DCBOOKS
Malayalam News Literature Website

വൈദിക പാരമ്പര്യത്തെ ദേശീയ പാരമ്പര്യമായി കാണുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്: സുനില്‍.പി. ഇളയിടം

വൈദിക പാരമ്പര്യത്തെ ദേശീയ പാരമ്പര്യമായി എണ്ണാന്‍ തുടങ്ങിയ ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍.പി. ഇളയിടം. ഈ കാലഘട്ടത്തിലാണ് അക്ബറിന്റെ മഹാഭാരതത്തിന്റെ പേര്‍ഷ്യന്‍ വിവര്‍ത്തനം ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെട്ടതെന്നും വൈദികേതരമായ ഒരു പാരമ്പര്യത്തെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ദേശീയത തയ്യാറായിരുന്നില്ലെന്നും സുനില്‍.പി. ഇളയിടം കുറ്റപ്പെടുത്തി. മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന തന്റെ ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂറില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരം മാനവീയം വീഥിയില്‍ ഇന്നലെ വൈകുന്നേരമാണ് പരിപാടി നടന്നത്.

സുനില്‍.പി. ഇളയിടത്തിന്റെ പ്രസംഗത്തില്‍ നിന്നും

സ്വപ്നത്തിന്റെ ഘടനയാണ് മഹാഭാരതത്തിനുള്ളത്. അതില്‍ നിന്ന് നേരിട്ടു ചരിത്രം ലഭിക്കില്ല. എന്നാല്‍ ചെമ്പു യുഗം മുതല്‍ ഇരുമ്പു യുഗത്തിലൂടെ കടന്നു വന്ന മനുഷ്യസമൂഹത്തിന്റെ ചരിത്രം അതില്‍ നിന്നു കണ്ടെടുക്കാന്‍ കഴിയും. പക്ഷേ പരിമിതമായ വിശ്വാസത്തിന്റെ തലത്തില്‍ നിന്നു വിശാലമായ വിശ്വാസത്തിന്റെ തലത്തിലേക്ക് മഹാഭാരതത്തെ പ്രതിഷ്ഠിച്ചത് മഹാഭാരതം സീരിയലാണ്. അത് ഭക്തയെ, വാണിജ്യവത്കരിച്ച് നമുക്ക് വിളമ്പിത്തന്നു.
മീഡിയോക്രസിയെ ജനാധിപത്യവത്കരിച്ച സമൂഹമാണ് നമ്മുടെത്. ആ ശരാശരിത്വമാണ് നമുക്ക് പഥ്യം. ഒന്നിനെയും സംശയിക്കാതെ വിശ്വസിക്കാന്‍ നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കന്നു, വിദ്യാഭ്യാസം പ്രധാനമായും അതാണ് ചെയ്യുന്നത്. എന്നാല്‍ സംസ്‌കൃതിയെ മുന്നോട്ടു കൊണ്ടു പോയതില്‍ വിശ്വാസത്തിന് യാതൊരു പങ്കുമില്ല. അത് സംശയങ്ങളില്‍ നിന്നാണ് ഉരുവം കൊണ്ടതും വികസിച്ചതും.

രാജന്‍ ഗുരുക്കള്‍ 1271 പാഠങ്ങള്‍ സൂക്തങ്കര്‍ കണ്ടെടുത്തിട്ടുണ്ട്. അത്രയും വ്യത്യസ്തമാണ് മഹാഭാരതങ്ങള്‍. ഈ വൈവിധ്യങ്ങള്‍ കൂടാതെ നാടോടി പരമ്പര്യത്തില്‍പ്പെട്ട നിരവധി മഹാഭാരതങ്ങള്‍ വേറെയുമുണ്ട്. അതുകൊണ്ടാണ് എ കെ രാമാനുജന്‍ പറയുന്നത്, മഹാഭാരതം ഒരു പാഠമല്ല, ഒരു പാരമ്പര്യമാണ് എന്നത്. ഈ പാരമ്പര്യത്തില്‍ പലപ്പോഴും മറവിയിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മഹാഭാരത വിവര്‍ത്തനമാണ് പേര്‍ഷ്യന്‍ ഭാഷയിലുണ്ടായ റസമ്‌നാമ എന്ന മഹാഭാരത വിവര്‍ത്തനം. അക്ബറുടെ നേതൃത്വത്തിലാണ് ഈ വിവര്‍ത്തനം നടത്തുന്നത്. ഇത് മറക്കപ്പെടാന്‍ കാരണം വൈദിക പാരമ്പര്യത്തെ ദേശീയ പാരമ്പര്യമായി എണ്ണാന്‍ തുടങ്ങിയ ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലാണ് ഈ വിവര്‍ത്തനം ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെട്ടത്. വൈദികേതരമായ ഒരു പാരമ്പര്യത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല ഇന്ത്യന്‍ ദേശീയത.

Comments are closed.