DCBOOKS
Malayalam News Literature Website

ഹിന്ദുത്വ ചങ്ങാത്ത മുതലാളിത്ത ഭീകരതയെ പ്രതിരോധിക്കുന്ന കര്‍ഷക സമരം

സി. എസ്‌. ചന്ദ്രിക

കര്‍ഷകരാണ് എന്നും എന്റെ കണ്‍കണ്ട ദൈവങ്ങള്‍. എന്റെ അമ്മ സ്വന്തമായുള്ള ഭൂമിയില്‍ കൃഷി ചെയ്യുന്നത്‌ കണ്ടിട്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. അമ്മയോടൊപ്പം കൃഷി ചെയ്‌തു പഠിച്ചു വളര്‍ന്നു വന്ന കുട്ടിക്കാലം എനിക്ക്‌ മറ്റേതു കാലത്തേക്കാളും വിലപ്പെട്ടതാണ്‌. സ്വന്തം കുടുംബത്തിന്റെ ഉപജീവനത്തിനായി കൃഷിയെ മാത്രം വിശ്വസിച്ച്‌ ആശ്രയിച്ചിരുന്ന അമ്മയുടെ ആത്മബലത്തിനോടുള്ള വലിയ ആദരവാണത്‌. കൃഷിയോടും കൃഷിക്കാരോടും എനിക്കുള്ള ആത്മീയബന്ധവും ആദരവും അങ്ങനെയുണ്ടായതാണ്‌. അതുകൊണ്ടു കൂടിയാവണം കോവിഡിന്റെ മാരക പകര്‍ച്ചാ ഭീഷണിക്കുള്ളിലും അതിശൈത്യത്തിലും സ്വന്തം വീടുകളും കൃഷിയിടങ്ങളും വിട്ട്‌ ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ടു വന്നിരിക്കുന്ന കര്‍ഷകരുടെ സഹനത്തിന്റെ കാഴ്‌ചകള്‍ ചുറ്റുമുള്ള കോവിഡിനേക്കാളും ഗുരുതരമായി എന്നെ തീര്‍ത്തും അസ്വസ്ഥമാക്കിയിട്ടുള്ളത്‌. ഈ സഹനം അവര്‍ അര്‍ഹിക്കുന്നതല്ല. കര്‍ഷകരുടെ ആവശ്യങ്ങളും അവകാശങ്ങളും മനസ്സിലാക്കി അവരെ ബഹുമാനിക്കാനും പിന്തുണയ്‌ക്കാനും അറിയാത്ത ഭരണാധികാരികളുള്ള നാട്‌ മുടിഞ്ഞു പോകും. തങ്ങള്‍ക്ക്‌ വേണ്ട എന്നു കര്‍ഷകര്‍ പറയുന്ന ഒരു നിയമത്തെ അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ രാജ്യത്തെ സമ്പൂര്‍ണ്ണമായും നശിപ്പിക്കുകയാണ്‌.

പഞ്ചാബില്‍ നിന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇനിയും കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക്‌ പുറപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. ആറു മാസത്തേക്കെങ്കിലും റോഡരികുകളിലും മറ്റും താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കര്‍ഷകര്‍ വന്നിരിക്കുന്നത്‌. കര്‍ഷകരെ തുറന്ന ജയിലിലടക്കാന്‍ തയ്യാറെടുത്ത കേന്ദ്ര സര്‍ക്കാരിന്റെ ഹിംസാധികാരത്തിനു മുന്നില്‍ ഇന്ത്യയിലെ കര്‍ഷകര്‍ തെല്ലും ഭയക്കുകയില്ല എന്ന കാഴ്‌ച ഈ ഭരണകൂട ദുഷ്‌ടതയുടെ കാലത്ത്‌ വലിയ ആശ്വാസവുമാണ്‌. കര്‍ഷകവിരുദ്ധമായ പുതിയ കാര്‍ഷികനിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന്‌ പിന്‍മാറുകയില്ലെന്നുള്ള കര്‍ഷക സംഘടനകളുടെ താക്കീത്‌ കേന്ദ്ര സര്‍ക്കാരിനു മുന്നിലുള്ള വലിയ വെല്ലുവിളിയാണ്‌. സര്‍ക്കാര്‍ കക്തഷക സംഘടനകളുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ ഗത്യന്തരമില്ലാതെ പറയുമ്പോഴും കാര്‍ഷിക നിയമത്തെ പിന്തുണച്ചു കൊണ്ടു പ്രധാനമന്ത്രി പലയിടങ്ങളിലും ഇപ്പോഴും പ്രസ്‌താവന നടത്തിക്കൊണ്ടിരിക്കുകയാണ്‌. അതിനാല്‍ മോദി സര്‍ക്കാരിനു നേരെ ഇന്ത്യയിലെ കര്‍ഷകര്‍ തീര്‍ത്തും അസംതൃപ്‌തരും ക്ഷുഭിതരും ആദ്യവട്ടത്തെ ചര്‍ച്ചയ്‌ക്കു പോകുമ്പോഴും വലിയ പ്രതീക്ഷയില്ലാത്തവരുമാണ്‌.

കൃഷിഭൂമിയിലുള്ള അവകാശത്തിന്റേയും വിളവുല്‍പ്പാദന കൃഷി രീതികളുടെ തെരഞ്ഞെടുപ്പിന്റേയും മേലുള്ള നിയന്ത്രണം കര്‍ഷകര്‍ക്ക്‌ സ്വന്തം ജീവന്‍ പോലെ പ്രധാനമാണ്‌. അവരുടെ കൃഷിയിടത്തേക്ക്‌ വിപണിരൂപത്തില്‍ കോര്‍പ്പറേറ്റുകള്‍ നേരിട്ടു കടന്നു കയറുമ്പോള്‍ കര്‍ഷകരുടെ ഈ സ്വാതന്ത്ര്യത്തേയും നിലനില്‍പ്പിനെയും അത്‌ തകര്‍ക്കും.

2014 മുതല്‍ ഇന്ത്യയുടെ ഭരണത്തിലെത്തിയ മോദി സര്‍ക്കാരിന്‌ ഭരണഘടനാപരമായി ജനങ്ങള്‍ക്കുള്ള അവകാശങ്ങളുടെ സംരക്ഷണത്തിലോ ക്ഷേമത്തിലോ രാജ്യത്തിന്റെ സുസ്ഥിരമായ സാമ്പത്തിക, സാമൂഹ്യ, ഭൗതിക, പാരിസ്ഥിതിക, സാംസ്‌ക്കാരിക, മാനവശേഷി വികസനത്തിലോ അശേഷം താല്‌പര്യമില്ലെന്ന്‌ തുറന്നു കാണിക്കുന്ന സംഭവങ്ങളാണ്‌ രാജ്യത്തിനു മുന്നിലുള്ളത്‌. അതിന്റെ ഫലമായി ഇന്ത്യ ഇന്ന്‌ വര്‍ദ്ധിച്ച അസാമാധാനത്തിന്റേയും അസന്തുഷ്‌ടിയുടേയും ദാരിദ്ര്യത്തിന്റേയും പട്ടികയിലേക്ക്‌ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്‌. കോവിഡിനെ പഴിചാരി കേന്ദ്ര സര്‍ക്കാരിന്‌ ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ എളുപ്പം രക്ഷപ്പെടാനാവുകയില്ല. നോട്ടു നിരോധനവും പൗരത്വ ഭേദഗതി നിയമവും മാത്രമല്ല, പൊതു മേഖലാ ആസ്‌തികളും വിഭവങ്ങളും ഒന്നൊന്നായി അദാനി, അംബാനി തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്‌ ദീര്‍ഘകാലത്തേക്ക്‌ എഴുതിക്കൊടുക്കുകയോ ഫലത്തില്‍ വിറ്റഴിക്കുകയോ ചെയ്‌തുകൊണ്ട്‌ ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ ഫാസിസ്റ്റ്‌ – നിയോലിബറല്‍ സാമ്പത്തിക, ചങ്ങാത്ത മുതലാളിത്ത രാഷ്‌ട്രീയാധികാര ചേരുവകകളുടെ നിക്ഷിപ്‌ത താല്‌പര്യങ്ങളിലാണ്‌ ബിജെ പി സര്‍ക്കാര്‍ അഭിരമിക്കുന്നത്‌. ആഭ്യന്തര മന്ത്രി അമിത്‌ഷായുടെ മകന്റെ മാത്രമല്ല, ബിജെപി എന്ന പാര്‍ട്ടിയുടേയും മറ്റു വന്‍കിട നേതാക്കളുടേയും ഈ കാലയളവിലുണ്ടായ ആസ്‌തിവര്‍ദ്ധന ഈ ഘട്ടത്തില്‍ സാമൂഹ്യ ഓഡിറ്റിന്‌ വിധേയമാക്കേണ്ടതാണ്‌. അവകാശ ലംഘനങ്ങള്‍ക്കെതിരെ ജനരോഷമുയരുമ്പോള്‍ ജാതിഹിന്ദുത്വത്തിന്റെ അക്രമാസക്തി പൂണ്ട നുണപ്രചരണങ്ങളും ഇതര മതങ്ങളുടെ നേരെയുള്ള വിശേഷിച്ച്‌ മുസ്ലീം മത്തിനു നേര്‍ക്കുള്ള വെറുപ്പുല്‍പ്പാദനവും രാമക്ഷേത്ര, കൃഷ്‌ണ ക്ഷേത്ര നിര്‍മ്മാണം പോലുള്ള ഭക്തജന വൈകാരിക പ്രീണന പരിപാടികളുമാണ്‌ ബിജെപി സര്‍ക്കാര്‍ നിര്‍ത്താതെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. ബി ജെപിയെ അധികാരത്തിന്‍ കയറ്റാനും നിലനിര്‍ത്താനും കോര്‍പ്പറേറ്റു കമ്പനികള്‍ക്കുള്ള അത്യുല്‍സാഹത്തിന്‌ കാരണം മതാത്മകമായ അധികാരന്ധതയുള്ള ഒരു സര്‍ക്കാരിന്‌ രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിലോ അവകാശങ്ങളിലോ ഭരണഘടനയില്‍ തന്നെയോ താല്‌പര്യമുണ്ടാവില്ല എന്നതു കൊണ്ടാണ്‌. തന്നെയുമല്ല, ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യും എന്നതു കൊണ്ടാണ്‌.

ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഈ വസന്തകാലത്ത്‌ കോര്‍പ്പറേറ്റു കുത്തകകള്‍ക്ക്‌ ഇന്ത്യയെ കൊള്ളയടിച്ച്‌ അവരുടെ ആസ്‌തികള്‍ പൂര്‍വ്വാധികം വര്‍ദ്ധിപ്പിക്കാന്‍ ബി ജെ പിയുടെ ഭരണത്തിനു കീഴില്‍ വളരെ എളുപ്പമാണ്‌. അംബാനിയും അദാനിയും പോലുള്ള കോര്‍പ്പറേറ്റ്‌ ഭീമന്‍മാര്‍ ആവശ്യപ്പെടുന്നതെന്തും അവര്‍ വിരിച്ചിട്ടു കൊടുക്കുന്ന പരവതാനിയിലൂടെ മുട്ടിലിഴഞ്ഞു ചെന്ന്‌ കാഴ്‌ച വെയ്‌ക്കുന്ന മത രാഷ്‌ട്രീയ ഭീകര ഭരണകൂടമാണ്‌ ഇന്ന്‌ ഇന്ത്യയിലുള്ളത്‌. എല്ലാവര്‍ക്കും അവകാശപ്പെട്ട രാജ്യത്തിന്റെ പൊതു സമ്പത്തു മുഴുവന്‍ ഏതാനും കോര്‍പ്പറേറ്റു കമ്പനികള്‍ക്ക്‌ കൊള്ളലാഭമുണ്ടാക്കാന്‍ സമര്‍പ്പിക്കുന്ന, വിറ്റഴിക്കുന്ന സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ പാര്‍ലെമെന്റില്‍ ശക്തമായ പ്രതിപക്ഷം ഇല്ലാതായിപ്പോയി എന്നതാണ്‌ ഏകപക്ഷീയമായ ഈ കൈമാറ്റ നിയമ നിര്‍മ്മാണങ്ങളുടെ ദുരന്ത പശ്ചാത്തലം. അതുകൊണ്ടാണ്‌ ഇന്ത്യയിലെ കര്‍ഷകര്‍ കോവിഡ്‌ മഹാമാരിയുടേയും അതിശൈത്യത്തിന്റേയും കഷ്‌ടതരമായ സമയത്ത്‌ തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വന്നത്‌.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മലയോര ആദിവാസി ഗ്രാമത്തിലേക്ക്‌ ഒരു മീറ്റിംഗിന്‌ പോയിരുന്നു. കോവിഡ്‌ കാലം ആദിവാസിജീവിതത്തില്‍ അതിന്റെ പ്രഹരമേല്‍പ്പിക്കുന്നതെങ്ങനായിരിക്കും എന്ന ആകുലത എന്റെ ഉള്ളിലുണ്ട്‌. പക്ഷേ കേരളത്തില്‍ റേഷന്‍ വഴി അവര്‍ക്കു കിട്ടുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ഇപ്പോള്‍ ആവശ്യം കഴിഞ്ഞും ബാക്കിയുണ്ട്‌ എന്നാണവര്‍ നേരിട്ട്‌ പറഞ്ഞത്‌.

ഈ കോവിഡ്‌ കാലത്ത്‌ ജനങ്ങളെ പട്ടിണിയില്‍ നിന്ന്‌ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ കഴിയുന്നതിന്‌ സഹായകമായിരിക്കുന്നത്‌ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ നിയമമാണ്‌. ഇന്ത്യയിലെ ആകെ ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ, ഭക്ഷ്യസുരക്ഷാ നിയമം പോലും ഭാവിയില്‍ നിലകൊള്ളുക ഇന്ത്യയിലെ കര്‍ഷകരുടെ ഉല്‌പാദന, വിപണി സ്വാതന്ത്ര്യത്തേയും നിലനില്‍പ്പിനേയും ആശ്രയിച്ചാണ.്‌ ഭക്ഷ്യസുരക്ഷാ നിയമം ഇല്ലെങ്കില്‍ കൃഷിഭൂമിയും ഉല്‍പാദനവും തീരെ കുറവുള്ള കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്തിന്‌ പോലും എങ്ങനെയാണ്‌ തുടര്‍ന്ന്‌ നിലനില്‍ക്കാനാവുക!

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമത്തിനെതിരെ സ്വന്തം ജീവനോപാധികളായ കൃഷിഭൂമിയും വിളവുകളും കൈവിട്ടു പോകാതിരിക്കാന്‍ വേണ്ടി മാത്രമുള്ളതായിട്ടല്ല ഈ കര്‍ഷക പ്രക്ഷോഭം എന്ന്‌ ഇന്ത്യയിലെ കര്‍ഷകരല്ലാത്ത ജനങ്ങള്‍ക്ക്‌ തിരിച്ചറിയാനാവണം. അങ്ങനെ തിരിച്ചറിഞ്ഞാല്‍ കര്‍ഷകസമരത്തിനൊപ്പം വരും ദിവസങ്ങളില്‍ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വലിയ തോതിലുള്ള ഐക്യദാര്‍ഢ്യ പ്രക്ഷോഭമുയരും. കോവിഡിനെ അതിജീവിച്ചാല്‍ പട്ടിണികിടന്ന്‌ മരിക്കേണ്ടി വരും എന്നതാണ്‌ മുന്നിലുള്ള യാഥാര്‍ത്ഥ്യമെങ്കില്‍ ആരാണ്‌ കോവിഡിനെ ഭയന്ന്‌ അവകാശ പ്രക്ഷോഭത്തില്‍ നിന്ന്‌ പിന്തിരിഞ്ഞു പോവുക! മണ്ണില്‍ പണിയെടുത്ത്‌ സ്വന്തം കുടുംബത്തെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ പോറ്റുന്ന കര്‍ഷകരുടെ എതിര്‍പ്പിനെ നിസ്സാരമായി കാണാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസംഘടനകളുമായി ഒന്നാം വട്ടം ചര്‍ച്ചക്ക്‌ തയ്യാറായത്‌ ഈ സമരം തുടര്‍ന്നാല്‍ ഡല്‍ഹിയിലേക്ക്‌ ഭക്ഷണമെത്തില്ല എന്ന്‌ ഭയമുള്ളതുകൊണ്ടാണ്‌.
കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ നടപ്പാക്കിയ ഈ നിയമത്തിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക്‌ കര്‍ഷകരുടെ കൃഷിഭൂമിയില്‍ നിയന്ത്രണാധികാരം ഉണ്ടാവുകയും ഇന്ത്യയുടെ അവശേഷിക്കുന്ന കാര്‍ഷിക ജൈവ വൈവിദ്ധ്യം നശിച്ചു പോവുകയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും മാര്‍ക്കറ്റില്‍ വലിയ വിലക്കയറ്റമുണ്ടാകുകയും ദാരിദ്ര്യം ഇന്നത്തേക്കാള്‍ കൂടുകയുമാണ്‌ ചെയ്യുക.
യഥാര്‍ത്ഥത്തില്‍ കര്‍ഷകരുടെ രക്ഷക്കു വേണ്ടത്‌, കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ നടത്തിയ ലോംഗ്‌ മാര്‍ച്ചില്‍ ഉന്നയിച്ച ആവശ്യങ്ങളും മുദ്രാവാക്യങ്ങളും മനസ്സിലാക്കുകയും അംഗീകരിക്കുകയും അവ നടപ്പാക്കാനാവശ്യമായ നടപടികളെടുക്കുകയുമാണ്‌.

സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.