DCBOOKS
Malayalam News Literature Website

കാമായനം: വി ഷിനിലാല്‍ എഴുതിയ കഥ

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

വര: മറിയം ജാസ്മിന്‍

ഇപ്പോൾ ശൂന്യതയിൽനിന്നെന്നപോലെ ശബ്ദവും രൂപവും കമ്പനവുമില്ലാത്ത തൊട്ടറിയാനാവാത്ത പുതിയതൊന്ന് ഞങ്ങൾക്കിടയിൽ ഉയർന്നു വന്നു. കാമം.

ബി. വൺ കോച്ച് നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇപ്പോൾ അവർ ഇല്ല. വഴിയിലുള്ള ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങിപ്പോയിരിക്കുന്നു. സുഖദമായ തണുപ്പുണ്ടായിരുന്നു. പുലരിവെയിൽ സമതലങ്ങളെ വർണ്ണിക്കുന്നത് കണ്ണാടിയിലൂടെ നോക്കിയിരിക്കുന്നത് രസകരവുമായിരുന്നു. എന്നിട്ടും കഠിനമായ ഏകാന്തത എന്നെ വരിഞ്ഞുമുറുക്കാൻ തുടങ്ങി. പുലർച്ചെ മൂന്ന് മണിക്ക് ഇറ്റാർസി ജങ്ഷനിൽനിന്നും കാമായനി എക്സ്പ്രസിൽ കയറുമ്പോൾ കഠിനമായ തണുപ്പായിരുന്നു. ട്രെയിൻ വന്നപ്പോൾ പ്ലാറ്റ്ഫോമിൽ അവിടവിടെനിന്നും ചാക്കുകെട്ടുകൾക്കുള്ളിൽനിന്നെന്നപോലെ യാത്രക്കാർ ഉയർന്നുവന്നു. ജനുവരി ഉത്തരേന്ത്യയെ ശീതംകൊണ്ട് പുതപ്പിച്ചിരിക്കുകയാണ്.

Pachakuthira Digital Editionഒന്നും ചെയ്യാനാവാത്തവിധം ശൂന്യതയിൽ പെട്ടപ്പോഴാണ് എന്റെ എതിർവശത്ത് ലോവർ ബർത്തിൽ ഇളവെയിലിന്റെ ഒരു തുണ്ടം ഉറങ്ങിക്കിടക്കുന്നത് കണ്ടത്. കരിമ്പളത്തിനടിയിൽനിന്നും അവളുടെ മുഖം മാത്രം പുറംലോകത്തിന് ദർശനം നൽകിക്കൊണ്ട് അങ്ങനെ കിടന്നു. അവൾ ഉറങ്ങുകയായിരുന്നില്ല.

ആ നിമിഷത്തിൽ ഞാൻ ഏകാകിയല്ലാതായി.

മറ്റ് മനുഷ്യരുടെ സാന്നിധ്യമില്ലാത്ത ശീതീകരിച്ച ആ പെട്ടകത്തിനകത്ത് ഞങ്ങൾ രണ്ടുപേർ. ഒരാണും ഒരു പെണ്ണും. ഞാനവളെ നോക്കി പുഞ്ചിരിച്ചു. അവളും.

അവൾ ബർത്തിൽ എണീറ്റിരുന്നു.

“”പേരെന്താണ്?” ഞാൻ ചോദിച്ചു.

“”ശ്രദ്ധ.” അവൾ പറഞ്ഞു.

“”ആൻഡ് യൂ?”

“”മനു.”

“”ഹാ!” പ്രപഞ്ചാരംഭത്തിലെന്നപോലെ അവൾ ദീർഘനിശ്വാസം ചെയ്തു.

“”എവിടേക്കാ?”

“”ഞാൻ കുംഭമേളയ്ക്ക്.”

“”ഞാനും.”

എനിക്ക് ആശ്വാസം തോന്നി. സമാധാനം കലർന്ന നിശ്ശബ്ദത ഞങ്ങൾക്കിടയിൽ നിലവിൽ വന്നു. പുറത്തെ മരങ്ങൾ അസാധാരണമായ കാറ്റിൽ കിടുകിടുക്കുന്നത് കാമായനിയുടെ കണ്ണാടിയിലൂടെ നോക്കിയിരുന്നു. ഈ തീവണ്ടിക്ക് ഒരു സ്ത്രീയുടെ പേരാണോ? അല്ലെങ്കിൽ കാമവുമായി ഇതിന് എന്താണ് ബന്ധം? ഇങ്ങനെ ഞാൻ ചിന്തിക്കാൻ തുടങ്ങി. അത് മനസ്സിലാക്കിയെന്നപോലെ ശ്രദ്ധ പറഞ്ഞു.””അതൊരു മഹാകാവ്യമാണ്. മഹാകവി ജയശങ്കർ പ്രസാദ് എഴുതിയ മഹാകാവ്യം. കാമായനി. കേട്ടിട്ടുണ്ടോ?”

“”ഞാൻ കവിത വായിക്കാറില്ല. അതായിരിക്കും കേൾക്കാത്തത്.”

“”നിങ്ങൾ കവിത എന്ന വാക്ക് കൊണ്ട് മഹാകാവ്യങ്ങളെ ഇകഴ്ത്തരുത്. അവ സാഹിത്യം എന്ന ചെറിയ വൃത്തത്തിനപ്പുറം നമ്മുടെ സംസ്കാരത്തിൽ ഇടപെട്ട് ചേർന്ന് നിൽക്കുന്നു.”

പൂര്‍ണ്ണരൂപം 2024 ഓഗസ്റ്റ്  ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ്  ലക്കം ലഭ്യമാണ്‌

വി. ഷിനിലാലിന്റെ  പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.