DCBOOKS
Malayalam News Literature Website

‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ വ്യത്യസ്തമായ വായനാനുഭവം

 

ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘  എന്ന നോവലിനെക്കുറിച്ച് വ്യത്യസ്തമായ ഒരു വായനാനുഭവം പങ്കുവെച്ച് ഡാര്‍ക്ക് മീഡിയ. മനസിനും ശരീരത്തിനുമേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത പെൺ പോരാളികളുടെ കഥയാണ് “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി”.

യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്‌നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ്. പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണാനും സാധിച്ചു എന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മറ്റൊരു സവിശേഷത. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.