പുരുഷാധിപത്യവും ഫാസിസവും കൈകോര്‍ക്കുമ്പോള്‍ അവള്‍ ക്രൂരമായി അവഹേളിക്കപ്പെടുന്നു…!
മനുഷ്യത്വവിരുദ്ധമായ പ്രവർത്തനങ്ങളുടെ വേദിയിൽ സ്ത്രീവിരുദ്ധതയ്ക്ക് എപ്പോഴും ഉയർന്ന സ്ഥാനമാണുള്ളത്. മേധങ്ങളൊക്കെയും നാരിക്കെതിരാണ്. യുദ്ധങ്ങളും കലാപങ്ങളും അവൾക്ക് നൽകുന്നത് ആഴമേറിയ മുറിവുകൾ. മനസ്സിലും ഉടലിലും നിറയുന്ന ക്ഷതങ്ങൾ. തീരാനഷ്ടങ്ങളുടെ അടയാളങ്ങളായി ചേതനയിൽ പതിയുന്ന പരിക്കുകൾ . പുരുഷാധിപത്യവും ഫാസിസവും കൈകോർക്കുമ്പോൾ അവൾ ക്രൂരമായി അവഹേളിക്കപ്പെടുന്നു.
അധിനിവേശത്തിന്റെ പൈശാചികസ്പർശം അവൾക്ക് യാതനയുടെ പാനപാത്രമേകുന്നു . ഈ നേരിന്റെ മുകുരമാകുകയാണ് ടി.ഡി. രാമകൃഷ്ണന്റെ ” സുഗന്ധി എന്ന ആണ്ടാൾ ദേവനായകി “ . ശക്തമായൊരു വായനാനുഭവമാണ് ഈ നോവൽ.
വർത്തമാനവും ഭൂതകാലവും ഒരുമിക്കുന്ന കഥാലോകം. ഈ ഒരുമയിൽ അനുവാചകരുടെ ഉള്ളുലയ്ക്കുന്ന ചില യാഥാർത്ഥ്യങ്ങൾ അന്തർലീനമായിരിക്കുന്നു. വിമോചനത്തിന്റെ ദൂതരായി ചമഞ്ഞ് ഫാസിസത്തിന്റെ ആരാധകർ അരങ്ങുവാഴുമ്പോൾ ഭീതിയുടെയും നിസ്സഹായതയുടെയും അവകാശധ്വംസനങ്ങളുടെയും ഇരുട്ടറകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന ജനങ്ങളുടെ ചിത്രം ഇവിടെ അനാവൃതമാകുന്നു. ഒപ്പം വിമോചനപ്രസ്ഥാനങ്ങളിലും വിപ്ലവസംഘടനകളിലും നിലനിൽക്കുന്ന സ്ത്രീവിരുദ്ധത എന്ന സങ്കീർണതയും ചിന്താവിഷയമാകുന്നു.
ശ്രീലങ്കൻ രാഷ്ട്രീയമാണ് ഈ കഥാലോകത്തിന്റെ പശ്ചാത്തലം. പീറ്റർ ജീവാനന്ദം എന്ന എഴുത്തുകാരന്റെ അന്വേഷണങ്ങളിലൂടെയാണ് കഥാഗതി പുരോഗമിക്കുന്നത്. Woman behind the Fall of tigers എന്ന ചലച്ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി പീറ്ററും സംഘവും ശ്രീലങ്കയിലെത്തുന്നു. പീറ്ററിന്റെ അന്വേഷണങ്ങളിലൂടെ സംഘർഷഭൂമിയിലെ പെൺമയെ കുറിച്ചുള്ള പരുക്കൻ യാഥാർത്ഥ്യങ്ങൾ നമുക്കുമുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. ആ യാഥാർത്ഥ്യങ്ങളുടെ തീവ്രതയിൽ കുരുത്ത സുഗന്ധിയുടെ വരികൾക്ക് കനലിന്റെ ഭാവമാണ്.
” കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ “
അടർക്കളത്തിലെ തിളയ്ക്കുന്ന നേരിന്റെ ഉയിരാവുകയാണ് സുഗന്ധി. പോരാട്ടവീര്യത്തിന്റെ ജ്വലിക്കുന്ന അടയാളമായ അംഗന. വർത്തമാനകാലത്തിൽ ആരംഭിച്ച് പുരാവൃത്തങ്ങളുടെയും ചരിത്രത്തിന്റെയും വഴികളിലൂടെ സഹസ്രാബ്ദങ്ങൾക്ക് പിന്നിലേക്ക് കഥ സഞ്ചരിക്കവെ ഒരു നീറ്റലായി ആ നേര് അനുവാചകമനസ്സിനെ പൊതിയുന്നു. അന്നും ഇന്നും അവളുടെ വീഥിയിൽ വേട്ടക്കാരുണ്ടാകുന്നു എന്ന നേര്. സുഗന്ധിയും ദേവനായ കിയും രണ്ട് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവരെങ്കിലും ഈ നേരിലൂടെ അവർ ഒന്നായിത്തീരുകയാണ്. നോവലിന്റെ ശീർഷകം തന്നെ ആ ഏകത്വത്തെ കുറിക്കുന്നു – സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഈ ഏകത്വം നോവലിലെ കരുത്താർന്ന പ്രമേയമാകുന്നു.
ഡോ. രജനി തിരണഗാമെയും ആണ്ടാൾ ദേവനായകിയും മൂന്നുവയസ്സുകാരിയായ കൂവേണി എന്ന രാജപുത്രിയും പൂമണി സെൽവനായകവും സുഗന്ധിയും അരുൾമൊഴി നാങ്കെയും യമുന ശ്രീധറുമെല്ലാം അനുവാചകമനസ്സിൽ മായാത്ത ചിത്രങ്ങളാകുന്നു. നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്ന ചിത്രങ്ങൾ.
ജനാധിപത്യപരമായി വിയോജിക്കാനുള്ള അവകാശത്തിന് പ്രതിബന്ധങ്ങൾ നിലനിൽക്കുമ്പോൾ സ്വപ്നങ്ങളുടെ ശ്മശാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
ദേവനായകിയുടെ കഥ ഇന്നും തുടരുന്നു.
ഇപ്പോൾ മനസ്സിൽ മുഴങ്ങുന്നത് നാദിയ മുറാദിന്റെ വാക്കുകൾ – ” I want to be the last girl in the world with a story like mine. “
ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായികി’ എന്ന നോവലിന് വിനീത മാര്‍ട്ടിന്‍ എഴുതിയ വായനാനുഭവം.
Comments are closed.