DCBOOKS
Malayalam News Literature Website

ഒസാമ ബിന്‍ രാജന്‍; പി എസ് റഫീഖ് എഴുതിയ കഥ

തോട്ടത്തിലെ രാഘവന്‍ ചേട്ടന്റെ വീട്ടില്‍ പതിവുപോലെ ഒരു ഹര്‍ത്താല്‍ ദിവസത്തില്‍ ഞങ്ങളൊന്നു കൂടി. അങ്ങനെ പറയുമ്പോള്‍ മറ്റിടങ്ങളിലും ഞങ്ങള്‍ കൂടാറുണ്ടെന്ന് കേള്‍ക്കുന്നവര്‍ കരുതും. ഒരൊഴുക്കിന് പറഞ്ഞുവെന്നേയുള്ളൂ. അവിടെയല്ലാതെ മറ്റൊരിടത്തും ഞങ്ങള്‍ ഒത്തുചേരാറില്ല. ഞങ്ങളെന്നുപറഞ്ഞാല്‍ ഒരു സ്‌കൂളില്‍ ഒരേ കാലത്ത് ഒരുമിച്ച് പഠിച്ചവരും നിത്യാസക്തരുമായ ബിനീഷ് കുമാര്‍ എന്ന ഞാന്‍, പ്രസന്നന്‍, രാജനെന്ന രാജു, ജമാലുകുഞ്ഞ് എന്ന ജമാല്‍ എന്നിവര്‍.

തോട്ടത്തിലെ രാഘവന്‍ ചേട്ടന്‍ പട്ടാളത്തിലായിരുന്നു. ഭാര്യ മരിച്ചു. മകളെ അതിനുമുമ്പേ കല്യാണം കഴിച്ചയച്ചു. മുപ്പത് സെന്റോളം ഭൂമിയുടെ നടുക്ക് പഴയമട്ടിലുള്ള ഓടിട്ട വീട്ടില്‍ അദ്ദേഹവും തോക്കും ജീവിക്കുന്നു. ഇടയ്ക്ക് പെന്‍ഷനോ ക്വാട്ടയോ വാങ്ങാന്‍ ടൗണില്‍ പോകും. കുപ്പി വാങ്ങി ഇരട്ടി വിലയ്ക്ക് വിറ്റ് കാശാക്കാന്‍ മിടുക്കനാണ്. കാന്റീനില്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത് നേരത്തെ പറയണമെന്ന് യുവസുഹൃത്തുക്കളായ ഞങ്ങളോട് അദ്ദേഹം ചട്ടം കെട്ടും. കാശുതരാതെ ഒന്നും നടക്കില്ല എന്നാണ് ആ
പറച്ചിലിന്റെ അര്‍ത്ഥം. ആരുടെ കയ്യിലും കാശില്ലാത്ത ചില ദിവസങ്ങളില്‍ ഞങ്ങള്‍ അങ്ങേരുടെ മുറ്റത്തു ചെന്നുനിന്ന് കരഞ്ഞു കാറും. കുറെ നേരം മിണ്ടാതെയിരുന്നിട്ട് എവിടെനിന്നെങ്കിലും ഒരു കുപ്പി പൊക്കിത്താങ്ങി കൊണ്ടുവരും. പങ്ക് കുടിച്ചാലും അത് പിന്നീടുള്ള കണക്കിലേക്ക് നീക്കിവയ്ക്കും.

ഹര്‍ത്താല്‍ നേരത്തെ തീരുമാനിച്ചത് കൊണ്ട് എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്തിരുന്നു. കെട്ടിയവളുടെ കരച്ചിലും പിഴിയലും വകവയ്ക്കാതെ നേരത്തെ നോട്ടമിട്ടിരുന്ന ചുവന്ന പൂവനെ ഞാന്‍ കോഴിക്കൂട്ടില്‍ നിന്നേ അറസ്റ്റ് ചെയ്തു. കാലു രണ്ടും കെട്ടി സഞ്ചിയിലാക്കി ബൈക്കിന്റെ സൈഡില്‍ ഞാത്തി. പിള്ളേര് എണീക്കുന്നതിന് മുമ്പ് തോട്ടത്തിലെ വീട്ടില്‍ അറ്റന്‍ഡന്‍സ് കൊടുത്തു. സന്ദര്‍ഭത്തിന് ചേരാത്ത വിധത്തില്‍ സഞ്ചിയില്‍ കിടന്ന് ഇടയ്ക്കിടെ ”പിള്ളേരെണീറ്റിട്ട് പോയാപ്പോ രേ,? പിള്ളേരേ.. മക്കളേ…” എന്നൊ
ക്കെ വിളിച്ചു പറയുന്ന പൂവനെ ഞാന്‍ മൈന്റ് ചെയ്തില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സ്വന്തം എസ് ഡിയില്‍ കയറി പ്രസന്നന്‍ വന്നു. ജമാലുംരാജുവും എത്തിയപ്പോള്‍ കുറച്ചു വൈകി. എല്ലാവരും കൂടി വിചാരണ ചെയ്തു കോഴിയെ വധശിക്ഷയ്ക്ക് വിധിച്ചു. രാഘവന്‍ ചേട്ടന്‍ ജമാലു കുഞ്ഞിനെ ഒന്നുനോക്കി പൂവനെ തൂക്കിയെടുത്ത് അടുക്കള മുറ്റത്തേയ്ക്ക് നീങ്ങി. പോകുന്ന
പോക്കില്‍ പ്രസന്നനോട് ഹാളിലിരിക്കുന്ന ടിവിയില്‍ എന്തോ റിപ്പയര്‍ പറഞ്ഞു. അവന് കവലയില്‍ ടിവി നന്നാക്കുന്ന കടയുണ്ട്. പ്രസന്നന്‍ പഴയ ഒനീഡയില്‍ തപ്പുകൊട്ടാന്‍ തുടങ്ങിയപ്പോള്‍ ഞാനും രാജുവും മുഖാമുഖമിരുന്ന് ചെറിയ ഉള്ളിയു
ടെയും വെള്ളുള്ളിയുടെയും ഉടുപ്പഴിച്ചു. അടുക്കളപ്പുറത്ത് നിന്ന് കത്തി മൂര്‍ച്ച കൂട്ടുന്നത് കേട്ടു. നല്ല തരിമണ്ണ് സിമന്റ് തിണ്ണയിലിട്ട് അതിന്റെ മുകളില്‍ രാകുന്ന കത്തിയുടെ കൊലവിളി. ജമാലെഴുന്നേറ്റ് ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്ത് അങ്ങോട്ട് പോയി. ചാകുന്നതിനു മുമ്പ് പൂവന് വെള്ളം കൊടുക്കാനാണ്. കത്തിയുടെ ഒച്ച നിന്നപ്പോള്‍ ഉള്ളിയെയും വെള്ളുള്ളിയെയും രാജുവിന് വിട്ടുകൊടുത്ത് കൊല നടക്കുന്നതിനു മുമ്പ് ഞാനും അങ്ങോട്ട് ചെന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ആഗസ്റ്റ്  ലക്കം ലഭ്യമാണ്‌

 

 

 

Comments are closed.