കോവിഡ് പ്രതിരോധം; സംരക്ഷകർ സ്വീകരിക്കേണ്ട കരുതൽ നടപടികൾ
💟 ആരോഗ്യ പ്രവർത്തകർ കഴിഞ്ഞാൽ പോലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് പ്രതിരോധത്തിന്റെ മുൻ നിരയിൽ തന്നെ നിലകൊള്ളുന്നവർ.
💟 കൊവിഡ് പ്രതിരോധ മാർഗങ്ങൾ പൊതുജനങ്ങളുടെ ഇടയിൽ നടപ്പാക്കുന്നതിൽ പോലീസ് സേന വഹിച്ച പങ്ക് പ്രസക്തമാണ്. ലോക്ക് ഡൗൺ കാലത്ത് ആവശ്യ സേവനങ്ങളും സാധന സാമഗ്രികളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പോലീസിനെ സാധാരണക്കാരന് വിസ്മരിക്കാനാവില്ല.
💟 ഇത് എഴുതുമ്പോൾ മഹാരാഷ്ട്രയിൽ ആയിരത്തിനു മേൽ പോലീസ് ഉദ്യോഗസ്ഥർ രോഗബാധിതരായി, നിർഭാഗ്യമെന്നു പറയട്ടെ കേരളത്തിൽ വയനാട്ടിലും മൂന്നു പോലീസ് ഉദ്യോഗസ്ഥർ പോസിറ്റിവായി കൂടുതൽ പേര് സമ്പർക്ക വിലക്കിലായി.
💟 രാപ്പകലില്ലാത്ത ഈ പ്രവർത്തനങ്ങൾക്കിടയിലും പോലിസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് പ്രധാനമാണ്. കൂടാതെ, പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ സമ്പർക്കത്തിൽ വരുന്ന വിഭാഗങ്ങളിലൊന്നായതിനാൽ, ജോലിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്-19 ബാധിച്ചാൽ അവരിൽ നിന്ന് ധാരാളം പേർക്ക് രോഗം പകരാനും സാധ്യതയുണ്ട്.
💟 പോലീസ് ഉദ്യോഗസ്ഥർ രോഗബാധിതരോ സമ്പർക്ക വിലക്കിലോ ആവുകയാണെങ്കിൽ പോലീസ് സേനയുടെ ഫലവത്തായ പ്രവർത്തനത്തെ തന്നെ അത് ബാധിക്കുകയും ചെയ്യാം.
🔴 രോഗവ്യാപനം തടുക്കാനായി, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
👮♂️ശാരീരിക അകലം👮♂️
🚻വ്യക്തികളുമായി ഇടപെഴകുമ്പോൾ കഴിയുന്നതും ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുന്നത് നന്നായിരിക്കും.
🚻സ്റ്റേഷനിലെ കസേരകൾ ഒരു മീറ്റർ എങ്കിലും അകലത്തിൽ ക്രമീകരിക്കുക.
🚻പൊതുജനങ്ങളുമായി അടുത്തിടപഴകേണ്ട സാഹചര്യം ഉണ്ടായാൽ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുക. അവരെക്കൊണ്ടും ശുചിത്വ നിബന്ധനകൾ പാലിപ്പിക്കാൻ ശ്രമിക്കുക.
🚻വാഹന പരിശോധനയ്‌ക്കിടയിൽ ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുക. വാഹനങ്ങളുടെ വിൻഡോ ഗ്ലാസ് തുറക്കാതെ തന്നെ രേഖകൾ നോക്കി മനസ്സിലാക്കാൻ പറ്റുമെങ്കിൽ അതിനു ശ്രമിക്കണം.
🚻ഗ്ലൗസ് ധരിച്ച കൈകൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
🚻കൂടുതൽ അടുത്ത് ഇടപഴകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ കൈകളും ശരീര ഭാഗങ്ങളും നിർദ്ദിഷ്ട രീതിയിൽ അണുവിമുക്തമാക്കുക.
👮♂️വ്യക്തി ശുചിത്വം👮
🚹മുഖത്തു ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.
🚹പ്രതലങ്ങൾ രോഗാണു വാഹകം ആകാം എന്നതിനാൽ, മറ്റു പ്രതലങ്ങളിൽ കഴിയുന്നതും സ്പർശിക്കുന്നത് ഒഴിവാക്കുക. ഉദാ: വാഹന പരിശോധനയ്ക്കും മറ്റും വാഹനങ്ങളിലും, സഞ്ചരിക്കുന്നവരുടെ വസ്തുവകകളും സ്പർശിക്കുന്നത്.
🚹കൈകൾ ഇടയ്ക്കിടെ സോപ്പ് ലായനി ഉപയോഗിച്ചോ 70% ആൽക്കഹോൾ ഉള്ള സാനിറ്റയ്‌സർ ഉപയോഗിച്ചോ അണുവിമുക്തമാക്കുക. (സാനിറ്റൈസർ പുരട്ടിയതിന് ശേഷം തനിയെ ഉണങ്ങാൻ അനുവദിക്കണം).
🚹തൊപ്പി പോലുള്ള വ്യക്തിഗത വസ്തുവകകൾ കൈമാറി ഉപയോഗിക്കാതെയിരിക്കുക.
🚹തുടർച്ചയായി സ്പർശനത്തിൽ ഏർപ്പെടേണ്ടി വരുന്ന വസ്തുക്കൾ ഉണ്ടെങ്കിൽ (ഉദാ: ലത്തി, ബാറ്റൺ, പേന, നെയിം പ്ലേറ്റ്, തൊപ്പി, ബെൽറ്റ്, കൈ വിലങ്ങുകൾ മുതലായവ ) അവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക.
🚹ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ഉടനെ തന്നെ യൂണിഫോം മാറ്റി, ദേഹമാസകലം സോപ്പ് തേച്ച് കുളിച്ചതിന് ശേഷം മാത്രമേ കുടുംബാംഗങ്ങളുമായി ഇടപെടാൻ പാടുള്ളൂ.
🚹യൂണിഫോമിൽ ഘടിപ്പിച്ചിട്ടുള്ള വിസിൽ കോഡ്, ബെൽറ്റ്, നെയിം ബോർഡ് തുടങ്ങിയ എല്ലാ വസ്തുക്കളും സാനിറ്റയ്‌സർ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
🚹ഉപയോഗിച്ച യൂണിഫോം, തുണി മാസ്ക് എന്നിവ അണുവിമുക്തമാക്കുന്നതിനായി സോപ്പ് ലായനി അല്ലെങ്കിൽ 1% ബ്ലീച് ലായനിയിൽ 20 മിനിറ്റ് മുക്കിവെച്ചതിനു ശേഷം അലക്കി ഉണക്കി ഉപയോഗിക്കാം. (ബ്ലീച്ച് ലായനി നിറം മങ്ങാൻ കാരണമായേക്കാം.)
🚹രോഗലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെന്ന് തോന്നിയാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക.
👮♂️വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ👮♂️
🚔വാഹനങ്ങളിൽ കഴിയുന്നതും കുറച്ചു ആളുകൾ യാത്ര ചെയ്യുക.
🚔നിലവിലെ സാഹചര്യത്തിൽ വായൂ സഞ്ചാരം ഉറപ്പാക്കും വിധം വിൻഡോ തുറന്നു വെച്ച് യാത്ര ചെയ്യുന്നതാണ് ഉചിതം.
🚔സ്ഥിരം ഒരുമിച്ചു യാത്ര ചെയ്യുന്ന ടീം ആണെങ്കിൽ സ്ഥിരമായി ഒരാൾ ഒരു സീറ്റ് തന്നെ ഉപയോഗിക്കുന്നത് നന്നാവും.
🚔വാഹനങ്ങൾ കൈ മാറി ഉപയോഗിക്കുന്ന അവസരങ്ങളിൽ, സ്റ്റിയറിങ്, കീ, ഗിയർ, ഡോർ ഹാൻഡിൽ എന്നിവ സാനിറ്റയ്‌സർ ഉപയോഗിച്ച് അണുവിമുക്തമാക്കാം.
🚔സാധാരണഗതിയിൽ സീറ്റു പോലുള്ള പ്രതലങ്ങൾ വൃത്തിയാക്കാൻ സാനിറ്റൈസർ തുണിയിൽ മുക്കി തുടയ്ക്കാം. അല്ലെങ്കിൽ സോപ്പ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
🚔യാത്രകള്‍ക്കിടയില്‍ പൊതു ജനങ്ങള്‍ ഛര്‍ദ്ധികുക, ചുമച്ചു കഫം തുപ്പുക, എന്നിവ ഉണ്ടായാല്‍ ഉട൯ തന്നെ ബ്ലീച് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
🚔വാഹനത്തിൽ 70% ആൽക്കഹോൾ ഉള്ള സാനിറ്റൈസർ സൂക്ഷിക്കുന്നത് നന്നാവും.
👮♂️പൊതു ശുചിത്വം👮♂️
🚮സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് കൈകൾ കഴുകാൻ ഹാൻഡ് വാഷും വെള്ളവും ലഭ്യമാക്കുക, അതല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കുക.
🚮മുറികൾ കഴിയുന്നതും വായൂ സഞ്ചാരം ഉള്ള രീതിയിൽ ക്രമീകരിക്കണം, ജനലുകളും മറ്റും തുറന്നിടണം.
🚮സ്റ്റേഷനും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കാൻ ഉള്ള നടപടികൾ കൃത്യമായ ഇടവേളകളിൽ എടുക്കുക.
🚮 പൊതുവായി ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സോപ്പ് അല്ലെങ്കിൽ 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്. നാം ഇടപെടുന്ന പബ്ലിക് ടോയ്‌ലറ്റുകളിൽ എല്ലാം ഈ മുൻകരുതൽ സ്വീകരിക്കണം.
🚮കൊറോണ വൈറസിനെ നശിപ്പിക്കാൻ ജീവനില്ലാത്ത വസ്തുക്കളിൽ ഉപയോഗിക്കാവുന്നത് ബ്ലീച് ലായനിയാണ്.
🔸ബ്ലീച് ലായനി മനുഷ്യരിൽ സ്പ്രേ ചെയ്യുകയോ, ഒഴിക്കുകയോ ചെയ്യരുത്.
🔸ദിവസം ഒരു നേരമെങ്കിലും കെട്ടിടത്തിലെ എല്ലായിടവും 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ചു തുടച്ചു അണുവിമുക്തമാക്കുന്നത് നല്ലതാണ്.
🔸മേശ കസേര തുടങ്ങിയ നിത്യോപയോഗ വസ്തുക്കളുടെ ഉപരിതലം, നിരന്തരമായി സ്പർശിച്ചുകൊണ്ടിരിക്കുന്നതായോ ഉള്ള വസ്തുക്കൾ (ഉദാ: ഡോർ ഹാൻഡിൽ, സ്വിച്ച്, എലിവേറ്റർ ബട്ടണുകൾ, ഹാൻഡ് റെയ്‌ലുകൾ etc) എന്നിവ അണുവിമുക്തമായി സൂക്ഷിക്കുക.
🔸ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ കയ്യുറകൾ, ട്രിപ്പിൾ ലെയർ മാസ്ക് എന്നിവ നിർബന്ധമായും ധരിക്കണം.
🔸ടോയ്ലറ്റുകൾളുടെ വാതിൽപ്പിടി, ടാപ്പ് എന്നിവ നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കണം. ടോയ്ലറ്റ് ശുചിയാക്കുന്നതിന് പ്രത്യേകം ഉപകരണങ്ങൾ ഉപയോഗിക്കുക. അത് മറ്റുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
🔸ടെലിഫോൺ, വയർലെസ്സ് സെറ്റ്, പ്രിന്ററുകൾ / സ്കാനറുകൾ എന്നിവയും മറ്റ് ഓഫീസ് ഉപകരണങ്ങളും സാനിറ്റൈസർ മുക്കിയ തുണികൊണ്ട് ദിവസവും ശുചിയാക്കുന്നത് നല്ലതാണ്.
🔸ഉപയോഗിച്ച ഗ്ലൗസുകൾ ബ്ലീച്ച് ലായനിയിൽ 30 മിനിറ്റ് മുക്കി വെച്ച ശേഷം കുഴിച്ചു മൂടുന്ന രീതിയിൽ നിർമ്മാർജ്ജനം ചെയ്യുകയാണ് പ്രായോഗികം.
🔸ബ്ലീച്ചിങ് പൌഡർ വിതറുന്നത് ശരിയായ മാർഗ്ഗം അല്ല. ഡെറ്റോൾ ലായനിയും ഫലപ്രദമായ രീതിയിൽ കൊറോണ വൈറസിനെതിരെ പ്രവർത്തിക്കില്ല.
🔸ബ്ലീച് ഒരിക്കലും അമോണിയയോ മറ്റു രാസവസ്‌തുക്കളുമായോ കൂട്ടിക്കലർത്തരുത്, ഇങ്ങനെ ചെയ്താൽ അപകടകരമായ തരത്തിൽ ക്ലോറിൻ /അമോണിയ വാതകം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണിത്.
🔸അലർജി ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ബ്ലീച് ഉപയോഗിക്കുമ്പോൾ കൈയുറകൾ ധരിക്കാനും ചർമ്മവുമായി സമ്പർക്കം വരാതിരിക്കാനും ശ്രദ്ധിക്കണം.
👮ബാരക്കിനുള്ളിൽ👮♂️
🏢ബാരക്കുകളുടെ പുറത്ത് പൊതു ഉപയോഗത്തിനായി കൈകഴുകാനുള്ള സൗകര്യമോ ഹാൻഡ് സാനിറ്റൈസറോ ലഭ്യമാക്കണം.
🏢ബാരക്കും പരിസരങ്ങളും എന്നും ശുചിയാക്കുക.
🏢കട്ടിലുകൾ കസേരകൾ എന്നിവ തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കുക.
🏢ജനലുകളും വാതിലുകളും തുറന്നിട്ട് ബാരക്കിനകത്ത് ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പ് വരുത്തുക.
🏢ഡ്യൂട്ടി കഴിഞ്ഞുവരുന്ന ഉദ്യോഗസ്ഥരുടെ യൂണിഫോം, തൊപ്പി, ബെൽറ്റ്, നെയിം ബോർഡ് മുതലായവ അണുവിമുക്തമാക്കിയതിനുശേഷം മാത്രം ബാരക്കിനുള്ളിൽ സൂക്ഷിക്കുക.
🏢ഉദ്യോഗസ്ഥർ ബാരക്കിനുള്ളിൽ പ്രവേശിക്കുമ്പോൾ ശാരീരിക അകലം പാലിക്കുവാനും കൈകൾ ശുചിയാക്കുവാനും ശ്രദ്ധിക്കുക.
🏢ഉപയോഗിച്ച മാസ്കുകളും, കയ്യുറകളും മറ്റും പരിസരത്തു വലിച്ചെറിയാതിരിക്കുക.
🏢മാലിന്യം നിക്ഷേപിക്കാൻ ചവിട്ടി തുറക്കാവുന്ന വേസ്റ്റ് ബിൻ എല്ലാ ബാരക്കിലും സ്ഥാപിക്കുക.
🏢രോഗലക്ഷണങ്ങൾ എന്തെങ്കിലുമുള്ളവർ ടെലി മെഡിസിൻ സംവിധാനം, ആരോഗ്യ വകുപ്പിന്റെ ദിശ തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക.
🏢ബാരക്കുകളുടെ തറ മറ്റ് പ്രതലങ്ങൾ എന്നിവ വൃത്തിയാക്കാൻ ബ്ലീച്ച് ലായനി ഉപയോഗിക്കുക.
👮♂️ക്വാർട്ടേഴ്‌സുകളിൽ👮♂️
🏡ക്വാർട്ടേഴ്‌സുകളുടെ പുറത്ത് പൊതു ഉപയോഗത്തിനായി കൈകഴുകാനുള്ള സൗകര്യമോ ഹാൻഡ് സാനിറ്റൈസറോ ലഭ്യമാക്കണം.
🏡ജനലുകളും വാതിലുകളും തുറന്നിട്ട് മുറികളിലും കോമൺ ഏരിയകളിലും ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പ് വരുത്തുക.
🏡ഡ്യൂട്ടി കഴിഞ്ഞുവരുന്ന ഉദ്യോഗസ്ഥരുടെ യൂണിഫോം, തൊപ്പി, ബെൽറ്റ്, നെയിം ബോർഡ് മുതലായവ അണുവിമുക്തമാക്കിയതിനുശേഷം മാത്രം ക്വാർട്ടേഴ്സിനുള്ളിൽ സൂക്ഷിക്കുക.
🏡മാലിന്യം നിക്ഷേപിക്കാൻ ചവിട്ടി തുറക്കാവുന്ന വേസ്റ്റ് ബിൻ എല്ലാ ക്വാർട്ടേഴ്സിലും സ്ഥാപിക്കുക.
🏡ക്വാർട്ടേഴ്‌സുകളുടെ തറ, മറ്റ് പ്രതലങ്ങൾ എന്നിവ വൃത്തിയാക്കാൻ ബ്ലീച്ച് ലായനി ഉപയോഗിക്കുക.
👮♂️മാസ്ക് ഉപയോഗം👮♂️
😷തുണി മാസ്കുകൾ ഉപയോഗത്തിന് മുൻപ് വൃത്തിയായി കഴുകി ഉണക്കുക, ഉപയോഗ ശേഷം മാസ്ക് അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കരുത്.
😷മാസ്ക്ക് ധരിക്കുന്നതിനു മുൻപ് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ 20 സെക്കന്റ് കൈകൾ ശുചിയാക്കുക.
😷മാസ്ക് മൂക്കും വായും മുഴുവനായും മൂടുന്ന തരത്തിലായിരിക്കണം
😷ടെലിഫോണിൽ സംസാരിക്കുമ്പോഴും, മൈക്കിന് മുന്നിലും മറ്റും ഇടക്കിടെ മാസ്ക് കഴുത്തിലേക്കോ താടിയിലേക്കോ താഴ്ത്തി വയ്ക്കാൻ പാടില്ല.
😷മാസ്കിന്റെയും മുഖത്തിന്റെയും ഇടയിൽ വിടവ് ഉണ്ടാകരുത്.
😷നനവ് തോന്നിയാൽ മാസ്ക് ഉടനടി മാറ്റി മറ്റൊന്ന് ധരിക്കുക.
😷ആറു മണിക്കൂറിൽ കൂടുതൽ ഒരേ മാസ്ക് ധരിക്കരുത്.
😷ഉപയോഗത്തിലിരിക്കവേ മാസ്കിന്റെ മുൻഭാഗത്തു സ്പർശിക്കരുത്. അഥവാ സ്പർശിക്കാനായിടയായാൽ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
😷ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വീടിനുള്ളിൽ വയ്ക്കുകയോ പുറത്തു വലിച്ചെറിയുകയോ ചെയ്യരുത്. കുട്ടികളോ വളർത്തു മൃഗങ്ങളോ ഉപയോഗിച്ച മാസ്കുമായി സമ്പർക്കം വന്നാൽ രോഗവ്യാപനം ഉണ്ടായേക്കാം.
😷ഡിസ്പോസിബിൾ മാസ്ക് കഴുകി ഉപയോഗിക്കരുത്. ഒറ്റത്തവണ മാത്രം അത്തരം മാസ്കുകൾ ഉപയോഗിക്കുക.
😷മാസ്ക് അഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
🔹മാസ്കിന്റെ മുൻഭാഗത്തു സ്പർശിക്കാതെ ചരടുകളിൽ മാത്രം പിടിച്ചു അഴിച്ചു മാറ്റുക.
🔹ആദ്യം താഴത്തെ ചരടും പിന്നീട് മുകളിലത്തെ ചരടും അഴിക്കുക.
🔹മാസ്ക് അഴിച്ചു മാറ്റിയ ശേഷം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു കുറഞ്ഞത് 20 സെക്കന്റ് കൈകൾ അണുവിമുക്തമാക്കുക.
🔹അഴിച്ചു മാറ്റിയ മാസ്ക് ഉടൻ തന്നെ അണുവിമുക്തമാക്കുക അല്ലെങ്കിൽ കാലുകൊണ്ട് ചവിട്ടി തുറക്കാവുന്ന മൂടി ഉള്ള ചവറ്റു കുട്ടയിൽ നിക്ഷേപിക്കുക.
🔹ഉപയോഗ ശേഷം സർജിക്കൽ /മെഡിക്കൽ മാസ്ക്കുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കത്തിച്ച് കളയുക. വീണ്ടും ഉപയോഗിക്കാൻ പാടില്ല.
🔹ഉപയോഗിച്ച തുണി മാസ്ക് സോപ്പ് ലായനിയിൽ മുക്കി വയ്ക്കുക, ശേഷം വൃത്തിയായി കഴുകി വെയിലത്തു ഉണക്കി എടുക്കുക. ഇസ്തിരി കൂടി ഇട്ടു ഉപയോഗിക്കുന്നത് അഭികാമ്യം.
എഴുതിയത്,
ഡോ :Aswini Ranganath, ഡോ: Jinesh PS, ഡോ:Deepu Sadasivan
Info Clinic
Comments are closed.