മവാര്‍ഷികദിനം
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന രാഷ്ട്രഗുരു എന്നറിയപ്പെട്ടിരുന്ന സുരേന്ദ്രനാഥ ബാനര്‍ജി 1848 നവംബര്‍ 10ന് കല്‍ക്കട്ടയിലാണ് ജനിച്ചത്. 1868-ല്‍ കല്‍ക്കട്ട സര്‍വ്വകലാശാലക്കു കീഴിലുള്ള ഡോവ്ടണ്‍ കോളേജില്‍ നിന്നും അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1871 സിവില്‍ സര്‍വ്വീസ് പരീക്ഷ ജയിച്ച ബാനര്‍ജി, സില്‍ഹട്ട് എന്ന സ്ഥലത്ത് അസിസ്റ്റന്റ് മജിസ്‌ട്രേട്ടായി നിയോഗിക്കപ്പെട്ടു.
എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ സിവില്‍ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തു. തുടര്‍ന്ന് മെട്രോപോളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ പ്രൊഫസറായി തന്റെ അധ്യാപന ജീവിതം ആരംഭിക്കുകയും ചെയ്തു. 1881-ല്‍ ബാനര്‍ജി ഫ്രീ ചര്‍ച്ച് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യവിഭാഗത്തില്‍ പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. 1875 മുതല്‍ 1912 വരെ നീണ്ട 37 വര്‍ഷത്തോളം അദ്ദേഹം അധ്യാപകനായി പ്രവര്‍ത്തിച്ചു.
1875 മുതല്‍ തന്നെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തിരുന്നു. 1876 ജൂലൈ 26ന് അദ്ദേഹം ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ എന്ന സംഘടനക്ക് രൂപം നല്‍കി. പതിനെട്ടാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ അസ്സോസ്സിയേഷന് ഒരു സുപ്രധാന സ്ഥാനമുണ്ടായിരുന്നു. അദ്ദേഹം കല്‍ക്കട്ടാ മുനിസിപ്പാലിറ്റിയിലേക്ക് ഒരു തവണ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ബംഗാള്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാലു തവണയും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു ബാനര്‍ജി. രണ്ടു തവണ ബാനര്‍ജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1895-ലെ പൂനെ സമ്മേളനത്തിലും, 1902-ലെ അഹമ്മദാബാദ് സമ്മേളനത്തിലുമാണ് അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
Comments are closed.