DCBOOKS
Malayalam News Literature Website

സവര്‍ണ്ണ ചരിത്രകാരന്മാര്‍ നാരായണഗുരുവിനെക്കുറിച്ച് എഴുതിയത്

ചരിത്രകാരന്മാര്‍ ‘കണ്ട’ നാരായണഗുരുവിനെ ചരിത്രപുസ്തകങ്ങള്‍ മുന്‍നിര്‍ത്തി വിശകലനം ചെയ്തിരിക്കുന്ന ലേഖനം.

നാരായണഗുരുവിനെപ്പറ്റി എഴുതിയിടത്തോളം മറ്റൊരു കേരളീയനെപ്പറ്റിയും മലയാളത്തില്‍ അധികം എഴുതിയിട്ടുണ്ടാകില്ല. ജീവിതത്തിന്റെയും വിജ്ഞാനത്തിന്റെയും വിവിധതുറകളില്‍പ്പെട്ടവര്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. നാനാജാതിമതസ്ഥരും വിഭിന്നദേശങ്ങളിലുള്ളവരും അതില്‍പ്പെടും. എന്നിട്ടും ഇന്ത്യയിലെന്നല്ല, കേരളത്തിലെതന്നെ പൊതുമണ്ഡലത്തിന് തുറന്നമനസ്സോടെ ഗുരുവിനെ ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. കേരളത്തിലെ മുസ്ലിം സമൂഹം ആദരിക്കുന്നിടത്തോളംപോലും, സവര്‍ണ്ണക്രിസ്ത്യാനിയോ സവര്‍ണഹിന്ദുവോ ഗുരുവിന്റെ മഹത്ത്വത്തെ ആദരിക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം. സവര്‍ണ ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെടുന്നവരുടെ ഭവനങ്ങളില്‍ സ്വാമി വിവേകാനന്ദന്റെയോ രാമകൃഷ്ണപരമഹംസരുടെയോ ഗാന്ധിജിയുടെയോ രമണമഹര്‍ഷിയുടെയോ ഛായാചിത്രം കണ്ടെന്നിരിക്കാം. എന്നാല്‍ ഗുരുവിന്റെ ചിത്രം കണ്ടെത്തുക അത്ര എളുപ്പമല്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഒരേയൊരു ഉത്തരമേ അതിനുള്ളൂ. ഇനിയും മരിക്കാത്ത കേരളീയരുടെ ഫ്യൂഡല്‍-ജാതി-മത മനഃസ്ഥിതി. ഇതിന്റെ പ്രതിഫലനം മറ്റൊരു രൂപത്തില്‍ കേരളചരിത്രകാരന്മാരുടെ ഗുരുസംബന്ധിയായ രചനകളിലും ദര്‍ശിക്കാനാവും.

കേരളത്തിലെ ഒന്നാമത്തെ ആധുനികചരിത്രകാരന്‍ എന്നു എം.ജി.എസ് നാരായണന്‍ വിശേഷിപ്പിച്ച വ്യക്തിയാണ് കെ.പി. പത്മനാഭമേനോന്‍. കേരളചരിത്രഗ്രന്ഥങ്ങളില്‍ ഗുരുവിനെക്കുറിച്ചുള്ള ആദ്യ
പരാമര്‍ശം അദ്ദേഹത്തിന്റെ ‘കൊച്ചിരാജ്യചരിത്രത്തില്‍’ (1912) ആണ് നാം കാണുക. അതിങ്ങനെയാണ്: “ശ്രീനാരായണഗുരുക്കള്‍ എന്ന മഹാന്റെ മേലധ്യക്ഷതയില്‍ ഈഴവസമുദായം ഉപര്യുപരി അഭിവൃദ്ധിയെ പ്രാപിച്ചുവരുന്നു. സമുദായരക്ഷയ്ക്കായി ശ്രീനാരായണപരിപാലനസംഘം എന്ന് ഒരു സംഘം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ സംഘത്തിന്റെ ശ്രമംകൊണ്ട് വിദ്യാഭ്യാസം, കച്ചോടം, പലതരത്തിലുള്ള വ്യവസായങ്ങള്‍, കൈത്തൊഴിലുകള്‍ ഇവ നടത്തിവരുന്നു. ഈഴവര്‍ സാധാരണയായി ബ്രാഹ്മണരുടെ ക്ഷേത്രങ്ങളിലായിരുന്നു വന്ദനം, വഴിപാട് മുതലായതു കഴിച്ചുവന്നിരുന്നത്. ഇപ്പോള്‍ അവര്‍ പ്രത്യേകക്ഷേത്രങ്ങള്‍ പണിചെയ്ത് ശ്രീനാരായണഗുരുക്കളെക്കൊണ്ടു പ്രതിഷ്ഠാകലശം മുതലായതു വിധിയാംവണ്ണം കഴിച്ചു സ്വജാതിയിലുള്ളവരെക്കൊണ്ടു പൂജ മുതലായതു ചെയ്യിച്ചുവരുന്നു. ഇതും നായന്മാര്‍ക്ക് ഒരു സാധനപാഠമാണ്.” തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ (1906) നാണുഭക്തന്‍, ഒരാള്‍ എന്നിങ്ങനെ വി. നാഗമയ്യ വിശേഷിപ്പിച്ച ഗുരു, കൊച്ചി രാജ്യചരിത്രത്തില്‍ ശ്രീനാരായണഗുരുക്കളും മഹാനു
മായി പരിണമിക്കുന്നത് നാം കാണുന്നു. എന്നാല്‍ 1888-ല്‍ അരുവിപ്പുറത്തുനടന്ന ശിവലിംഗപ്രതിഷ്ഠയെപ്പറ്റിയോ, ഗുരുവിന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളിലെ വിപ്ലവസ്വഭാവത്തെപ്പറ്റിയോ യാതൊന്നും ഇവര്‍ പറഞ്ഞു കാണുന്നില്ല.

നാരായണഗുരുവിനെക്കുറിച്ച് ആനുഷംഗികമായി നടത്തിയ ഒരു പരാമര്‍ശം മാത്രമേ ഇളംകുളത്തിന്റേതായി നമ്മുടെ മുന്നിലുള്ളൂ. അതും എഴുത്തച്ഛനെപ്പറ്റി എഴുതേണ്ടിവന്ന സന്ദര്‍ഭത്തില്‍ പറഞ്ഞതാണ്. അതിങ്ങനെയാണ്: ”ശങ്കരാചാര്യരെപ്പോലുള്ള അനേകം മഹാപണ്ഡിതന്മാരും മഹാസിദ്ധന്മാരും കേരളത്തില്‍ ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും ഒരു ചരിത്രകാരന്റെ ദൃഷ്ടിയില്‍ രണ്ടുപേരുടെ ശിരസ്സുകള്‍ മാത്രമേ ഹിമാലയംപോലെ ഉയര്‍ന്നു കാണുകയുള്ളൂ. എഴുത്തച്ഛന്റെയും നാണുഗുരുസ്വാമിയുടെയും. നാശഗര്‍ത്തത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്ന കേരളത്തിലെ സാമൂഹ്യജീവിതത്തിന്റെ ഗതി നിയ
ന്ത്രിച്ച മഹാന്മാരാണ് അവരിരുവരും. ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ രക്ഷയില്‍ പൊതുജനാഭിപ്രായത്തെ തൃണവല്‍ഗണിച്ചു പിതാക്കന്മാരായ നമ്പൂതിരിമാരുടെയും ഉപദേശികളായ പരദേശികളുടെയും ചൊല്‍ പ്പടിക്കു രാജാക്കന്മാര്‍ വാണതിന്റെ ഫലമായി ജാതിക്കോമരത്തിന്റെ വിളയാട്ട് അസഹനീയമാംവണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണു ശ്രീനാരായണന്റെ ജനനം. അക്കാലത്തെ ഈഴവരുടെ സ്ഥിതിപോലെ ദയനീയമായിരുന്നു എഴുത്തച്ഛന്റെ കാലത്തെ നായന്മാരുടെ സ്ഥിതി. ധാര്‍മ്മികവും ജാതീയവും മതപര വുമായ അവശതകളില്‍നിന്നു മോചനം നേടാന്‍ എല്ലാവരും ആശിച്ചു. എഴുത്തച്ഛനായിരുന്നു ആ പരിഷ്കരണപ്രസ്ഥാനത്തിന്റെ പ്രധാനവക്താവ്.”

കേരളചരിത്രത്തില്‍ നാരായണഗുരുവിനുള്ള ഉന്നതമായ സ്ഥാനത്തെക്കുറിച്ച് ഇളംകുളത്തെപ്പോലെ മറ്റൊരു ചരിത്രകാരനും അദ്ദേഹത്തിനുമുമ്പ് മേല്‍ വിശേഷിപ്പിച്ചവിധം എഴുതിയിട്ടില്ല. എന്നാല്‍, ഊരും പേരും കൃതികള്‍പോലും ഇപ്പോഴും സന്ദേഹസ്ഥിതിയിലുള്ള ഒരു മധ്യകാലകവിയെ, ആധുനികകാലത്തെ മതേതരനും മാനവികവാദിയും കര്‍മ്മജ്ഞാനിയുമായ ഒരു യോഗിക്കൊപ്പം സാത്മീകരിച്ചതില്‍ അപാകതയുണ്ട്. ഈശ്വരവിശ്വാസത്തിന്റെയും ഭക്തിയുടെയും യാഥാസ്ഥിതികാശയങ്ങള്‍ക്ക് ഇതിഹാസ കൃതികളിലൂടെ പുനരാവിഷ്‌കാരം നല്‍കിയ എഴുത്തച്ഛന്റെ സ്ഥാനമെവിടെ? ബ്രാഹ്മണപാദങ്ങളെ സ്തുതിച്ചുപാടിയ എഴുത്തച്ഛന്റെയും ബ്രാഹ്മണപൗരോഹിത്യത്തെ പരസ്യമായി വെല്ലുവിളിച്ച നാരായണഗുരുവിന്റെയും ശിരസ്സുകള്‍ക്ക്, ഒരേ ഉയരത്തില്‍ ഹിമാലയംപോലെ ഉയര്‍ന്നു നില്ക്കാന്‍ എങ്ങനെയാണ് ആവുക? പതിനാറാം നൂറ്റാണ്ടിലോ പതിനേഴാം നൂറ്റാണ്ടിലോ, എഴുത്തച്ഛന്‍ സൃഷ്ടിച്ച ഭക്തി – നാമ സങ്കീര്‍ത്തനക്കാരുടെ പിന്മുറക്കാരാണ് സുപ്രീംകോടതി വിധിയെ ധിക്കരിച്ചു ശബരിമലയില്‍ സ്ത്രീക്ക് തുല്യനീതി നിഷേധിച്ച നാമജപക്കാരെന്നുകൂടി ഓര്‍ക്കണം. ഈഴവര്‍ക്കു നാരായണഗുരു എങ്ങനെയായിരുന്നുവോ അതുപോലെയായിരുന്നു നായന്മാര്‍ക്കു എഴുത്തച്ഛന്‍ എന്ന ഇളംകുളത്തിന്റെ പരോക്ഷ സൂചനയാണു നായന്മാരുടെ നാരായണഗുരുവാണ് എഴുത്തച്ഛന്‍ എന്നു പറയാന്‍ എം.ജി.എസിനെ പ്രേരിപ്പിച്ചത്. ഈ സാദൃശ്യപ്പെടുത്തലില്‍ വലിയൊരു നീതികേടുണ്ടെന്ന് പുനര്‍വിചിന്തനത്തില്‍ എം.ജി.എസിനു തോന്നിയിരിക്കണം. പിന്നീട് മനസ്സു തുറന്ന് അദ്ദേഹം ഇങ്ങനെ എഴുതി: ”ദൂരവ്യാപകമായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക ഫലങ്ങള്‍ ഉണ്ടാക്കിയതാണു ശ്രീനാരായണാവതാരവും സംഘ സ്ഥാപനവും. സവര്‍ണരോട് ഏറ്റുമുട്ടാതെ അവര്‍ണരുടെ സമാന്തരദേവാലയ വിദ്യാലയവ്യവസായ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ആ സംന്യാസിവര്യന്‍ പുതിയൊരുതരം പ്രസ്ഥാനത്തിനാണു നാന്ദി കുറിച്ചത്. സമാധാനപരമായ ഒരു വിപ്ലവം. ആധുനികഭാരതത്തിലാകെത്തന്നെ പരിശോധിച്ചാല്‍ അവര്‍ണസമുദായത്തിന്റെ പുത്രന്‍, അതും വേദാന്തിയായ ഒരാത്മീയാചാര്യന്‍ സാമൂഹ്യപരിഷ്‌കരണത്തിനായി ഒരുമ്പെട്ടിറങ്ങിയത് ഒരു പക്ഷേ, നടാടെയായിരിക്കാം. ഈഴവരെ അന്യസമുദായങ്ങള്‍ക്കൊപ്പം ഭാര
തീയ-കേരളീയസാംസ്‌കാരിക മുഖ്യധാരയില്‍മുന്നോട്ടുകൊണ്ടുവരികയും അതേസമയം ഭാരതത്തിനു ഒരു നവോത്ഥാനമാതൃക സമ്മാനിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു.”

ഇരുപതാംനൂറ്റാണ്ടിലെ യുഗപുരുഷനെ കണ്ടെത്താന്‍ മലയാള മനോരമ രൂപീകരിച്ച പാനലിലെ അംഗമായിരുന്നുകൊണ്ട് എം.ജി.എസ്. എഴുതിയതുകൂടി കാണുക: ”കേരളത്തിലെ ശ്രീനാരായണഗുരു വാണ് ആധുനിക ഇന്ത്യയില്‍ അധഃകൃതജാതിയില്‍നിന്ന് ഉയര്‍ന്നുവന്ന ഒന്നാമത്തെ പരിഷ്‌കര്‍ത്താവ്. ആ
പരിഷ്‌കാരങ്ങള്‍ മുഖ്യമായും അധഃകൃതര്‍ക്കിടയിലാണു നടന്നത്. ഈ പ്രത്യേകതയുണ്ടായിട്ടും ഇന്ത്യാചരിത്രഗ്രന്ഥങ്ങളില്‍ അതിനുവേണ്ടത്ര അംഗീകാരം കൈവന്നിട്ടില്ല…അധഃകൃതമായിക്കിടന്ന ഒരു സമുദായത്തിന്റെ ഉദ്ധാരണത്തിലൂടെ അതിന്റെ മേലെയും കീഴെയുമുള്ള പല സമുദായങ്ങളുടെയും ഉദ്ധാരണത്തിനുള്ള സൃഷ്ടിപരമായ സംഘടനാമാതൃക ദാനം ചെയ്തു… മതാതീതമാനവികതയുടെ തത്ത്വശാസ്ത്രം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍തന്നെ ശക്തിയായി പ്രചരിപ്പിച്ചത് ഈ ആദ്ധ്യാത്മി
കാചാര്യനായിരുന്നു. ആദ്യമായിട്ടാണു കേരളത്തിലെ ഒരു സവര്‍ണചരിത്രകാരന്‍, ഗുരുവിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളെ ഭാരതീയ പശ്ചാത്തലത്തില്‍ നിര്‍ത്തി വിലയിരുത്തുകയും സ്ഥാനപ്പെടുത്തു കയും ചെയ്യുന്നത്…

തുടര്‍ന്നു വായിക്കാം

 

ഡോ.എസ്.ഷാജി എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

 

Comments are closed.