തഥാഗത പാതയില്‍: ബോബി തോമസ് എഴുതുന്നു
കൊടൈക്കനാലിലുള്ള ബോധിസെന്റോ എന്ന സെന്‍ ധ്യാനകേന്ദ്രത്തിലൊരിക്കല്‍ പോകാ നിടയായപ്പോഴാണ് ബുദ്ധനെപ്പറ്റി ഒരു പുസ്തകം എഴുതണമെന്ന ചിന്തആദ്യമുണ്ടായത്
‘ശ്രമണ ബുദ്ധൻ’ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവങ്ങള് ബോബി തോമസ് പങ്കുവെക്കുന്നു
കൊടൈക്കനാലിലുള്ള ബോധിസെന്റോ എന്ന സെന്‍ ധ്യാനകേന്ദ്രത്തിലൊരിക്കല്‍ പോകാ
നിടയായപ്പോഴാണ് ബുദ്ധനെപ്പറ്റി ഒരു പുസ്തകം എഴുതണമെന്ന ചിന്ത ആദ്യമുണ്ടായത്. കൊടൈക്കനാലിന് പതിനൊന്നു കിലോമീറ്റര്‍ മുമ്പുള്ള പളനി പ്പിരിവില്‍ നിന്ന് രണ്ടു കിലോമീറ്ററോളം കുന്നു കയറിയെത്തുന്ന മനോഹരമായൊരു സ്ഥലത്താണ് ബോധി
സെന്റോ. ധ്യാനത്തിന്റെ ഇടവേളകളില്‍ അവിടെ നിന്നും കൂടുതല്‍ ഉയരത്തിലേക്കുള്ള കുന്നുകളിലൂടെ നടക്കാം. സെന്‍ ധ്യാനത്തിനെത്തുന്നവര്‍ കൂടുതലും വിദേശികളാണ്. പിന്നീട് ഒരിക്കല്‍കൂടി അവിടെ പോയി അവിടെയുള്ള സമ്പന്നമായ ലൈബ്രറി പരിശോധിക്കാന്‍ സാഹചര്യമുണ്ടായി. സാധാരണ ലൈബ്രറി സമയം കൂടാതെ ഏതു സമയത്തും അവിടെയിരിക്കാനുള്ള അനുവാദം നല്‍കി സെന്‍ഗുരുവായ ആമസാമി വേണ്ട സഹായങ്ങള്‍ ചെയ്തു തന്നു. ജസ്യൂട്ട് പുരോഹിതനായ ആമസാമി ജപ്പാനില്‍ പോയി ഗുരുവില്‍നിന്ന് നേരിട്ട് സെന്‍ശിക്ഷണത്തിനുള്ള പരിശീലനം നേടിയിരുന്നു. ഇന്ത്യയിലെ ആദ്യ സെന്‍
ഗുരുവെന്ന് കരുതപ്പെടുന്നത് അദ്ദേഹമാണ്. സത്യാന്വേഷിയും നിര ന്തരയാത്രികനുമായ വടകര സ്വദേശി രാഹുല്‍ ബാലകൃഷ്ണനാണ് ബോധിസെന്റോയിലേക്കുള്ള വഴികാട്ടിയായത്. ബുദ്ധചിന്തയില്‍ ആഴത്തിലുള്ള അറിവുകളുള്ള രാഹുല്‍ പിന്നീടും എന്റെ പഠനത്തിനൊരു വഴികാട്ടിയായി നിന്നു. ഇന്ത്യാചരിത്രത്തില്‍ വേദകാല ബ്രാഹ്മണമതത്തിനു സമാന്തരമായി നിലനിന്ന അതിശക്തമായൊരു ശ്രമണപാരമ്പര്യത്തിന്റെ വേരുകള്‍ അന്വേഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. കൊടൈക്കനാലില്‍ ബോധിസെന്റോയില്‍ കണ്ട ഡോ. റാവുവുമായുള്ള സംസാരവും നല്ല ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലം അമേരിക്കയില്‍ ഡോക്ടറായിരുന്നു. ഇപ്പോള്‍ കൊടൈക്കനാലില്‍ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ബുദ്ധമതത്തെ സംബന്ധിച്ചിടത്തോളം ഒരു ജീവിക്കുന്ന എന്‍സൈക്ലോപ്പീഡിയയാണ്. ബുദ്ധദര്‍ശനത്തെപ്പറ്റിയും പാശ്ചാത്യ ന്യൂറോസയന്‍സ് ബുദ്ധധ്യാനത്തെ പുതിയൊരു ശാസ്ത്രമാക്കി മാറ്റുന്നതിനെപ്പറ്റിയും ആഴത്തിലുള്ള ധാരണകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ബുദ്ധന്‍ ജീവിച്ചനാടുകളിലൂടെയുള്ള യാത്രയ്ക്ക് എന്റെ സഹയാത്രികനായിരുന്നത് എഴുത്തുകാരനും പരിഭാഷകനുമായ രാജീവ് ചേലനാട്ടാണ്. നല്ല ഹിന്ദിയില്‍ ആരേയും നേരിടാന്‍ ശേഷിയുള്ള അദ്ദേഹത്തിന്റെസഹായമില്ലാതെ ഈ യാത്ര സാധ്യമാകില്ലായിരുന്നു. ബുദ്ധനെ ഞാന്‍ കണ്ട ആ വഴികളിലൊക്കെ രാജീവും ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വായനാപ്രസ്ഥാനമായ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയാണ് ബുദ്ധമതത്തെപ്പറ്റിയുള്ള ഏറ്റവുമധികം പുസ്തകങ്ങള്‍ നല്‍കി സഹായിച്ചത്. കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി, സി.ഡി.എസ്. ലൈബ്രറി എന്നിവയും സഹായകമായി. ബുദ്ധനെയും ബുദ്ധമതത്തെയുംപറ്റിയുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുക എന്നത് ഈ കൃതിയുടെ ലക്ഷ്യമല്ല. ചരിത്രത്തിലെ ബുദ്ധന്‍ ആരായിരുന്നുവെന്നതിനെയും ബുദ്ധന്റെ മരണശേഷമുള്ള നൂറ്റാണ്ടുകളില്‍ ബുദ്ധമതത്തിന് എന്തു സംഭവിച്ചു എന്നതിനെയുംപറ്റി പൊതുവായൊരു ചിത്രം നല്‍കുക മാത്രമാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ഈ വിഷയത്തിലെ തുടക്കക്കാര്‍ക്കു പ്രയോജനകരമാകുന്നൊരു ആമുഖം എന്ന നിലയില്‍ മാത്രമാണ് ഇത് പരിഗണിക്കപ്പെടേണ്ടത്. സിദ്ധാര്‍ത്ഥനെന്നും ഗോതമനെന്നും ബുദ്ധന്റെ പൂര്‍വ്വാശ്രമ നാമങ്ങള്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. ഗോതമനെന്നതാണ് കൂടുതല്‍ പഴക്കമുള്ള ശ്രോതസ്സുകളിലുള്ളതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘ശാക്യവംശമെന്ന ഒരു സാധാരണ ചെറുക്ഷത്രിയവംശത്തില്‍ പിറന്ന അദ്ദേഹത്തിന്റെ നാമധേയം ഗൗതമന്‍ എന്നായിരുന്നു. അത് പില്‍ക്കാലത്ത് ഭക്തന്മാര്‍ സിദ്ധാര്‍ത്ഥന്‍ എന്ന് പരിഷ്‌കരിച്ചതാണ്’ എന്ന് ഡി.ഡി. കൊസംബിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗൗതമന്‍ എന്ന പരിഷ്‌കൃത രൂപം ഉപേക്ഷിച്ച് ഗോതമന്‍ എന്ന പേരാണ് പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. പല പേരുകളും പാലിയിലും സംസ്‌കൃതത്തിലുമുള്ള വിധം ഉപയോഗിച്ചു കാണാറുണ്ട്. അവയില്‍ കൂടുതല്‍ പ്രചാരത്തിലുള്ള വാക്കുകള്‍ ഇതില്‍ ഉപയോഗിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പ്രസേനജിത്ത് എന്നത് പാലിയില്‍ പസനേദി എന്നും കാണാറുണ്ട്. എന്നാല്‍ പ്രസേനജിത്ത് എന്നാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതേപോലെ അമ്പപാലി എന്ന പാലിക്കുപകരം സംസ്‌കൃതത്തിലുള്ള അമ്രപാലിയെന്നും മൊഗല്ലാനയെന്നതിനുപകരം മൗദ്ഗല്യാനയെന്നും ധമ്മയെന്നതിനു പകരം ധര്‍മ്മം എന്നുമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ശ്രമണപാരമ്പര്യങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്കും ബുദ്ധചിന്തയ്ക്കും കൂടുതല്‍ പ്രാധാന്യമേ റുന്ന സാഹചര്യത്തിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം പ്രസക്തമാകുന്നതന്നും കരുതുന്നു.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.