DCBOOKS
Malayalam News Literature Website

ചന്ദനഗന്ധമുള്ള ഒരു മയിൽപ്പീലി

പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ എന്ന കൃതിയെ മുന്‍നിര്‍ത്തി മിനി വിനീത് തയ്യാറാക്കിയ പഠനംകൃഷ്ണന് ആരായിരുന്നു ദ്രൗപതി?ശ്യാമമാധവം കാട്ടിത്തന്ന വഴികളിലൂടെ ഒരന്വേഷണം

ധർമ്മാർത്ഥകാമമോക്ഷങ്ങളുടെ അതിസങ്കീർണ്ണവും അതി വിചിത്രവുമായ സഞ്ചാരപാതകളാണ് മഹാഭാരതം നമുക്കു കാട്ടിത്തരുന്നത്.ബന്ധുജനങ്ങൾ തമ്മിലുള്ള  സ്വത്തു തർക്കത്തിൻ്റെ കഥയെന്നതിലുപരി ഇന്നലെയുടെയും ഇന്നിൻ്റെയും നാളെയുടെയും കഥയാണ് മഹാഭാരതം. കേവലമായ മുൻ വിധികളോടെ സമീപിച്ചാൽ  ചിന്താമണ്ഡലങ്ങളെ പരിഹസിച്ചുകൊണ്ട്    വായനക്കാരൻ്റെ പരിധിയിൽ നിന്ന് മാറി സഞ്ചരിക്കാനുള്ള പ്രവണത മഹാഭാരതത്തിലെ ഓരോ കഥാപാത്രവും പ്രകടിപ്പിക്കുന്നുണ്ട്. മഹാഭാരതമെന്ന മഹാസാഗരത്തിൻ്റെ ലാവണമായിരിക്കുന്നവരാണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ. ദുരന്തങ്ങളേറ്റുവാങ്ങാത്ത ഒരു സ്ത്രീയെപ്പോലും ഇതിൽ നാം കണ്ടുമുട്ടുന്നില്ല. മഹാഭാരതമെന്നാൽ മഹത്തായഭാരമുള്ളത് എന്നും അർത്ഥമുണ്ട്.അനേകം സ്ത്രീകളുടെ  ദു:ഖത്തിൻ്റെ ഭാരമാണത്.ഒരുപാട് കണ്ണീർപ്പുഴകൾ കൂടിച്ചേർന്ന ഒരു മഹാസാഗരം.അതാണ് മഹാഭാരതം.ഭാരതഖണ്ഡത്തിലേയെന്നല്ല മനുഷ്യവംശത്തിൻ്റെ തന്നെ ചരിത്രത്തിലെ ഏറ്റവും അപമാനിക്കപ്പെട്ട സ്ത്രീ മഹാഭാരതത്തിലെ കഥാപാത്രമാണ് ‘ഏറ്റവും അപമാനിക്കപ്പെട്ടവൾ മാത്രമല്ല എറ്റവും ശക്തയായ സ്ത്രീയും അവർ തന്നെ. അഗ്നിയിൽ നിന്ന്ഉ യിർ കൊണ്ടവൾ, ഉടലിൽ താമരപ്പൂവിൻ്റെ ഗന്ധമുള്ളവൾ. യാജ്ഞസേനി.ഇന്ദ്രപ്രസ്ഥത്തിൻ്റെ മഹാറാണി.ആര്യാവർത്തിൻ്റെ അഷ്ടൈശ്വരങ്ങളുപേക്ഷിച്ച് ഹിമാലയ സാനുക്കൾക്കുമപ്പുറം ഒരു മണലാരണ്യത്തിലൊടുങ്ങും വരെ മറ്റുള്ളവരുടെ തീരുമാനങ്ങളും താൽപര്യങ്ങളുമാണ് അവരുടെ  ഭാഗധേയം നിർണയിച്ചത്.അഞ്ചു പുരുഷൻമാർക്കായി പങ്കുവയ്ക്കപ്പെപ്പെട്ടതിനെ ഒരു പൂർവ്വജൻമ വൃത്താന്തം കൊണ്ട് വ്യാസനും മഹാസഭയിൽ അപമാനിക്കപ്പെട്ടതിനെ ധർമ്മാധർമ്മങ്ങളുടെ ഇഴകീറിയെടുക്കലുകളിലൂടെ ധർമശീലരെന്നു പേരുകേട്ട പതികളും ന്യായീകരിച്ചപ്പോൾ അവൾ നിശബ്ദയായിരുന്നില്ല. മഹാഭാരതത്തിലുടനീളം അവർ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം വളരെ ദുർബലങ്ങളായിരുന്നു. വ്യാസകവി പോലും ഉത്തരം നൽകാതെ ഒഴിഞ്ഞു മാറിയ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഇന്നുവരെ കാലത്തിനും കഴിഞ്ഞിട്ടില്ല..ദ്വാരകാവർത്തത്തിൻ്റെ രാജശോഭയെ ഒരു ഓർമ്മയോളം  അകലത്തിലേക്ക് ചുരുക്കിയവളാണ് ദ്രൗപതി. ഒരു സ്ത്രീയും പുരുഷനും തമ്മിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരമായതും ഇനിയൊരിക്കലും ഉണ്ടാകാനിടയില്ലാത്തതുമായ ഒരു ബന്ധം. അതായിരുന്നു കൃഷ്ണനും ദ്രൗപതിയും തമ്മിൽ.കേവലം പ്രണയം എന്ന വാക്ക് കൊണ്ട് അടയാളപ്പെടുത്താൻ കഴിയാത്ത ആ ബന്ധം വ്യാഖ്യാനങ്ങൾക്കതീതമാണ്.  ബന്ധുരമായ ആ ബന്ധത്തെയാണ് ” അനന്തകൃഷ്ണൻ” എന്ന അധ്യായത്തിലൂടെ ശ്യാമമാധവം പറയാൻ ശ്രമിക്കുന്നത്.ആ ബന്ധത്തെ വിവരിക്കുന്ന അധ്യായത്തെ സൂചിപ്പിക്കാൻ അനന്ത എന്ന വാക്ക് ഉപയോഗിച്ചത് തന്നെ കേവലയാദ്യശ്ചികത എന്നു കരുതുന്നില്ല.
ഉള്ളത്തിലെന്നോ കുറിച്ചൊരു ബന്ധുരബന്ധം “
“എങ്കിലും സഖിയായുള്ള യാജ്ഞ സേനിയറിഞ്ഞപോൽ തന്നെയാരറിയുന്നെന്നു” ചിന്തിക്കുകയാണ് ശ്യാമമാധവത്തിലെ കൃഷ്ണൻ.സ്വർഗ്ഗ യാത്രയ്ക്ക് മുൻപ് ജീവിതത്തിൻ്റെ വഴികളിലേക്കു തിരിഞ്ഞു നോക്കവേ കൃഷ്ണൻ്റെ മനസ് ദ്രൗപതിയുടെ അന്തപുരത്തിലേക്കെത്തുന്നു.”നിഴൽ പോലെ ” ചെല്ലുന്നു എന്നാണ് കവി വാക്യം. ദ്രൗപതിയുടെ ജീവിതത്തെ എന്നും  ഒരു നിഴൽ പോലെ  പിൻതുടർന്നവനാണ് കൃഷ്ണൻ .
ദ്രൗപതിയാകട്ടെ അന്തപുരത്തിലുള്ള കൃഷ്ണപ്രതിമയോട് പരിഭവങ്ങൾ പങ്കു വയ്ക്കുകയാണ്. അവൾ തന്നെ കാണേണ്ട എന്ന് കരുതി നിശബ്ദനായി നിന്നുകൊണ്ട് ആ പരിഭവങ്ങൾക്ക് കാതോർക്കുകയാണ് കൃഷ്ണൻ.
” സഖി എന്ന വാക്കിൻ്റെ അർത്ഥവ്യാപ്തികൾ തിരയാതെ നിൻ്റെ സഖിയായി മാത്രം ജീവിച്ചവൾ. കൃഷ്ണാ നീ എൻ്റെ മനസ്സ് കണ്ടില്ലെന്ന് നടിച്ചു. എൻ്റെ ജീവിതം എനിക്കായി നൽകാതെ നീ നിൻ്റെ ഇഷ്ടത്തിന് എന്നെ നടത്തുകയായിരുന്നു. വിവാഹ സങ്കല്പം മനസ്സിൽ ഉദിച്ച നാൾ മുതൽ നീയായിരുന്നു എന്റെ മനസ്സിൽ.അച്ഛനുപ്രിയങ്കരനായ പാർത്ഥൻ വനവാസത്തിലാണെന്നറിഞ്ഞ് സന്തോഷിച്ചവളാണ് ഞാൻ. കർണ്ണനെ വരിച്ചാൽ നീയെനിക്കന്യനായിപ്പോകുമെന്നതുകൊണ്ടാണ് സുത പുത്രൻ എന്നു വിളിച്ച് അപമാനിച്ചത്. അവിടെ നിൻ്റെയൊരു പ്രച്ഛന്നവേഷമാണ് കൃഷ്ണാ ഞാൻ കണ്ടത്.  അർജ്ജുനനോട് എനിക്ക് അതിരുകവിഞ്ഞ സ്നേഹമുണ്ടാകുന്നു എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്  പലരുടെയും എതിർപ്പിനെ അവഗണിച്ച് സ്വന്തം സഹോദരിയെ അർജുനന് നൽകിയത്”.വസ്ത്രാക്ഷേപ സമയത്ത് അർജ്ജുനൻ മൗനം പാലിച്ചത് സ്നേഹശുന്യത കൊണ്ടല്ലേ എന്നും ദ്രൗപതി ചോദിക്കുന്നു. പിന്നീട് സ്ത്രീ സഹജമായ അസൂയയുടെ പ്രതിഫലനമെന്ന മട്ടിൽ ചില ചപല വാക്കുകളും  പറയുന്നു. സുഭദ്രയെക്കുറിച്ചുള്ള ആ കുശുമ്പുപറച്ചിലുകൾ അവരുടെ തന്നെ സഹോദരനായ കൃഷ്ണനോടായിരുന്നു എന്നതും ശ്രദ്ധേയം. അവർ രണ്ടു പേരുടെയും മനസ്സുകൾക്കിടയിൽ മറ്റൊരാൾക്ക് സ്ഥാനമുണ്ടായിരുന്നില്ല എന്നതിൻ്റെ തെളിവായി ഈ പായാരം പറച്ചിലുകളെ കാണാം. എല്ലാമറിയുന്നവനെങ്കിലും തൻ്റെ ജീവിതത്തിലെ ദുരന്തങ്ങളെ കൃഷ്ണൻ ഒഴിവാക്കിയില്ല എന്ന പരാതിയും അവർ പങ്കുവയ്ക്കുന്നു.” എപ്പോഴും നിനക്ക് ഞാൻ മാത്രമേ കാണൂ ” എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണോ അത്തരം ദുരന്തങ്ങൾ തനിക്ക് നൽകിയതെന്നും അവർ സന്ദേഹിക്കുന്നു. അതി മനോഹരമായ കവി  ഭാവനയോടെയാണ് അനന്തകൃഷ്ണൻ എന്ന ഭാഗം അവസാനിക്കുന്നത്. താൻ പറയുന്ന പരിഭവങ്ങൾ എല്ലാം കേട്ടുകൊണ്ട് തന്നെ തഴുകി കൃഷ്ണൻ നിൽക്കുന്നു എന്ന് ഉറപ്പിച്ച്  ദ്രൗപതി തിരിഞ്ഞു നോക്കുന്നു .നിറഞ്ഞു കവിയുന്ന സ്നേഹത്തോടെ നിന്നെ തൊട്ടു നിൽക്കുന്ന ആ ആത്മാവിനെക്കാണാൻ നിൻറ്റെ കണ്ണുകൾക്കായോ കൃഷ്ണേ?ഈ ഭൂമിയിൽ തനിക്കേറ്റവും പ്രിയപ്പെട്ടവൻ അവിടുണ്ടെന്നുറപ്പിച്ച് നീ തിരിഞ്ഞു നോക്കിയപ്പോൾ ഞാനിവിടുണ്ടെന്ന് ആരോ പറയും മട്ടിൽ തണുത്തൊരിളം കാറ്റ് നിൻറ്റെ കണ്ണുനീർ തുടച്ചത് നീയറിഞ്ഞില്ലേ കൃഷ്ണേ?
ഹാ പ്രണയമേ നിൻ്റെയാ വിരഹത്തിനർത്ഥം ആത്മാവു കൊണ്ട് അത്രമേൽ ചേർന്നിരിക്കുക എന്നാണോ? കൃഷ്ണനും ദ്രൗപതിയും അവരുടെ ജീവിതം കൊണ്ട് അങ്ങിനെയാണല്ലോ പറഞ്ഞു തരുന്നത്.
“നാരിമാർ മണിയാം കൃഷ്ണ…. “
വ്യാസ ഭാരതത്തിൽ ദ്രൗപതിയെയും കൃഷ്ണനേയും ആദ്യമായി  ഒരുമിച്ചു കാണുന്നത് ദ്രൗപതിയുടെ സ്വയംവര മണ്ഡപത്തിലാണ്. ആ സ്വയംവരം പോലും കൃഷ്ണൻ്റെ നിർദ്ദേശമനുസരിച്ച് നടത്തിയതാണെന്നും, കർണൻ വില്ല് കുലയ്ക്കുമെന്നായപ്പോൾ കൃഷ്ണൻ്റെ നിർദേശപ്രകാരമാണ് “സുത പുത്രനെ വരിക്കില്ല” എന്നു ദ്രൗപതി വിളിച്ചു പറഞ്ഞതെന്നുമുള്ള കഥകൾ നിലവിലുണ്ടെങ്കിലും വ്യാസഭാരതം അത്തരം സൂചനകളൊന്നും നൽകുന്നില്ല സൂക്ഷ്മമായി പരിശോധിച്ചാൽ ദ്രൗപതിയും കൃഷ്ണനും ജനനം മുതൽക്കേ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരുന്നതായി കാണാം.
“ഭാരാവതരണായാന്യേ
ഭുവോ നാവ ഇവോദധൌ
സീദന്ത്യാ ഭൂരിഭാരേണ
ജാതോഹ്യാത്മഭുവാര്‍ത്ഥിതഃ “
( ഭാഗവതം പ്രഥമ സ്കന്ധം, കുന്തീ സ്തുതി)
 ദുഷ്ടരാജാക്കൻമാരുടെ ഭാരം നിമിത്തം ഭൂമിദേവി സമുദ്രത്തിൽ മുങ്ങാറായ കപ്പലിൻ്റെ അവസ്ഥയിൽ എത്തിച്ചേർന്നു. ഭൂഭാരം കുറയ്ക്കുവാനായി ബ്രഹ്മാഭ്യർത്ഥന പ്രകാരമാണ് ഭഗവാൻ ഭൂമിയിൽ അവതരിച്ചത്. കൃഷ്ണൻ എന്തിനായി  ഭൂമിയിൽ അവതരിച്ചോ ആ ലക്ഷ്യത്തിൻ്റെ കാരണക്കാരിയാകാൻ വേണ്ടിയാണ് ദ്രൗപതി ജൻമമെടുത്തത്. ദ്രോണരെ പരാജയപ്പെടുത്താൻ ഒരു പുത്രൻ എന്ന പ്രാർത്ഥനയോടെ നടത്തിയ യാഗത്തിൽ മകനു ശേഷമായിരുന്നു ദ്രൗപതിയുടെ പിറവി.
“നാരിമാർ മണിയാം കൃഷ്ണ
പാരിൽ ക്ഷത്രം മുടിപ്പവൾ
സുരകാര്യം ചെയ്യുമിവൾ
പരം കാലേ സുമദ്ധ്യമ
ഇവൾ മൂലം കൌരവർക്കു
കൈവരും പെരുതാം ഭയം” ഇപ്രകാരം ഒരു അശരീരി ദ്രൗപതിയുടെ ജനനസമയത്ത് കേട്ടിരുന്നതായി മഹാഭാരതത്തിൽ പറയുന്നു.ഇതിൽ നിന്നു തന്നെ ദ്രൗപതിയുടെയും കൃഷ്ണൻ്റെയും പിറവികൾ ഒരേ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എന്ന് നിസ്തർക്കം പറയാം.
ശ്യാമമാധവത്തിലെ വളരേയേറെ വിമർശിക്കപ്പെട്ട ഒരു ഭാഗമാണ് “ഉറ്റ ചങ്ങാതിമാരാം പഞ്ചപാണ്ഡവർ ചെറ്റുമറിയാതെ പാഞ്ചാലിയോടു ഞാൻ ഉള്ളത്തിലെന്നോ കുറിച്ച ” ബന്ധുരബന്ധമെന്ന് കൃഷ്ണൻ പറയുന്നത് ‘. ചിലരാൽ വലിയ തോതിൽ ദുർവ്യാഖ്യാനിക്കപ്പെട്ട ഈ വരികൾക്ക് മഹാഭാരതം കൃത്യമായ മറുപടി നൽകുന്നുണ്ട്.  നളായണി എന്ന മനസ്വിനിയായ സ്ത്രീയുടെ പുനർജൻമമാണ് ദ്രൗപതിയെന്ന് മഹർഷി വ്യാസൻ മഹാഭാരതം ആദിപർവ്വത്തിൽ ദ്രുപതനോട് പറയുന്നുണ്ട്. ഈ നളായണി ലക്ഷ്മീ ദേവിയുടെ അംശാവതാരമായിരുന്നു. നളായണിയുടെ പുനർജൻമമായ ദ്രൗപതിയും മഹാലക്ഷ്മിയുടെ അംശം തന്നെ “ഇവർക്കായി ദ്ദേവദ്ദേവൻ കൊടുത്ത സാക്ഷാൽ ലക്ഷ്മീദേവി പാഞ്ചാലിയല്ലോ അല്ലാതുണ്ടോ മന്നിൽ  യജ്ഞത്തിലാ സ്ത്രീ-  യു ണ്ടാവുന്നു ദൈവയോഗത്തിലെന്യേ?
(ഭാഷാ ഭാരതം വൈവാഹിക പർവ്വം പഞ്ചേന്ദ്രോപാഖ്യാനം 36 ) വ്യാസകവി പാണ്ഡവർ കേൾക്കാതെ ദ്രുപദനെ മാറ്റി നിർത്തിയാണ് ഈ വിവരങ്ങളെല്ലാം പറയുന്നത്. പാണ്ഡവർക്ക് തീർത്തും അജ്ഞാതമായിരുന്ന ഈ ബന്ധത്തെക്കുറിച്ച് യുധിഷ്ഠിരൻ മനസ്സിലാക്കുന്നത് അദ്ദേഹത്തിൻ്റെ സ്വർഗ്ഗപ്രാപ്തിക്ക് ശേഷമാണ്. ദേവേന്ദനാണ് യുധിഷ്ഠിരനോട്
” ശ്രീ ദേവി ദ്രൗപതി രൂപാൽ മാനുഷത്വമെടുത്തതാം ശൂലി നിങ്ങൾക്കു ര ത്യർത്ഥമിവളെ തീർത്തതാണെടോ “
Text( ഭാഷാ ഭാരതം ആശ്രമവാസികാ പർവ്വം)എന്നു പറയുന്നത്. ദ്രൗപതി ലക്ഷ്മിയുടെ അംശാവതാരമാണെന്നിരിക്കെ അവർ തമ്മിലുള്ള പരസ്പര പ്രണയം സ്വാഭാവികമല്ലേ. ദ്രൗപതി കൃഷ്ണന് പ്രിയപ്പെട്ടവളായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലക്ഷ്മീ രൂപങ്ങളിലൊന്നായ വിഷ്ണുപ്രിയാക്ഷ്മി എന്ന  സതീരത്നo ഒരിക്കലും ഭർത്താവിനെ വിട്ടുപിരിയാത്തവളാണ്: അതു കൊണ്ടു കൂടിയാവണം കൃഷ്ണപ്രിയയായ ദ്രൗപതി എപ്പോഴും കൃഷ്ണ സ്മരണയോടെ വർത്തിച്ചത്.
പിന്നെ എന്തുകൊണ്ടാണ് കൃഷ്ണൻ ദ്രൗപതിയെ പാണ്ഡവരുടെ പത്നിയായി വിട്ടുകൊടുത്തത്?.കൃഷ്ണൻ്റെ “അകാര്യകാരി” എന്ന വിശേഷണം സാർത്ഥകമാകുന്നത് ഇവിടെയാണ്. ദ്രൗപതി കൃഷ്ണ പത്നിയായാൽ ദുഷ്ടൻമാരെ വധിച്ച് ഭൂമിയുടെ ഭാരം ഇല്ലാതാക്കുക എന്ന അവതാരലക്ഷ്യവും കുരുവംശത്തിൻ്റെ നാശത്തിന് കാരണക്കാരിയാവുക എന്ന ലക്ഷ്യവും അപ്രാപ്യമാകും” ഭൂത ഭവ്യ ഭവത്പ്രഭു”വായ കൃഷ്ണൻ്റെ അനുചിതമായ തീരുമാനമായി ഇതിനെ കാണാം. ദ്രൗപതിയുടെ സ്വയംവര മണ്ഡപത്തിൽ കൃഷ്ണൻ വെറും കാഴ്ചക്കാരനായിരുന്നു എന്ന് വ്യാസമുനി അൽപ്പം ഊന്നിപ്പറയുന്നുണ്ട്.
“ഹലായുധൻ സത്യഭാമാ മണാളൻ
വൃഷ്ണ്യന്ധകപ്രവരൻമാരുമേവം
വെറും കാഴ്ചക്കാർ നിലയ്ക്കായിരുന്നു
പരം കൃഷ്ണൻ ചൊല്പടിക്കാ മഹാന്മാർ”
“വെറും കാഴ്ചക്കാർ ” “കൃഷ്ണൻ ചൊല്പടിക്ക് ” എന്നിങ്ങനെയൊക്കെ വ്യാസകവി എന്തൊക്കെയോ പറയാതെ പറയുന്നില്ലേ എന്നു ചിന്തിക്കാതെ തരമില്ല.
കൃഷ്ണൻ മൽസരത്തിൽ പങ്കെടുത്തിരുന്നെങ്കിൽ കൃഷ്ണനായിരിക്കും അതിൽ വിജയിക്കുക. അതറിഞ്ഞു കൊണ്ട്. അദ്ദേഹം സ്വയം ഒരു കാഴ്ചക്കാരനായി. ഭാഗവതം ദശമസ്കന്ധം ഉത്തരാർത്ഥത്തിലെ എൺപത്തിമൂന്നാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ശ്രീകൃഷ്ണൻ്റെ ലക്ഷ്മണാ പരിണയം ദ്രൗപതി സ്വയംവരവുമായി ചേർത്തുവായിച്ചാൽ കാഴ്ചക്കാരനായിരുന്നതിൻ്റെ സത്യാവസ്ഥ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. – മകളുടെ കൃഷ്ണപ്രണയം തിരിച്ചറിഞ്ഞ ബൃഹത്സേനൻ കൃഷ്ണന് മാത്രം എയ്തു വീഴ്ത്താൻ പാകത്തിൽ ഒരു യന്ത്ര മൽസ്യത്തെ സ്ഥാപിക്കുന്നു. ദുര്യോധൻ, ഭീമൻ, ജരാസന്ധൻ, ശിശുപാലൻ തുടങ്ങിയ വീരൻമാർ അവിടെ പരാജയപ്പെട്ടു.ധനുർവിദ്യയിൽ പരാജയം അറിഞ്ഞിട്ടില്ലാത്ത അർജുനനും ആ സ്വയംവര പരീക്ഷയിൽ പരാജിതനായി.എന്നാൽ കൃഷ്ണൻ വളരെ കൃത്യമായി ലക്ഷ്യം ഭേദിക്കുകയും ലക്ഷ്മണയെ പരിണയിക്കുകയും ചെയ്യുന്നു. ധനുർ വിദ്യയിൽ കേമനായ കൃഷ്ണൻ നമുക്കുത്ര പരിചിതനുമല്ല. അങ്ങിനെയെങ്കിൽ ദ്രൗപതിസ്വയംവരത്തിൽ  മൽസരിച്ചിരുന്നെങ്കിൽ വിജയം തനിക്കു തന്നെയാകുമായിരുന്നു എന്നറിഞ്ഞു കൊണ്ടാണ് അദ്ദേഹം കാഴ്ചക്കാരനായിരുന്നത് എന്ന് ഉറപ്പിച്ചു പറയാം..ശ്യാമമാധവത്തിൽ ദ്രൗപതി പറയും പോലെ ഇവിടെ കൃഷ്ണൻ്റെ തീരുമാനത്തിനനുസരിച്ച് അദ്ദേഹം ദ്രൗപതിയെ നടത്തിക്കുകയായിരുന്നു.
കൗരവാർണവമഗ്നാം…..
സ്വയംവരശേഷം ദ്രൗപതിയുടെ ജീവിതം പങ്കുവയ്ക്കപ്പലുകളിലൂടെയാണ് കടന്നു പോയത് അറിയാതെന്ന മട്ടിൽ ഭർതൃമാതാവും പാണ്ഡവരുടെ പരസ്പര ഐക്യം നിലനിർത്താൻ എന്ന ന്യായത്തിൻ്റെ പിൻബലത്തിൽ നാരദമഹർഷിയും പങ്കുവയ്ക്കലി ൻ്റെ യജമാനരായി. . യഥാർത്ഥത്തിൽ  അർജ്ജുനന് മാത്രമായി ദ്രൗപതിയെ നൽകാൻ  യുധിഷ്ഠിരന് പൂർണ്ണ സമ്മതമായിരുന്നു. അർജ്ജുനനാണ് “അമ്മയുടെ വാക്ക് “എന്ന ന്യായത്തിലൂന്നി അതിനെ എതിർത്തത്: ശ്യാമാധവത്തിൽ ദ്രൗപതി ആരോപിക്കുന്ന ആ സ്നേഹ ശുന്യത അർജ്ജുനനിൽ പ്രകടമായ ഒരു രംഗമാണിത്.
 കള്ളചൂതിൽ തോറ്റ ധർമ്മപുത്രർ ധർമ്മപത്നിയെ പണയപ്പെടുത്തുന്നു.താൻ ഉപേക്ഷിക്കപ്പെട്ടു എന്നറിഞ്ഞ ദ്രൗപതി എതൊരു സാധാരണ സ്ത്രീയെയും പോലെയാണ് പ്രതികരിച്ചത്.പുലിയെപ്പോലെ ചീറി പ്രതിരോധം സൃഷ്ടിച്ചു.ചോദ്യങ്ങൾ കൊണ്ട് ആ ദുരന്തത്തെ നേരിടാൻ ശ്രമിച്ചു.അന്തപുര സ്ത്രീകൾക്കിടയിലേക്ക് കരഞ്ഞുകൊണ്ടോടി. യഥാർത്ഥത്തിൽ അവിടെ  ദ്രൗപതി എന്ന ഭാര്യയെ പരാജയപ്പെടുത്തുന്നത് ധർമ്മപുത്രരാണ്.രജസ്വലയായ ഭാര്യയോട് രാജസഭയിൽ വന്ന് “നിൻ്റെ ചോദ്യങ്ങൾക്കുത്തരം തേടു” എന്നു പറഞ്ഞ യുധിഷ്ഠിരൻ എന്തു ധാർമ്മികതയാണ് അവിടെ പിൻതുടർന്നത്.അനുജനായ വി കർണ്ണനും വിദുരരും ഒഴികെ ആരും അവൾക്കു വേണ്ടി സംസാരിച്ചില്ല. ശബ്ദമുയർത്താൻ തുടങ്ങിയ ദീമനെ  “മുഖ്യധർമ്മം ചരിക്ക നീ
ആരുലംഘിച്ചിടുംധർമ്മനിഷ്ഠനാം ജ്യേഷ്ഠനെപ്പുമാൻ – – – – – നമുക്കിതു യശസ്ക്കരം ” തുടങ്ങി സന്ദർഭത്തിനു യോജിക്കാത്ത വിചിത്ര വാക്കുകൾ കൊണ്ട് അർജ്ജുനൻ
തടയുന്നു. ആ സ്നേഹശൂന്യത തെളിയിക്കുന്ന മറ്റൊരു രംഗം.
“സ്ത്രീകൾക്കൊരുത്തൻ ഭർത്താവു ദൈവദത്തൻകുരുവഹ!
പലപേർക്കും വശ്യയിവളെന്നാൽ കുലടയാം ദൃഢം ” എന്നു പറഞ്ഞ് കർണ്ണനും, വസ്ത്രം മാറ്റി ലൈംഗിക ചേഷ്ടകളോടെ തൻ്റെ ഇടതുതുട ദ്രൗപതിക്ക് കാട്ടി കൊടുത്ത് ദുര്യോധനനും അവരെ അപമാനിക്കുന്നു. ഹസ്തിനപുരിയിലെ മഹാസഭയിൽ വച്ച് കുല വധുവിൻ്റെ വസ്ത്രം അഴിക്കാൻ ആജ്ഞവന്നപ്പോൾ ആരും അഭയമില്ലെന്ന് കണ്ട് ദ്രൗപതി കൃഷ്ണനെ വിളിച്ചു കരയുന്നു.
“ഹാ കൃഷ്ണ! ദ്വാരകാവാസിന്‍! ക്വാസി യാദവനന്ദന!
ഇമാമവസ്ഥാം സമ്പ്രാപ്താം അനാഥാം കിമുപേക്ഷസേ
ഗോവിന്ദ! ദ്വാരകാവാസിന്‍ കൃഷ്ണ! ഗോപീജനപ്രിയ!
കൗരവൈഃ പരിഭൂതാം മാം കിം ന ജാനാസി കേശവ!
ഹേ നാഥ! ഹേ രമാനാഥ! വ്രജനാഥാര്‍തിനാശന!
കൗരവാര്‍ണവമഗ്‌നാം മാമുദ്ധരസ്വ ജനാര്‍ദന”
(മ.ഭാ /സ.പ)
കാതങ്ങൾക്കപ്പുറത്ത് ശയ്യാ ഗൃഹത്തിൽ പത്നീ സമേതനായിരുന്ന കൃഷ്ണൻ ആ കരച്ചിൽ കേൾക്കുന്നു. പ്രിയ സഖിയുടെ അരികിലേക്ക് ഓടിയെത്തുന്നു.വെറുതെ വരികയായിരുന്നില്ല”ഗൽഗദ കണ്ഠനായ് ശയ്യാസനം വിട്ടു കനിഞ്ഞെത്തി കാൽനടയായിഹ” (ഭാ ഭാ _സ.പ 68- 45 ) ഗദ്ഗദകണ്ഠനാകുന്ന കൃഷണൻ മഹാരതത്തിൽ മറ്റൊരു സന്ദർഭത്തിലും ഇല്ലെന്നു പറയാം. ഇവിടെ കൃഷ്ണൻ കാൽനടയായി വന്നു എന്നാണ് കവിവാക്യം. നടന്നുചെന്നു എന്നല്ല ഇതർത്ഥമാക്കുന്നത്. മൂവുലകുമളന്ന തൻ്റെ താമര തൃപ്പാദങ്ങളിൽ മെതിയടി ധരിക്കാൻ പോലും ഓർക്കാതെ അത്രയും വേഗത്തിൽ ദ്രൗപതിക്കരികിലെത്തി എന്ന് സാരം. “യാ ത്വരാ ദ്രൗപതി ത്രാണേ” എന്ന പ്രാർത്ഥനയിലെ ‘യാ ത്വരാ’ എന്ന വാക്ക് പ്രകടമാക്കുന്ന ഭാവത്തിലൂടെ ആ വേഗതയെ  നമുക്ക് അളക്കാം.കൃഷ്ണന് ദ്രൗപതിയോടുള്ള സ്നേഹത്തിൻ്റെയും ദ്രൗപതിക്ക് കൃഷ്ണനോടുള്ള വിശ്വാസത്തിൻ്റെയും അഗാധത വ്യക്തമാക്കുന്ന രംഗമാണിത്. ബഹുജനങ്ങൾ തിങ്ങിനിറഞ്ഞ രാജസഭയിൽ ഭർത്താക്കൻമാരാൽ ഉപേക്ഷിക്കപ്പെട്ട്, ആരും അശ്രയമില്ലാതെ ശത്രുവിനാൽ വിവസ്ത്രയാക്കപ്പെടാൻ തുടങ്ങവേ വലിയ അപമാനത്തിൽ നിന്ന് രക്ഷിച്ച പുരുഷനോട് ഒരു സ്ത്രീക്ക് തോന്നുന്ന വികാരത്തിനെ എന്ത് പേരിട്ടു വിളിക്കാം.. പ്രണയമെന്ന കേവലമായ വാക്ക് ആ ബന്ധത്തെ വിശേഷിപ്പിക്കാൻ പ്രാപ്തമാണോ?
അനുദ്യുതത്തിനു ശേഷം പാണ്ഡവരുടെ വനവാസകാലത്താണ് ദ്രൗപതി വീണ്ടും കൃഷ്ണനെ കാണുന്നത്. വളരെ അർദ്രമായ ആ രംഗവും അവരുടെ പരസ്പര ബന്ധത്തിൻ്റെ അഴം വ്യക്തമാക്കുന്നുണ്ട്. ഭർത്താക്കൻമാർ കണ്ടു നിൽക്കേ തനിക്ക് ഏൽക്കേണ്ടി വന്ന ദുരിതങ്ങൾ പറഞ്ഞ് അവർ പൊട്ടിക്കരയുന്നു. ആ സങ്കടത്തിൻ്റെ ആധിക്യത്തെ “തടിച്ചു ലക്ഷണം ചേർന്നു വീഴാത്താക്കുളുർ കൊങ്കകൾ സങ്കടക്കണ്ണുനീർ വീഴ്ത്തി നനച്ചു ” എന്നാണ് കവി വിവരിക്കുന്നത്. എനിക്കാരുമില്ല ഭഗവാനെ നീയെന്നെ കാത്തിടണം എന്നുപറഞ്ഞശേഷം അത് എങ്ങനെയൊക്കെ വേണമെന്നും കൂടി ദ്രൗപതി പറയുന്നു ” സംബന്ധത്താൽ ഗൗരവത്താൽ സഖ്യത്താൽ പ്രഭാവത്തിനാൽ ” ഇതിൻ്റെ മറുപടി “ഉടനായവളോടോതി വീര മദ്ധ്യത്തിൽ മാധവൻ ” ( ദാ. ഭാ വ പ 12 )  എന്നാണ് കവിവാക്യം. ദ്രൗപതിയുടെ കാര്യം വരുന്നിടത്തെല്ലാം കൃഷ്ണൻ മറ്റൊരിടത്തും കാണിക്കാത്ത ഒരു ധൃതിയും വേഗവും പ്രകടിപ്പിച്ചിട്ടുണ്ട്.ഇവിടെ ആ തിടുക്കത്തെയും കരുതലിനെയും ” ഉടൻ ” എന്ന വാക്കു കൊണ്ട് കവി സൂചിപ്പിക്കുന്നു. പാണ്ഡവരുൾപ്പെടെ പല വീരൻമാരും അവിടെയുണ്ടായിട്ടും അവളുടെ ദു:ഖത്തോട് കൃഷണൻ മാത്രമേ പ്രതികരിച്ചുള്ളു എന്നാണ് വീര മദ്ധ്യത്തിൽ ” എന്ന പ്രയോഗം കൊണ്ട് കവി അർത്ഥമാക്കിയത്. “നിന്നെ വേദനിപ്പിച്ചവർ അർജ്ജുനാസ്ത്രമേറ്റ് മരിക്കും. രാജരാജ്ഞിയായി നീ വിളങ്ങുമെന്ന് ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.” ആകാശം താഴേക്കു പതിച്ചാലും സമുദ്രം വറ്റിപ്പോയാലും, എന്റെ വാക്ക് പിഴയ്ക്കില്ല. ഇത്രയ്ക്കും ദൃഢമായ ഒരു പ്രതിജ്ഞ, ഒരു വാക്ക് കൃഷണൻ മറ്റാർക്കും നൽകിയിട്ടില്ല’.കൃഷ്ണൻ പറഞ്ഞതു കേട്ടിട്ട്  അങ്ങിനെയല്ലേ എന്ന മട്ടിൽ ദ്രൗപതി അർജ്ജുനനെ നോക്കിയതിനു ശേഷമേ അർജ്ജുനൻ പ്രതികരിച്ചുള്ളു എന്നതും ശ്രദ്ധേയം തന്നെ.
“യേന കൃഷ്ണേ ഭവേ നിത്യം മമ കൃഷ്ണോ വശാനുഗ “
“യസ്യ സ്മരണ മാത്രേണ ” അത്ര മാത്രമേയുള്ളു കൃഷ്ണനും ദ്രൗപതിയും തമ്മിലുള്ള അകലം. ഒരു ഓർമ്മകൊണ്ട് തൊടാവുന്ന ദൂരത്തിൽ  കൃഷ്ണൻ ദ്രൗപതിയ്ക്കൊപ്പമുണ്ടായിരുന്നു. വർഷങ്ങളോളം നീളുന്ന കഠിന തപസ്സു കൊണ്ടും യാഗങ്ങൾ കൊണ്ടും വഴങ്ങാത്ത ഭഗവാൻ ദ്രൗപതിയ്ക്ക് എപ്പോഴും പ്രാപ്തനായിരുന്നു.ഇവർ തമ്മിലുള്ള ബന്ധത്തെ പരാമർശിക്കുമ്പോൾ മഹാഭാരതം വനപർവ്വത്തിലെ 233 അധ്യായമായ ദ്രൗപതീ സത്യഭാമാ സംവാദം എടുത്തു പറയേണ്ടതുണ്ട്. നാളുകൾക്ക് ശേഷം പാണ്ഡവരെ സന്ദർശിക്കാൻ കൃഷ്ണൻ സത്യഭാമയോടൊപ്പം കാമ്യക വനത്തിലെത്തുന്നു. സ്ത്രീകൾ തനിച്ചായപ്പോൾ സത്യഭാമ ദ്രൗപതിയോട് രഹസ്യമായി ചില കാര്യങ്ങൾ ചോദിക്കുന്നു.
” പാണ്ഡവന്മാരിൽ നീയെന്തു വൃത്തത്താൽ നിൽപുപാർഷതി വീണ്ടും യോജിപ്പിച്ചു ലോക പാലാഭയുവീരരെ — നിൻ വശ്യമിപ്പാണ്ഡവരെപ്പോഴും പ്രിയദർശനേ ” എന്താണിതിൻ്റെ രഹസ്യം വ്രത മോ തപസ്സോ സ്നാന മന്ത്ര നഷധിവിലാസമോ ജപമോ? ഇപ്രകാരമൊക്കെ പറഞ്ഞിട്ട് സത്യഭാമ ചോദ്യം അവസാനിപ്പിക്കുന്നതിങ്ങനെയാണ്. ” എന്നോടുരയ്ക്കു പാഞ്ചാലിയ ശസ്യം സൗഭഗായനം എന്നാലെനിക്കു മീ കൃഷ്ണൻ പാട്ടിലായിട്ടു നില്ക്കുമേ”
നീയാരഹസ്യങ്ങളൊക്കെ പറഞ്ഞു തന്നാൽ കൃഷ്ണനെ എനിക്കു വശത്താക്കാമായിരുന്നു. ശരിക്കും ഈ ചോദ്യം ഒരു അന്തരാർത്ഥം ഒളിപ്പിച്ചിട്ടുണ്ട്. ദ്രൗപതിയോട് ഭർത്താക്കൻമാരെക്കുറിച്ചു ചോദിച്ചു തുടങ്ങിയ സത്യഭാമ എത്തി നിൽക്കുന്നത് കൃഷണ വശ്യം എന്ന ആവശ്യത്തിലാണ്.  കൃഷ്ണൻ എങ്ങനെ ദ്രൗപതിക്ക് അധീനനായി എന്നായിരുന്നു സത്യഭാമയ്ക്കറിയേണ്ടിയിരുന്നത് ഈ ചിന്തയെ സാധൂകരിക്കാൻ നമുക്ക് ഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ 69 മത് അധ്യായത്തിലേക്ക് ചെല്ലേണ്ടതുണ്ട്. ഭഗവാൻ്റെ ഗാർഹസ്ത്ഥ്യവർണ്ണനയും നാരദൻ്റെ പരീക്ഷയും. നരകാസുരൻ്റെ കൊട്ടാരത്തിൽ നിന്നു മോചിപ്പിച്ച പതിനാറായിരം കന്യകമാരെ കൃഷ്ണൻ പരിണയിച്ചു എന്നറിഞ്ഞ നാരദന് സംശയമായി ഒരാൾക്കെങ്ങനെ പതിനാറായിരത്തെട്ട് സ്ത്രീകളെ തൃപ്തിപ്പെടുത്താനാവും? സ്വർഗ്ഗതുല്യമായ ദ്വാരകയിലെത്തിയ നാരദൻ വളരെ വിചിത്രമായ കാഴ്ചയാണ് കണ്ടത്.പതിനാറായിരത്തെട്ട് ഗൃഹങ്ങളിലും കൃ ഷണൻ ഭാര്യമാരോടൊപ്പം സന്തോഷമായി കഴിയുന്നു.സത്യഭാമയോടൊപ്പം ചൂതുകളിക്കുമ്പോൾ തന്നെ രുഗ്മിണിയുടെ ഗൃഹത്തിൽ മക്കളെ ലാളിക്കുന്നു.
“ഇത്യാചരന്തം സദ്ധർമ്മാൻ: പാവനാൽ ഗൃഹമേ ധി നാം “
( പരിശുദ്ധമായ ഗൃഹസ്ഥാശ്രമത്തെ അനുഷ്ഠിക്കുന്നത് )
“ഇതാർത്ഥ കാമ ധർമ്മേ ഷുകൃഷ്ണേന ശ്രദ്ധി താത്മന ” (ധർമ്മാർത്ഥ കാമങ്ങളിൽ നല്ലതുപോലെ ശ്രദ്ധിക്കുന്ന കൃ ഷണൻ ) ഇങ്ങിനെയൊക്കെയാണ് വ്യാസകവി ആ ഗാർഹസ്ഥ്യത്തെ പുകഴ്ത്തുന്നത്.അപ്രകാരമുള്ള കൃഷ്ണപത്നി ദ്രൗപതിയോട് അത്തരമൊരു ചോദ്യം ചോദിക്കേണ്ടതായ ആവശ്യമേ വരുന്നില്ല. ആ ചോദ്യത്തിൻ്റെ മുന തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് ദ്രൗപതി സത്യഭാമയോട് നീരസം ഭാവിക്കുന്നത്. സത്യഭാമയുടെ സംശയത്തിന് ദ്രൗപതി നൽകുന്ന മറുപടി ഏതൊരു കൃഷ്ണഭക്തനേയും കോരിത്തരിപ്പിക്കുന്ന ഒന്നാണ്.
“കൃഷ്ണം ആരാധയ സൗഹൃദേന പ്രേമ്നാ നിത്യം പരികർമ്മണാ” കൃഷ്ണനോട് താനെങ്ങനെയാണോ  അതാണ് ദ്രൗപതി പറഞ്ഞത്. ആരാധനയോടെ, സൗഹൃദത്തോടെ പ്രേമത്തോടെ കൃഷ്ണനെ പരിചരിക്കുക. മാപ്പു പറഞ്ഞ സത്യഭാമയോടൊപ്പം തിരിച്ചു പോകും മുൻപ് കൃഷ്ണൻ ദ്രൗപതിയെ മൗനമായി നോക്കിയിട്ട് മനോഹരമായി ചിരിക്കുന്നുണ്ട്. എല്ലാം ശരി തന്നെ എന്ന മട്ടിലുള്ള ചിരി. ദ്രൗപതിയും കൃഷ്ണനും തമ്മിലുള്ള ബന്ധുരബന്ധം കൃഷ്ണ പത്നിയിൽ പോലും അസൂയ ജനിപ്പിച്ചു എന്നതിനു  തെളിവാണ് ഈ സംവാദം.ആ ബന്ധത്തിൻ്റെ തീവ്രത അളക്കാൻ, അതിന് ഒരു നിർവ്വചനം നൽകാൻ  ഏത് പണ്ഠിതന് കഴിയും. പണ്ഠിതൻമാർ പരാജയപ്പെട്ടിടത്ത്  നിക്ഷിപ്ത താല്പര്യക്കാരായ വെറും മനുഷ്യർക്ക് എന്തു ചെയ്യാനാകും.
“നിഖിലാണ്ഡ കോടി നിഗമാദികളെക്കൊണ്ടും നിറയാത്ത കൃഷ്ണ കുക്ഷി …”
അക്ഷയപാത്രം എന്നു കേൾക്കുമ്പോഴേ ഏവരുടെയും മനസ്സിലേക്ക് വരുന്നത് കൃഷ്ണന്റെയും ദ്രൗപതിയുടെയും രൂപമാണ് .ഈ രണ്ടു പേരുടെയും സ്നേഹവിശ്വാസങ്ങളുടെ പര്യായമാണ് അക്ഷയപാത്രം. ദിവസവും പതിനായിരക്കണക്കിനു പേരെ ഊട്ടുന്ന അക്ഷയ പാത്രം.,ദ്രൗപതിയുടെ ഊഴം കഴിഞ്ഞാൽ ഒഴിയുന്ന അക്ഷയപാത്രം.അസൂയാലുക്കളായ കൗരവർ ദ്രൗപതി ഭക്ഷണം കഴിച്ചു കഴിയുന്ന സമയം നോക്കി കോപികളിൽ മുമ്പനായ ദുർവ്വാസാവിനെ പാണ്ഡവരുടെ ആശ്രമത്തിലേക്ക് പറഞ്ഞു വിടുന്നു. ദുർവ്വാസാവിനെയും പതിനായിരം ശിഷ്യൻമാരെയും കണ്ട് ദ്രൗപതി ഭയപ്പെട്ടു. ഏറ്റവും പ്രിയപ്പെട്ടവനേ മനസ്സിലോർത്തു “കൃഷ്ണ കൃഷ്ണ മഹാബാഹോ വാസുദേവ ജഗന്നാഥാ ” എന്നു വിളിച്ചതേയുള്ളു. എന്താ കഥ! ദ്രൗപതി വിളിച്ച ആൾ ആ സമയത്ത് അന്തപ്പുരത്തിൽ രുഗ്മിണീദേവിയോടൊപ്പം  മെത്തയിൽ ശയിക്കുകയായിരുന്നു. കൃഷ്ണ ഒന്നു സങ്കടപ്പെട്ടു വിളിച്ചാൽ കൃഷ്ണനു പിന്നെ സമാധാനമുണ്ടോ? ഓടിച്ചെന്നു ..ഇത്തവണ കൂട്ടുകാരിയുടെ പായാരം പറച്ചിലുകൾക്ക് ചെവികൊടുക്കാതെ വിശക്കുന്നേ എന്ന് ചിണുങ്ങി; ദ്രൗപതി നാണിച്ചു പോയി. ഒന്നുന്നില്ലെന്നു പറഞ്ഞിട്ടും അളത് സമ്മതിച്ചില്ല. പോയി അക്ഷയപാത്രം കൊണ്ടുവരു എന്നായി. അക്ഷയപാത്രത്തിൻ്റെ വക്കിൽ പറ്റിപ്പിടിച്ചിരുന്ന ഒരു ചീരത്തുണ്ട് അദ്ദേഹത്തിൻ്റെ കണ്ണിൽപ്പെട്ടു അമൃതം പോലെ അതെടുത്തു ഭക്ഷിച്ചു കവി പാടിയതുപോലെ “നിഖിലാണ്ഡ കോടി നിഗമാദികളെക്കൊണ്ടും നിറയാത്ത കൃഷ്ണ കുക്ഷി ഭുക്തി പൂരിതമായി ” നന്ദ നന്ദനാ ഇതിത്തിരി കടുപ്പം തന്നെ. കോടാനുകോടി പേർ ആ ദർശനത്തിനായി സ്മരണം പുജനം ജപം ഹോമം തപസ്സ് ഇവയൊക്കെയായി കൃഷ്ണാ കൃഷ്ണാ എന്നു കേഴുമ്പോഴും വഴങ്ങാത്ത നീ ഇവിടൊരാൾക്ക് കരതലാമലകം പോലെയാണ്. അല്ല ഈ കേമൻ ആരുടെയെങ്കിലും ഉച്ഛിഷ്ടം ഭക്ഷിച്ചതായി വ്യാസനോ ജയദേവനോ ശങ്കരനോ ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ശ്യാമകൃഷ്ണാ   നീ പറഞ്ഞ ആ ബന്ധുരസ്നേഹബന്ധത്തിന് ഇതിൽപ്പരം എന്ത് തെളിവ് വേണം?
പ്രാണനെക്കാൾ മികച്ചവൾ ..,
 “ദൂതിനു പോകുമ്പോഴേ വിജയിക്കരു –
താ ദൗത്യമെന്നു മനസ്സിൻ്റെ നേർത്തുള്ള
നീലത്തിരശ്ശീല നീക്കിയേകാന്തത്തി
ലാരോ പറഞ്ഞു അതേ പിൻതുടർന്നു ഞാൻ
നീറും പക തന്നുമിത്തീയെരിഞ്ഞുയർ
ന്നീടും മനസ്സുമായ് നിൽക്കുന്ന കൃഷ്ണ തൻ
കോപാന്ധമാം വാക്കിനായ്പ്പോയ് വിവേകമുൾ –
ച്ചേരുന്ന ബോധത്തെളിച്ചത്തിലും വില “
ശ്യാമ മാധവം ആറാം അധ്യായമായ മാതൃവാക്യത്തിലെ ഏതാനും വരികളാണിത്.ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദ ഭാഗം.വി വാദങ്ങളാണ് കൂടുതൽ സൂക്ഷമായ വായനയിലേക്ക് നയിച്ചത്.ഒരു കൃതിയുടെ പേരിൽ കവിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരുടെ വില കുറഞ്ഞ വാദങ്ങളോട് , അജ്ഞതയോട് സഹതപിക്കാനാണ് ആ വായന എന്നെ പ്രേരിപ്പിച്ചത്. മലയാളത്തിലെ ഏറ്റവും മനോഹരമായ കൃതികളിലൊന്നായ ശ്യാമ മാധവം രചിച്ച ആ തൂലികയെ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് ഭഗവദ്ദൂതിലേക്ക് പോകാം.
ദൂതുമായി പോകുമ്പോൾ അത് വിജയിക്കരുതെന്ന് കൃഷ്ണൻ ചിന്തിച്ചിരുന്നോ?
” പുരൈവ പുംസാവധ്യതോ
ധരാജ്വരോ
ദവദ്ഭിരംശൈർയദുഷുപജ്ന്യതാം
സ യാവദുർവ്യാ ഭരമീശ്വരേശ്വര
സ: കാല ശക്ത്യാക്ഷപയംശ്ച രേദ് ഭുവി
വസുദേവ ഗൃഹേ സാക്ഷാദ് ഭഗവാൻ പുരുഷ : പര:
ജനിഷ്യതേ….”
(ഭാഗവതം ദശമസ്കന്ധം 1/22)
ഭൂമിയുടെ ഭാരം തീർക്കാനായി ഭഗവാൻ മുൻപേ തീരുമാനിച്ചിരിക്കുന്നു അതിനാൽ അദ്ദേഹം ഭഗവദ്ദാസനായ വസുദേവരുടെ ഗൃഹത്തിൽ ദേവ കീ തനയനായി അവതരിക്കും. അങ്ങിനെയുള്ള ഭഗവാൻ്റെ അവതാരലക്ഷ്യം സാധ്യമാകണമെങ്കിൽ കുരുക്ഷേത്രയുദ്ധം നടന്നേ മതിയാകൂ. യുദ്ധം നടക്കണമെന്നു തന്നെയായിരുന്നു ഭഗവാൻ്റെ ആഗ്രഹം. മഹാഭാരതം ഉദ്യോഗപർവ്വം ഭഗവദ്ദൂതിനു മുൻപുള്ള ഭാഗങ്ങൾ ഒന്നു നോക്കാം.
യുധിഷ്ഠിരൻ വളരെ ദു:ഖിതനാണ്. ” പുത്രേഷണാവശത്തായ” ധൃതരാഷ്ട്രർ കരാർ തെറ്റിച്ചിരിക്കുന്നു. പാണ്ഡവർ സമ്പത്തൊന്നുമില്ലാതെ അധമൻമാരായി എന്ന് ധർമ്മപുത്രർ പരിതപിച്ചു. പൂവും കായുമറ്റ മരത്തെ  പക്ഷികൾ എന്ന പോലെ മിത്രങ്ങളും ജ്ഞാനികളും തങ്ങളെ ഉപേക്ഷിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു ഭഗവാൻ്റെ വാക്കുകൾ ദുര്യോധനൻ കേൾക്കില്ലെന്നു റപ്പുണ്ടെങ്കിലും
തങ്ങൾക്കു വേണ്ടി ദൂതു പോകണമെന്നും, ദുര്യോധനനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നും അദ്ദേഹം കൃഷ്ണനോടപേക്ഷിക്കുന്നു. പോകാമെന്നു സമ്മതിച്ചതിനു ശേഷം കൃഷ്ണൻ പറയുന്നത്
” നമ്മെക്കുറ്റം ചൊല്ലിടാ പോൽ മന്നവരേ വരും ” എന്നാണ്. മഹായുദ്ധത്തിൻ്റെ കാരണക്കാർ എന്ന് ലോകം പാണ്ഡവരെ പഴിക്കരുത്. അതുകൊണ്ട് ഞാൻ പോകാം.
സർവ്വാശ്രമികളും ചൊൽവൂ ക്ഷത്രിയൻ ഭിക്ഷ തെണ്ടൊലാ
……
വിക്രമിക്കു വൈരികളെ കൊല്ലു വീരപരന്തപ”
(ഭാ.ഭാ./ഉ.പ 73)
കൃപകൊണ്ടോ ദൈന്യമോർത്തോ ധർമ്മാർത്ഥങ്ങൾ നിമിത്തമോ ദുര്യോധനൻ നിൻ്റെ  അപേക്ഷ നടത്തി തരില്ല. ആ ദുര്യോധന നോട് നീ സ്നേഹം കാട്ടേണ്ട കാര്യമില്ല എന്നൊക്കെ ശക്തമായി പറയുകയും
“വധ്യൻമാര വരേവർക്കും
പണ്ടേ നിങ്ങൾക്കു ഭാരത “എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
ദൂതിന് പോകാം എന്ന് പറയുമ്പോഴും ദുര്യോധനൻ വധിക്കപ്പെടേണ്ടവനാണെന്ന് വീണ്ടും വീണ്ടും കൃഷ്ണൻ ആവർത്തിക്കുന്നു. യുദ്ധം ഒഴിവാക്കാനല്ല താനവിടെ പോകുന്നതെന്നും കൃഷ്ണൻ വ്യക്തമാക്കുന്നു.
“ഞാനങ്ങു ചെന്നിട്ടെല്ലാർക്കും സംശയം തീർത്തു പോന്നിടാം
ദുര്യോധനൻ്റെ മേൽ രണ്ടു പക്ഷമുള്ളവർക്കു മന്നവ! “
എന്നു തുടങ്ങി
” ശമത്തിനായ് പ്രയത്നിക്കാം
കുരുക്കൾക്കുള്ള തൊഴിലും യുദ്ധ സംബന്ധമായിഹ
കേട്ടറിഞ്ഞു
തിരിച്ചെത്താം നിൻ ജയത്തിനു ഭാരത “
തൻ്റെ കരുതൽ യുദ്ധത്തിനു വേണ്ടിത്തന്നെയാണെന്ന് അദ്ദേഹം ഈ വാക്കുകളിലൂടെ വളരെ വ്യക്തമായി പറയുന്നുണ്ട്.
” എല്ലാം കൊണ്ടും പരരൊടു പോരിനായ് കരുതുന്നു ഞാൻ
അവ്വണ്ണമേ നിമിത്തങ്ങളൊക്കെ കാണുന്നു കേവലം “
ശേഷം, യുദ്ധ സന്നാഹങ്ങളെല്ലാം ഒരുക്കി വയ്ക്കാനാണ് അദ്ദേഹം യുധിഷ്ഠിരനോടാവശ്യ പ്പെടുന്നത്.
ഭീമൻ യുധിഷ്ഠിരൻ്റെ അഭിപ്രായത്തെ അനുകൂലിക്കുന്നു. മഹായുദ്ധം ചെയ്ത് കുരുവംശം നശിക്കരുത് സൗഹൃദം തുടരാൻ എല്ലാവരോടും പറയുക അർജ്ജുനനും യുദ്ധത്തോടു താത്പര്യമില്ല. എന്നിങ്ങനെ ഭീമൻ പറയുമ്പോൾ കാട്ടിൽ ജീവിച്ച് ഇപ്പോൾ രാജ്യത്തോട് ഇഷ്ടം തോന്നുന്നില്ലെന്ന് നകുലനും വ്യക്തമാക്കി. ആരെന്തു പറഞ്ഞാലും തങ്ങൾക്ക് യുദ്ധം വേണമെന്ന് സാത്യകിയും സഹദേവനും.കൃഷ്ണയെ സദസ്സിൽ അപമാനിച്ച ദുര്യോധനനെ കൊല്ലാതെ തന്റെ കോപം ശമിക്കില്ലെന്ന് സഹദേവൻ ആവർത്തിച്ചു.(ഉ.പ 81)
ഈ വാക്കുകൾക്ക് കൃഷ്ണൻ നൽകുന്ന മറുപടി ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. “വെറുതെ ദാനം കിട്ടുന്ന ഭൂമി ക്ഷത്രിയന് ഭൂഷണമല്ല. ഞാൻ പോകാം പക്ഷേ അവർ എൻ്റെ വാക്ക് കേൾക്കുന്നില്ലെങ്കിൽ ഇവിടെ ഭയങ്കരമായ യുദ്ധം നടക്കും. ഞാൻ അർജ്ജുനൻ്റെ തേരാളിയാകും.(ഉ.പ 74- 78)
നോക്കു യുദ്ധത്തെക്കുറിച്ച് എത്ര കൃത്യമായ കണക്കുകൂട്ടലുകൾ ആയിരുന്നു കൃഷ്ണൻ്റെ മനസ്സിൽ.തേരാളിയാകും എന്ന് എടുത്ത് പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹം യുദ്ധം വഴിയുള്ള കൗരവ നാശമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
ഈ വർത്തമാനങ്ങളെല്ലാം കേട്ടിരിക്കെ ദ്രൗപതിക്ക് വലിയ സന്ദേഹമായി. ഇനിയെങ്ങാൻ ദൂത് വിജയിച്ചാലോ?. എറെ ദു:ഖിതയായി ദ്രൗപതി തനിക്കു സംഭവിച്ച ദുരിതങ്ങൾ വീണ്ടും കൃഷ്ണനെ ഓർമ്മിപ്പിക്കുന്നു. ബലവാനായ ഭീമനും വില്ലാളിവീരനായ അർജ്ജുനനുമിരിക്കെ ദുര്യോധനൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന സത്യം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും അവർ ക്ഷമിച്ചാലും തൻ്റെ മക്കളും പിതാവും അഭിമന്യുവും തനിക്കു വേണ്ടി അവരോട് പൊരുതുമെന്നും ദ്രൗപതി പറയുന്നു. ഭീമൻ്റെ വാക്കുകൾ എൻ്റെ ഹൃദയം തകർക്കുന്നു  .എന്നെ അനുഗ്രഹിക്കുമെങ്കിൽ കൗരവരെ നീ വെറുതെ വിടരുത് കൃഷ്ണാ എന്നു പറഞ്ഞ് പൊട്ടിക്കരയുന്ന ദ്രൗപതിയോടുള്ള കൃഷ്ണൻ്റെ മറുപടി ആ സ്ത്രീ രത്‌നത്തോട്  അദ്ദേഹത്തിനുള്ള  അതിരില്ലാത്ത സ്നേഹത്തിൻ്റെ ശക്തമായ അയാളമായി നിലകൊള്ളുന്നു..
” കാണാം കൃഷ്ണേ കരഞ്ഞീടും ഭാരതസ്ത്രീകളെ ക്ഷണാൽ
ജ്ഞാനി ബാന്ധവർ ചത്തിട്ടായവരേവം കരഞ്ഞീടും
മിത്ര സൈന്യങ്ങളും ചത്തു നീ ,ഭാമിനി ചൊടിക്കയാൽ
ഞാനുമങ്ങനെ ചെയ്തിടും ഭീമാർജ്ജുനയമാന്യിതം “
(ഭാ.ഭാ. /ഉ.പ  82)യമാന്വിതം എന്ന പ്രയോഗം കൊണ്ട് തന്റെ തീരുമാനത്തിന്റെ ദൃഢതയും ലക്ഷ്യവുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ശേഷം കൃഷ്ണൻ ദ്രൗപതിക്ക് സത്യം ചെയ്തു കൊടുക്കുന്നു.
” ഹിമാചലം ചലിച്ചേക്കാം നൂറായ് ഭൂമി പിളർക്കയാം
വീഴാം മീനൊക്കു മാകാശ മെൻ വാക്കുപിഴയായ് വരാ
നിന്നോടു സത്യം ചെയ്യാൻ ഞാൻ കൃഷ്ണേ കണ്ണീരടക്കെടോ “
(ഭാ.ഭാ / ഉ.പ 82/44-49)
ഈ വാക്കുകളൊക്കെ വെളിപ്പെടുത്തുന്നതെന്താണ്. യുദ്ധം ഒഴിവാക്കണമെന്ന് ഭഗവാൻ ചിന്തിച്ചിരുന്നില്ല എന്നല്ലേ. ബന്ധുക്കളും സൈന്യങ്ങളുമൊക്കെ മരിക്കും എന്ന് ഉറപ്പിച്ചു പറയുന്നത് മഹാഭാരത യുദ്ധം നടക്കുമെന്നുറപ്പുള്ളതുകൊണ്ടല്ലേ.മഹാഭാരതം ഉദ്യോഗപർവ്വത്തിലെ 72 മുതൽ 82 വരെയുള്ള അധ്യായങ്ങൾ വളരെ വ്യക്തമായി പറയുന്നത്, അർത്ഥലാഭത്തെക്കാൾ അപവാദമില്ലായ്മ എന്നതു മാത്രമായിരുന്നു ഭഗവദ്ദൂതിൻ്റെ ലക്ഷ്യമെന്ന് .
കൗരവ സഭയിൽ പാണ്ഡവപക്ഷം സംസാരിക്കുമ്പോൾ കൃഷ്ണൻ ദ്രൗപതിയെ പരാമർശിക്കുന്നത് ഇപ്രകാരമാണ്
” കുലീന ശീലമുടയോൾ പ്രാണനേക്കാൾ മികച്ചവൾ
പാണ്ഡവർക്കിഷ്ടമഹിഷിയാളെ നിന്ദിച്ചു നീ” ( ഉപ/128-9)
കുലീനശീലങ്ങളുടെ ഉടമയായ പാണ്ഡവപത്നി തനിക്ക് പ്രാണനെക്കാൾ പ്രിയപ്പെട്ടവളെന്നാണ് കൃഷ്ണൻ ഇവിടെ പറഞ്ഞിരിക്കുന്നത്. ബന്ധുരബന്ധമെന്ന കവിവാക്യത്തിൻ്റെ ഊടും പാവും തിരഞ്ഞവർക്കുള്ള മറുപടിയാണ് കൃഷ്ണൻ്റെ ഈ വാക്കുകൾ.
സർവ്വം കൃഷ്ണാർപ്പണം എന്നതായിരുന്നു ദ്രാപതിയുടെ രീതി. എന്തിനും ഏതിനും കൃഷ്ണനെ ആശ്രയിക്കുക: ബലവാന്മാരും വില്ലാളി വീരൻമാരുമായ ഭർത്താക്കൻമാരുടെ സാന്നിദ്ധ്യത്തിൽ എത്രയോ പ്രാവശ്യം അവർ കൃഷ്ണനു മുൻപിൽ പൊട്ടി ക്കരഞ്ഞിരിക്കുന്നു.ദ്രൗപതിയെക്കാൾ മുൻപേ ഇഹലോകം വെടിഞ്ഞത് കൃഷ്ണനാണെങ്കിലും ആ മരണത്തെക്കുറിച്ച് ദ്രൗപതിയുടേതായ ഒരു പ്രതികരണം മഹാഭാരതത്തില്ല. അല്ലെങ്കിൽത്തന്നെ. ആത്മാവു കൊണ്ട് എന്നേ ഒന്നായവർക്കിടയിൽ ശരീരനഷ്‌ടത്തിന് എന്ത് പ്രസക്തി? സ്വർഗ്ഗത്തിൽ താമരപ്പൂമാലയണിഞ്ഞ് സൂര്യനെപ്പോലെ ശോഭിക്കുന്ന ദ്രൗപതിയെ യുധിഷ്ഠിരൻ കാണുന്നു. ആലിംഗനം ചെയ്യാനടുത്തപ്പോൾ ദ്രൗപതി ഒഴിന്നു മാറി എന്നൊരു ഭേദം എവിടെയോ വായിച്ചതോർക്കുന്നു.വ്യാസ ഭാരതം പക്ഷെ അങ്ങിനെ പറയുന്നില്ല. അവിടെ ധർമ്മപുത്രരോടുള്ള. ഇന്ദ്രൻ്റെ വാക്കുകൾ
 ” ഇവൾ ദ്രൗപതിയായി മനുഷ്യ ജർമമെടുത്ത ശ്രീദേവി. നിങ്ങൾക്ക് “രത്യർത്ഥം ” ഇവളെ നൽകിയതാണ്.”പത്നി എന്ന നിലയിൽ ശരീരം കൊണ്ട് മാത്രമാണ് ഇവൾ നിങ്ങൾക്ക് സ്വന്തമെന്ന്  വ്യക്തമായി ഇന്ദ്രൻ പറഞ്ഞിരിക്കുന്നു.അവളുടെ ആത്മാവിൻ്റെ ഉടമ  നിങ്ങളല്ല എന്നുകൂടിയാണ് ദേവരാജൻ വ്യക്തമാക്കിയത്. കൃഷ്ണാ …. കൃഷ്ണാ എന്ന വൈഖരിയിൽ ഹൃദയം മിടിച്ചിരുന്ന യാജ്ഞസേനി ആത്മാവു കൊണ്ട് എന്നേ  കൃഷ്ണൻ്റെ സ്വന്തമായിരുന്നു. ഋഭുക്ഷാവിൻ്റെ വാക്കുകളുടെ അർത്ഥം അതല്ലേ?

Comments are closed.