ഭ്രാന്തം: ഡോ.രാജശ്രീ വാര്യര്‍ എഴുതിയ കഥ
വര: അഞ്ജു പുന്നത്ത്
രാമന്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ കൊട്ടാരം വിടുകയാണ്. അന്തം വിട്ടുപോയി സീത. പകച്ചു പോയി. അതാണ് സത്യം.
ലതയ്ക്കങ്ങനാണ്. ഇടയ്ക്ക് ഒരു മൊന്ത വെള്ളം കുടിച്ചാലേ കഥാപാത്രം ഇങ്ങിറങ്ങിവരൂ. പക്ഷേ, പ്രശ്‌നമതു മാത്രമല്ല, വെള്ളം മൊന്തയിലെത്തുന്ന പ്രക്രിയ പാലംപണിയല്‍പോലെ ചിന്തിച്ചും ശ്രദ്ധിച്ചും ചെയ്യേണ്ട ഒന്നാണ്. വെള്ളമിരിക്കുന്ന സ്റ്റീല്‍പാത്രത്തിനു മുകളിലിരിക്കുന്ന സ്റ്റീല്‍മൂടിക്കു മേലില്‍ കയറിയിരിക്കുന്ന മറ്റൊരു സ്റ്റീല്‍പ്ലേറ്റിനും മീതെയിരിപ്പായ താരതമ്യേന ചെറിയ സ്റ്റീല്‍കലത്തില്‍ ഉച്ചിയില്‍ പരന്ന സ്റ്റീല്‍മൂടിയോട് ഒട്ടിയിരിക്കുന്ന ചെറിയ വക്കുള്ള ഓട്ടുതളികയ്ക്കും മുകളിലായി അമര്‍ന്നിരിക്കുന്ന സര്‍വ്വതിനും അടപ്പായി മാറിയ വലിയതോ ചെറിയതോആയ വക്കുകള്‍ ഇല്ലാത്ത ആ കിണ്ണം ആദ്യം എടുത്തുമാറ്റേണ്ടതായിട്ടുണ്ട്.
ചിറ്റ തിളപ്പിച്ചുവച്ചിരിക്കുന്ന വെള്ളത്തെക്കുറിച്ച് ”ആ വെള്ളം കുടിക്കാനിത്തിരി വെള്ളം കുടിക്കും” എന്ന് അമ്മൂമ്മ തമാശ പറയാറുണ്ടായിരുന്നു. ഓരോ വെള്ളംകുടി സമയത്തും അത് ഓര്‍മ്മവരും. ഇതൊക്കെ ഒരുതരം അനുഭവമാണല്ലോ. സ്വാനുഭവങ്ങളാണല്ലോ പഴഞ്ചൊല്ലുകളും സമസ്യകളും കാവ്യങ്ങളും കഥകളുംഒക്കെയാവുന്നത്. ലതയ്ക്കും അതങ്ങനെതന്നെയാണ്.
അടുക്കളയില്‍ ചെന്നുള്ള വെള്ളമെടുക്കല്‍ മരുഭൂമിയെ ഓര്‍മ്മിപ്പിക്കാറുണ്ട്. കുടങ്ങള്‍ തലയിലേന്തിയ രാജസ്ഥാനി വനിതകള്‍ ഒറ്റയിരിപ്പില്‍ സ്റ്റീലും ഓട്ടുപ്ലേറ്റുമായിമാറി ഗ്യാസ് അടുപ്പുകളില്‍ അകപ്പെട്ടതുപോലെ.
ഏതോ അഭിമുഖത്തില്‍ ലത പറഞ്ഞതാണ്.
ചിറ്റ പലപ്പോഴും വല്ലാത്തൊരു ഭീതിയെ ഉള്ളിലൊതുക്കിയിരുന്നു. പുറത്തുപോകുമ്പോള്‍, നിരത്തു മുറിച്ചുകടക്കല്‍ ചിറ്റയ്ക്ക് വടംവലിയെ വെല്ലുന്ന അഭ്യാസമായി മാറി. ആരെങ്കിലും കൈയില്‍ പിടിക്കണം. പിടിച്ചാലോ? പിടിക്കുന്നവരെക്കൂടി വലിച്ചു പിന്നിലേക്കിടും. ഗ്യാസ് പലവട്ടം അണച്ചാലും അണഞ്ഞോ എന്ന് സംശയിക്കും. അടച്ചുവച്ച പാത്രത്തിനു മുകളില്‍ പല്ലിക്കാട്ടം വീണാലോ എന്ന ഭയം അതിനു പുറത്ത് മറ്റൊരു മൂടി വയ്ക്കാന്‍ കാരണമാക്കും. അതേ ചിന്ത പല മൂടികളില്‍ എത്തിനില്‍ക്കുന്നതു വിചിത്രമായി തോന്നിയിരുന്നു. ഇന്നും ഒരു മൂടിയെങ്കിലും ഒച്ചയുണ്ടാക്കാതെ എടുക്കാന്‍ വെള്ളംകുടിക്കാര്‍ക്കു കഴിയാറുമില്ല. പക്ഷേ, ഇത്തവണ ഇത് കൊട്ടാരത്തിലെ ശ്മശാന മൂകതയെ തകര്‍ത്തുകളഞ്ഞ ഒച്ചയായി എന്നുമാത്രം.
പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.