DCBOOKS
Malayalam News Literature Website

ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ

പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ. ഇക്കാര്യം സര്‍ക്കാരിനെ സിബിഐ രേഖാ മൂലം അറിയിച്ചു.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശം ഉയര്‍ന്ന സംഭവമായിരുന്നു ശ്രീജിവിന്റെ മരണവും, അനുജന് നീതിതേടിയുളള ശ്രീജിത്തിന്റെ സമരവും.

കഴിഞ്ഞ ഡിസംബര്‍ 22നാണ് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയയ്ക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് നിലവില്‍ ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ രേഖാമൂലം അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് സിബിഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം.

ശ്രീജിവിന്റെ മരണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ് സഹോദരന്‍ ശ്രീജിത്ത്. ശ്രീജിത്തിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്‌.

Comments are closed.