DCBOOKS
Malayalam News Literature Website

എസ്.ആര്‍. ലാലിന്റെ സ്റ്റാച്യു പി.ഒ. നോവലിന് അസീം താന്നിമൂട് എഴുതിയ ആസ്വാദനം

 

ജീവിതത്തെ അതിന്റെ യാഥാസ്ഥിതികവും നിയന്ത്രിതവുമായ പാതയില്‍ നിന്നും സ്വതന്ത്രമാക്കാന്‍ ആഗ്രഹിച്ച ചിലരുടെ കഥയാണ് എസ്.ആര്‍. ലാലിന്റെ സ്റ്റാച്യു പി.ഒ. പങ്കുവയ്ക്കുന്നത്. പേരില്ലാത്ത രണ്ടു പേരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍ അയാളും ഞാനും. തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ ആരംഭിക്കുന്ന നോവല്‍ അതിനെത്തുടര്‍ന്നുള്ള രണ്ടുപതിറ്റാണ്ടു കാലത്തിലൂടെ സഞ്ചരിക്കുന്നു. ആത്മകഥാഖ്യാനത്തിന്റെ എഴുത്തുരീതിയാണ് നോവലിസ്റ്റ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. നോവലില്‍ എത്രമാത്രമാണ് യാഥാര്‍ഥ്യം എത്രമാത്രമുണ്ട് ഭാവന എന്നതിനെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ചേര്‍ത്തുവച്ചിരിക്കുന്നതിന്റെ മനോഹാരിതയാണ് നോവലിന്റെ എടുത്തപറയത്തക്ക പ്രത്യേകത. നോവലിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി.

നോവലിന് അസീം താന്നിമൂട് എഴുതിയ ആസ്വാദനം…

പേരുകള്‍ക്കു ഓര്‍മ്മകളില്‍ വരഞ്ഞിടാന്‍ അതിന്റേതായ രൂപങ്ങളും ഭാവങ്ങളും അനവധിയുണ്ട്. നിവര്‍ത്തിവയ്ക്കാന്‍ കുറേ പേജുകളും കുറിമാനങ്ങളും അതിലൊതുങ്ങുന്ന പൊരുളുകളുമുണ്ട്. എന്നാല്‍ പേരില്ലായ്മകളൊ ആ ബാധ്യതകളൊന്നും പേറുന്നില്ല ..! നിയതമായ ഒരു രൂപവും അതിനിണങ്ങുകയില്ല. പൊരുളുകളൊന്നിലും ചുരുങ്ങിപ്പോകാത്ത വ്യത്യസ്തങ്ങളായ അനവധി രൂപങ്ങളാല്‍ പക്ഷെ, സമൃദ്ധമായിരിക്കും അത്. അവ നിവര്‍ത്തിവയ്ക്കുന്ന താളുകളും കുറിമാനങ്ങളും ഒരു പരിമിതിയിലും പെടുകയുമില്ല.

എസ് ആര്‍ ലാലിന്റെ നോവല്‍ സ്റ്റാച്യു പി ഒ വായിക്കെ നാമവും നാമശ്യൂന്യതയും തമ്മിലെ അന്തരത്തിലും അതു സൃഷ്ടിക്കുന്ന അര്‍ത്ഥവ്യാപ്തിയിലും പെട്ട് ഞാനൊത്തിരിനേരം ആലോചിച്ചിരുന്നു. കാരണം ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് (ആഖ്യാതാവും മുഖ്യ കഥാപാത്രവും)പേരില്ല. മറ്റുള്ള അധികം കഥാപാത്രങ്ങള്‍ക്കും പേരുണ്ടെന്നുമാത്രമല്ല; ജീവിച്ചിരിക്കുന്നവരോ, ജീവിച്ചിരുന്നവരോ ആയ സുപരിചിത നാമധാരികളുമാണ്. ഇതാണ് ഈ നോവലിന്റെ മുഖ്യമേന്മ എന്നല്ല. അനാമികമായ ആ തലത്തിലൂടെ പ്രവേശിച്ചാല്‍ മാത്രമേ നോവല്‍ ചൂണ്ടുന്ന ഗഹനമായ വഴികള്‍കൂടി നമുക്കു കടക്കാനാകൂ.

ആത്മകഥാപരമായ ആഖ്യാനത്തിലൂന്നിയാണ് കഥാകാരന്‍ കഥപറയുന്നത്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ സാഹിത്യസാംസ്‌കാരികവിദ്യാഭ്യാസ മേഖലകളില്‍ ഗൃഹാതുര സ്മരണകള്‍ പേറി കനച്ചു നില്‍ക്കുന്ന ചില ലോഡ്ജുകളുടെ കനപ്പെട്ട നാമങ്ങളുണ്ട്. പ്രത്യക്ഷരൂപങ്ങള്‍ മാഞ്ഞുപോയ ആ നാമങ്ങള്‍ അടയാളപ്പെടുത്തുന്ന, വിശുദ്ധനോവുകളാല്‍ നിര്‍ഭരമായ കുറേ ഓര്‍മ്മകളുണ്ട്. അതിലൊന്നാണ് സ്റ്റാച്യു ലോഡ്ജ്. അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു നാമരഹിതനായ അന്തേവാസിയുടെ നനവുള്ള അനുഭവങ്ങളുടെ വിവരണമാണ് നോവലിലുള്ളത്. നാമഭരിതമായ ചുറ്റുപാടുകളെയും അവിടെ അടയാളപ്പെടുന്ന സംഭവങ്ങളെയും വിവരിക്കാന്‍ നോവലിസ്റ്റ് കൊണ്ടുവരുന്നതോ നാമശ്ശൂന്യനായ (നാമശൂന്യനെന്നു തീര്‍ത്തും പറയാനാവില്ല.നാമമുണ്ടാവണം. ആഖ്യാതാവിന് അറിയില്ല. അറിയേണ്ട കാര്യമില്ലെന്ന് കരുതുകയും ചെയ്യുന്നു) ഒരു കഥാപാത്രത്തെ. ആ കഥാപാത്രമോ ദൂരൂഹതകളാല്‍ സമ്പന്നനും. അയാള്‍ താമസിക്കുന്ന ലോഡ്ജിലെ 112 നമ്പര്‍ മുറിയിലും ഇടപെടുന്ന ഇടങ്ങളിലാകെയും ദൂരഹതകളുടെ പെരുക്കം.

യാഥാസ്ഥിതികവും ബന്ധിതവുമായ ജീവിതങ്ങളെ ആ ഇരുളിടങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ പരിശ്രമിച്ചു പരാജയപ്പെട്ട ചിലരുടെ പൊള്ളലുകളാണ് നോവലിസ്റ്റ് സ്റ്റാച്യു പി ഒ എന്ന തന്റെയീ നോവലിലൂടെ പറയാന്‍ ശ്രമിക്കുന്നത്. അതിലയാള്‍ ഏറെക്കുറേ വിജയിക്കുകയും ചെയ്തിരിക്കുന്നു. ഈ ലോഡ്ജുകളുമായി ബന്ധപ്പെട്ട് വ്യക്തിപരമായി കുറേ ഗൃഹാതുര സാന്നിധ്യങ്ങളുള്ളതിനാലാവാം വായനക്കിടെ പലവുരു നെടുനിശ്വാസം വിടേണ്ടിയുംവന്നു. ഈ നോവലൊരു കരകൗശല ഉല്പന്നമല്ലെന്നും കണ്‍സ്ട്രക്ഷന്റെ എറിച്ചു നില്പിനേക്കാള്‍ ക്രിയേഷന്റെ തെളിഞ്ഞുമിന്നലിനു പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും എന്റെ എളിയ ബോധ്യത്തില്‍ തോന്നുന്നു. നല്ല വായനാനുഭവമാണ് ഈ നോവല്‍ എനിക്കു സമ്മാനിച്ചത്. അതിവിടെ പങ്കുവയ്ക്കുന്നു.

Comments are closed.