എന്തൊരു അമൂർത്തമായ ആവേശവും ആരാധനയുമായിരുന്നെന്നോ എനിക്ക് ഈ വിപ്ലവനായികയോട്!
സുധക്കുട്ടി
കുട്ടിക്കാലത്ത് ആലപ്പുഴയിലെ വീടിന് മുന്നിലെ പട്ടൻ്റെ വെളി എന്ന മൈതാനത്ത് മുളങ്കാലിൽ ഉയർത്തിയ സ്റ്റേജിൽ പെണ്ണൊരുത്തി തീപ്പൊരിയായ് ആളിപ്പടരുന്നത് കാണാൻ പൂമുഖത്തെ അരമതിലിൽ അള്ളിപ്പിടിച്ച് ഞാൻ കയറിയത് നിറം ചോരാത്ത ഓർമയാണ്. ആദ്യമായ് കേട്ട രാഷ്ട്രീയ പ്രസംഗവും അതായിരുന്നു.
തോണ്ടൻകുളങ്ങര ക്ഷേത്രത്തിൽ തൊഴാൻ പോകുന്ന വഴിക്ക് ചാത്തനാട്ടുള്ള ആ വീടിൻ്റെ മുന്നിൽ എത്തുമ്പോൾ നടത്തം മറന്ന് എന്തിനെന്നറിയാതെ നോക്കി നിന്നതും ഓർമയാണ്.
അച്ഛനും ടി വി തോമസും സുഹൃത്തുക്കളായിരുന്നു. രാഷ്ട്രീയ ചുവടുമാറ്റം, ഗൗരീ പരിണയം എന്നീ കാരണങ്ങളാൽ പരസ്പരം കണ്ടാൽ അച്ഛൻ മിണ്ടാതെ മാറി നടക്കുന്നുവെന്ന് ടി വി എൻ്റെ അമ്മയോട് പരാതി പറഞ്ഞതായറിയാം.
അതെന്തുമാവട്ടെ , എക്കാലത്തും സിലബസ്സിൽ ഉൾപ്പെടാത്ത പാഠമായിരുന്നിട്ടും ഞാൻ വായിക്കാൻ തെരഞ്ഞെടുത്ത ജീവിതം കെ.ആർ ഗൗരിയുടേതായിരുന്നു.
അടുത്തിടപെടാൻ സന്ദർഭങ്ങൾ ഏറെയുണ്ടായിരുന്നിട്ടും നെഞ്ചിടിപ്പോടെ അതിലേറെ ആദരവോടെ തെല്ലകന്ന് നിന്നതേയുള്ളു. കുന്നിൻ്റെ ഔന്നത്യം കുറച്ച് മാറി നിന്ന് കാണുന്നതല്ലേ ഭംഗി.
ആറാം വയസ്സിൽ വാക്ചാതുര്യത്താൽ രോമാഞ്ചത്തിൻ്റെ കുട്ടിയുടുപ്പിടുവിച്ച ആ രാഷ്ട്രീയ വ്യക്തിത്വം പിന്നീട് ഏറെ വർഷങ്ങൾ കഴിഞ്ഞ് നിയമസഭയിൽ തിളങ്ങുന്നത് ഓഫീസേഴ്സ് ഗ്യാലറിയിൽ ഇരുന്ന് കാണാനും കാലം എന്നോട് ദയ കാണിച്ചു. കുട്ടിക്കാലത്ത് അനുഭവിച്ചറിഞ്ഞ അതേ അത്ഭുതാതിരേകം അപ്പോഴും എന്നെ പരിരംഭണം ചെയ്തു.
സർക്കാർ പ്രസിദ്ധീകരണത്തിലേക്ക് മന്ത്രിയായ ഗൗരിയമ്മയുമായ് അഭിമുഖം വേണം. സമയം അനുവദിച്ചപ്പോൾ പ്രൈവറ്റ് സെക്രട്ടറി വിജയലക്ഷ്മി സ്നേഹ സ്വാതന്ത്ര്യത്തോടെ ചോദിച്ചു ,
” നാട്ടുകാരല്ലേ , എന്നിട്ടെന്തിനാ മിനിസ്റ്ററെ അഭിമുഖം ചെയ്യാൻ മറ്റൊരാള് ?”
ചില മുന്തിയ വിസ്മയങ്ങൾ ഉള്ളിൽ പമ്മിപ്പമ്മി നുരയുന്നതിലായിരുന്നു എനിക്ക് കമ്പം. മുറിവേറ്റ സിംഹമായ് ഒരു കമ്യൂണിസ്റ്റിതര സർക്കാരിൽ എനിക്കവരെ കാണാൻ എന്തോ കെല്പില്ലായിരുന്നു. ചരിത്രം പലർ ചേർന്നുണ്ടാക്കുന്നതാണ്. അവിടെ ഉത്തരങ്ങൾ ഉണ്ടാകും, ചോദ്യങ്ങൾക്കാണ് പഞ്ഞം.
ആറോ ഏഴോ വയസ്സ് രാഷ്ട്രീയം അറിയുന്ന പ്രായമല്ലെങ്കിലും ഉടുത്തു കെട്ടിൻ്റെ ഗാംഭീര്യത്തിലും ഭാഷാപ്രയോഗത്തിലും മുഴങ്ങുന്ന ശബ്ദത്തിലും ഞാൻ എന്നേ അനുരാഗപ്പെട്ട് പോയിരുന്നു. കൗമാരകാലത്ത് എൻ്റെ മനസ്സ് വെറുതെ കലമ്പൽ കൂട്ടി അവരോട് ചോദിച്ചു
“നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയില്ലേ” എന്ന്. കമ്യൂണിസ്റ്റ് ആശയങ്ങളെ അവഗണിച്ച അച്ഛൻ്റെ മക്കളായി പിറന്നിട്ടും സ്വന്തം വഴി തെരഞ്ഞെടുക്കാൻ യാതൊരു വിലക്കുകളുമില്ലാത്ത ഒരു കുടുംബത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്.
യൗവ്വനത്തിലെത്തിയപ്പോൾ ഞാൻ അവരെ കൂടുതൽ തിരിച്ചറിഞ്ഞു തുടങ്ങി. ഉയർത്തിപ്പിടിച്ച ആശയസംഹിതകളെയായിരുന്നില്ല ഞാൻ തെരഞ്ഞത് അവരുടെ സ്ത്രീ മനസ്സിനെയാണ്. അതിലെ ക്ഷതങ്ങളെയാണ്. കരുത്തിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും വിപ്ലവ വ്യക്തിത്വം എന്ന് പെരുമ്പറ മുഴക്കുമ്പോഴും , ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടു പോയ ഒരു സ്ത്രീ.
കുഞ്ഞുന്നാളിൽ പിതാവ് വാത്സല്യത്തോടെ വിളിച്ച ഗൗരിയമ്മാളേ എന്ന സംബോധന ഗൗരിയമ്മയായി പരിണമിച്ചതിൽ സന്തോഷിച്ചിരുന്ന മകൾ….ചങ്ങമ്പുഴയുടെ സഹപാഠി ,കുറ്റിപ്പുഴയുടെയും
ജി.ശങ്കരക്കുറുപ്പിൻ്റെയും ശിഷ്യ …കാതരമായൊരു പ്രണയത്തിൻ്റെ പട്ടുനൂലിഴയാൽ ചുറ്റപ്പെട്ടവൾ…
തികഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നിട്ടും ശ്രീകൃഷ്ണ സങ്കല്പം മനസ്സിൽ ലാളിച്ചിരുന്ന സ്വപ്നാടക…
അങ്ങനെ എത്രയെത്ര അഭിരാമ സ്വപ്നങ്ങളാലാവും ജീവിതത്തെ അവർ ഒപ്പം ചേർത്തു പിടിച്ചിട്ടുണ്ടാവുക ?
വിശ്വസിച്ച ആദർശങ്ങളും വിശ്വസിച്ച പുരുഷനും അവരിൽ ഏല്പിച്ച മുറിവുകളുടെ ആഴമെത്ര ?
അഭിശപ്ത രാത്രികളിൽ ആരോരുമറിയാതെ എത്രയോ തവണ നെഞ്ചകം നീറി നീറി അവർ കരഞ്ഞിട്ടുണ്ടാവും ?
ടി വി യുടെ മകൻ ആരോ പറഞ്ഞു കേട്ട കഥയിലെ കഥാപാത്രമല്ല എനിക്ക്. നിത്യം നേരിൽ കണ്ടിരുന്ന ഒരാൾ. ആലപ്പുഴയിലെ ഒരു ഫാക്ടറിയിൽ തൊഴിൽ നൽകി അയാളെ സംരക്ഷിച്ചതും ഗൗരിയമ്മയാണ്.ഹോ , എത്ര ഉയരത്തിലാണ് അവർ 🙏
സംസ്ഥാന സർക്കാരിന് വേണ്ടി കെ.ആർ ഗൗരിയെപ്പറ്റിയുള്ള ഡോക്യുമെൻ്ററി ചെയ്യാൻ കെ.ആർ മോഹനൻ എന്ന സംവിധായകനെ നിയോഗിച്ചത് ഞാൻ ആ വിഭാഗത്തിൻ്റെ ചുമതല വഹിക്കുമ്പോഴാണ്.
ആലപ്പുഴയിൽ ഗൗരിയമ്മയുടെ വീട്ടിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെ മോഹനേട്ടൻ പല വട്ടം ക്ഷണിച്ചെങ്കിലും ഞാൻ പോയില്ല. ഷൂട്ടിംഗ് പൂർത്തീകരിച്ച് മോഹനേട്ടൻ എന്നെ ക്യാബിനിലെത്തി കൈകൂപ്പി.
” ഈ പ്രോജക്ടിലേയ്ക്ക് എൻ്റെ പേര് നിർദ്ദേശിച്ചതിന് നന്ദി. ഇത് ഒരു നിയോഗമായിരുന്നെന്ന് ഞാൻ തിരിച്ചറിയുന്നു. എൻ്റെ രാഷ്ട്രീയ ചരിത്രബോധത്തെ, ബന്ധങ്ങളുടെ മുറിച്ചു മാറ്റാനാവാത്ത കാല്പനിക നൈര്യന്തരങ്ങളെ ഒക്കെ തകർത്തെറിഞ്ഞു അവർ. സ്വകാര്യതയുടെ നിഗൂഢതകളിലേയ്ക്ക് അവ ഒന്നും ചിത്രീകരിക്കരുതെന്ന സ്നേഹ ശാസനയോടെ എന്നെ കൂട്ടിക്കൊണ്ട് പോയി. ഇതു വരെ ഞാനറിയാത്ത തരള ചിത്തയായ മറ്റൊരു ഗൗരിയമ്മയെയാണ്, ഞാൻ അവിടെ കണ്ടത്. വായിച്ചറിഞ്ഞതിനും, കേട്ടു പഴകിയതിനുമപ്പുറം ചിലതുണ്ട്. അവരുടെ മുന്നിൽ നമ്മളൊക്കെ എന്ത് കമ്യൂണിസ്റ്റ് , ച്ഛേ …. ” മോഹനേട്ടൻ പാവമായത് കൊണ്ട് ചിലത് കൂടി പറഞ്ഞു. എഴുതാനാവാത്തത്. അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞു…ശബ്ദമിടറി..
കെ.ആർ മോഹനൻ ആദ്യം പോയി. ഇപ്പോഴിതാ ഗൗരിയമ്മയും.. വലിയ ചുടുകാട്ടിലെ മണൽത്തരികൾ ഇന്ന് വീണ്ടും സമരപുളകത്തിൻ്റെ സിന്ദൂരമാലകളണിഞ്ഞ് കോരിത്തരിക്കും.. ആകാശവും ഭൂമിയും ആ ചരിത്ര നിമിഷത്തിന് സാക്ഷിയാവും.
കൽപ്പകവാടിക്കാരൻ്റെ സിനിമാ ക്കഥയിലെ അവസാന രംഗം പ്പോലെ ” അമ്മേ… ലാൽസലാം . ” എന്ന് സ്നേഹാതുരതയോടെ യാത്രാമൊഴി നൽകാൻ സംഭ്രമചിത്തമായ മനസ്സുമായ് ജീവിത പങ്കാളിയുടെ പിൻതലമുറയിൽ നിന്നൊരു ബാലനോ ബാലികയോ സർവ്വരാലും തഴയപ്പെട്ട് അവിടെ കാത്ത് നിൽപ്പുണ്ടാകുമോ….
കാലത്തിന് കാലിടറുമോ ?
Comments are closed.