ബെസ്റ്റ് പ്രിന്റേഴ്‌സ്: സച്ചിദാനന്ദന്‍ എഴുതിയ കഥ
ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
എനിക്ക് വിസ്മയമാണോ ഭയമാണോ ഉണ്ടായത് എന്ന് പറയുക പ്രയാസം. ഒരു പക്ഷേ, നമ്മുടെ ലോകത്തിനു സമാന്തരമായി മരിച്ചവരുടെ ഒരു ലോകവും നിലനിൽക്കുന്നുണ്ടാവാം
നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മ കാണും, തൃശ്ശൂരിലെ ബെസ്റ്റ് പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തെ. അത് അറുപത്-എഴുപതുകളില്‍ വെറുമൊരു അച്ചടിശാല ആയിരുന്നില്ല, ഒരു സാംസ്‌കാരിക സ്ഥാപനംതന്നെ ആയിരുന്നു. എഴുത്തുകാരുടെയും ചിന്തകരുടെയും സഹൃദയരുടെയും ഒരു നിത്യസംഗമസ്ഥാനം. ജ്വാല, പ്രസക്തി മുതലായ ചെറുമാസികകള്‍ അവിടെയാണ് അച്ചടിച്ചിരുന്നത്. സ്വതന്ത്രമണ്ഡപം എന്ന ഒരു സായാഹ്ന പത്രവും അവിടെ അച്ചടിച്ചിരുന്നു. പ്രസ്സുടമ പി. കെ. എ. റഹീമിന്റെ സഹോദരന്‍ മുഹമ്മദ് കുഞ്ഞിയാണ് അത് ഇറക്കിയിരുന്നത്. രാവിലത്തെ പത്രം കഴിഞ്ഞുവരുന്ന റേഡിയോവാര്‍ത്തകളായിരുന്നു അതിന്റെ പ്രധാന ആശ്രയം. പിന്നെ ചില പ്രാദേശിക വാര്‍ത്തകളും ഒരു മുഖപ്രസംഗവും.
മുപ്പതു വര്‍ഷം ഡല്‍ഹിയില്‍ കഴിച്ചു തിരിച്ചുവരുമ്പോള്‍ ആ പ്രസ്സ് ഇരുന്ന പടിഞ്ഞാറേ കോട്ടയില്‍ അതില്ല. എന്നുമെന്നപോലെ എനിക്ക് വടൂക്കരയിലെ വീട്ടില്‍നിന്ന് തൃശ്ശൂര്‍ പോകാന്‍ അതിലേ ഹതാശനായി കടന്നുപോകേണ്ടി വരാറുണ്ട്. എന്നും ഞാന്‍ ആ പ്രസ്സ് നിന്നിരുന്ന സ്ഥലത്തേക്ക് വെറുതേ കണ്ണോടിക്കും.
അല്പദിവസം മുന്‍പാണ് അവിചാരിതമായി അത് സംഭവിച്ചത്: ഞാന്‍ ടൗണില്‍ ഒരു നാടകം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ രാത്രി വൈകിയിരുന്നു. റോഡുകള്‍ മിക്കവാറും വിജനം. പതിവുപോലെ പ്രസ്സ് ഇരുന്ന ഭാഗത്തേക്കു നോക്കി. അവിടെ നിന്ന് ചില ശബ്ദങ്ങള്‍ കേട്ടു, അനക്കങ്ങളും. ആരൊക്കെയോ പൊട്ടിച്ചിരിക്കുന്നു. ഒരു അച്ചടിയന്ത്രത്തിന്റെ കടകടയ്ക്കിടയില്‍ ഉയരുന്ന സംസാരം. സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിച്ച് ഞാന്‍ ഇറങ്ങി, അല്പം ഭയം കലര്‍ന്ന വിസ്മയത്തോടെ നേരേ അങ്ങോട്ട് നടന്നു.
അതാ, അതേ പഴയ ബോര്‍ഡ്, ബെസ്റ്റ് പ്രിന്റേഴ്‌സ്. അതേ പഴയ കെട്ടിടം. ചെറിയ ഉമ്മറം. അറ്റത്ത് ഒരു ചെറിയ മുറിയില്‍ പഴയ മരക്കസേരയില്‍ ഒരാള്‍. ഞാന്‍ അടുത്തുചെന്നു: റഹീം! അതേ കുറ്റിത്തലമുടി, ചെറിയ മീശ, കുസൃതിച്ചിരി. പ്രൂഫ് നോക്കുകയാണ്. പിറകില്‍ ചെന്നു ശബ്ദമുണ്ടാക്കാതെ ഞാന്‍ എത്തിച്ചു നോക്കി. മാര്‍ക്കേസിന്റെ മരണശേഷം ഇറങ്ങിയ നോവലിന്റെ മലയാളപരിഭാഷയാണ്. Until August. മൂപ്പര്‍ ടൈറ്റില്‍ പേജില്‍തന്നെയാണ്, ആഗസ്റ്റ് വേണോ ഓഗസ്റ്റ് വേണോ എന്ന് സംശയിച്ചിരിക്കയാണ്. ഞാന്‍ വിവര്‍ത്തകന്റെ പേര് നോക്കി, ഇ. കരുണാകര മേനോന്‍! എനിക്ക് തലകറങ്ങുംപോലെ തോന്നി. എങ്ങനെയാണ് ആ പഴയ വിവര്‍ത്തകന്‍ ഇയ്യിടെമാത്രം ഇംഗ്ലിഷില്‍ ഇറങ്ങിയ മാര്‍ക്കേസിന്റെ നോവലിന്റെ– കൂടുതല്‍ ശരിയായി പറഞ്ഞാല്‍ തുടര്‍ക്കഥയുടെ– പരിഭാഷകനാകുന്നത്? അതും ‘സ്പാനിഷില്‍നിന്ന് വിവര്‍ത്തനം’ എന്നും എഴുതിയിരിക്കുന്നു! കരുണാകരമേനോന്‍ മരണശേഷം സ്പാനിഷ് പഠിച്ചു എന്നോ? ജ്വാല ഇത്ര വലിയ പ്രസിദ്ധീകരണശാലയായോ?
അപ്പോഴാണ് മുറിയില്‍ ചെറിയ ഷെല്‍ഫില്‍ ഇരുന്ന ഒരു കാറ്റലോഗ് കണ്ടത്. ഞാന്‍ ശബ്ദമുണ്ടാക്കാതെ അതെടുത്തു മറിച്ചുനോക്കി. ‘ജ്വാലാ പബ്ലിക്കേഷന്‍സി’ന്റെ കാറ്റലോഗ് ആണ്. മുഴുവന്‍ പരിഭാഷകള്‍. പാമുക്കും യോസയും കുന്‍ദേരയും മുതല്‍ ബൊലാഞ്ഞോയും കൂറ്റ്‌സീയും മുറാക്കാമിയുംവരെ എനിക്ക് പ്രിയപ്പെട്ട അനേകം എഴുത്തുകാരുടെ നോവലുകള്‍ മലയാളത്തില്‍! ഞാന്‍ അറിയുന്നവരും അറിയാത്തവരുമായ പരിഭാഷകര്‍. അവയെല്ലാം പകര്‍പ്പവകാശം വാങ്ങിയാണോ പ്രസിദ്ധീകരിച്ചിരിക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടാതിരുന്നില്ല. കവിതകള്‍ അധികം കണ്ടില്ല. കണ്ടവതന്നെ യൂറോപ്പില്‍നിന്നായിരുന്നില്ല. ശ്രീലങ്ക, ജപ്പാന്‍, കൊറിയ, ചൈന, ഇന്തോനേഷ്യ, ഇറാന്‍, ഫലസ്തീന്‍ ഇങ്ങനെയുള്ള നാടുകളില്‍നിന്ന്, കേട്ടിട്ടുള്ളവരും കേള്‍ക്കാത്തവരുമായ കവികള്‍. പോള്‍ സെലാനും ഇൻഗേബോര്‍ഗ് ബാഹ് മാനുമായുള്ള സംഭാഷണങ്ങള്‍. മീവാഷിന്റെ ലേഖനങ്ങള്‍. പോള്‍ ദഹല്‌കെയുടെ ബുദ്ധകഥകള്‍. ചെസ്വാ മീവാഷിന്റെ ‘റ്റു ബിഗിന്‍ വേര്‍ ഐ ആം’, ആദം ഫിലിപ്‌സിന്റെ ‘ഇന്‍ റൈറ്റിംഗ്’ തുടങ്ങിയ പുസ്തകങ്ങളും കണ്ടു. കുറെ സമീപകാല ഇന്ത്യന്‍ നോവലുകളും. കണ്ണടച്ച് തുറക്കുമ്പോള്‍ റഹീമിന്റെ ശിരസ്സിനു ചുറ്റും ചില പുസ്തകങ്ങള്‍ പറന്നുനടക്കുന്നു!
അങ്ങനെ അത്ഭുതംകൂറി നില്‍ക്കുമ്പോഴാണ് പ്രസ്സില്‍ ജോലി ചെയ്തിരുന്ന സതീശന്‍ കടന്നുവന്നത്. സതീശന് അന്നത്തെ അതേ പ്രായം. കൈയില്‍ നിറയെ കരി പുരണ്ടിരുന്നു.
പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.