എണ്‍പതിന്റെ യൗവനകാന്തിയില്‍, ശ്രീകുമാരന്‍ തമ്പിക്ക് ആശംസകളുമായി രവി മേനോന്‍
മലയാളിക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച, മലയാളം കണ്ട മികച്ച ഗാനരചയിതാക്കളില്‍ ഒരാള്‍…വിശേഷണങ്ങള്‍ എത്രയായാലും അധികമാകില്ല ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ പ്രതിഭയ്ക്ക്.
ശ്രീകുമാരന്‍ തമ്പിയെന്ന ഗാനരചയിതാവിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് രവി മേനോന്‍. അദ്ദേഹത്തിന് ജന്മദിനാശംസകള്‍
അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് അപൂര്‍വ സുന്ദര നിമിഷങ്ങളെ രവി മേനോന്‍ ഓര്‍ത്തെടുക്കുന്നത്.
രവി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
എൺപതിന്റെ യൗവനകാന്തിയിൽ
———————–
“ചെത്തുകാരനല്ല ഞാൻ, എഴുത്തുകാരൻ മാത്രം” എന്ന് പറയാൻ വേണ്ടിയാണ് ശ്രീകുമാരൻ തമ്പി സാർ ആദ്യമായി എന്നെ ഫോണിൽ വിളിച്ചത്; ഇരുപത്തേഴു വർഷങ്ങൾക്ക് മുൻപ്.
ഓർക്കുമ്പോൾ ഉള്ളിൽ ചിരി പൊടിയുന്ന അനുഭവം; തെല്ലൊരു കുറ്റബോധവും.
1990 കളുടെ തുടക്കത്തിലാണ്. “വെള്ളിനക്ഷത്ര”ത്തിൽ അന്നൊരു പ്രതിവാര സംഗീത നിരൂപണ പംക്തിയുണ്ട് എനിക്ക്. ആസ്വാദകപക്ഷത്തു നിന്നുകൊണ്ട്, പുതിയ ഓഡിയോ കാസറ്റുകളുടെ ഒരു റിവ്യൂ. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത “ബന്ധുക്കൾ ശത്രുക്കൾ” എന്ന സിനിമയുടെ മ്യൂസിക് ആൽബം മാഗ്നസൗണ്ട് പുറത്തിറക്കിയിട്ട് ദിവസങ്ങളേ ആയുള്ളൂ. ഗാനരചനയും സംഗീതവും തമ്പിയുടെ വക തന്നെ. അർത്ഥദീപ്തമായ രചനകൊണ്ടും ലളിതസുന്ദരമായ വാദ്യവിന്യാസം കൊണ്ടും ഹൃദ്യമായ ആലാപനം കൊണ്ടും പതിവ് ശൈലിയിൽ നിന്ന് വേറിട്ടുനിന്ന സൃഷ്ടികൾ. മലയാളിപ്പെണ്ണേ നിന്റെ മനസ്സ്, ബന്ധുവാര് ശത്രുവാര്, തൽക്കാല ദുനിയാവ്, ചുംബനപ്പൂ കൊണ്ട് മൂടി, പൂനിറം കണ്ടോടി വന്ന, ആലപ്പുഴ പട്ടണത്തിൽ…. പടമിറങ്ങും മുൻപേ സൂപ്പർഹിറ്റായി മാറിയ പാട്ടുകളായിരുന്നു എല്ലാം. മലയാള ചലച്ചിത്ര ഗാനങ്ങളുടെ വസന്തഋതുവിനെ ഓർമിപ്പിച്ച ആ ആൽബത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാൻ മടിച്ചില്ല, എന്നിലെ ആസ്വാദകൻ. അത്തരം സുവർണ്ണാവസരങ്ങൾ നിരൂപകന് വീണുകിട്ടുക അപൂർവമായിരുന്നല്ലോ…
വാരിക പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് തിരുവനന്തപുരത്തു നിന്ന് അപ്രതീക്ഷിതമായി പത്രാധിപർ പ്രസാദ് ലക്ഷ്മണന്റെ കോൾ. “രവീ, ശ്രീകുമാരൻ തമ്പി സാർ വിളിച്ചിരുന്നു. എന്തോ പരിഭവം ഉണ്ടെന്ന് തോന്നുന്നു. ഒന്ന് തിരിച്ചു വിളിച്ചേക്കണം. നമ്പർ തരാം..” ഞെട്ടിപ്പോയെന്നത് സത്യം. എഴുതിയത് മോശമായോ? അതോ വസ്തുതാ വിരുദ്ധമായ വല്ല പരാമർശവും കടന്നുകൂടിയിരിക്കുമോ എന്റെ കുറിപ്പിൽ? ഒന്നും പിടികിട്ടുന്നില്ല. അപ്പോൾ തന്നെ തമ്പി സാറിന്റെ നമ്പറിൽ വിളിച്ചുനോക്കിയെങ്കിലും മറ്റാരോ ആണ് ഫോണെടുത്തത്. സാർ സ്ഥലത്തില്ല, വന്നാൽ പറയാം എന്നു പറഞ്ഞു ആൾ ഫോൺ വെച്ചതോടെ ഉള്ളിലെ വേവലാതി കൂടി.
അധികം വൈകാതെ തമ്പി സാർ തിരിച്ചു വിളിച്ചു. ഫോണെടുത്തത് ചെറിയൊരു ഉൾക്കിടിലത്തോടെ. പ്രിയപ്പെട്ട നൂറുകണക്കിന് ഗാനങ്ങളുടെ രചയിതാവാണ് മറുതലയ്ക്കൽ. കുട്ടിക്കാലം മുതൽ റേഡിയോയിലൂടെ കേട്ടു ശീലിച്ച പേരിന്റെ ഉടമ. ആൾ ക്ഷിപ്രകോപിയാണ് എന്ന് പറഞ്ഞുകേട്ടിരുന്നതിനാൽ ആശങ്ക സ്വാഭാവികം. പക്ഷേ പതിഞ്ഞ ശബ്ദത്തിലാണ് തമ്പി സാർ സംസാരിച്ചു തുടങ്ങിയത്: “മിസ്റ്റർ രവിമേനോൻ, നിങ്ങൾ എഴുതിയത് വായിച്ചു. നന്നായിട്ടുണ്ട്. ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇത്രയും വിശദമായി ആ പാട്ടുകളെ കുറിച്ചൊരു വിലയിരുത്തൽ വരുന്നത്. താങ്ക് യു.” ഒരു നിമിഷം നിർത്തിയ ശേഷം തമ്പി സാർ തുടർന്നു; ഉറച്ച ശബ്ദത്തിൽ: “പക്ഷേ, ഒന്നു പറഞ്ഞേക്കാം. ഞാനൊരു ചെത്തുകാരനല്ല, എഴുത്തുകാരൻ മാത്രമാണ്. തെറ്റിദ്ധാരണ വേണ്ട..” എടുത്തടിച്ചപോലുള്ള ആ പ്രസ്താവന കേട്ട് തരിച്ചു നിന്നു ഞാൻ. “സാരമില്ല. പറഞ്ഞെന്നേ ഉള്ളൂ,”— എന്നെ സമാധാനിപ്പിക്കാനെന്നോണം തമ്പി സാർ പറഞ്ഞു.
ഫോൺ വെച്ച ശേഷവും അമ്പരപ്പ് നീങ്ങുന്നില്ല. ഇതെന്താവാം ഇങ്ങനെയൊരു വിചിത്രമായ പ്രതികരണത്തിന് പ്രകോപനം? പാട്ടും ചെത്തും തമ്മിൽ എന്ത് ബന്ധം? ഒന്നും മനസ്സിലായില്ല. വാരിക ഒന്നുകൂടി തുറന്ന് വായിച്ചുനോക്കിയപ്പോഴാണ് തമ്പി സാർ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയത്. ഗാനപംക്തിക്ക് വേണ്ടി അയച്ചു കൊടുക്കുന്ന കുറിപ്പുകൾക്ക് കൗതുകമാർന്ന തലക്കെട്ടുകൾ കൊടുക്കാറുണ്ട് വാരികയുടെ എഡിറ്റോറിയൽ ഡെസ്ക്. “ബന്ധുക്കൾ ശത്രുക്കളെ” കുറിച്ചെഴുതിയ കോളത്തിന് നൽകിയിരുന്ന തലക്കെട്ട് ഇങ്ങനെ: “തമ്പി ചെത്തി; രചനയിലും സംഗീതത്തിലും.” ചെത്തി എന്നത് അന്നത്തെ കുസൃതി നിറഞ്ഞ ഒരു ന്യൂജൻ പ്രയോഗം. പൊളിച്ചു, തകർത്തു, റോക്ക്ഡ് എന്നൊക്കെ ഇന്നത്തെ കുട്ടികൾ പറയുംപോലെ. എന്നാലും വായിച്ചു നോക്കിയപ്പോൾ തലക്കെട്ടിലെ ആ `ചെത്ത്’ അൽപ്പം കടന്നുപോയില്ലേ എന്നൊരു തോന്നൽ.
എങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ പ്രയോഗത്തിന് പിന്നിലെ “ഉദ്ദേശ്യശുദ്ധി” തിരിച്ചറിയുന്നു ഞാൻ. മലയാളത്തിൽ ഒരാഴ്ച്ചക്കുള്ളിൽ ഒരു ലക്ഷം കോപ്പി വിറ്റ് അത്യപൂർവമായ പ്ലാറ്റിനം ഡിസ്ക് നേടുന്ന ആദ്യത്തെ മ്യൂസിക് ആൽബം ആയി മാറി “ബന്ധുക്കൾ ശത്രുക്കൾ”. ശരിക്കും “അടിച്ചു പൊളിക്കുക” തന്നെയായിരുന്നു ശ്രീകുമാരൻ തമ്പി എന്ന ഓൾറൗണ്ടർ. ഇന്നത്തെ തലമുറയിൽ പോലുമുണ്ട് ആ ഗാനങ്ങൾക്ക് ആരാധകർ.
ദൂരെ നിന്നാണെങ്കിലും, തമ്പി സാറിനെ ആദ്യം കണ്ടത് അതിനും അഞ്ചു വർഷം മുൻപ് കൊല്ലത്തുവെച്ചാണ് — കൗതുകമുള്ള മറ്റൊരു ഓർമ്മ. 1988 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കേരളകൗമുദിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുകയാണ് ഞാൻ. സഹലേഖകനായി കെ ഡി ദയാൽ. കാർത്തിക ഹോട്ടലിൽ ഞങ്ങൾ ഒരുമിച്ച് ഒരേ മുറിയിൽ താമസം. ഒരു ദിവസം ഉച്ചക്ക് വെറുതെ വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന ദയാൽ മുറിയുടെ വാതിലിൽ തട്ടി പൊടുന്നനെ വിളിച്ചു പറയുന്നു: “ദേ നോക്കിയേ, നമ്മുടെ ശ്രീകുമാരൻ തമ്പി സാറല്ലേ അത്?”
തിടുക്കത്തിൽ മുറിയിൽ നിന്ന് പുറത്തിറങ്ങി രണ്ടാം നിലയിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ ഇടതൂർന്ന മുടിയും `റ’ ആകൃതിയിലുള്ള സ്റ്റൈലൻ മീശയുമായി ഒരാൾ നടന്നു പോകുന്നു; ഒരു ബെൽബോട്ടം പാന്റ്സുകാരൻ. കോട്ടയത്തു നിന്നിറങ്ങിയിരുന്ന “സിനിമാമാസിക”യിലെ ചോദ്യോത്തര പംക്തിക്കൊപ്പം നൽകിയിരുന്ന പടത്തിൽ കണ്ട് മനസ്സിൽ പതിഞ്ഞ രൂപം. ഹോട്ടലിലെ ഏതോ താമസക്കാരനെ സന്ദർശിച്ച ശേഷം മടങ്ങിപ്പോകുകയാവണം തമ്പി സാർ. “നമുക്കൊന്ന് ചെന്ന് പരിചയപ്പെട്ടാലോ?”– ദയാലിനോട് എന്റെ ചോദ്യം. “പെട്ടെന്ന് ചൂടാവുന്ന ആളാണെന്നാ കേട്ടിട്ടുള്ളത്. ചിലപ്പോ ചീത്ത കേൾക്കേണ്ടി വരും. എന്നാലും പോയി നോക്കാം. ദേഷ്യപ്പെട്ടാലും ശ്രീകുമാരൻ തമ്പിയല്ലേ?”– ദയാൽ.
പക്ഷെ പടിയിറങ്ങി ഓടി ചെന്നപ്പോഴേക്കും തമ്പി സാർ ഹോട്ടലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറി സ്ഥലം വിട്ടിരുന്നു.
എല്ലാ അർത്ഥത്തിലും “ജനകീയ”നായ ആ കവിയുടെ വിപുലമായ സൗഹൃദവലയത്തിൽ ഒരിക്കൽ ഇടം ലഭിക്കുമെന്നോ, എന്റെ ഒരു പുസ്തകത്തിന് (എങ്ങനെ നാം മറക്കും) അദ്ദേഹം അവതാരിക എഴുതുമെന്നോ, മറ്റൊരു പുസ്തകം (അനന്തരം സംഗീതമുണ്ടായി) പ്രകാശനം ചെയ്യുമെന്നോ ഒന്നും അന്ന് സങ്കല്പിച്ചിട്ടു പോലുമില്ല. പിന്നീട് എത്രയെത്ര കൂടിക്കാഴ്ചകൾ; അഭിമുഖങ്ങൾ, സൗഹൃദ ഭാഷണങ്ങൾ…പാട്ടുകളെ കുറിച്ചുള്ള എഴുത്തിൽ ഞാൻ ഏറ്റവും പരാമർശിച്ചിരിക്കുക തമ്പി സാറിന്റെ പേരായിരിക്കും. വിഷയം ഗാനരചനയോ ഈണമോ ആലാപനമോ സിനിമയോ എന്തുമാകട്ടെ, ശ്രീകുമാരൻ തമ്പി എന്ന പേര് കടന്നുവരാത്ത ലേഖനങ്ങൾ കുറവാണ് എന്റെ രചനകളിൽ. അത് തികച്ചും സ്വാഭാവികമാണ് താനും. തമ്പി സാറിന്റെ പാട്ടുകൾ ഒരിക്കലെങ്കിലും കേൾക്കാത്ത, മൂളാത്ത ദിനങ്ങളും അപൂർവമാണല്ലോ എന്റെ ജീവിതത്തിൽ.
ഗാനരചയിതാക്കൾക്കിടയിലെ ഗന്ധർവനായ ശ്രീകുമാരൻ തമ്പിക്ക് ഈ തിങ്കളാഴ്ച്ച (മാർച്ച് 16) എൺപത് തികയുന്നു. എല്ലാ പ്രതിസന്ധികൾക്കിടയിലും ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് വീണ്ടും വീണ്ടും എന്നെ ഓർമ്മിപ്പിക്കുന്ന, കാതുകളിൽ സ്നേഹപൂർവ്വം മന്ത്രിച്ചുകൊണ്ടിരിക്കുന്ന നൂറു നൂറു പാട്ടുകളുടെ ശില്പിയെ ഹൃദയപൂർവം, നന്ദിപൂർവം നമിക്കുന്നു.
— രവിമേനോൻ
Comments are closed.