DCBOOKS
Malayalam News Literature Website

മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതിയില്‍ ഫോണ്‍ കൈവശം വെക്കുന്നതിന് അനുമതി

ദില്ലി: അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നതിന് അനുമതി നല്‍കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഇതിന് അനുമതി നല്‍കിയതായി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. സുശീല്‍ കെ.ആര്‍. ശര്‍മ്മ പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു.

ആറ് മാസത്തേക്കുള്ള പാസുകള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡില്‍ കൈയില്‍ കരുതുന്നതിന് അനുമതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ ഈ തീരുമാനം നടപ്പിലാക്കും. എന്നാല്‍ കോടതി മുറിയില്‍ ഫോണ്‍ ഏതെങ്കിലും വിധത്തില്‍ ശല്യമുണ്ടാക്കിയാല്‍ കോര്‍ട്ട് മാസ്റ്റര്‍ ഫോണ്‍ കണ്ടുകെട്ടി സുരക്ഷാ ചുമതലയുള്ള അഡീഷണല്‍ രജിസ്ട്രാറെ ഏല്‍പ്പിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കാന്‍ ഒരുമാസം മുമ്പ് കോടതി അനുമതി നല്‍കിയിരുന്നു. നേരത്തെ അഭിഭാഷകര്‍ക്ക് മാത്രമേ കോടതി മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയം ചീഫ് ജസ്റ്റിന് മുമ്പാകെ ഉന്നയിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം ഉണ്ടായത്.

 

Comments are closed.