‘ബാല്യകാലസഖി’യുടെ കഥ: ടി പത്മനാഭന്‍
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ബഷീര്‍ സമ്പൂര്‍ണകൃതികള്‍’ ക്ക് ടി പത്മനാഭന്‍ എഴുതിയ പഠനത്തില്‍ നിന്നും
കൃതികൾ വീണ്ടും വീണ്ടും പകർത്തിയെഴുതുന്നതിനെയും, ഓരോ തവണ പകർത്തുമ്പോഴും അതിന്റെ ദൈർഘ്യം കുറഞ്ഞു വരുന്നതിനെയും കുറിച്ച് ബഷീർതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ പുസ്‌തകമെഴുതിയ ഉടനെ അത് അച്ചടിച്ച് മാർക്കറ്റിലെത്തിക്കുന്ന സ്വഭാവവും ബഷീറിനില്ല.
ബാല്യകാലസഖിയുടെ കഥ നോക്കുക. ആദ്യം എഴുതിയത് അല്ലെങ്കിൽ എഴുതാൻ തുടങ്ങിയത്-ഇംഗ്ലീഷിൽ. പിന്നീട് മലയാളത്തിൽത്തന്നെ തുടങ്ങുന്നു. പൂർത്തിയായ കൃതി അതേപടി അച്ചടിച്ചിരുന്നുവെങ്കിൽ അഞ്ഞൂറോളം പേജ് വന്നേനെ എന്ന് ബഷീർതന്നെ പറയുന്നുണ്ട്. ബഷീറിന്റെ ആദ്യത്തെ പ്രധാന കൃതിയാണ് ഇതെന്നും നാമോർക്കണം. ബഷീറിന് അന്ന് മുപ്പതു വയസ്സ് തികഞ്ഞിരിക്കില്ല. സാധാരണഗതിയിൽ പുതിയ ഒരെഴുത്തുകാരൻ ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യുക? തന്റെ കൃതി-അതും തന്റെ ആത്മാവിന്റെ ഒരംശംതന്നെ എന്നു പറയാവുന്ന കൃതി-കൂടുന്ന വേഗത്തിൽ അച്ചടിപ്പിക്കാനല്ലേ ശ്രമിക്കുക?
പക്ഷേ, ബഷീർ ഒരിക്കലും ഒരു ‘സാധാരണ’ എഴുത്തുകാരനായിരുന്നില്ല. അദ്ദേഹം പുസ്‌തകം പ്രസിദ്ധീകരിക്കാൻ ധൃതി കാണിക്കുന്നില്ല. തന്റെ കൈയിൽ കൊല്ലങ്ങളോളം സൂക്ഷിച്ചുവച്ച് വീണ്ടും വീണ്ടും തേച്ചു മിനുക്കുന്നു; കുറുക്കിയെഴുതുന്നു. എന്നിട്ടാണ് എം.പി. പോളിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ‘സാഹിതീസഖ്യ’ത്തിന്റെ യോഗത്തിൽ അത് വായിക്കുന്നത്. പോളിന്റെ നിർല്ലോഭമായ പ്രശംസയുണ്ടായിട്ടുപോലും പുസ്‌തകം അച്ചടിക്കാൻ ബഷീർ മുതിരുന്നില്ല. പോൾ പുസ്‌തകം പ്രസ്സിൽ കൊടുത്തിട്ടുണ്ടെന്നറിയുമ്പോൾ “ആയിട്ടില്ല, ഒന്നുകൂടി അത് ശരിയാക്കാനുണ്ട്’ എന്നു പറഞ്ഞ് തന്റെ അഭ്യുദയകാംക്ഷിയായ അദ്ദേഹത്തെ തടയുകയാണ് ചെയ്യുന്നത്. അങ്ങനെ ബാല്യകാലസഖി ബഷീർ വീണ്ടും ചുരുക്കിയെഴുതുന്നു. ഒടുവിൽ 1944-ൽ നാം ഇന്നു കാണുന്ന രൂപത്തിലുള്ള ബാല്യകാലസഖി പുറത്തുവരുമ്പോൾ പേജ് 75! ബഷീറിന്റെ വയസ്സ് 34!
വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
ടി പത്മനാഭന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.