ഇത് കുട്ടികള്‍ തീര്‍ത്ത സ്‌നേഹത്തിന്റെ മതില്‍
ചെന്നൈ: തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിര്‍ത്തിയിലെ ഒരു സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച അധ്യാപകനെ പോകാന്‍ അനുവദിക്കാതെ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ സ്‌നേഹം കൊണ്ട് പൊതിഞ്ഞാണ് സ്ഥലംമാറ്റത്തോടുള്ള എതിര്‍പ്പ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്.
അത്രയ്ക്ക് പ്രിയമായിരുന്നു കുട്ടികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപകനെ. കഥയും കവിതയും പഠനവുമൊക്കെയായി അവരുടെ മനസില്‍ ഇംഗ്ലീഷ് ഭാഷ തീര്‍ത്ത വേലിക്കെട്ടുകളെ മറികടക്കാന്‍ അവരുടെ പ്രിയപ്പെട്ട അധ്യാപകന്‍ കാരണമായി. നാലു വര്‍ഷം മുമ്പാണ് ജി.ഭഗവാന്‍ എന്ന ബിരുദധാരി തിരുവള്ളൂരിലെ വെളിയാഗരം ഹൈസ്‌ക്കൂളില്‍ അധ്യാപകനായി ജോലിക്കെത്തിയത്. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു അദ്ദേഹം. അധ്യാപകന്‍ മാത്രമായല്ല, ഒരു കൂട്ടുകാരനും വഴികാട്ടിയും സഹോദരനുമായി തീര്‍ന്നു കുട്ടികളുടെ ഭഗവാന്‍ സാര്‍. പരീക്ഷാക്കാലങ്ങളില്‍ ഏവരുടേയും പേടിസ്വപ്നമായ ഇംഗ്ലീഷിനെ പതിയെ കുട്ടികള്‍ സ്‌നേഹിച്ചു തുടങ്ങി, നാലു വര്‍ഷവും എസ്.എസ്.എല്‍.സിക്ക് സ്‌കൂളിലെ എല്ലാ കുട്ടികളും ഇംഗ്ലീഷ് പരീക്ഷയില്‍ പാസായി.
ഇതിനിടയിലാണ് തമിഴ്‌നാട് -ആന്ധ്രാപ്രദേശ് അതിര്‍ത്തിയിലെ തിരുത്തണി അറുംകുളം ഹൈസ്‌ക്കൂളിലേക്ക് ജി. ഭഗവാന് സ്ഥലംമാറ്റ ഉത്തരവ് എത്തിയത്. സാറിനെ വിട്ടു കൊടുക്കില്ലെന്ന് പറഞ്ഞ് സ്‌കൂളിലെ 280 കുട്ടികളും ക്ലാസ് ബഹിഷ്‌കരിച്ചു. ഭഗവാനെ മാറ്റിയാല്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ സ്ഥലം എം.എല്‍.എയെ കണ്ടു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ അധ്യാപകനോട് പോകരുതെന്ന് അപേക്ഷിച്ച് സ്‌കൂളിലെ നൂറോളം കുട്ടികളാണ് ചുറ്റും കൂടിയത്. തന്നെ ഇത്രയധികം സ്‌നേഹിച്ച കുട്ടികള്‍ക്കൊപ്പം അദ്ദേഹവും കരയുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അവസ്ഥയില്‍ മനംഅലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റ ഉത്തരവ് പത്തു ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. ഉത്തരവ് റദ്ദുചെയ്യുമെന്നാണ് കുട്ടികള്‍ക്ക് ലഭിച്ച ഉറപ്പ്.
Comments are closed.