DCBOOKS
Malayalam News Literature Website

ഗ്രിഗറി പെക്ക് എന്ന പൂച്ച; അന്‍വര്‍ അബ്ദുള്ള എഴുതിയ കഥ

 

”കുറേനേരത്തിനുശേഷം, മൂപ്പന്‍ പറഞ്ഞു,
അതിനെ ഒന്നും ചെയ്യണ്ടാടാ…
ആണൊരുത്തന്‍ നീരുമൊലി
പ്പിച്ചു കെടക്കുന്നെടത്തു
പെണ്ണൊരുത്തി
മണത്തുവരും.
അതൊള്ളതാ!..

റെവിന്‍ എന്ന നായ

ഞാന്‍ ഒരു നായയാണ്! നായേ എന്നു വിളിച്ചാല്‍ വിളികേള്‍ക്കാനും വാലാട്ടാനും വിധിക്കപ്പെട്ടവന്‍. അത്രപോലും വിളിക്കാന്‍ കാരുണ്യമില്ലാത്തവര്‍ പട്ടീ എന്നു വിളിച്ചാലും മുനങ്ങിക്കൊണ്ടുചെല്ലണം. ഇതെല്ലാം പണ്ടാണ്. ഗ്രിഗറിമൂപ്പന്റെയടുത്ത് എത്തുന്നതിനു മുന്‍പത്തെക്കാലം. ഇവിടെ വന്നതിനുശേഷമാണ് നായ എന്നാണ് ഞങ്ങള്‍ ആണുങ്ങളെ വിളിക്കേണ്ടതെന്നും പട്ടീ എന്ന വിളി പെണ്ണുങ്ങളെയാണു വിളിക്കുന്നതെന്നും തിരിഞ്ഞതുതന്നെ. അപ്പോള്‍ ഇക്കണ്ട കാലമത്രയും കേട്ട പട്ടീവിളികള്‍ തലച്ചോറില്‍ക്കിടന്നു പുളിച്ചു. അതെല്ലാം രാത്രിയില്‍ നേര്‍ത്ത ഓരികളായി പുറത്തുവിട്ടുതീര്‍ത്തു. രാത്രിയില്‍ ഓരിയിടുന്നതിന് ഗ്രിഗറിമൂപ്പന്‍ എതിരല്ല. അതു കേട്ടിട്ട് മൂപ്പന് ഉറക്കം പോയിട്ടുമില്ല. അല്ലെങ്കില്‍ത്തന്നെ ഒരുതരം പാതിയുറക്കമാണു മൂപ്പന്റേത്. അതിനിടയില്‍ എന്റെ ഓരികള്‍ ഒരു താരാട്ടുതരംഗമായിട്ടാണുപോലും മൂപ്പനു തോന്നാറുള്ളത്. ഇതെല്ലാം മദ്യം മയക്കി തല മെല്ലെയാടുമ്പോള്‍ വരുന്ന ഗീര്‍വാണങ്ങളാണേ.

ഈ പുരയിടത്തിലേക്ക് ആരും വിളിച്ചുകയറ്റിയതല്ല. പേടിയും മരണവും കൂടി ഓടിച്ചുകേറ്റിയതാണ്. തന്തയെയും തള്ളയെയും കണ്ട ഓര്‍മയില്ല. തന്ത കേമനായിരുന്നിരിക്കാന്‍ വഴിയുണ്ട്. കാരണം, കുരയുടെ കനം കേള്‍ക്കുമ്പോള്‍ ഗ്രിഗറിമൂപ്പന്‍ തന്തക്കൊണമൊണ്ടെന്നു തോന്നുന്നു എന്നു മൊഴിയാടാറുണ്ട്.
അതു ഭാഗ്യം! തന്തയായെന്തിനു നില്‍ക്കണം, തന്തയായിരുന്നാല്‍മതിയെന്നു മനസ്സുപറയും അപ്പോള്‍. പുറത്തെ ഇടവഴിയിലൂടെ ഇരുട്ടുപറ്റി നടക്കുമ്പോള്‍ ഓടിച്ചത് മനുഷ്യരാരുമല്ല; സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തന്നെ. അവര്‍ ഒരു പടയുണ്ടായിരുന്നു. ആണും പെണ്ണും ചെറുതും വലുതും എല്ലാം. തെരുവില്‍ വളര്‍ന്ന് തെരുവിന്റെ സകല ക്രൂരതയും മുഖത്തും നഖങ്ങളിലും പല്ലുകളിലും ആവാഹിച്ചവര്‍. കുറുക്കന്റെയും ചെന്നായയുടെയും വംശവൈകൃതങ്ങള്‍ ഇന്നും ചോരയിലോടുന്നവര്‍. എന്തൊരാക്രമണമായിരുന്നു വെന്നോര്‍ക്കാന്‍ വയ്യ! വാലിന്റെ തുഞ്ചിലും കഴുത്തിലും കടിപെട്ടതാണ്. കരുത്തുമുഴുവന്‍ തിരിച്ചടിക്കു
പകരം വേഗത്തിലുള്ള തിരിച്ചോട്ടത്തിനുപയോഗിച്ചു. ഈ വമ്പന്‍മതില്‍ കടക്കാനാകുമെന്നു കരുതിയതല്ല. മൂന്നുചാട്ടമെങ്കിലും ഉയരമുള്ള
മതില്‍, ഒന്നാമത്തെ ചാട്ടത്തില്‍ അള്ളിപ്പിടിച്ച്, അവിടന്ന് കുതിച്ചപ്പോള്‍, മേലട്ടിയില്‍ അല്പം പിടിത്തം കിട്ടി. താഴെ സ്വവര്‍ഗ്ഗം കുരച്ചുനില്‍ക്കുന്ന മരണത്തിന്റെ കിടങ്ങായിത്തോന്നിയതുകൊണ്ട് പിടിച്ചങ്ങുകയറി. സത്യം പറയാമല്ലോ, അതിനുശേഷം,ഇത്രയും നാളായല്ലോ. അതേ മതില്‍ തിരിച്ചുചാടുന്നത് സ്വപ്നത്തില്‍പ്പോലും ഓര്‍ക്കാനാകുന്നില്ല.

അകത്തുവന്നപ്പോള്‍ കുറേശ്ശേ പേടി തോന്നുകയാണു ചെയ്തത്. പരന്നുകിടക്കുന്ന പറമ്പ്. അനക്കമില്ലാതെ, ഇറ്റുവെളിച്ചം മാത്രം തൂകുന്ന വീട്. ആള്‍താമസമില്ലെന്നുതോന്നി. എങ്കില്‍ ആശ്വാസമെന്നു കരുതി. ഗേറ്റ് അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. പുറത്തു മതിലിനു നീളത്തില്‍ റോന്തിട്ടുള്ള കുരയുടെ വൃത്തങ്ങള്‍ മെല്ലെ അകന്നുപോയപ്പോള്‍ മനസ്സിലായി, അവയിലൊന്നിനുപോലും ആ മതില്‍ ചാടാനാകില്ല. അതുകൊണ്ടു സമാധാനവും തോന്നി. ഇരുട്ടില്‍ മണ്ണുപറ്റിയെവിടെയോ കിടന്നു. തിളങ്ങുന്ന കണ്ണുകളില്‍ ഇരുട്ട് വെളിച്ചംപോലൈ മിന്നി.

കാലത്ത്, മരവാതില്‍ വലിയവായിലേ കരഞ്ഞുകൊണ്ടു പിളര്‍ന്നപ്പോഴാണ് ആള്‍ത്താമസമുള്ള സ്ഥലമാണെന്നു പിടികിട്ടിയത്. ഇറങ്ങിവന്ന പടുകൂറ്റന്‍ മനുഷ്യനെക്കണ്ട് പേടിച്ചുപോയി. ശരിക്കും ഒരു ഭീമാകാരന്‍. കനത്ത മീശയും പറ്റേ വെട്ടിച്ച മുടിയും ഏതാണ്ട് പൂര്‍ണ്ണമായി നരച്ചിരുന്നു. പ്രായം ശരിക്കുണ്ടായിരുന്നിട്ടും ദേഹത്തിന്റെ കനവും കരുത്തും എടുത്തുനിന്നു. കാലു
വലിച്ചൊരെണ്ണം തന്നാല്‍ ഞാന്‍ ഒരു കാതമെങ്കിലും തെറിക്കുമെന്നുതോന്നി. ഓടാനിനി വഴിയില്ലെന്നപോലെ പതുങ്ങിക്കിടന്നു. വാലുമുറിഞ്ഞതാണ് മൂപ്പന്റെ കണ്ണിലാദ്യം പെട്ടതെന്നുതോന്നുന്നു. മൂപ്പന്‍ അടുത്തുവന്നു കുനിഞ്ഞു സൂക്ഷിച്ചു
നോക്കി. പിന്നെ, കൈ ഒരു തഞ്ചത്തില്‍ നീട്ടി. കടിക്കുന്ന ഇനമാണോ എന്നു പരീക്ഷിക്കുകയാണെന്നു മനസ്സിലായി. അതുകൊണ്ടുതന്നെ ദയനീയമായി മുരങ്ങിക്കൊണ്ട് വാലാട്ടിക്കാട്ടി. അടിയറ പറയുന്ന ആംഗ്യംപോലെ, മുന്‍കാലുകള്‍ പരമാവധി മണ്ണിനോടു ചേര്‍ത്തുപരത്തി.

ഏറ്റവും കുട്ടിയായിരുന്നപ്പോള്‍, ഒരു പറമ്പില്‍ അമ്മ ഞങ്ങള്‍ കുഞ്ഞുങ്ങള്‍ അഞ്ചെണ്ണത്തിനെയും കൊണ്ടുവന്നാക്കിയിട്ട് തീറ്റതേടിപ്പോയിരുന്നു. പറമ്പിന്റെ ഉടയോക്കാര്‍ വന്ന് കല്ലുവലിച്ചു തുരുതുരാ എറിയാന്‍ തുടങ്ങി. അത്തരം ആപത്തുവന്നാല്‍, ഓടി അടുത്ത പറമ്പില്‍ക്കേറാന്‍, മതിലിന്റെ കോണിലൊരു വിള്ളല്‍പ്പൊത്ത് കാണിച്ചുതന്നിട്ടായിരുന്നു അമ്മ പോയത്. എന്നാല്‍, ഞങ്ങളഞ്ചും ഓടി വിള്ളല്‍പൊത്തിനുമുന്നിലെത്തിയപ്പോഴാണു കെണിയറിയുന്നത്. ആ പൊത്ത് ഒരു വെട്ടുകല്ലുവെച്ചടച്ചിട്ടായിരുന്നു കല്ലാക്രമണം. എന്നേക്കാള്‍ ശേഷിയുള്ളതുങ്ങളായിരുന്നു ബാക്കിനാലും. അവറ്റ എത്രയോ പരിശ്രമിച്ചിട്ടാണെങ്കിലും മതില്‍ താണ്ടി അപ്പുറം ചാടി. അതിനിടെ ഏതാനും കല്ലുകള്‍ ഞങ്ങളെല്ലാര്‍ക്കും അവിടെയുമിവിടെയും കൊണ്ടിരുന്നു. എനിക്കു മതിലുചാടാന്‍ പറ്റിയില്ല. ഞാന്‍ വെട്ടുകല്ലുകൊണ്ടു മൂടിയ പൊത്തിനുമുന്നില്‍പ്പോയി ദീനം കരഞ്ഞുനിന്നു. ഒരു വലിയ കല്ലെടുത്തൊരാള്‍ കീച്ചുന്നതുകണ്ടു. രണ്ടുകൈയും കൊണ്ടു തലപൊത്തി, മോങ്ങിക്കൊണ്ട് നിലത്തുപറ്റിയിരുന്നു. എന്നാലെങ്കിലും എറിയില്ലെന്നുകരുതി. അങ്ങനെയല്ലുണ്ടായത്. അയാള്‍ ഉന്നം ശരിക്കുനോക്കി, കൃത്യം തലയ്ക്കു
നോക്കി എറിഞ്ഞു. ഇന്നും പോയിട്ടില്ല ആ വേദന. വേദനിപ്പിക്കുമ്പോള്‍ എല്ലാവരും രസിക്കുന്നു. വേദനിക്കുന്നവര്‍ വെറും വേദനിക്കുന്നവര്‍ മാത്രമല്ല, അവര്‍ വെറും ഇരമാത്രമല്ല, അവര്‍ കോമാളികള്‍ കൂടിയാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.