DCBOOKS
Malayalam News Literature Website

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ വര്‍ണ്ണാഭമായ തുടക്കം

ആലപ്പുഴ: അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനവും മറ്റ് ആഘോഷപരിപാടികളും ഒഴിവാക്കി 59 മണിചെരാതുകളില്‍ തിരി തെളിച്ചാണ്  മേള ആരംഭിച്ചത്.

മേളയുടെ ആദ്യദിനമായ ഇന്ന് 62 ഇനങ്ങളാണ് അരങ്ങിലെത്തുന്നത്. ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം. ഒപ്പന, നാടകം, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കേരള നടനം, ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ ഭരതനാട്യം, കുച്ചുപ്പുടി എന്നിവയടക്കം 62 ഇനങ്ങളില്‍ ഇന്ന് മത്സരം നടക്കും. കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അപ്പീലുകള്‍ വളരെ കുറവാണെന്നത് മത്സരത്തിന്റെ പ്രധാന പ്രത്യേകതയാണ്. 250 അപ്പീലുകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്റെ സാഹചര്യത്തില്‍ ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി ചെലവ് പരമാവധി കുറച്ചാണ് ഇത്തവണ കലോത്സവനടത്തിപ്പ്. 29 വേദികളിലായി 1,2000-ത്തോളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ സ്ഥിരം ചേരുവകളായ സ്വാഗതഘോഷയാത്രയോ വന്‍ സമാപന സമ്മേളനമോ കൂറ്റന്‍ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. 29 വേദികളില്‍ പ്രധാന വേദിയുള്‍പ്പെടെ പലതും ഒരുക്കിയത് സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ്. അതേസമയം കലോത്സവത്തിനെത്തുന്നവര്‍ക്കായി ഇത്തവണയും ഭക്ഷണം ഒരുക്കുന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ്. ആര്‍ഭാടങ്ങളില്ലാതെ കലോത്സവത്തിന്റെ ഭക്ഷണവേദിയുടെ പാലുകാച്ചല്‍ പ്രധാന വേദിയില്‍ ഇന്നലെ നടന്നിരുന്നു. കലോത്സവവേദിയില്‍ സൗജന്യമായാണ് പഴയിടം സദ്യയൊരുക്കുന്നത്.

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആലപ്പുഴയില്‍ കലോത്സവമെത്തുന്നത്. മന്ത്രി ജി. സുധാകരനാണ് കലോത്സവത്തിന്റെ സ്വാഗതസംഘം അധ്യക്ഷന്‍. ആലപ്പുഴയിലെ ലിയോ തേര്‍ട്ടീന്ത് സ്‌കൂളാണ് മേളയുടെ പ്രധാന വേദി.

Comments are closed.