DCBOOKS
Malayalam News Literature Website

‘സ്റ്റാച്യു ജങ്ഷന്‍’; തിരുവനന്തപുരത്തിന്റെ സമകാലികാഖ്യാനം

പ്രശാന്ത് ചിന്മയന്റെ ‘സ്റ്റാച്യു ജങ്ഷന്‍’ എന്ന ഏറ്റവും പുതിയ നോവലിന് ജോണി എം എൽ എഴുതിയ വായനാനുഭവം

പ്രശാന്ത് ചിന്മയന്റെ രണ്ടാമത്തെ നോവൽ, ‘സ്റ്റാച്യു ജങ്ഷൻ’ ഡാൻ ബ്രൗണിന്റെ ഒരു നോവൽ വായിക്കുന്ന വേഗതയിലാണ് വായിച്ചത്. ഈ രണ്ടു നോവലിസ്റ്റുകളും തമ്മിൽ വിഷയസ്വീകരണത്തിൽ യാതൊരു ബന്ധവും ഇല്ലെങ്കിലും രണ്ടാളും സ്ഥലം, കാലം, കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവയെ സമാന്തരമായി ചലിപ്പിക്കാനും ഒടുവിൽ അവയെ എല്ലാം ഒരിടത്ത് സന്നിവേശിപ്പിക്കാനും പ്രാപ്തിയുള്ളവരാണെന്ന് തെളിയിച്ചവരാണ്; ഡാൻ ബ്രൗൺ നേരത്തെ തെളിയിച്ചിരുന്നു. പുതിയ നോവലിലൂടെ പ്രശാന്ത് ചിന്മയനും അത് തെളിയിച്ചിരിക്കുന്നു. എന്നാൽ ഇവർ തമ്മിൽ ഒരു പ്രധാനപ്പെട്ട വ്യത്യാസം ഉണ്ട്; അത് സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പിലാണ്. ഡാൻ ബ്രൗൺ ലോകമേ തറവാട് എന്ന രീതിക്കാരനാണ്. പ്രൊഫെസ്സർ ലാങ്ഡൻ പാരീസിൽ പ്രബന്ധം അവതരിപ്പിക്കാനാണ് വരുന്നതെങ്കിലും പിന്നെ ചെന്ന് നിൽക്കുന്നത് ഇറ്റലിയിലും സ്വിറ്റ്സർലണ്ടിലും അമേരിക്കയിലും ഒക്കെ ആയിരിക്കും. അതേസമയം പ്രശാന്ത് ആകട്ടെ ഒരു തുള്ളി വെള്ളത്തിൽ ഒരു കോടി സൂര്യന്മാർ ഉദിയ്ക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു എഴുത്തുകാരനാണ്. നോവലിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ സ്റ്റാച്യു ജങ്ഷനിൽ ആണ് കഥ നടക്കുന്നത്. ആ ജങ്ഷൻ തിരുവനന്തപുരത്തിന്റെ കൊണാട്ട്പ്ലെസ് ആണെന്ന് മലയാളികൾക്ക് ഏവർക്കും അറിയാവുന്നതാണ് (പല നഗരങ്ങളിലും സ്റ്റാച്യു എന്ന് പേരുള്ള ജങ്ഷൻ ഉണ്ടാകാറുണ്ട് എങ്കിലും). പക്ഷെ തിരുവനന്തപുരം എന്ന ചെറിയതും സങ്കീർണ്ണവുമായ നഗരത്തിന്റെ ‘മുടുക്കുകൾ’ ഉൾപ്പെടെയുള്ള ഇടങ്ങളിലും നമുക്ക് തിരിച്ചറിയാൻ കഴിയുന്ന സ്ഥലങ്ങളിലും എല്ലാം തന്നെ കഥ നടക്കുന്നു എന്നതിനാൽ ലോകത്തെ തിരുവനന്തപുരം നഗരത്തിലേക്ക് ചുരുക്കുകയാണ് പ്രശാന്ത് ചെയ്യുന്നത്. അതിലൊരു ഭംഗിയുണ്ടെന്ന് പറയാതെ വയ്യ.

ഒരു നഗരം. അവിടെ അനിൽ കൃഷ്ണൻ, ബിനു എന്ന ഗുണ്ട, അയാളുടെ സഹോദരി ജിനി, പോലീസ് കോൺസ്റ്റബിൾ ആണെങ്കിലും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ഉള്ള, ഏത് നിമിഷത്തിലും ഒരു അസിസ്റ്റന്റ് പ്രൊഫെസ്സർ ആകാൻ സാധ്യതയുള്ള സുജിത്ത്, അലോക് മണ്ഡൽ എന്ന ബംഗാളി, നരിപ്പാറ രതീഷ് എന്ന കുട്ടിപ്പത്രത്തിന്റെ പത്രാധിപർ, സെക്രട്ടേറിയറ്റ് നടയിൽ, പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട മകനായ ഹരീഷിനു നീതി ലഭിയ്ക്കാൻ സത്യാഗ്രഹമിരിയ്ക്കുന്ന സുധാകരൻ അങ്ങനെ കുറെയധികം കഥാപാത്രങ്ങൾ. ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ല, സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഒരു തലങ്ങളിലും പരസ്പരം ബന്ധപ്പെടാനോ, ഒരേ നഗരത്തിലാണ് താമസിയ്ക്കുന്നതെങ്കിലും തമ്മിൽ കാണുവാൻ പോലുമോ സാധ്യതയില്ലാത്ത, ഇനി അഥവാ കണ്ടാൽത്തന്നെ ‘നമ്മുടെ ജീവിതവുമായി ഇവർക്കെന്തു ബന്ധം,’ എന്ന നിസ്സംഗതയോടെ കടന്നു പോകാവുന്ന ആളുകൾ ആണ് ഇവരെല്ലാം. പക്ഷെ നോവൽ പുരോഗമിയ്ക്കുമ്പോൾ ഇവരെല്ലാം ഒരേ സംഭവത്തിന്റെ തുടരുകൾ ആയി മാറുന്നതായി കാണാം. കഴിഞ്ഞ കുറെ വർഷങ്ങളായി ലോകത്തെമ്പാടും ഇറങ്ങുന്ന സിനിമകളുടെ ഒരു ആഖ്യാനരീതിയാണ് ഇത്. സമൂഹത്തിന്റെ ചലനങ്ങളിൽ നിന്ന് ആ ചലനങ്ങളെ ഉത്പാദിപ്പിക്കുന്ന മനുഷ്യർക്ക് മാറി നിൽക്കാൻ കഴിയുന്നില്ല എന്നൊരു സന്ദേശം ഇത്തരം ആഖ്യാനങ്ങൾക്കുണ്ട്. സമൂഹത്തെ വലിച്ചിഴയ്ക്കുന്നതിൽ അസ്കിത തോന്നുന്നവർക്ക് വേണമെങ്കിൽ ഇതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിയ്ക്കാം; Textഅതായത്, മനുഷ്യരുടെ അസ്തിത്വം എന്നത് സ്വന്തം തീരുമാനം എന്നത് പോലെ തന്നെ വിധിഹിതവും ആണ്. വിധിയുടെ ഓരോ കളികൾ ആണ് മനുഷ്യരെ ഒരേ സംഭവത്തിന്റെ തുടരുകൾ ആക്കി മാറ്റുന്നത് എന്ന് പറയാം.

ജീവിതത്തിൽ വിധിഹിതം ഉണ്ടെങ്കിലും സാഹിത്യത്തിലെ ജീവിതത്തിൽ നോവലിസ്റ്റ്/ എഴുത്തുകാരൻ എന്ന നിയന്താവ് ഇരിയ്ക്കുന്നിടത്തോളം കാലം അയാളുടെ ഹിതത്തിന് അപ്പുറത്തുള്ള ഒരു വിധി കഥാപാത്രങ്ങൾക്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മിക്കവാറും എഴുത്തുകാർ ഇത്തരം സംഭവങ്ങളുടെ ആഖ്യാനം വരുമ്പോൾ കഥാപാത്രങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അവർക്ക് തോന്നുന്നത് പോലെ ചെയ്യുകയാണ് എന്നാണ് പറയുന്നത്. അതൊരു റൊമാന്റിക് വിശദീകരണമാണ്. വേർഡ്‌സ്‌വർത്ത് പറഞ്ഞത് പോലെ, മൂവിങ് ഹാൻഡ് റൈറ്റ്സ്, റൈറ്റ്സ് ഓൺ (എഴുതുന്ന കൈ എഴുതുന്നു, എഴുതിക്കൊണ്ടേയിരിക്കുന്നു). അതായത്, എഴുത്തുകാരന് തന്നെ പിടികിട്ടാത്ത ഒരു ബലതന്ത്രം ആഖ്യാനത്തിൽ വരുന്നു എന്നാണ്. ഒരു എഴുത്തുകാരനെ അന്വേഷിച്ചിറങ്ങുന്ന കഥാപാത്രങ്ങളെപ്പോലും സാഹിത്യത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൂയി പിരാന്തെല്ലോയുടെ ആറു കഥാപാത്രങ്ങൾ എഴുത്തുകാരനെ തേടിയിറങ്ങുന്നത് നമുക്ക് ഈ അവസരത്തിൽ ഓർക്കാവുന്നതാണ്. അങ്ങനെ എഴുത്തുകാരനിൽ നിന്ന് സ്വതന്ത്രമായ അസ്തിത്വം ആവാഹിക്കുന്ന കഥാപാത്രങ്ങളും ആഖ്യാനങ്ങളും എന്നൊക്കെ പറയുന്നതിൽ ചെറുതല്ലാത്ത പ്രശ്നങ്ങൾ ചിലപ്പോഴെങ്കിലും നമുക്ക് അനുഭവപ്പെടാറുണ്ട്. സാൽവദോർ ഡാലി സ്വപ്നങ്ങളെ വരച്ചു എന്ന് പറയുമ്പോൾപ്പോലും, അദ്ദേഹത്തിന്റെ പെയിന്റിങ് സങ്കേതങ്ങൾ നോക്കിയാൽ അവിടെ സ്വപ്നങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ല എന്ന് കാണാം; കൃത്യമായ പ്ലാനിംഗ്, ഇമേജുകളെക്കുറിച്ചുള്ള മുൻധാരണ, ഭ്രമാത്മകമായി അവയെ ചിത്രീകരിക്കാനുള്ള സ്കിൽ. ഇവയെല്ലാം പ്രയോഗിച്ചാലേ അത്തരം അതിയാഥാർഥ്യ ചിത്രങ്ങൾ വരയ്ക്കാൻ കഴിയൂ. നോവലിസ്റ്റുകളും ഇത്തരത്തിൽ വളരെ കൃത്യമായ ചില പ്ലാനിങ്ങുകൾ ഉള്ളവരാണ് എന്നറിയാം.

പ്രശാന്തിന്റെ നോവലിൽ പ്ലാനിങ്ങ് കൃത്യമായി നടക്കുന്നുണ്ട്. ഗുണ്ടകളായ സജിയും ബിനുവും കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത് പോലെ, ഡോക്ടർ സുജിത്ത് തന്റെ ജീവിതം പ്ലാൻ ചെയ്യുന്നത് പോലെ, അനിൽ കൃഷ്ണൻ തന്റെ രതിജീവിതം പ്ലാൻ ചെയ്യുന്നത് പോലെ, ജിനി തന്റെ പ്രണയജീവിതം പ്ലാൻ ചെയ്യുന്നത് പോലെ. എന്നാൽ എല്ലാ പ്ലാനുകളെയും പൊളിയ്ക്കുന്ന ചില സംഗതികൾ ഈ നോവലിൽ നടക്കുന്നുണ്ട്. ചില സംഭവങ്ങൾ പ്ലാനിങ്ങിനെ പൊളിച്ചുകൊണ്ടു മാത്രമേ മുന്നേറാൻ കഴിയൂ എന്ന് നോവലിസ്റ്റ് തന്നെ തിരിച്ചറിയുന്ന രംഗങ്ങൾ നോവലിൽ ഉടനീളം ഉണ്ട്. ഈ നോവൽ ആ രീതിയിൽ കാണുമ്പോൾ രണ്ടു സിദ്ധാന്തങ്ങളാണ് എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത്. ഒന്ന്, ബട്ടർഫ്‌ളൈ എഫ്ഫക്റ്റ്, രണ്ട്, ബ്രൂണോ ലാത്വ എന്ന ഫ്രഞ്ച് സൈദ്ധാന്തികന്റെ പ്രവർത്തക ശ്രുംഖലാ സിദ്ധാന്തം. പാവ്ലോ കൊഹ്‌ലോയുടെ ഒരു പുസ്തകത്തിൽ വായിച്ച ഒരോർമ്മയാണ്; നമ്മൾ തടാകത്തിനരികെ നിൽക്കുന്നു. ജലത്തിൽ ഒരു താറാവ് പൊന്തിക്കിടക്കുന്നുണ്ട്. അത് നിശ്ചലമാണ്. അങ്ങനെ നോക്കിനിൽക്കെ ആ താറാവ് ഒന്ന് അനങ്ങി. എവിടെ നിന്നോ വന്ന ഒരു ഓളം അതിനെ പിടിച്ചുലച്ചതാണ്. എങ്ങിനെയാണ് ആ ഓളം ഉണ്ടായത്? തടാകത്തിന്റെ മറുകരയിൽ ഒരു വിരഹകാമുകൻ ഇരിയ്ക്കുന്നു. അവൻ ആ ജലത്തിലേയ്ക്ക് ഒരു പാഷാണപ്രക്ഷേപണം (കല്ലെറിയൽ) നടത്തിയതാണ്. അതുണ്ടാക്കിയ ഓളമാണ് കുറെ സമയം കഴിഞ്ഞു വന്നു ആ താറാവിനെ ഇളക്കിയത്. കാമുകനുമായോ, അയാളെ വഞ്ചിച്ച കാമുകിയുമായോ തടാകത്തിന്റെ മറുകരയുമായോ ആ ഒരു സായാഹ്നത്തെ അങ്ങനെ ഉരുത്തിരിയിച്ച സംഭവങ്ങളെക്കുറിച്ചോ ഒന്നും നമുക്കറിയില്ല. പക്ഷെ നമ്മുടെ ദൃശ്യത്തിലേയ്ക്ക് ആ താറാവിന്റെ ചലനം വരികയാണ്. ഇതാണ് ബട്ടർഫ്‌ളൈ എഫ്ഫക്റ്റ്. ഒരു പൂമ്പാറ്റയുടെ ചിറകടി പോലും ഒരുപക്ഷെ മറ്റൊരിടത്ത് ഭൂകമ്പസാമാനമായ പ്രകമ്പനങ്ങൾ ഉണ്ടാക്കാം. ഇതിനെ മറ്റൊരർത്ഥത്തിൽ സ്നോ ബാലിങ് എഫ്ഫക്റ്റ് എന്ന് പറയാം. പ്രശാന്തിന്റെ നോവൽ ബട്ടർഫ്‌ളൈ എഫക്റ്റ് ആണ് ഉണ്ടാക്കുന്നത്.
രണ്ടാമത്തെ സിദ്ധാന്തം, ബ്രൂണോ ലാത്വ പറയുന്നത് പോലെ, എല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഒന്ന് അതിന്റെ ഇടത്തിൽ നിന്ന് മാറ്റിയാൽ ചുറ്റുമുള്ള മറ്റെല്ലാത്തിനും മാറ്റം വരും. മഴ മലയിടിയ്ക്കുന്നതും, റസാകാർസ് അഥവാ കുലംകുത്തികൾ എന്ന് ഷേഖ് ഹസീന ബംഗ്ലാദേശിലെ വിദ്യാർത്ഥികളെ വിളിച്ചതോടെ അവിടെ വിപ്ലവമുണ്ടായതും മുസ്‌ലിം-ഹിന്ദു സംഘർഷം ഉണ്ടായതും ഇന്ത്യൻ സർക്കാർ ജാഗരൂകമായതും അമേരിയ്ക്ക പ്രശ്നത്തെ ഉറ്റു നോക്കുന്നതും എല്ലാം പ്രവർത്തകശ്രുംഖലാ സിദ്ധാന്തം തന്നെയാണ്. ഒന്ന് മറ്റൊന്നിൽ നിന്ന് മാറി നിൽക്കുന്നില്ല. നമ്മളെല്ലാം ഒന്നിന്റെ അംശങ്ങൾ തന്നെയെന്ന് തത്വശാസ്ത്രം. നമ്മുടെ കൈയിലിരിക്കുന്ന പെൻസിൽ മുൻപൊരു കാടായിരുന്നു എന്ന് ബുദ്ധിസ്റ്റ് ഗുരുവായ തിച് നാഥ് കാൻ പറയുന്നു. പ്രശാന്തിന്റെ നോവലിലെ കഥാപാത്രങ്ങളോ സംഭവങ്ങളോ പരസ്പരം ബന്ധപ്പെടുന്നു എന്ന് തോന്നുന്നില്ല എങ്കിലും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. പൃഥുനിതംബിനിയായ ഒരുവളെ നോക്കി നിന്നതിനാൽ ഉണ്ടായ സ്‌കൂട്ടിയപകടം ദോഷകാലത്തിന്റെ തെളിവാണെന്ന് കരുതി, ദോഷപരിഹാരം ലക്ഷ്യമാക്കി വ്രതാനുഷ്ടാനങ്ങളിൽ മുഴുകിയ പ്രിയംവദ എന്ന കുടുംബിനി ഭർത്താവായ അനിൽക്കൃഷ്ണനു (സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ്) രതി നിഷേധിയ്ക്കുന്നതും ഡോക്ടർ സുജിത്തിനെ കുത്തിയ ശേഷം കേദാരം ലോഡ്ജിലേക്ക് ഓടിക്കയറുന്ന ഗുണ്ടകളായ സജിയും ബിനുവും തമ്മിൽ യാതൊരു ബന്ധവുമില്ല. പക്ഷെ അനിൽക്കൃഷ്ണൻ ബീന എന്ന ലൈംഗികത്തൊഴിലാളിയുമായി അവിടെ പന്ത്രണ്ടാം നമ്പർ മുറിയിൽ ഉണ്ടാകുമെന്നോ ഗുണ്ടകൾക്ക് പിന്നാലെ വന്ന പോലീസും മാധ്യമങ്ങളും പന്ത്രണ്ടാം നമ്പർ മുറി പരിശോധിയ്ക്കുമെന്നോ അനിൽക്കൃഷ്ണൻ ലൈവ് ആയി മീഡിയയിൽ വരുമെന്നോ അത് ടി വി കണ്ടുകൊണ്ടിരിക്കുന്ന പ്രിയംവദ കാണുമെന്നോ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ലെങ്കിലും പ്രവർത്തകശ്രുംഖലാ സിദ്ധാന്തപ്രകാരം, സ്ഥൂലനിതംബിനി കനകക്കുന്നിലെ റെഡ് ലൈറ്റിൽ കരുണാകരന്റെ പ്രതിമയ്ക്ക് താഴെ നിന്നതാണ് സ്‌കൂട്ടി അപകടത്തിന് കാരണം എന്ന് പറഞ്ഞാൽ ആർക്കാണ് നിഷേധിയ്ക്കാൻ ആവുക!

നോവലിനെ പൂർണ്ണമായും വിശദീകരിയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓരോ മനുഷ്യനും ഓരോ കഥയാണ് എന്ന് നോവൽ ആവർത്തിച്ചുറപ്പിയ്ക്കുന്നു. ലൈംഗികദാരിദ്രം കലശലായി അനുഭവിയ്ക്കുന്ന അനിൽക്കൃഷ്ണൻ ആ വിശപ്പിനിടയിലും ഫേസ്ബുക്കിൽ ‘എന്റെ സ്വർഗ്ഗം’ എന്ന് പറഞ്ഞു ഭാര്യയ്ക്കും മകൾക്കും ഒപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യാനും കവിതകളെഴുതാനും അതിൽ കിട്ടുന്ന ലൈക്കുകൾ നോക്കാനും മറക്കുന്നില്ല എന്ന് കാണുമ്പോൾ നമ്മൾ ജീവിയ്ക്കുന്ന ഇരട്ട ജീവിതങ്ങൾക്ക് നേരെ നോവലിസ്റ്റ് ഒരു കണ്ണാടി പിടിച്ചു കാണിച്ചു തരുന്നത് പോലെ തോന്നും. അനിൽക്കൃഷ്ണന്റെ കഥ പറയുമ്പോൾ പ്രശാന്ത് സ്വാഭാവികമായും ഒരു സറ്റയർ രീതിയാണ് കൈക്കൊള്ളുന്നത്. ഫയർ എന്ന സെമി പോൺ മാഗസിൻ വാങ്ങാൻ പോകുന്നതും, സീരിയൽ നായികയെ പ്രാപിയ്ക്കാൻ അശ്വഗന്ധ എന്ന പേരുള്ള വാജീകരനൗഷധം വാങ്ങാൻ പോകുന്നതും എന്ന് വേണ്ട അനിൽക്കൃഷ്ണൻ ഇതിലെ ഹാസ്യകഥാപാത്രം ആണോ എന്ന് പോലും തോന്നും. പക്ഷെ, അയാളെ അത്രയധികം സിംപതിയോടെയാണ് പ്രശാന്ത് അവതരിപ്പിക്കുന്നത് എന്ന് വരികൾക്കിടയിൽ വായിക്കാൻ കഴിയും. ഈ നോവലിന്റെ നായകൻ അനിൽക്കൃഷ്ണൻ ആണെന്ന് തോന്നിയാൽ തെറ്റി. ഇതിലെ ഓരോ വ്യക്തിയും നായകസ്ഥാനത്ത് നിൽക്കുന്നവരാണ്. പാത്തോസ് എന്ന് പറയാവുന്ന വിഷാദത്തിന്റെ ഒരു നേരിയ നൂല് ഈ കഥാപാത്രങ്ങളുടെ കഥയെ തുന്നിച്ചേർക്കുന്നുണ്ട്. ക്യാൻസർ ബാധിതയായ അമ്മയെ ശുശ്രൂഷിയ്ക്കാനുള്ള പണം ഉണ്ടാക്കാൻ രണ്ടാം വർഷ ബിരുദത്തിൽ വെച്ച് പഠനം നിർത്തുന്ന ബണ്ട്കാട് കോളനിയിലെ ജിനി എന്ന യുവതിയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രം. ഗുണ്ട ബിനുവിന്റെ സഹോദരിയാണവൾ. അവളെ പ്രാപിയ്ക്കാൻ ശ്രമിയ്ക്കുന്ന സുഹൃത്ത് അത് തമാശ കാട്ടിയതാണ് എന്ന് ന്യായീകരിയ്ക്കുന്ന സഹോദരനാണ് ബിനു. പുരുഷലോകത്തിന്റെ നിയമങ്ങൾ മർദ്ദിച്ചൊതുക്കുന്ന സ്ത്രീകളുടെ പ്രതിനിധികൂടിയായി ജിനി അപ്പോൾ മാറുന്നു.
യഥാർത്ഥ ഇടങ്ങളും ജീവൽകഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരുടെ പാരഡികളും ഒക്കെ ചേർന്നാണ് ഈ നോവൽ ഉണ്ടായിരിക്കുന്നത്. സ്റ്റാച്യു ജങ്ഷനിലെ പ്രധാനപ്പെട്ട ന്യൂസ് സ്റ്റാൻഡ് ആയ രമേശന്റെ തട്ടുകടയും രമേശനും ഒക്കെ അതേപടി നോവലിൽ വരുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, മാർക്കോപോളോയ്ക്ക് വെനീസ് എന്നപോലെയാണ് തിരുവനന്തപുരം. അവിടത്തെ ഓരോ ഊടുവഴിയും എനിയ്ക്ക് പരിചിതമാണ്. പ്രശാന്ത് എഴുതിയത് വായിക്കുമ്പോൾ ഞാൻ അതിൽ ഒരു സാക്ഷിയായി മാറുന്നത് പോലൊരു അനുഭവം ഉണ്ടാകുന്നു. എല്ലാ നോവലുകളിലും ഒരു സ്ഥലം ഉണ്ട്. ആ സ്ഥലങ്ങൾ ചിലപ്പോൾ എഴുത്തുകാരന്റെ ഭാവനയിൽ ഉണ്ടാവുന്നതും വായനക്കാരുടെ യാഥാർഥ്യമായി മാറുന്നതും ആയിരിക്കും. ഇവിടെ തിരുവനന്തപുരം ഒരു യഥാർത്ഥ നഗരമാണ്. അതിന്റെ സമകാലികതയുടെ ഉള്ളറകളെ ഇഴപിരിച്ചെടുക്കുകയാണ് പ്രശാന്ത് ചിന്മയൻ സ്റ്റാച്യു ജങ്ഷൻ എന്ന നോവലിൽ ചെയ്യുന്നത്. Page Turner എന്ന് പറഞ്ഞാൽ നമുക്ക് വായന നിർത്താൻ കഴിയാത്ത വിധം ഒരു പേജ് കൂടി ഒരു പേജ് കൂടി എന്ന് പറഞ്ഞു വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഈ നോവൽ ആ ജനുസ്സിൽ പെടുന്നു. ഒരു സിനിമയാക്കാൻ സാധ്യതയുള്ള എഴുത്തെന്നും പറയാം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.