അയോധ്യഭൂമിതര്‍ക്ക കേസ്: മധ്യസ്ഥതക്ക് മൂന്നംഗസമിതിയെ സുപ്രീംകോടതി നിയോഗിച്ചു
ദില്ലി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ മധ്യസ്ഥതയ്ക്കായി സുപ്രീം കോടതി മൂന്നംഗസമിതിയെ നിയോഗിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയാണ് സമിതി അധ്യക്ഷന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മറ്റു സമിതി അംഗങ്ങള്‍. മധ്യസ്ഥതയ്ക്ക് എട്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കുള്ളില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് തീരുമാനമെടുത്തത്.
അയോധ്യയുള്‍പ്പെടുന്ന ഫൈസാബാദിലാണ് മധ്യസ്ഥ ചര്‍ച്ച നടത്തുക. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മധ്യസ്ഥ സംഘത്തിന് സൗകര്യമൊരുക്കണം. ചര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. ചര്‍ച്ചകള്‍ രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഭൂമിതര്‍ക്കവിഷയം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥ നിയമനത്തെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്‌ലിം സംഘടനകള്‍ യോജിക്കുകയാണ് ചെയ്തത്. ഭൂമിതര്‍ക്കം സംബന്ധിച്ച മുഖ്യകേസ് ഫെബ്രുവരി 26-ന് സുപ്രീം കോടതി എട്ടാഴ്ചത്തേയ്ക്ക് മാറ്റിയിരുന്നു.
Comments are closed.