DCBOOKS
Malayalam News Literature Website

സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം; ഒളിംപേ ഡി ഗൗജസിന്റെ ജീവിതവും രാഷ്ട്രീയ സിദ്ധാന്തവും ഒരു സ്വതന്ത്രപഠനം

രതീദേവിയുടെ ‘സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം’ എന്ന പുസ്തകത്തിന് ജോയ് എബ്രഹാം വള്ളുവനാടന്‍ എഴുതിയ വായനാനുഭവം  (കടപ്പാട്- ഫേസ്ബുക്ക്)

ലോകത്ത് പരക്കെ വായിക്കപ്പെടുന്ന ”മഗ്ദലീനയുടെ (എന്റെയും) പെൺസുവിശേഷം എന്ന ആദ്യനോവലിലൂടെ ചരിത്രത്തിനെ പൊളിച്ചെഴുതുകയാണ് രതീദേവി നടത്തിയതെങ്കിൽ “സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം- ഒളിംപേ ഡി ഗൗജസിന്റെ ജീവിതവും രാഷ്ട്രീയ സിദ്ധാന്തവും ഒരു സ്വാതന്ത്രപഠനം” എന്ന പുസ്തകം ചർച്ചചെയ്യുന്നത് ലോകത്തിലാദ്യമായി താൻ എഴുതിയ രാഷ്ട്രീയരചനയുടെ പേരിൽ ഗില്ലറ്റിനിൽ വധിക്കപ്പെട്ട (1793) ആദ്യ സ്ത്രീ ഒളിംപേ ഡി ഗൗജസിനെക്കുറിച്ചാണ്. പുരുഷനാൽ നിർമ്മിക്കപ്പെട്ട ലോകത്ത് അവൻ നിർമ്മിക്കുന്ന നിയമങ്ങളുടെ ഗുണഭോക്താക്കൾ അവൻതന്നെയായിരിക്കണമെന്ന് ഫ്രഞ്ച് വിപ്ലവത്തിലെ ബുദ്ധിജീവികൾ തീരുമാനിച്ചു. അവർ പുരുഷലോകത്തിനുവേണ്ടി പുരുഷന്മാരുടെ അവകാശ പ്രഖ്യാപനം എഴുതി. ലോകത്തിനെ ജനാധിപത്യ സങ്കല്പത്തിലേക്കും ജനാധിപത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കും നയിക്കുകയെന്ന ഉത്കൃഷ്ടമായ കാര്യമാണവർ ചെയ്തത്. പക്ഷേ, അവിടെ വിപ്ലവത്തിനുവേണ്ടി അവനോടൊപ്പം തോൾ ചേർന്ന് പൊരുതിയവളെ (ഒളിംപേയെ) എന്തുകൊണ്ടാണ് അവൻ വധിച്ചത്? വീട് തലയിൽ പേറി നടക്കാത്ത ഒട്ടനവധി സ്ത്രീകൾ അന്ന് പാരീസിൽ ഉണ്ടായിരുന്നു. അതിൽ ഒളിംപേയും ഉൾപ്പെട്ടിരുന്നു. സ്ത്രീകളെ ഗാർഹികമണ്ഡലത്തിലേക്കും മാതൃത്വത്തിലേക്കും തരംതാഴ്‌ത്തേണ്ടവളാണെന്ന് പുരുഷന്മാർ വാദിച്ചു. വിപ്ലവത്തിന്റെ ഭാഗമായി പുരുഷനോട് ഒപ്പം നിന്ന് പ്രവർത്തിക്കുവാനും, അതിലൂടെ സ്ത്രീകളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാമെന്നും ആദ്യകാലത്ത് ഒളിംപേ ചിന്തിച്ചു. പക്ഷേ, സ്ത്രീകളുടെ സ്തനങ്ങൾ, സ്ത്രീകളെ പൗരത്വത്തിൽനിന്നും രാഷ്ട്രീയ അധികാരം വിനിയോഗിക്കുന്നതിൽനിന്നും തടയേണ്ടതിന്റെ സ്വാഭാവിക അടയാളമായി പുരുഷന്മാർ കണ്ടു. ഇതിനെതിരേ, സ്ത്രീകളുടെ ലിംഗ സമത്വത്തിനും സ്വത്വാവിഷ്‌കാരത്തിനും വേണ്ടി ഒളിംപേ രചിച്ച സിദ്ധാന്തത്തിന്റെയും പോരാട്ടത്തിന്റെയും ഉള്ളടക്കമാണീ കൃതി.
Textഒളിംപേ ഡി ഗൗജസ് (1791) ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്, സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയതിനാണ്. എന്നാൽ അവളുടെ അഗാധമായ മാനവികത എല്ലാ രൂപത്തിലുള്ള വിവേചനത്തെയും അക്രമത്തെയും അടിച്ചമർത്തലിനെയും ശക്തമായി എതിർക്കാൻ അവളെ പ്രേരിപ്പിച്ചു. അവളുടെ കാലത്തെ ശക്തമായ വൃത്തങ്ങളിൽ ഇടം നിഷേധിക്കപ്പെട്ട അവൾ പാരീസിനു ചുറ്റും സ്വതന്ത്രമായി പ്രചരിപ്പിച്ച വിസ്മയിപ്പിക്കുന്ന ലഘുലേഖകളും പോസ്റ്ററുകളും എഴുതി അവളുടെ രാഷ്ട്രീയ ശബ്ദം കണ്ടെത്തി. അനീതിക്കും അസമത്വത്തിനുമെതിരായ അവളുടെ പോരാട്ടങ്ങൾ, ഐക്യദാർഢ്യവും സഹവർത്തിത്വവും പ്രബലമാകണമെന്ന അവളുടെ വിശ്വാസം, സ്വേച്ഛാധിപത്യങ്ങളോടുള്ള അവളുടെ വെറുപ്പും അധികാരത്തിന്റെ ദുഷിച്ച സ്വാധീനവും, അവളുടെ അഗാധമായ സമാധാനവാദം, മനുഷ്യരാശിയോടുള്ള അവളുടെ ബഹുമാനം, പ്രകൃതി സ്നേഹം, തീർച്ചയായും അവളുടെ ഗ്രന്ഥങ്ങൾ. സ്ത്രീകൾക്ക് സമൂഹത്തിൽ മൂല്യവത്തായ ഒരു പങ്ക് അനുവദിക്കണമെന്നാണ് ആഗ്രഹം. അവൾ അടിമത്തത്തിനും വധശിക്ഷയ്ക്കും എതിരെ അപേക്ഷിച്ചു, കൂടുതൽ തുല്യമായ സമൂഹത്തെ സ്വപ്നം കണ്ടു, സമ്പത്ത് കൂടുതൽ ന്യായമായി വിഭജിക്കാൻ പ്രാപ്തമാക്കുന്നതിന് ബുദ്ധിപരമായ നികുതി പദ്ധതികൾ നിർദ്ദേശിച്ചു. ഒരു തരത്തിലുള്ള ക്ഷേമ രാഷ്ട്രം, ജൂറിയുടെ വിചാരണ, സ്ത്രീകളെയും കുട്ടികളെയും ശിക്ഷയിൽ നിന്ന് സംരക്ഷിക്കുന്നതിന് ന്യായമായ വിവാഹമോചന നിയമങ്ങൾ എന്നിവയ്ക്കായി അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നാടകത്തിന്റെ ശക്തിയിൽ വിശ്വസിച്ച അവർ സമകാലിക ആശങ്കകളെ സമർത്ഥമായി ഉയർത്തിക്കാട്ടുന്ന നിരവധി നാടകങ്ങൾ എഴുതി.

അവളുടെ കാലത്തെ മുൻവിധികളോ വിമർശകരുടെ ഇകഴ്ത്തലുകളോ ഭീകരതയുടെ സമയത്ത് തുറന്ന് പറയുന്നതിന്റെ അന്തർലീനമായ അപകടങ്ങളോ അവളെ നിശബ്ദയാക്കാൻ ഒളിംപേ ഡി ഗൗജ് ഒരിക്കലും അനുവദിച്ചില്ല. ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ അനിയന്ത്രിതമായി പ്രകടിപ്പിച്ചതിനാൽ, ഫ്രഞ്ച് വിപ്ലവത്തിന്റെ അവസാന വർഷങ്ങളിൽ അധികാരത്തിലിരുന്നവർ അവളെ അപകടകാരിയായ ഒരു പ്രക്ഷോഭകാരിയായി കണക്കാക്കി. 1793 നവംബർ 3-ന് പാരീസിൽ വെച്ച് അവളെ ഗില്ലറ്റിൻ ചെയ്തു.

ഉത്തരാധുനികതയുടെ സവിശേഷഘടകങ്ങളില്‍ ഒന്നായ സ്ത്രീ സ്വത്വവാദത്തിന്റെ (feminist identity) ഭാഗമായി ലോകത്താകമാനം അതിനായി ജീവിതം സമര്‍പ്പിച്ച സ്ത്രീകളുടെ ചരിത്രത്തെ പുനര്‍വായിച്ചപ്പോള്‍, ഇരുനൂറു വര്‍ഷത്തിനു ശേഷം ഒളിംപേയെ ഫ്രഞ്ച് ജനത ആവേശപൂര്‍വ്വം ഹൃദയത്തിലേറ്റി. കേരളത്തില്‍ മുലക്കരം നിര്‍ത്തലാക്കുവാന്‍ ജീവന്‍ ത്യജിച്ച നങ്ങേലിയെ സ്ത്രീ സ്വത്വവാദത്തിന്റെ
ഭാഗമായി ചരിത്രത്തില്‍ നിന്നും അടുത്ത കാലത്തു കേരളസമുഹം വീണ്ടെടുത്തതുപ്പോലെ , ഫ്രഞ്ച് ജനത ഒളിംപേയെ വിസ്മൃതിയില്‍ നിന്നും വീണ്ടെടുത്തു. അതിന്റെ ഭാഗമായി സമീപകാലത്തു 2004 മാർച്ച് 6-ന്, പാരീസിലെ പല ജംഗ്ഷനുകള്‍ക്ക് ഒളിംപേ ഡി ഗൗജസിന്റെ പേര് നല്കി ബഹുമാനിച്ചു.

സ്ത്രീകളുടെയും, ലൈംഗികന്യുനപക്ഷത്തിന്റെയും ചരിത്രത്തെ തെറ്റായി വ്യഖ്യാനിക്കുകപ്പെടുകയോ , അല്ലെങ്കില്‍ ശരിയായ ചരിത്രം ലിഖിതപ്പെടുത്തുകയോ ചെയ്യാറില്ല. ലോകാത്താകമാനം ഈ പ്രവണതയാണ് നിലനിന്നിരുന്നത് .ഇതില്‍ സ്ത്രീകളുടെ രാഷ്ട്രീയവും, സാമുഹികവും, സാംസ്കാരികവുമായ ഇടപെടലിനെ പലയിടത്തും തെറ്റായി വ്യാഖ്യാനിച്ചു. ഇതിനെതിരെ ഉത്താധുനികതയിലെ സ്ത്രീ സ്വത്വവാദികള്‍ പോസ്റ്റ്‌മോഡേണിസം, പോസ്റ്റ്‌സ്ട്രക്ചറലിസം, മെറ്റാമോഡേണിസം, ഡികണ്‍സ്ട്രക്ചറലിസം എന്നീ ഘടനയിലൂടെ അവരുടെ രചനകളെ ആവിഷ്കരിക്കുവാന്‍ തുടങ്ങി.

ഇതൊരു ഉദാഹരണത്തിലൂടെ വെളിവാക്കാം. ജീസസ്സിന്റെ പ്രഥമശിഷ്യയായിരുന്ന മേരി മഗ്ദലീനയെ ബൈബിളില്‍ ഒരു വേശ്യയായി ചിത്രീകരിച്ച്‌ തരംതാഴ്ത്തുകയായിരുന്നു. ഇതിനു ബദലായി, ചരിത്രത്തില്‍ നിന്നും വിജ്ഞാനകേന്ദ്രങ്ങളില്‍നിന്നും മേരി മഗ്ദലീനയുടെ യഥാര്‍ഥ ചരിത്രം ഖനനം ചെയ്തെടുക്കുകയും നിലനിന്നിരുന്ന തെറ്റായ ചരിത്രത്തെ ഉടച്ചു പണിയുകയും( ഡീകൺസ്ട്രക്റ്റിവിസം) അതോടെ മേരി മഗ്ദലീന ജ്ഞാനവതിയായ സ്ത്രീയായി വ്യഖ്യാനിക്കുകയുമാണ് , ‘മേരി മഗ്ദലീനയുടെയും (എന്റെയും) പെണ്‍സുവിശേഷം’ എന്ന നോവലിലൂടെ രതീദേവി ചെയ്‌തത്‌. രണ്ടായിരം വര്‍ഷത്തിനു മുന്‍പ് ജീവിച്ചിരുന്നുവെന്നു പറയപ്പെടുന്ന മേരി മഗ്ദലീനയുടെ കഥ പറയുമ്പോൾ നോവലിസ്റ്റ് (Auto-fiction) സ്ത്രീ സ്വത്വാവിഷ്‌ക്കാരം ( Feminist- identity) കൂടിയാണ് നിര്‍വഹിച്ചത്.

ഇന്ത്യയില്‍ ഒളിംപേയെ കുറിച്ചു അക്കാദമിക് തലത്തില്‍ ആകെയുള്ള ഒരു വിവരണം ഒന്‍പതാം ക്ലാസ്സിലെ സി.ബി.എസ്.ഇ സിലബസിലെ സാമുഹ്യപാഠം പുസ്തകത്തിലെ ഒരു പാരഗ്രാഫില്‍ ഒതുങ്ങുന്ന വിവരണമാണ്. സ്ത്രീകളുടെ മൗലിക അവകാശങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഒളിംപേയുടെ രക്തസാക്ഷിത്വം , അതിനുവേണ്ടി പോരാടുന്ന സ്ത്രീകള്‍ക്ക് ആവേശവും ഊര്‍ജ്ജവുമാണ്. അവരുടെ മരണം സ്ത്രീകള്‍ക്കിടയില്‍ ദുഃഖവും ഭീതിയും നിറച്ചപ്പോള്‍ പാരിസിലെ പുരുഷന്മാരായ ബുദ്ധിജീവികളും പത്രക്കാരുമെഴുതി ‘ അവളുടെ അവകാശങ്ങള്‍ യുക്തിരഹിതമായിരുന്നു, സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ച അവള്‍ പുരുഷനെ പോലെ ‘സ്റ്റേറ്റ് മാന്‍’ ആകുവാന്‍ ആഗ്രഹിച്ചുവെന്നും’ പരിഹസിച്ചു. ഇരുന്നൂറു വര്‍ഷത്തിനുശേഷവും സ്ത്രീകളും ദളിതരും ഉള്‍പ്പെടുന്ന ന്യുനപക്ഷങ്ങള്‍ രാഷ്ട്രീയ അധികാരങ്ങള്‍ പങ്കിടുന്നത് സംവരണത്തിലൂടെ മാത്രമാണ്. അതിനായി നടത്തിയ ത്യാഗോജ്വലമായ സമരങ്ങള്‍ക്ക് ഒളിംപേയുടെ ജീവിതവും അവരെപ്പോലെയുള്ളവരുടെ പോരാട്ടവും ഒരു മാതൃകയാണ്. ഈ പുസ്തകം ഒരു ജീവചരിത്രമായോ , ഒരു സ്ത്രീയുടെ രാഷ്ട്രീയ സിദ്ധാന്തമായോ അതുമല്ലെങ്കില്‍ ഒരു വിജ്ഞാനിക രചനയായോ നിങ്ങള്‍ക്കു വായിക്കാവുന്നതാണ്. കുടാതെ ഫ്രഞ്ച് വിപ്ലവത്തിന്റെയും ഫ്രാന്‍സിന്റെ ചരിത്രത്തിന്റെയും ഒരു സംഗ്രഹം കൂടിയാണി പുസ്തകം. പ്രിയപ്പെട്ട കൂട്ടുകാർ വായിക്കുക. പുസ്തകത്തിന്റെ കവർ ഡിസൈനിൽ എന്റെ ചെറിയ കൈയൊപ്പുകൂടി പതിപ്പിക്കുവാൻ കഴിഞ്ഞുവെന്നതിൽ അഭിമാനം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.