DCBOOKS
Malayalam News Literature Website

‘കണ്ടലാമൃതം’ വി സുരേഷ് കുമാര്‍ എഴുതിയ കഥ

ജൂലൈ ലക്കം പച്ചക്കുതിരയില്‍

വര-നാസര്‍ ബഷീര്‍

പ്രഭാകരന്‍ മാഷ് ഹംസയെ നോക്കി, ഹംസ പ്രഭാകരന്‍ മാഷെയും. ദേഷ്യംകൊണ്ട് മുഖം ചുവന്ന ഹെഡ്മാഷ് കൈവിരല്‍ ഞൊട്ടി പറഞ്ഞു, ”ഞാന്‍ അഞ്ചുവരെ എണ്ണും, അതിനുള്ളില്‍ ആരെങ്കിലും കഥ തുടങ്ങിയിരിക്കണം…’

പുഴയുടെ പല വളവുകളും പുളവുകളും കടന്ന് അങ്ങ് ദൂരെ പക്ഷിച്ചിറകുപോലെ കാണുന്ന തുരുത്തിലാണ് ഹെഡ്മാഷ് ബേബി സാറിന്റെ വീട്.

വലിയ ചാക്കുകെട്ടും ചുമന്ന് റോഡില്‍നിന്നും കടവിലേക്കിറങ്ങുമ്പോള്‍ പ്യൂണ്‍ ഹംസ ദൂരെയുള്ള സ്ഥലം ചൂണ്ടി പ്രഭാകരന്‍ മാഷെ കാണിച്ചു. കൊച്ചിക്കാരുടെ തുരുത്ത്. അങ്ങനെയാണ് ആ സ്ഥലത്തെ പണ്ടു മുതലേ മറ്റു നാട്ടുകാര്‍ വിളിക്കാറ്.

”കൊച്ചിത്തുരുത്തോ..? തോണിയില്‍ പോയി പുഴ കടന്നാല്‍ കൊച്ചിയായോ..!”

പ്രഭാകരന്‍ മാഷ് ഒരു കുഞ്ഞിനെ പ്പോലെ ജിജ്ഞാസുവായി ഭൂമി ഉരു­ണ്ടതാണെന്നു പറയുന്നത് വെറുതേയല്ല… അല്ലേ.?

പ്യൂണ്‍ ഹംസ അതിന് മാഷോട് മറുപടിയൊന്നും പറയാതെ മേലോട്ട് നോക്കി ആരും കേള്‍ക്കാതെ എന്തോ മന്ത്രംപോലൊന്ന് ചൊല്ലി പുറത്തേക്കു തുപ്പി.

ഹംസയുടെ പ്രവൃത്തിയൊന്നും ശ്രദ്ധിക്കാതെ പ്രഭാകരന്‍ മാഷ് കടത്തുകാരനെ കണ്ടതും ‘കൂയി… കൂയി’ എന്ന് ഒച്ചയാക്കി കടവിലെത്താനായി തിരക്കുകൂട്ടി.

”എടോ, ഞങ്ങളെയൊന്ന് അക്കരെയാക്കണം…” പ്രഭാകരന്‍ മാഷ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

”ഞാന്‍ ഇന്നത്തെ പണി നിര്‍ത്തി… നിങ്ങള് പറയുന്ന സ്ഥലം എത്തി തിരിക്കുമ്പോഴേക്കും നേരം വെളുക്കും. എനിക്ക് ഇതു കഴിഞ്ഞും പല പരിപാടികളുണ്ട്…”

Pachakuthira Digital Editionകടത്തുകാരനില്‍ ആ നേരം പുഴയ്ക്കരികിലെ മംഗരഷാപ്പിലെ തന്റെ പതിവ് കള്ള് ഒരു വേലിയേറ്റമായി നിറഞ്ഞുതുടങ്ങിയിരുന്നു. മനുഷ്യര്‍ക്ക് ഓരോ സമയത്തും ഓരോന്ന് പറഞ്ഞിട്ടുണ്ട്. സമയാസമയങ്ങളില്‍ ആ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ആളുകള്‍ മൃഗങ്ങളാകും! പ്രഭാകരന്‍ മാഷ് ഹംസയെ നോക്കി, ഹംസ പ്രഭാകരന്‍ മാഷെയും.

”നമ്മളെയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതായി കണ്ട് ഒന്ന് അക്കരെ കടത്തണം.” ഹംസ തന്റെ കൈയിലുള്ള ചാക്കുകെട്ട് നിലത്തുവെച്ച് തോണിക്കാരനോട്‌ ൈകകൂപ്പി.

വന്ന രണ്ടുപേരുടെയും ആവശ്യം, അത്യാവശ്യമാണെന്ന് തോന്നിയതിനാല്‍ കടത്തുകാരന്‍ തോണിയെ അഴിച്ച് പുഴയിലേക്കു തള്ളി. ഹംസയും മാഷും തോണിയിലേക്കു കയറി. കടത്തുകാരന്‍ തന്റെ കൈയിലെ നീളന്‍ ചെല്ലം ആരുടെയോ നെഞ്ചിലേക്കെന്നപോലെ പുഴയുടെ ആഴത്തിലേക്കു കുത്തിയിറക്കി.

കടലിലേക്കു നീണ്ടുപരന്ന് കിടക്കുന്ന പുഴയുടെ സായാഹ്നത്തിലൂടെ ഇര വിഴുങ്ങിയ പെരുപാമ്പനക്കത്തോടെ തോണി മെല്ലെ നീങ്ങുന്നത് ഹംസ നോക്കി.

”കൊച്ചിക്കാരുടെ തുരുത്ത് ശരിക്കും കൊച്ചിക്കാരുടെ തുരുത്താണോ?” പ്രഭാകരന്‍ മാഷ് ഹംസയോട് ചോദിച്ചു.

”കൊച്ചിക്കാരുടെ തുരുത്ത് എന്നാല്‍ കൊച്ചിയെ പണ്ട് പോര്‍ച്ചുഗീസ്‌കാര്‍ കീഴടക്കിയപ്പോള്‍ അവിടുള്ള കുറെ മനുഷ്യരെ അടിമകളാക്കി പിടിച്ചുകൊണ്ടുവന്ന് തടവിലിട്ട തുരുത്ത്ന്നാണ് അര്‍ത്ഥം.

നാലു ചുറ്റിലും വെള്ളം മൂടി കണ്ടല് നിറഞ്ഞ മനുഷ്യവാസമില്ലാത്ത ഒരു ഇരു­ണ്ട കര! കൊണ്ടുവന്നവരെ മുഴുവന്‍ അവര്‍ പിടിച്ചുകെട്ടി മതം മാറ്റി അടിമകളാക്കി. അടിമപ്പട്ടാളം എന്നാണ് പോര്‍ച്ചുഗീസ് അധികാരികള്‍ അവരെ വിളിച്ചത്.

പൂര്‍ണ്ണരൂപം 2024 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

 

Comments are closed.