കുളിപ്പുരയിലെ രഹസ്യം: ഷനോജ് ആര്‍.ചന്ദ്രന്‍ എഴുതിയ കഥ
പുതുകാല കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ഷനോജ് ആര്‍. ചന്ദ്രന്‍ എഴുതിയ ‘കുളിപ്പുരയിലെ രഹസ്യം’ ഒരു ദേശത്തിന്റെ പരിസ്ഥിതിയും രാഷ്ട്രീയവുമടക്കമുള്ള ചിത്രങ്ങള്‍ വരച്ചിടുന്ന കഥയാണ്.അഞ്ജു പുന്നത്തിന്റെ രേഖാചിത്രങ്ങളോടെ ഈ കഥ പച്ചക്കുതിരയുടെ ജൂലൈ ലക്കത്തില്‍ വായിക്കാം.
പ്രബിത
പമ്പയാറ്റില്‍ കോതറജെട്ടിയില്‍ നിന്ന് ആയിരത്തൊമ്പതാം പാടത്തേക്ക് പോകുന്ന വഴിയിലാണ് പ്രബിത കുളിക്കുന്ന കുളിപ്പുര. പത്ത് നൂറ് വര്‍ഷം മുമ്പേയുള്ള കുട്ടനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കുളിപ്പുരകളിലൊന്നാണത്. ആറ്റിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന ആ കുളിപ്പുരയ്ക്ക് പത്തിരുപത് കല്‍പ്പടിയുണ്ടായിരുന്നുവെന്ന് പ്രായമായവര്‍ പറയാറുണ്ട്. ഏതായാലും ഇപ്പോള്‍ ഏഴ് പടിയേ കാണാന്‍ കഴിയൂ. കുളിപ്പുരയുടെ നാലാം പടിയില്‍ തന്നെ
ജലം കേറിക്കിടക്കുന്നു. അടുത്തപടിയില്‍ ഇറങ്ങിയാല്‍ അരയറ്റമാകും വെള്ളം. ഏഴാം പടിയില്‍ കഴുത്തറ്റം. എത്രയോ തലമുറകളിലെ പെണ്ണുങ്ങള്‍ കുളിച്ച്കുളിച്ച് ആ പടികള്‍ക്കൊക്കെ പെണ്‍ശരീരങ്ങളുടെ ഉയര്‍ച്ചതാഴ്ചകളായി. ഒരു ചെറിയ മറവ് നല്‍കി പെണ്ണുങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ആറ്റില്‍ താഴേക്ക് ചെരിച്ചാണ് കുളിപ്പുരയുടെ ഓടിട്ട മേല്‍ക്കൂര.
അതൊക്കെ നില്‍ക്കട്ടെ പ്രബിതയിലേക്ക് വരാം. പ്രബിതയുടെ കുളിസീന്‍ കാണാന്‍ നേരെ എതിര്‍വശത്തുള്ള ആറ്റിലേക്ക് വളര്‍ന്ന് പന്തലിച്ച് കിടക്കുന്ന കൈതക്കാടിനകത്ത് കൊച്ചുവള്ളത്തില്‍ ഷൈജു കേറിക്കിടക്കാറുണ്ട്. ഷൈജു അതിനെപ്പറ്റി എന്നോട് പറഞ്ഞത് ഇപ്രകാരമാണ്. നട്ടുച്ചയ്ക്ക് പ്രബിത കുളിക്കാന്‍ വരുമ്പോള്‍ പമ്പയാറ് അനക്കമില്ലാതെയാണ് കിടക്കുക. മീന്‍പിടുത്തക്കാരും കക്കാവാരുകാരും കട്ടകുത്തുകാരും വെയിലില്‍ പൊള്ളാതിരിക്കാനും ഭക്ഷണം കഴിക്കാനും കരയ്ക്ക് കേറി കിടക്കുന്ന സമയമാണത്. മത്സ്യങ്ങളും ആമയും പുളകനടക്കമുള്ള ഉരഗജീവികളും പോളകളും ജലസസ്യങ്ങളും കൊടുംവെയിലിന്റെ ആലസ്യത്തില്‍ ജലത്തിനടിയിലും പ്രതലത്തിലും ഉറക്കം പിടിക്കും. അപ്പോളാണ് പ്രബിത കുളിക്കാന്‍ വരുന്നത്. ശ്വാസം പിടിച്ച് നില്‍ക്കുമ്പോള്‍ നഗ്‌നത ആറ്റുവാളയായി പകുതി ജലത്തില്‍ മുങ്ങി പടിയില്‍ നീണ്ട് നിവര്‍ന്ന് കിടക്കും. ആറും തീരവും പ്രപഞ്ചം മുഴുവനും നിശ്ചലതടാകം പോലെ കിടക്കുന്ന ആ നേരത്ത് പ്രബിതയിലേക്ക് നോക്കി അനക്കമില്ലാതെ കൊച്ചുവള്ളത്തില്‍ ഷൈജു അത്യധികമായ ലഹരി അനുഭവിക്കും. ഒരോളം പോലുമില്ലാതെ നദിയും മനസ്സും നിശ്ശബ്ദമാകും. ധ്യാനം പോലെ മത്ത് പിടിക്കുന്ന സമയം തന്നെയത്.
പൂര്‍ണ്ണരൂപം ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.