DCBOOKS
Malayalam News Literature Website

ശ്രീകൃഷ്ണന്‍ എന്ന ദൈവഭാവന സുനില്‍ പി ഇളയിടത്തിന്റെ കാഴ്ചപ്പാടില്‍

മഹാഭാരതത്തിലേതുമാത്രമല്ല, പ്രാചീന ഇന്ത്യാ ചരിത്രത്തിലേ തന്നെ ഏറ്റവും കൗതുകമുള്ള, ഏറ്റവും സങ്കീര്‍ണതയുള്ള ഒരു കല്‍പനാരൂപമാണ് ശ്രീകൃഷ്ണന്‍ എന്ന ദൈവഭാവന. ഒരുപക്ഷേ ഇന്ത്യയില്‍ ഇത്രയും വൈവിധ്യമുള്ള രൂപങ്ങളില്‍ ആരാധിക്കപ്പെടുന്ന മറ്റൊരു ദൈവതത്തെ നമുക്ക് കാണാന്‍ കഴിയില്ല. ഒരു കളിക്കുഞ്ഞ് മുതല്‍ പ്രപഞ്ചപരമാത്മാവ് വരെയുള്ള നാനാരൂപങ്ങളില്‍ കൃഷ്ണന് ജീവിതമുണ്ട്. കളികുഞ്ഞായി, ബാലകനായി, കാമുകനായി, ഗോപികമാരുടെ വസ്ത്രം കവരുന്ന ലീലാലോലുപനായി, ദൂത് പറയുന്നയാളായി, ചക്രം ചുഴറ്റുന്ന പോരാളിയായി, വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്ന പ്രപഞ്ചപരമാത്മാവായി, ഏറ്റവും ഒടുവില്‍ കാല്‍മടമ്പില്‍ അമ്പേറ്റു മരിക്കുന്നയാളായും കൃഷ്ണന്‍ മാറുന്നു. ഈ ഒരു വൈവിധ്യം ഒരുപക്ഷേ ഇന്ത്യയിലെയോ, ലോകത്തെ മറ്റേതെങ്കിലും ഒരു ദൈവഭാവനയിലോ നമുക്ക് ഇതേ അളവില്‍ കാണാന്‍ കഴിയില്ല. ഇത് പലരുടെയും പരിഗണനയില്‍ വന്ന പ്രധാനപ്പെട്ട ഒരു വിഷയമാണ്. എന്തുകൊണ്ട് കൃഷ്ണന് ഇത്ര വൈവിധ്യം വന്നു, മാത്രമല്ല, കൃഷ്ണന്‍ എന്ന കഥാപാത്രം മഹാഭാരതത്തിലുള്ളതു പോലെ മഹാഭാരതത്തിന് പുറത്തും ധാരാളമായി ഉണ്ട്.

മഹാഭാരതത്തിലെ ഒരു കേന്ദ്രകല്‍പനയാണ് കൃഷ്ണന്‍. പക്ഷേ അതേസമയം തന്നെ കൃഷ്ണനാണ് മഹാഭാരതത്തിന്റെ കാതലായി ഇരിക്കുന്നതെന്ന കാര്യത്തില്‍ ധാരാളം സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. യഥോധര്‍മ്മ തഥോ ജയ, എവിടെയാണോ ധര്‍മ്മമുള്ളത് അവിടെ വിജയം ഉണ്ടാവട്ടെ എന്ന ആശിര്‍വാദം ഒരു ഘട്ടം കഴിയുമ്പോള്‍ യഥോകൃഷ്ണ തഥോ ജയ എന്ന നിലയിലേക്ക് പരിണമിക്കുന്നത് മഹാഭാരതത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഇപ്പോള്‍ കൃഷ്ണനെന്ന സങ്കല്‍പ്പത്തിന് ഒരുപാട് ബന്ധങ്ങള്‍ വേറെയുണ്ട്. കൃഷ്ണ ദൈ്വപായനന്‍ എന്ന ഒരു കൃഷ്ണനുണ്ട്, കൃഷ്ണ എന്ന ദ്രൗപതിയുണ്ട്, ശ്രീകൃഷ്ണന്‍ എന്ന ദൈവരൂപമുണ്ട്, അര്‍ജുനനും കൃഷ്ണനും ചേര്‍ന്ന കൃഷ്ണന്മാര്‍ എന്ന സങ്കല്‍പ്പമുണ്ട്. ഇങ്ങനെ പല തരത്തില്‍ കൃഷ്ണസങ്കല്‍പ്പത്തെ കാണാനാകും. കൃഷ്ണനെന്ന വാക്കിന്റെ പ്രാഥമിക അര്‍ത്ഥം കറുത്തവന്‍ എന്നാണ്. ഛാന്ദോഗ്യോപനിഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കൃഷ്ണന്റെ ഏറ്റവും ആദ്യത്തെ രൂപം അത് ഘോരാഗ്രസ്സിന്റെ ശിഷ്യനായിട്ടുള്ള ഒരു കൃഷ്ണനെക്കുറിച്ചാണ്. പാണിനിയുടെ കാലമാകുമ്പോഴേക്കും കൃഷ്ണന്‍ ആര്യേതര ദേവനാണ്. കൃഷ്ണന്റെ തന്നെ ചരിത്ര ജീവിതത്തിലേക്ക് നോക്കിയാല്‍ മഴപെയ്യിക്കുന്ന ഇന്ദ്രനെതിരെ ഗോവര്‍ധനം കുടയാക്കി നില്‍ക്കുന്ന ആര്യദേവതകളെ ചെറുക്കുന്ന തദ്ദേശിയ നായകനായി കൃഷ്ണന്‍ വരുന്നുണ്ട്. അതേസമയം തദ്ദേശിയ ദൈവതമായ കാളിയനെ ചവിട്ടിത്താഴ്ത്തുന്ന ആര്യദേവനായും കൃഷ്ണന്‍ വരുന്നുണ്ട്. ഇങ്ങനെ ഒരു ഭാഗത്ത് ആര്യന്മാരുടെ ദേവനായിരിക്കുക, മറുഭാഗത്ത് ആര്യന്മാരെ ചെറുക്കുന്ന ജനതയുടെ തലവനായി ഇരിക്കുക. ഈ വൈരുദ്ധ്യങ്ങളൊക്കെ കൃഷ്ണന്റെ ചരിത്രജീവിതത്തില്‍ കാണാന്‍ കഴിയും. ഇതേക്കുറിച്ച് അന്വേഷിച്ച് പോയ ചരിത്രാന്വേഷകര്‍ മുമ്പോട്ട് വയ്ക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വാദം കൃഷ്ണനെന്നത് ഇന്ത്യയുടെ പ്രാചീന ചരിത്രത്തിലുണ്ടായ, എല്ലാ സാമൂഹിക പരിവര്‍ത്തനങ്ങളോടും വിനിമയത്തിലേര്‍പ്പെട്ട് പരിണമിച്ചുകൊണ്ടേയിരുന്ന ഒരു ദൈവകല്‍പനയാണ്  എന്നതാണ്.

അന്തിമമായി രൂപം പ്രാപിച്ചിട്ടില്ലാത്ത, നിരന്തരം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്ന, ദൈവരൂപമാണ് കൃഷ്ണന്റേത് എന്നാണ് കൊസാമ്പിയുടെ മനോഹരമായ ഒരു വാക്യം. അത് പ്രാചീന ഇന്ത്യയുടെ ചരിത്രത്തില്‍ അവസാനിക്കുന്നില്ല, മധ്യകാലത്ത് ഒരു കൃഷ്ണഭക്തി സങ്കല്‍പമായി തീരുന്നു. ശൃംഗാരരൂപമായ ഒരു കൃഷ്ണ ഭാവന മധ്യകാലജീവിതത്തില്‍ അതിപ്രധാനമായി തീരുന്നു. ഇരുപതാംനൂറ്റാണ്ട് എത്തുമ്പോഴാകട്ടെ ഇതിനെയൊക്കെ തള്ളിമാറ്റിക്കൊണ്ട് ഗീതാകാരനായ കൃഷ്ണന്‍ ഇന്ത്യയുടെ ധാര്‍മ്മികവും, അതുപോലെ തന്നെ ശാരീരികവും, ബലിഷ്ഠവുമൊക്കെയായ പാരമ്പര്യങ്ങളുടെ ഒരു മൂര്‍ത്തിമത്ഭാവമായ കൃഷ്ണനെയാണ് കാണാനാകുന്നത്. അങ്ങനെ നോക്കിയാല്‍ ഇന്ത്യാ ചരിത്രത്തില്‍ ഡി.സി. പത്താം നൂറ്റാണ്ടിലോ, ഒന്‍പതാം നൂറ്റാണ്ടിലോ ആരംഭിച്ച് എ.ഡി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒരുപോലെ പ്രവര്‍ത്തനശേഷിയുള്ള ഒരു ദൈവസങ്കല്‍പമായി കൃഷ്ണന്‍ നിലനില്‍ക്കുന്നു. അങ്ങനെ പരണമിച്ച ഒരു ദൈവഭാവന, ഇത്രയേറെ വൈവിധ്യങ്ങളുള്ള, ഇത്രയധികം സാമൂഹിക സങ്കല്‍പങ്ങളോട് പലതരത്തില്‍ വിനിമയത്തിലേര്‍പ്പെട്ട ഒരു ദൈവഭാവന ഇന്ത്യയുടെ ചരിത്രത്തില്‍ വേറെയില്ല എന്നാണ് പല പഠിതാക്കളും സൂചിപ്പിക്കുന്ന ഒരു കാര്യം. മറ്റു ദൈവഭാവനകളൊക്കെ ചരിത്രത്തിന്റെ ഏതെങ്കിലും ഒരു സവിശേഷ സന്ദര്‍ഭത്തില്‍ നിലവില്‍ വരികയും, ആ സവിശേഷ സങ്കല്‍പ്പത്തിന്റെ ഉത്പന്നമെന്ന നിലയില്‍ ഒട്ടൊക്കെ സ്തംഭിച്ചു പോയ നിലയില്‍ അവശേഷിക്കുകയുമാണ് ചെയ്യുന്നത്. കൃഷ്ണനങ്ങനെ സ്തംഭിച്ച് നില്‍ക്കുന്നില്ല, കൃഷ്ണന്‍ ചരിത്രത്തോടൊപ്പം മാറിക്കൊണ്ടേയിരിക്കുന്ന ഒരു നിരന്തര പരിണാമമുള്ള ദൈവകല്‍പ്പനയായാണ് നിലനില്‍ക്കുന്നത്. ഈ പരിണാമത്തിന്റെ വളരെയധികം പടവുകള്‍ മഹാഭാരതം പോലൊരു കൃതിയില്‍ തന്നെ നമുക്ക് കാണാനും കഴിയും. കൃഷ്ണന്‍ മഹാഭാരതത്തിന് പുറത്ത് ജനിച്ച ഒരു ദൈവരൂപമാണ്. മഹാഭാരതത്തില്‍ തുടരുന്നു, മഹാഭാരതത്തിന് പുറത്ത് പിന്നെയും വളരുകയും ചെയ്യുന്നു. പക്ഷേ ഈ ഇടജീവിതത്തില്‍ അതിന്റെ വൈരുദ്ധ്യങ്ങളെ മുഴുവന്‍ മഹാഭാരതം ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട് എന്ന് പറയാം.

വീഡിയോ കാണാം

 

Comments are closed.