അതിജീവനത്തിന്റെ കഥാഖ്യാനങ്ങള്‍
സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ജോസഫ് കെ. ജോബ്
ഭൂമിയുടെ ദുരന്തങ്ങളില്‍ നിലയറ്റുപോയ മനുഷ്യര്‍ എഴുതിക്കൂട്ടിയ കുറെ എഴുത്തുകള്‍ എവിടെയൊക്കെയോ കുമിഞ്ഞുകൂടിക്കിടപ്പുണ്ട്. സമൂഹത്തിന്റെ അഗാധമായ ഉത്കണ്ഠകളെയും ഭയങ്ങളെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി വര്‍ത്തിക്കുന്നവയാണ് സാഹിത്യകൃതികള്‍. അതുകൊണ്ടുതന്നെ ദുരന്തങ്ങളുടെ ആഖ്യാനങ്ങള്‍ സാഹിത്യരചനയ്ക്കു നിദാനമാകുന്നത് സ്വാഭാവികവുമാണ്. ഇതിവൃത്തത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും ആഖ്യാനത്തിലൂടെയും ബിംബകല്പനകളിലൂടെയുമെല്ലാം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന മനുഷ്യാവസ്ഥയെക്കുറിച്ച് എഴുത്തുകാര്‍ പലകാലങ്ങളില്‍ ആവിഷ്‌കരിച്ചുവച്ചിട്ടുണ്ട്.
മനുഷ്യനടക്കമുള്ള എത്രയോ ജീവജാലങ്ങൾ മണ്ണടിഞ്ഞു കിടക്കുന്ന ഭൂമിക്കു മുകളിലാണ് നാമിങ്ങനെ ജീവിച്ചിരിക്കുന്നത്. നിൽക്കുന്ന തറയ്ക്കു കീഴെ മഹാദുരന്തങ്ങളിലോ യുദ്ധങ്ങളിലോ മരിച്ചുപോയവരുടെ ദേഹങ്ങൾ കിടക്കുന്നുണ്ടാവാം. വീണ്ടെടുക്കാൻ കഴിയാതെപോയവരുടെ മൃതദേഹങ്ങളിലായിരിക്കാം നാം ചിലപ്പോൾ കാലൂന്നിനിൽക്കുന്നത്. കോവിഡിനും കോളറയ്ക്കും പ്ലേഗിനും മുൻപ് നാം അറിയാത്ത എത്രയോ മഹാമാരികൾ ഇവിടെ ദുരിതം വിതച്ചു കടന്നുപോയിട്ടുണ്ടാകണം. മനുഷ്യരോ മൃഗങ്ങളോ പേരറിയാത്ത കീടങ്ങളോ സൂക്ഷ്മജീവികളോ രോഗാണുക്കളോ ഒക്കെയായിരിക്കാം അവയുടെ കാരണങ്ങൾ. ഒന്നും നമുക്കറിയില്ല. ഭൂചലനങ്ങളും പ്രളയവുമൊക്കെ വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിവച്ച ഭൂമിയാണിത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വലിയ വ്യതിയാനങ്ങൾ വരുത്തിയാണ് ഓരോ മഹാദുരന്തവും കടന്നുപോകുന്നത്. ദുരന്തങ്ങൾ വരുത്തിവച്ച മാനസികാഘാതങ്ങളും കടുത്ത വേദനകളും സഹനങ്ങളും പ്രതിഫലിക്കുന്നവയാണ് മനുഷ്യരുടെ ആവിഷ്കാരങ്ങളെല്ലാം. നാം ഇതുവരെ രൂപപ്പെടുത്തിയ ഈ ജീവിതം അതിജീവനത്തിന്റെയും പ്രതിരോധത്തിന്റേതുമാണ്. സാഹിത്യം അവയുടെ അക്ഷരരൂപമാർജ്ജിക്കുന്നു.
ഭൂകമ്പങ്ങൾ, ഉരുൾപൊട്ടലുകൾ, മണ്ണിടിച്ചിൽ, അഗ്നിപർവ്വതസ്ഫോടനങ്ങൾ, സുനാമി, പ്രളയം, ഹിമപാതങ്ങൾ, കാട്ടുതീ, ചുഴലിക്കൊടുങ്കാറ്റ്, അഗ്നിതരംഗങ്ങൾ, കീടാക്രമണങ്ങൾ, പകർച്ചവ്യാധികൾ, മഹാമാരികൾ എന്നിങ്ങനെ പ്രകൃതി ഒരുക്കിവെക്കുന്ന മഹാദുരന്തങ്ങൾ ഒരു ഭാഗത്ത്. യുദ്ധങ്ങൾ, വംശഹത്യകൾ, രാജ്യവിഭജനങ്ങൾ, രാഷ്ട്രീയസംഘർഷങ്ങൾ, മതവർഗീയകലാപങ്ങൾ, കൂട്ടപ്പലായനങ്ങൾ എന്നിങ്ങനെ മനുഷ്യന്റെ ദുഷ്ടതകൊണ്ടുമാത്രമുണ്ടായ മഹാദുരന്തങ്ങൾ മറ്റൊരു ഭാഗത്ത്. കരയിലും വെള്ളത്തിലും ആകാശത്തും സഞ്ചരിക്കുന്ന വാഹനങ്ങളുടെ അപകടങ്ങളാണ് മറ്റൊരു വക. ലോകത്തുണ്ടായ ദുരന്തങ്ങളെയെല്ലാം ഇത്തരത്തിൽ പലതായി വേർതിരിക്കാൻ കഴിയുമായിരിക്കുമെങ്കിലും സൂക്ഷ്‌മമായി നോക്കിയാൽ പ്രഹരസ്വഭാവത്തിലും ഫലത്തിലും അവയെല്ലാം ഒരുപോലെയാണ്. നാശം വിതച്ച് കടന്നുപോവുക എന്നതുതന്നെയാണ് അവയുടെയൊക്കെ ഏകലക്ഷ്യം. തുടർച്ചയെന്നോണം വന്ന പ്രളയവും മഹാമാരിയും നമ്മുടെ നാടിനെ ഉലച്ചുകളഞ്ഞത് ഏതാണ്ട് സമാനമായ രീതിയിലാണെന്ന് നാം കണ്ടുകഴിഞ്ഞു. ഒട്ടേറെപ്പേരെ കൊന്നും പരിക്കേല്പിച്ചും നിരാലംബരാക്കിയും ജീവിതത്തിലാകമാനം ഭീതിയും ആശങ്കകളും നിറച്ചുകൊണ്ട് അവയൊക്കെ കടന്നുപോകുകയും ചെയ്യും. ഈ ദുരന്തങ്ങളായ ദുരന്തങ്ങളെക്കുറിച്ചെല്ലാം മനുഷ്യർ അതത് കാലങ്ങളിൽ ചരിത്രങ്ങളായും സാഹിത്യമായും പലതും എഴുതിയിട്ടുണ്ട്. എല്ലാ ആഖ്യാനരൂപങ്ങളിലും കലാരൂപങ്ങളിലും അവ ഇടംപിടിച്ചിട്ടുമുണ്ട്. മാനവചരിത്രത്തിൽ നീണ്ടുപരന്നുകിടക്കുന്ന ഈ ദുരന്തമെഴുത്തുകളെയെല്ലാം ഓർത്തെടുക്കാനോ സമഗ്രമായി ചേർത്തുകെട്ടാനോ ഒന്നും ആർക്കും സാധ്യമാവുകയില്ല. അവിസ്മരണീയമായ ചില സാഹിത്യാഖ്യാനങ്ങളോ ഫോട്ടോഗ്രാഫുകളോ ചലച്ചിത്രങ്ങളോ ഒക്കെയാണ് ചില ദുരന്തങ്ങളെ നമ്മുടെ ഓർമ്മകളിൽ എന്നും നിലനിർത്തുന്നത്. ദുരന്തത്തിന്റെ ആഘാതത്തെക്കുറിച്ച് വലിയ ഉൾക്കാഴ്ചകൾ പകർന്നുനൽകുന്ന കാര്യത്തിൽ സാഹിത്യമാണ് എന്നും മുന്നിൽ നിന്നിട്ടുള്ളത്.
ഏറ്റവും ഒടുവിൽ നാം കണ്ട ദുരന്തം വയനാട്ടിലെ ചൂരൽമലയിലേതാണ്. ഉരുൾപ്പൊട്ടലിൽ ഒരു പ്രദേശം മുഴുവൻ ഒലിച്ചുപോയതിന്റെ ഭീകരചിത്രം കണ്ണിൽനിന്ന് മാറിപ്പോയിട്ടില്ല. ഒരു പ്രദേശം അതിജീവനത്തിനുള്ള ശ്രമത്തിലാണ്. വെള്ളച്ചാട്ടത്തിൽ ജീവൻ പൊലിഞ്ഞുപോയ ഒരു പെൺകുട്ടി, ഒരു പക്ഷിയായി പുനർജനിക്കുന്ന കഥ ചൂരൽമലയ്ക്കരികിലെ വെള്ളാർമല സ്കൂളിൽ പഠിക്കുന്ന ലയ എന്ന പെൺകുട്ടി എഴുതിയിട്ടുണ്ട്. മാതാപിതാക്കളുടെ അനുവാദമില്ലാതെ വെള്ളച്ചാട്ടം കാണാൻ വരുന്ന തന്റെ രണ്ടു കൂട്ടുകാരികളെ ആ പക്ഷി കാണുന്നു. അവരെ രക്ഷിക്കാനുള്ള ആഗ്രഹത്തോടെ ആ പക്ഷി അവരോടു പറയുകയാണ്: “ഇവിടം വിട്ട് നിങ്ങൾ പൊയ്ക്കോ. വേഗം രക്ഷപ്പെട്ടോ. വലിയൊരു ദുരന്തം ഇവിടെ വരാനിരിക്കുന്നു. മഴവെള്ളപ്പാച്ചിലിൽനിന്ന് ഉടൻ രക്ഷപ്പെട്ടോളൂ…” ‘വെള്ളാരങ്കല്ലുകൾ’ എന്നു പേരിട്ട സ്കൂൾ ഡിജിറ്റൽ മാഗസിനിൽ കഴിഞ്ഞ വർഷമാണ് ആ കഥ പ്രസിദ്ധീകരിക്കപ്പെട്ടത്. ഉരുൾപൊട്ടലിൽ അപ്രത്യക്ഷമായിപ്പോയ ചൂരൽമല പ്രദേശത്തുള്ള വെള്ളാർമല സ്കൂളിലാണ് അവൾ പഠിച്ചിരുന്നത്. അറംപറ്റിയ വാക്കുകളായി പത്രമാധ്യമങ്ങളൊക്കെ ഇത് അവതരിപ്പിച്ചു കണ്ടിരുന്നു. സമീപപ്രദേശങ്ങളായ മുണ്ടക്കൈയിലും പുത്തുമലയിലും കവളപ്പാറയിലും നാശം വിതച്ച ഉരുൾപൊട്ടലിന്റെ ഓർമ്മകൾ ആശങ്കകളായും ഭീതിയായും മനസ്സിൽ പേറുന്നതുകൊണ്ടായിരിക്കണം ആ പെൺകുട്ടി ഇത്തരമൊരു കഥയെഴുതിയത്. ആ ദുരന്തത്തിൽ ഇതുവരെയും കണ്ടുകിട്ടാത്ത നിരവധി പേരുണ്ട്. അവളുടെ അച്ഛനും അക്കൂട്ടത്തിൽപെടുന്നുണ്ടെന്ന് കേൾക്കുന്നു. ഒരു ദുരന്തം തലയ്ക്കു മുകളിൽ എപ്പോഴും പ്രതീക്ഷിച്ചു കഴിഞ്ഞുകൂടുന്ന മനുഷ്യരുടെ പ്രതിനിധിയാണ് ആ പെൺകുട്ടി. അവൾ തന്റെ ആശങ്കകൾക്ക് അക്ഷരരൂപം നൽകുകയായിരുന്നു. അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലങ്ങളിലെ മനുഷ്യർക്കെല്ലാം ഇത്തരത്തിലുള്ള ഭയാശങ്കകളുണ്ട്. അവരെല്ലാം ഇങ്ങനെ പലതും എവിടെയെങ്കിലും കുറിച്ചുവയ്ക്കുന്നുണ്ടാവും.
പൂര്‍ണ്ണരൂപം 2024 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്
Comments are closed.