വൈവിധ്യങ്ങളെ അംഗീകരിച്ച് ജീവിക്കുക: പി. വിജയന്‍ ഐ.പി.എസ്
കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന അഞ്ചാമത് കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസം പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഐ. വി. ബാബുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് ആരംഭിച്ചു. ‘സുഖജീവിതത്തിന്റെ സങ്കല്‍പങ്ങള്‍ ‘ എന്ന സെഷനില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഡയറക്റ്റര്‍ ഡോ. അന്‍വര്‍ ഹുസൈന്‍, പി വിജയന്‍ ഐ.പി.എസ്, നൂര്‍ ജലീല എന്നിവര്‍ സംസാരിച്ചു. ജീവിത- മരണങ്ങള്‍ക്കിടയിലെ കാലഘട്ടത്തെ എങ്ങനെ സന്തോഷകരമാക്കാമെന്നതായിരുന്നു വേദിയില്‍ ചര്‍ച്ചയായത്.
പരമമായ ആനന്ദം നേരത്തെ തന്നെ എല്ലാവരും എടുത്തു മാറ്റി ബാക്കി വന്ന പരിമിതമായ ലോകത്തിന്റെ സുഖത്തെ കുറിച്ചാണ് പറയാന്‍ പറ്റുക. ഞാന്‍ ഏറ്റവും സൗകര്യമുള്ള വ്യക്തിയായാണ് ജനിച്ചത് എന്ന് പി. വിജയന്‍ ഐ.പി.എസ് പറഞ്ഞു. എല്ലാ കാര്യങ്ങളും സ്വതന്ത്രമായി ചെയ്യാന്‍ സാധിച്ചു. അതുകൊണ്ട് സ്വാതന്ത്ര്യം ഞാന്‍ ആവോളം എന്റെ ജീവിതത്തില്‍ ആഘോഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വപ്നങ്ങള്‍ കാണുന്നത് വിടാതെ പിന്തുടരുക, അത് എല്ലാവരിലേക്കും എത്തിക്കുക എന്ന ചിന്തയിലാണ് സ്റ്റുഡന്‍സ് പോലീസും ഹോപ്പ് പദ്ധതിയുമൊക്കെ തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പരിമിതികളെ ധൈര്യപൂര്‍വ്വം നേരിട്ട് ജീവിച്ച നൂര്‍ ജലീല പ്രയാസങ്ങളെ എങ്ങനെ അതിജീവിക്കാമെന്നതിനെക്കുറിച്ച് വിശദീകരിച്ചു . ‘കയ്യില്ല, കാലില്ല ഞാന്‍ അതില്‍ വിശ്വസിച്ചു’ എന്നായിരുന്ന നൂര്‍ ജലീലയുടെ വാക്കുകള്‍. ഒരാളെ നോക്കി പുഞ്ചിരിക്കുന്നത് മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുമെന്നും നൂര്‍ ജലീല കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഡോ. അന്‍വര്‍ ഹുസൈന്‍ വാക്കുകളില്‍ മരണം എങ്ങനെ സന്തോഷകരമാക്കാം എന്നതിനെക്കുറിച്ച് സംസാരിച്ചു. മരണത്തെ ഉള്‍കൊള്ളാന്‍ സാധിക്കുകയാണ് ഏവര്‍ക്കും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ഡോ. സുരേഷ് ആയിരുന്നു മോഡറേറ്റര്‍.
Comments are closed.