ശ്രീലങ്കന്‍ യുവതി സന്നിധാനത്ത് ദര്‍ശനം നടത്തി; സ്ഥിരീകരിച്ച് സര്‍ക്കാരും പൊലീസും
പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ എത്തിയ ശ്രീലങ്കന്‍ സ്വദേശിനിയായ ശശികല സന്നിധാനത്ത് ദര്‍ശനം നടത്തി. സര്‍ക്കാരിലെ ഉന്നതതല ഉദ്യോഗസ്ഥരും പൊലീസും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.യുവതി സന്നിധാനത്തെത്തിയതായി ഇന്നലെ രാത്രിതന്നെ ഐ.ജി. ഡി.ജി.പിയെ അറിയിച്ചിരുന്നു. താന്‍ പതിനെട്ടാം പടിയുടെ അരികിലെത്തിയിട്ടും പൊലീസ് ദര്‍ശനാനുമതി നിഷേധിച്ചെന്നാണ് ഇന്ന് രാവിലെ ശശികല മാധ്യമങ്ങളോടു പറഞ്ഞത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ശശികല ഭര്‍ത്താവ് ശരവണമാരനും മകനും മറ്റൊരാള്‍ക്കുമൊപ്പം ദര്‍ശനത്തിന് എത്തിയത്. ഇവര്‍ പമ്പയിലെ ഗാര്‍ഡ് റൂമിലെത്തി ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. താന്‍ ശ്രീലങ്കന്‍ സ്വദേശിനിയാണെന്നും ദര്‍ശനം നടത്തണമെന്നും അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഇവരുടെ പാസ്‌പോര്‍ട്ട് പരിശോധിക്കുകയും ഇവര്‍ക്ക് 47 വയസ്സാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും ദര്‍ശനത്തിന് അവസരം നല്‍കണമെന്നും യുവതി ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്തതിന്റെ രേഖകളും ഇവര്‍ പൊലീസിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മഫ്തിയില്‍ രണ്ട് പൊലീസുകാരുടെ സഹായത്തോടെ ഇവരെ മല കയറാന്‍ അനുവദിക്കുകയായിരുന്നു.
ഇവര്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ മരക്കൂട്ടം വഴി ശരംകുത്തി വരെ മാത്രമേ എത്തിയിരുന്നുള്ളൂവെന്നും പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിഞ്ഞെന്നുമായിരുന്നു യുവതിയും ഭര്‍ത്താവും മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
Comments are closed.