DCBOOKS
Malayalam News Literature Website

പത്മാവത് നിരോധിച്ച സംസ്ഥാനങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും

ബോളിവുഡ് ചലച്ചിത്രം പത്മാവതിന്റെ പ്രദര്‍ശനം ആറു സംസ്ഥാനങ്ങളില്‍ നിരോധിച്ചതിനെതിരെ നിര്‍മ്മാതാക്കളായ വയാകോം നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം നിരോധിച്ച് ഇന്നലെ ഹരിയാനയും രംഗത്തുവന്നിരുന്നു.

ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന വയാകോം ആവശ്യം കോടതി അംഗീകരിച്ചു. നാളെ ഹര്‍ജി കോടതി കേള്‍ക്കും. ജനുവരി 25 നാണ് പത്മാവത് റിലീസ് ചെയ്യുന്നത്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ ആറു സംസ്ഥാനങ്ങളാണ് സിനിമയുടെ പ്രദര്‍ശനം നിരോധിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് സിനിമയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയതായി നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ഏതെങ്കിലും ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ വേണമെങ്കില്‍ സിനിമ പ്രദര്‍ശനം നിരോധിക്കാവുന്നതാണെന്ന് നേരത്തെ കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സംസ്ഥാനത്ത് പൂര്‍ണമായി നിരോധിക്കാന്‍ ആകില്ല എന്നും കോടതി വ്യക്തമാക്കിയിട്ടുള്ളതായി വയാകോം അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്നും അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റിയിട്ടും ഏര്‍പ്പെടുത്തിയ വിലക്ക് രാജസ്ഥാന്‍, ഗുജറാത്ത്, സര്‍ക്കാരുകള്‍ പിന്‍വലിച്ചിട്ടില്ല.

Comments are closed.