സ്റ്റാന്‍ഡപ് വിത്ത് ജോസഫ് അന്നംകുട്ടി ജോസ് ഉദ്ഘാടനം ചെയ്തു
ദുബായ്: സ്റ്റാന്‍ഡപ്പ് വിത്ത് ജോസഫ് അന്നംകുട്ടി ജോസ് എന്ന പേരില്‍ പ്രശസ്ത ആര്‍ജെയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് അവതരിപ്പിക്കുന്ന പുതിയ പരിപാടിയുടെ രാജ്യാന്തര തലത്തിലുള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു . ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന ലുലു-ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ കൈകാര്യം ചെയ്ത ആക്ഷേപഹാസ്യം ഇന്നത്തെ കാലത്തിന് അനുയോജ്യമായ രൂപത്തില്‍ അവതരിപ്പിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു. അതിശയോക്തി കലര്‍ത്തിയ ഹാസ്യത്തോടൊപ്പം വിമര്‍ശനവും ആക്ഷേപഹാസ്യവും ഉള്‍പ്പെടുത്തും. സ്റ്റാന്‍ഡപ് കോമഡി എന്ന് വിളിക്കില്ലെങ്കിലും ഭൂരിഭാഗവും തമാശയായിരിക്കും അവതരിപ്പിക്കുക. ഇതിന്റെ ആദ്യ ഉദ്ഘാടനം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. ഇത് രാജ്യാന്തര ഉദ്ഘാടനമാണ്. പുതിയ തലമുറയോടൊപ്പം പ്രായമുള്ളവരും സ്റ്റാന്‍ഡപ്പ് വിത്ത് ജോസഫ് അന്നംകുട്ടി ജോസ് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ദുബായ് റീജണല്‍ ഡയറക്ടര്‍ കെ.പി.തമ്പാന്‍ പ്രസംഗിച്ചു.
പ്രവാസി എഴുത്തുകാരന്‍ ഡോ.ബേബി സാം സാമുവലിന്റെ കനമേതുമില്ലാതെ (പ്രസാധനം: ഡി സി ബുക്സ്) എന്ന പുസ്തകം വേദിയില്‍ കെ.പി.തമ്പാന് നല്‍കി ജോസഫ് അന്നംകുട്ടി ജോസ് പ്രകാശനം ചെയ്തു.
ലുലു-ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലില്‍ ഈ മാസം 28-ന് വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടിയില്‍ കവി മുരുകന്‍ കാട്ടാക്കട കവിതകള്‍ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ ‘കണ്ണട’ എന്ന പ്രശസ്തമായ കവിത രചിച്ചിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
അറബിക്, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി കഥ, കവിത, നോവല്‍, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങള്‍ ‘ലുലുലു-ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലില്‍ ലഭ്യമാണ്. യു.എ.ഇ.യുടെ ചരിത്രം സംബന്ധിച്ചുള്ള നിരവധി പുസ്തകങ്ങളും പ്രവാസികളുടെ പുസ്തകങ്ങളും ഉണ്ടായിരിക്കും. പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി 12 വരെയാണ് വായനോത്സവം.
Comments are closed.