സ്വാതന്ത്ര്യത്തിന്റെ ദലമര്‍മ്മരങ്ങള്‍
ആര്‍.എസ് ലാലിന്റെ സ്റ്റാച്യു പി ഒ എന്ന നോവലിനെക്കുറിച്ച് പി.കെ.ഹരികുമാര്‍ എഴുതിയ നിരൂപണം
തിരുവനന്തപുരത്തെ എണ്ണം പറഞ്ഞ ചില ലോഡ്ജുകള്‍ വായനക്കാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയുടെ തുറമുഖങ്ങളാണ്. വായന ഒരു സൃഷ്ടിയായി പരിഗണിച്ചിരുന്നവരുടെ ചിന്തകള്‍ കുത്തിനിറച്ച എത്രയോ കപ്പലുകളാണ് ദിവസവും അവിടങ്ങളില്‍ നങ്കൂരമിട്ടിരുന്നത് എസ്.ആര്‍. ലാലിന്റെ ‘സ്റ്റാച്യു പി ഒ‘ എന്ന നോവലിനെ ക്കുറിച്ച് ലോഡ്ജുകള്‍ വിശാലമായ സ്വാതന്ത്ര്യത്തിന്റെയും പലവിധ ആഘോഷങ്ങളുടെയും സര്‍ഗ്ഗാത്മകതയുടെ തിരയിളക്കത്തിന്റെയും സ്വകാര്യ പ്രദേശമായി ചെറുപ്പക്കാര്‍ നോക്കി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഞങ്ങളുടെ നാട്ടില്‍നിന്നും അകലെ തുറമുഖനഗരത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ചെറിയ ചെറിയ കവലകള്‍ക്കുമപ്പുറം ഏകാന്തമായി നിരന്നിരിക്കുന്ന ഒറ്റമുറി ലോഡ്ജുകള്‍. അറിയാതെ അങ്ങോട്ട് നോക്കി പോകും. വീട്ടില്‍ നിന്ന് അകന്ന് ആ ലോഡ്ജുകളിലെ താമസം, അവിടത്തെ അന്തേവാസികള്‍, വൈകുന്നേരങ്ങള്‍.ഒരിക്കല്‍ നഗരമധ്യത്തില്‍നിന്നും മാറി പി.ജി. പഠനകാലത്ത് അനുപം ലോഡ്ജില്‍ കുറെക്കാലം ഞാന്‍ താമസിച്ചിരുന്നു. കടമ്മനിട്ടയാണ് ആദ്യമായി എന്നെ അങ്ങോട്ട് കൂട്ടികൊണ്ട് പോയത്. അദ്ദേഹം ഇടയ്ക്കിടെ ഓഡിറ്റിങ്ങിനായി നഗരത്തില്‍ വരുമ്പോള്‍ തങ്ങുന്ന ഏകാന്ത വാസസ്ഥലം. ഇന്നുമുണ്ടത്, പഴയതുപോലെയല്ല.
അന്നത്തെ ആവാസകേന്ദ്രം മാഞ്ഞു. അപൂര്‍വ്വം ചിലത് മാത്രം പുതുരൂപത്തില്‍ മൂകതമൂടി പതുങ്ങിനില്‍പ്പുണ്ട്. തൊണ്ണൂറുകള്‍ വന്നപ്പോള്‍ അതിവേഗം ഈ ഗോപുരങ്ങള്‍ തകരാന്‍ തുടങ്ങി. നവലിബറല്‍ ആധുനികത അത്തരം ജീവിതത്തിനുമേലും പിടിമുറുക്കിയത് ഒരു പ്രധാന കാരണമായി. ആ കെട്ടിടങ്ങളെ കാലം ചുഴറ്റിയെറിഞ്ഞു. പുതിയ ജീവിതം കടന്നുവന്നു. ഇങ്ങനെയൊക്കെ ഇപ്പോള്‍ ആലോചിക്കാന്‍ കാരണം എസ്.ആര്‍.ലാലിന്റെ നോവല്‍ ‘സ്റ്റാച്യു. പി.ഒ.’ അവിചാരിതമായി വായിച്ചതാണ്. തൊണ്ണൂറുകള്‍ക്കിപ്പുറത്തെ ലോഡ്ജ്ജീവിതത്തിന്റെ അന്തര്‍ധാരകളിലേക്കും അതുവഴി ഭൂതകാലത്തിലേക്കും ഞാന്‍ ആദ്യം പറഞ്ഞ ലോഡ്ജുകളിലേക്കും ഈ നോവല്‍ ഒരു വഴി വെട്ടിയിടുന്നുണ്ട്. ലോഡ്ജുകളുടെ പരിസരത്താണ് ശരിക്കും ഈ നോവല്‍ ഇതള്‍വിടര്‍ത്തുന്നത്.
ആദ്യം സൂചിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ ദലമര്‍മ്മരങ്ങള്‍ എപ്പോഴും കേട്ടിരുന്ന ലോഡ്ജുകളുടെ ഭാവരൂപങ്ങള്‍ മാറാന്‍ തുടങ്ങുന്ന ഇടക്കാലം, പുതിയ നഗരമുഖത്തിന്റെ വരവ്. അവിടേക്കാണ് ആലപ്പുഴയില്‍നിന്ന് എഴുത്തുകാരനാവുക എന്ന ഉദ്ദേശ്യത്തോടെ, ഈ നോവല്‍ നമുക്കു മുന്നില്‍ നിവര്‍ത്തിയിടുന്ന ‘ഞാന്‍’ന്റെ വരവ്. പിന്നെ അയാളുടെ വരവ്. അയാളും ഞാനും തമ്മിലുള്ള അപൂര്‍വ്വവും ദൃഢവും മധുരോദാരവും സ്‌നേഹനിര്‍ഭരവുമായ ബന്ധത്തിന്റെ അല്ല, സൗഹൃദത്തിന്റെ തിക്കുമുട്ടലുകളുടെയും വിശദീകരിക്കാനാവാത്ത മനുഷ്യബന്ധത്തിന്റെയും സങ്കീര്‍ണ്ണ അനുഭവങ്ങള്‍ തുടക്കംമുതലേ ഈ നോവലില്‍ കടന്നുവരുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഈ നോവല്‍ തലസ്ഥാനനഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഊടുവഴികളിലൂടെ ഓരോ നഗരചിഹ്നങ്ങളേയും കണ്ടണ്ട് കാലങ്ങളായി തുടരുന്ന സ്ഥലമേഖലകളെ ചൂണ്ടിക്കാണിച്ച് പ്രത്യക്ഷത്തിനുമപ്പുറത്തുള്ള മനുഷ്യരെ അറിഞ്ഞ് അങ്ങനെ ഉടനീളം ചുറ്റിസഞ്ചരിക്കുകയാണ്. സ്റ്റാച്യു ലോഡ്ജാണ് കേന്ദ്രസ്ഥാനം. ഇവിടെനിന്നാണ് നോവല്‍ പരിസരം വളര്‍ന്ന് പുറത്തേക്കു പോകു
ന്നതും, പിന്നെ അങ്ങോട്ടു തന്നെ തിരികെ വരുന്നതും. എല്ലാം അയാളും ഞാനും തമ്മിലുള്ള മാനസികവ്യാപാരങ്ങളിലൂടെയാണ്. തിരുവനന്തപുരം നഗര ചുറ്റുപാടിന്റെ അക്കാല സമകാല യാഥാര്‍ത്ഥ്യത്തെയും ചരിത്രത്തെയും യഥാതഥമായി പറഞ്ഞു വച്ചുകൊണ്ട് മനുഷ്യബന്ധത്തിന്റെ ഇഴയടുപ്പത്തിലെസങ്കീര്‍ണ്ണതകളിലേക്കും മനുഷ്യാവസ്ഥയുടെ സന്ദിഗ്ദ്ധതകളിലേക്കും നോവലിസ്റ്റ് ചെന്നു ചേരുകയാണ്. എന്നാല്‍ ഇതൊരു ചരിത്രം പറയലോ വര്‍ത്തമാനകാലത്തെ വിവരിക്കുകയോ അല്ല. നഗരം, അതിന്റെ ചുറ്റുവട്ടം അവിടെ തെളിഞ്ഞുവരുന്ന മനുഷ്യര്‍ എല്ലാമായി ഇടകലര്‍ത്തി പരിസരത്തെയാകെ നോവലിലെ കഥാപാത്രങ്ങളാക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും കയറിയിറങ്ങികിടക്കുന്ന രസകരമായ ഒരു രചനാരീതി. ഈ നോവലിന്റെ ആദ്യംതന്നെ പ്രശസ്ത കഥാകാരന്‍ വൈശാഖന്‍മാഷ് കടന്നു വന്നു പറയുന്നുണ്ട്: ‘ദുരൂഹത കഥയ്ക്ക് അഭികാമ്യമല്ല.’ ഈ നോവല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നുണ്ട്.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍
Comments are closed.