സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ സജയന്‍ മികച്ച നടി
തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യ (ചിത്രങ്ങള്‍-ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി)യും സൗബിന്‍ ഷാഹിറും( ചിത്രം-സുഡാനി ഫ്രം നൈജീരിയ) പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന് (ചിത്രം- ചോല, കുപ്രസിദ്ധ പയ്യന്‍) ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജ്ജ് ( ജോസഫ്, ചോല), സ്വഭാവ നടിക്കുള്ള പുരസ്‌കാരങ്ങള്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ക്കാണ്.
കാന്തന്‍- ദി ലവര്‍ ഓഫ് കളറാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദിനാണ് (ചിത്രം- ഒരു ഞായറാഴ്ച). ജനപ്രിയ ചിത്രമായി സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു.
വിജയ് യേശുദാസിന് മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരവും ശ്രേയാ ഘോഷാലിന് മികച്ച ഗായികക്കുള്ള പുരസ്‌കാരവും ലഭിച്ചു.കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ച വിശാല്‍ ഭരദ്വാജാണ് മികച്ച സംഗീതസംവിധായകന്‍.
സാംസ്‌കാരിക മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിനായി മത്സരിച്ചത്. ഇതില്‍ നൂറെണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയായിരുന്നു ഇത്തവണ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി.ജോര്‍ജ്, നിരൂപകനായ വിജയകൃഷ്ണന്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ്, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീതസംവിധായകന്‍ പി.ജെ.ഇഗ്നേഷ്യസ്, നടി നവ്യാ നായര്‍ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍.
Comments are closed.