ജഡ്ജി ബിഎച്ച് ലോയയുടെ മരണം;അന്വേഷണത്തിന് ഉത്തവിടുമെന്ന് സുപ്രീം കോടതി
ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തില്‍ എല്ലാ രേഖകളും വസ്തുനിഷ്ഠമായി പരിശോധിച്ച് ആവശ്യമെങ്കില്‍ അന്വേഷണത്തിന് ഉത്തവിടുമെന്ന് സുപ്രീം കോടതി. ബോബെ ഹൈക്കോടതിയിലും നാഗ്പൂരിലും ഇക്കാര്യത്തിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റി. അതേസമയം, എല്ലാ സ്ഥാപനങ്ങളും ഒരു വ്യക്തിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കുറ്റപ്പെടുത്തി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎന്‍ ഖന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ജഡ്ജി ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഏറെ ഗൗരവമുള്ളതാണെന്ന് വാക്കാല്‍ പരാമര്‍ശിച്ചു. മാധ്യമങ്ങളില്‍ പല വിവരങ്ങളും വരുന്നത് ശ്രദ്ധയിലുണ്ട്. ഇതു പരിഗണിക്കണമെങ്കിലും ഇവ മാത്രം അടിസ്ഥാനമാക്കാനാവില്ല. എല്ലാ രേഖകളും വസ്തുനിഷ്ഠമായും നിര്‍വികാരത്തോടെയും കോടതി പരിശോധിക്കും. നിഷ്പക്ഷമായ അന്വേഷണം ആവശ്യമെങ്കില്‍ അതു നടക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതി നാളെ കേസ് പരിഗണിക്കുന്നതിനാല്‍ സുപ്രീംകോടതി ഇത് കേള്‍ക്കരുതെന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയുടെ വാദം തള്ളി. ബോംബെ ഹൈക്കോടതിയിലെയും നാഗ്പൂര്‍ കോടതിയിലെയും കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തവിട്ട ബഞ്ച് ഒരു ഹൈക്കോടതിയും ഇക്കാര്യത്തിലുള്ള ഹര്‍ജി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടു.
ലോയയുടെ മരണത്തില്‍ സംശയകരമായി ഒന്നുമില്ലെന്നും രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പടെ നാലു ജഡ്ജിമാര്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹരീഷ് സാല്‍വെ വാദിച്ചു. ദൂരൂഹത തെളിയിക്കുന്ന മറ്റ് രേഖകളുണ്ടെന്ന് ദുഷ്യന്ത് ദാവെ പ്രതികരിച്ചു. കേസില്‍ എല്ലാ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി ഈ കേസ് ഇനി അടുത്ത മാസം രണ്ടിന് പരിഗണിക്കും.
Comments are closed.