കാസാ ലോറെന്‍സാ
സി. വി. ബാലകൃഷ്ണന്‍
വര: അരുണ ആലഞ്ചേരി
സ്പാനിഷ് ഗിറ്റാര്‍ തിരികെ നീട്ടിയ ജിപ്‌സിപ്പെണ്ണിനെ, അതു വാങ്ങുന്നതിനുമുമ്പ് തീര്‍ത്തും അപ്രതീക്ഷിതമായി ഡോറ അലീസിയ കവിളില്‍ ചുംബിച്ചു. അവള്‍ വിസ്മയിച്ചുപോയി. ചുംബനമേറ്റ കവിള്‍ മാത്രമല്ല, മറ്റേതും തുടുത്തു. അപ്പോള്‍ ഒരു നാടകീയ നീക്കത്തില്‍ അര്‍വാരോ എഴുന്നേറ്റ് ഒരു സ്വപ്നാടത്തിലെന്നോണം അവളുടെ നേര്‍ക്കു നടന്നു.
”താറാവ് സൂപ്പ്.” മാനുവല്‍ റോഡ്‌റിക്‌സ് മേശപ്പുറത്തുള്ള ഭക്ഷണവിഭവപ്പട്ടിക നോക്കാതെ
പറഞ്ഞു.
”വേറെ വല്ലതും?” ഡോറ അലീസിയ ചോദിച്ചു.
”പറയാം. ഞാന്‍ ഒരാളെ പ്രതീക്ഷിക്കുകയാണ്.”
”ശരി.”
താന്‍ എത്ര നിര്‍ഭാഗ്യവാനാണെന്ന് മാനുവല്‍ റോഡ്‌റിക്‌സ് അപ്പോള്‍ തിരിച്ചറിഞ്ഞിരുന്നില്ല. ബാറും റസ്റ്റോറന്റും ചേര്‍ന്ന കാസാ ലോറെന്‍സായിലെ ഒരു പതിവുകാരനല്ല അയാള്‍. പക്ഷേ, ഡോറ അലീസിയയ്ക്ക് അയാളെ അറിയാം. അയാള്‍ ഒരു മാന്ത്രികനാണ്. പ്രാവുകളും മുയലുകളുമായി നല്ല ചങ്ങാത്തത്തില്‍ വര്‍ത്തിക്കുന്നു. വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശിരസ്സിലണിയുടെ കറുത്ത തൊപ്പിയില്‍നിന്നും പ്രാവുകളെയും മുയലുകളെയും അയാള്‍ പുറത്തെടുക്കാറുള്ളത് അനായാസമായാണ്. അതാകട്ടെ, എല്ലായ്‌പ്പോഴും കാണികളെ വിസ്മയഭരിതരാക്കാന്‍ പോന്ന അനേകം മാന്ത്രികവിദ്യകളുടെ ലളിതമായ ഒരു തുടക്കം മാത്രം.
താറാവ് സൂപ്പിന് അധികം നേരമെടുത്തില്ല. ഡോറ അലീസിയ സൂപ്പിനൊപ്പം മൂന്നിനം സോസും ഉപ്പും കുരുമുളകുപൊടിയുമായി വന്നു.
”നന്ദി.” മാനുവല്‍ റോഡ്‌റിക്‌സ് ഉപചാരം കൂറി.
”ഒന്നു രുചിച്ചുനോക്കി നല്ലതാണെന്നു പറഞ്ഞാല്‍ എനിക്കു സന്തോഷമാവും.” ഡോറ അലീസിയ പറഞ്ഞു.
”കാസാ ലോറെന്‍സായില്‍ മോശമായിട്ട് ഒന്നുമില്ലല്ലോ.” മാനുവല്‍ റോഡ്‌റിക്‌സ് വാക്കുകള്‍കൊണ്ടുള്ള ഒരു മാന്ത്രികവിദ്യയ്‌ക്കൊരുങ്ങി.
”ഓ, മതി.” ഡോറ അലീസിയ സഹര്‍ഷം പിന്‍വാങ്ങി.
മാനുവല്‍ റോഡ്‌റിക്‌സ് പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചില്ലി സോസും ചേര്‍ത്ത് ചെറുകരണ്ടികൊണ്ട് സൂപ്പ് ഇളക്കി. അതില്‍നിന്നും ആവി പൊങ്ങുന്നുണ്ടായിരുന്നു. മാനുവല്‍ റോഡ്‌റിക്‌സ് അത് മണത്തു. ഉവ്വ്, നല്ലതുതന്നെ. അങ്ങനെ പറയാന്‍ ഘ്രാണേന്ദ്രിയം പോരും.
ഇരുണ്ട തൂവലുകളും ചുവപ്പും നീലയും പച്ചയും നിറങ്ങള്‍ ഇട കലര്‍ന്ന തിളക്കമാര്‍ന്ന ശിരസ്സും വിശറിപോലുള്ള അങ്കവാലുമായി ഒരു ടര്‍ക്കിപ്പൂവന്‍ തന്റെ അരുമയായ പിടയുമൊത്ത് അകത്തു കയറി. കാസാ ലോറെന്‍സാ അവയുടേതുകൂടിയാണ്. ഒട്ടും അപരിചിതത്വമില്ലാതെ അവ ഇരിപ്പിടങ്ങള്‍ക്കിടിയിലൂടെ തലയുയര്‍ത്തി നടന്നു. പിടയ്ക്കുമാത്രം ചില കൈകളുടെ സ്പര്‍ശനം ചന്തിയില്‍ ഏറ്റുവാങ്ങേണ്ടിവന്നു.
വളച്ചുവാതില്ക്കല്‍നിന്നും നല്ല സായാഹ്നത്തിന്റെ ആശംസ, അതും വശ്യമായ സ്ത്രീസ്വരത്തില്‍, ആ നേരത്ത് കാസാ ലോറെന്‍സായിലുണ്ടായിരുന്ന ആരും പ്രതീക്ഷിച്ചതല്ല. എല്ലാ കണ്ണുകളും തല്‍ക്ഷണം അങ്ങോട്ടായി. അവിടെയൊരു ജിപ്‌സിപ്പെണ്ണായിരുന്നു. തിളങ്ങുന്ന ചില്ലുകണങ്ങളുള്ള ശിരോവസ്ത്രം. കാതുകളിലും കൈത്തണ്ടകളിലും വെള്ളിയലങ്കാരങ്ങള്‍. കഴുത്തില്‍ പടലയായി കല്ലുമാലകള്‍. മൂക്കുത്തി. കൊലുസ്സുകള്‍, ചുവപ്പും കറുപ്പും ഇടകലര്‍ന്ന വസ്ത്രങ്ങള്‍, പിയര്‍ പഴങ്ങള്‍ കണക്കെ തുടുത്ത ചുണ്ടുകളോടെ, മിനുമിനുക്കെ കവിളുകളോടെ, അവള്‍ കൗണ്ടറിനുനേര്‍ക്കു നീങ്ങി. ഓരോ അടിവെയ്പിലും പാദസരങ്ങള്‍ താളാത്മകമായി കിലുങ്ങി. ഒരു മനോജ്ഞ നൃത്തത്തിലെന്നപോലെ. കാസാ ലോറെന്‍സാ സ്തംഭിതമായി. അവിടെയുണ്ടായിരുന്ന ഏവര്‍ക്കും ഒരേ സ്വപ്നം കാണുന്ന പ്രതീതിയായി.
പൂര്‍ണ്ണരൂപം വായിക്കാന്‍ ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.