DCBOOKS
Malayalam News Literature Website

സബ് കളക്ടറെ അധിക്ഷേപിച്ച് സംസാരിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസിനെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുമ്പില്‍വെച്ചാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെ സബ് കളക്ടറെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട എം.എല്‍.എ പിന്നീട് ഖേദപ്രകടനം നടത്തിയിരുന്നു.

അതേസമയം മൂന്നാറിലെ അനധികൃത കൈയ്യേറ്റം സംബന്ധിച്ച് സബ് കളക്ടര്‍ എ.ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അനധികൃത നിര്‍മ്മാണം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ഇക്കാര്യം കോടതിയലക്ഷ്യമാണെന്നും ഒപ്പം കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സബ് കളക്ടര്‍ എ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Comments are closed.