കൈകോർത്ത് നടക്കുന്ന ബുദ്ധനും ബോബി തോമസും
അപനിർമ്മാണം, സാഹിത്യ വിശകലനം, പാരമ്പര്യ പഠനം, ചലനം, കല, രാഷ്ട്രീയം തുടങ്ങിയ രീതിശാസ്ത്രങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് ബോബി ഈ പുസ്തകം രചിച്ചിരിക്കുന്നത്
ബോബി തോമസിന്റെ ‘ശ്രമണ ബുദ്ധൻ’ എന്ന പുസ്തകത്തിന് ജോണി എം എൽ എഴുതിയ വായനാനുഭവം
തഥാഗതൻ എന്നാൽ അപ്രകാരം പോയവൻ. എപ്രകാരം എന്ന ചോദ്യം ചോദിക്കുന്നതിനു ലഭിക്കുന്ന ഉത്തരമാണ് ഗോമത ബുദ്ധന്റെ ചരിത്രം. കപിലവസ്തുവിലെ ശുദ്ധോധന മഹാരാജാവിന്റെ മകൻ സിദ്ധാർത്ഥൻ, സർവൈശ്വര്യങ്ങൾക്കും നടുവിൽ വളരുകയും ഒടുവിൽ യശോധരയെ വിവാഹം കഴിയ്ക്കുകയും രാഹുലൻ എന്ന പുത്രൻ ജനിച്ച ശേഷം ലോകത്തിന്റെ ദുഃഖകാരണവും നിവാരണവും അന്വേഷിച്ചു കൊട്ടാരം വിട്ടിറങ്ങിപ്പോയി, ധ്യാനതപസ്സുകൾക്കൊടുവിൽ ബുദ്ധപദം നേടിയെന്നുമാണല്ലോ ആ ചരിത്രത്തിന്റെ ഹ്രസ്വസംക്ഷേപം. ഇതാ ഇവിടെയൊരു എഴുത്തുകാരൻ, ബോബി തോമസ് ആ കഥയെ ആകെ അട്ടിമറിച്ചു കൊണ്ട് പുതിയൊരു വെളിച്ചത്തിൽ ബുദ്ധചരിതത്തെ ‘ശ്രമണ ബുദ്ധൻ‘ എന്നൊരു പ്രൗഢമായ പഠനഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു.
‘ശ്രമണ ബുദ്ധൻ’ എന്ന തലക്കെട്ടിൽത്തന്നെയുണ്ട് ബോബി ഈ ചരിത്രത്തിനു നൽകുന്ന ഭാഷ്യത്തിന്റെ ഗൂഗിൾ മാപ്പ്. ഗോതമൻ എന്ന് മാത്രം താൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഗൗതമബുദ്ധനെ ക്രിസ്തുവിനു മുൻപ് അഞ്ഞൂറ് വർഷങ്ങൾക്കുമപ്പുറം ജംബുദ്വീപത്തിൽ നിലനിന്നിരുന്ന (ഇന്ത്യൻ സബ് കോണ്ടിനെൻറ് എന്ന് കൊളോണിയൽ അനന്തര ഭാഷയിൽ പറയാം) ശ്രമണ പരമ്പരയിലെ ഒരാളായി കണ്ണിചേർക്കുകയും അതിനുശേഷം ആ ശ്രമണന്റെ ചരിത്രത്തെ മിത്തുകളുടെയും കെട്ടുകഥകളുടെയും ബൗദ്ധ സാഹിത്യപ്രചുരിമയുടെയും ശാഖാപടലങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത് ജ്ഞാനോദയം സിദ്ധിച്ച ഒരു മഹാമനുഷ്യന്റെ ചരിത്രമായി അവതരിപ്പിക്കാനുമാണ് ബോബി ഗ്രന്ഥത്തിലുടനീളം ശ്രമിക്കുന്നത്.
രണ്ടുതരത്തിലുള്ള ബുദ്ധന്മാരാണ് ഇപ്പോൾ ജനങ്ങൾക്ക് പ്രിയമായിരിക്കുന്നത്; ഒന്ന്, ധ്യാനമാർഗ്ഗത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ദൈവബുദ്ധൻ, രണ്ട്, രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട വിമോചനപ്പോരാളിയായ നവയാനത്തിന്റെ രാഷ്ട്രീയബുദ്ധൻ. എന്നാൽ മദ്ധ്യേമാർഗ്ഗിയായൊരു ബുദ്ധനുണ്ട്. ചേർത്തു പറച്ചിലുകളുടെ അടരുകളിലൂടെ നഷ്ടപ്രായനായ ആ ബുദ്ധനെ വീണ്ടെടുക്കുക എന്ന കർത്തവ്യമാണ് തന്റേതെന്ന് ഗ്രന്ഥകാരൻ തുടക്കത്തിലേ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ഇതൊരു പുതിയ ചരിത്ര രചന എന്നതിലുപരി നിലവിലുള്ള ചരിത്ര-കഥാ ഭാഷ്യങ്ങളിൽ വിവൃതമായിപ്പോയ ബുദ്ധനെ സമ്യഗ് ദർശനത്തിലൂടെ അവതരിപ്പിക്കുക എന്നത് കൂടിയാണ്. അതിനായി ബോബി ഉപയോഗിക്കുന്നത് നാളിതുവരെയുള്ള ബുദ്ധചരിത്രങ്ങളുടെ അപനിർമ്മിതിയാണ്.
അപനിർമ്മാണം, സാഹിത്യ വിശകലനം, പാരമ്പര്യ പഠനം, ചലനം, കല, രാഷ്ട്രീയം തുടങ്ങിയ രീതിശാസ്ത്രങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് ബോബി ഈ പുസ്തകം രചിച്ചിരിക്കുന്നത്. ബുദ്ധൻ വന്നു ഭവിക്കാനിടയായ കാലപശ്ചാത്തലത്തിൽ നിന്ന് കൊണ്ട് ബുദ്ധനു ചുറ്റും വളർന്ന കെട്ടുകഥകളെ അപനിർമ്മിക്കുകയും, ഗോതമൻ രാജ്യമുപേക്ഷിക്കുന്നത് വെളിപാടിനാൽ അല്ല മറിച്ച് അന്നത്തെ സാമൂഹ്യ-രാഷ്ട്രീയ -താത്വിക പ്രശ്നങ്ങൾക്ക് ഉത്തരമെന്ന നിലയിലും ഉത്തരം തേടിയും ആണെന്ന് വ്യക്തമാക്കുന്നതോടെ വായക്കാർക്ക് ബുദ്ധ ചരിതത്തിലേയ്ക്ക് വർത്തമാനകാലത്തിന്റെ വെളിച്ചം വീണു വഴി തെളിയുന്നു. തീവ്രവാദത്തിലേക്ക് കടക്കാൻ സാധ്യതയുള്ള ശ്രമണപരമ്പര്യങ്ങളെയെല്ലാം ഉപേക്ഷിച്ചു ബുദ്ധൻ മദ്ധ്യേ മാർഗ്ഗത്തിലേയ്ക്ക് വരുന്നു. സുജാതയിൽ നിന്ന് പാൽവാങ്ങി കുടിച്ചു കൊണ്ട് ജീവിതത്തിലേയ്ക്ക് തിരികെ വരുന്ന ബുദ്ധൻ തീവ്രവാദത്തെ ഉപേക്ഷിക്കുകയാണ്.
പുസ്തകത്തിന്റെ ഒടുവിലെത്തുമ്പോൾ മ്യാൻമറിലെയും ശ്രീലങ്കയിലെയും ബുദ്ധിസ്റ്റുകൾ എങ്ങനെ ഹിംസയിലേയ്ക്ക് കടന്ന് ന്യൂനപക്ഷങ്ങൾക്കെതിരെ ബുദ്ധിസത്തെ ഒരു രാഷ്ട്രീയ മാർഗ്ഗമായി സ്വീകരിക്കുന്നു എന്ന ഐറണി ഗ്രന്ഥകർത്താവ് വായനക്കാർക്ക് കാട്ടിത്തരുന്നു. എങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ഐറണി ഈ പുസ്തകം നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നുണ്ട്; അത് വേദിക് ബ്രാഹ്മണിക പാരമ്പര്യങ്ങളും ബൗദ്ധ പാരമ്പര്യവും തമ്മിലുള്ള സംഘർഷത്തിന്റെ ആണിക്കല്ലായിരുന്ന യജ്ഞസമ്പ്രദായങ്ങൾ ആണ്. വേദിക് ബ്രാഹ്മണർ മൃഗബലി എന്ന ആചാരത്തിലൂടെ അനേകം പശുക്കളെയും ആടുമാടുകളെയും കൊന്നൊടുക്കിയപ്പോൾ ബുദ്ധൻ അഹിംസ ഉപദേശിക്കുകയും മൃഗബലിയ്‌ക്കെതിരെ നിലകൊള്ളുകയും ചെയ്തു. അതെ സമയം അദ്ദേഹം മാംസഭോജനത്തെ എതിർക്കുകയോ സസ്യഭോജനത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല; യുക്തവും യുക്തിയും പോലെ എന്ന നിലപാടാണ് എടുത്തത്. എന്നാൽ ഇന്ന് പശുക്കളെ കൊല്ലരുത് എന്ന് മുറവിളിക്കുന്ന ബ്രാഹ്മണിക് ഹിന്ദുത്വ അന്ന് പശുക്കളെ കൊല്ലരുതെന്ന് പറഞ്ഞതിന് ബുദ്ധനെതിരെ കലാപം നടത്തിയവരാണെന്ന് നാം കാണുന്നു. ഈ തിരിച്ചിടൽ ബ്രാഹ്മിണിക് മതം ബുദ്ധമതത്തിനെതിരെ നടത്തിയേ വലിയൊരു പിടിച്ചടക്കൽ തന്നെയായിരുന്നു.
ബോബി തോമസ് ഒരു ചിത്രകാരന്റെ ഗൗരവം എടുത്തണിയുന്നില്ലെങ്കിലും തഥാഗതന്റെ ധൂളി പുരണ്ട കാലടിപ്പാടുകൾ തെളിഞ്ഞ വഴിമുഴുവൻ നടക്കുന്ന ഒരു യാത്രികന്റെ ദുഃഖ-പീഡാനുഭവങ്ങളെയും തിരിച്ചറിവുകളെയും ഒരു യാത്രാവിവരണമെന്നോണം പുസ്തകത്തിൽ വിളക്കിക്കിച്ചേർക്കുന്നത് വായനയിലുടനീളം അനുഭവിക്കാൻ കഴിയുന്നു. ക്രിസ്ത്യാനികളുടെ ചരിത്രം എന്ന പുസ്തകം എഴുതിയ ബോബി തോമസ് പക്ഷെ ആ പുസ്തകത്തിൽ ക്രിസ്ത്വനുഭവത്തെ സ്വന്തം അനുഭവമായി കാണുന്നില്ല. ചിത്രകാരന്റെ നിർമ്മമത്വം ബോബി അതിൽ സൂക്ഷിക്കുന്നുണ്ട്. എന്നാൽ ഈ പുസ്തകത്തിലാകട്ടെ ബുദ്ധനെ വിവരിക്കുന്നതിലുടനീളം തന്നിലെ ബുദ്ധനെ തിരിച്ചറിയാൻ ബോബി ശ്രമിക്കുന്നുണ്ടെന്ന് തോന്നും. അത്രയധികം മദ്ധ്യേമാർഗ്ഗത്തിലുറച്ച ഒരു രചനാ ശൈലിയും ടോണും ആണ് അദ്ദേഹം ഈ പുസ്തകത്തിന്റെ രചനയിൽ ദീക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് അതന്നെ ബോബി ബുദ്ധപദങ്ങളിൽ ഉടനീളം ഇതര ശ്രമണ പാരമ്പര്യങ്ങളെ നോക്കിക്കൊണ്ടേയിരിക്കുന്നു. ഒരേ കാലത്ത് ഒരേ ഭൂമികയിൽ അലഞ്ഞു കൊണ്ട് ധർമ്മചക്രപ്രവർത്തനം നടത്തിയ ബുദ്ധനും മഹാവീരനും പരസ്പരം കണ്ടില്ലല്ലോ എന്ന് ബോബി പരിതപിക്കുന്നു. സുജാതയുടെയും അമ്രപാലിയുടെയും ത്യാഗങ്ങൾ ബുദ്ധചരിതത്തിൽ അവരുടെ സ്ഥാനം അനശ്വരമാക്കുന്നു എന്ന് പറയുമ്പോൾത്തന്നെ ആദിമ ബുദ്ധിസവും പിന്നീട് ഉരുത്തിരിഞ്ഞു വന്ന മഹായാനം, തേരവാദം, വജ്രയാനം, അമിതാഭ ബുദ്ധപദം, പദ്മസംഭവ ബുദ്ധൻ, ബോധിധർമ്മൻ, സെൻ തുടങ്ങിയ ഒരു പാരമ്പര്യവും സ്ത്രീകളെ ബുദ്ധകളായി ഉയർത്തുന്നില്ലല്ലോ എന്ന് വേദനിക്കുന്നു. അതേസമയം വജ്രയാനം എന്നത് ജാതിവിവേചനത്തെ പൊളിച്ചെഴുതിക്കൊണ്ട് സ്ത്രീകൾക്ക് ബുദ്ധസാക്ഷാത്കാരത്തിന് വേദിയൊരുക്കിയെന്നും, തേരീഗാഥകൾ എന്നറിയപ്പെടുന്ന ബുദ്ധസാഹിത്യം രചിച്ചതത്രയും സ്ത്രീകളാണെന്ന് അഭിമാനിക്കുകയും ചെയ്യുന്നുണ്ട് ഗ്രന്ഥകാരൻ.
‘ശ്രമണ ബുദ്ധൻ‘ എന്ന കൃതിയുടെ രണ്ടാം ഭാഗം ബുദ്ധിസത്തിന് ലോകഭൂമികയിൽ ഉണ്ടായ വ്യാപനത്തെക്കുറിച്ചും രൂപ-ഗുണ മാറ്റങ്ങളെക്കുറിച്ചും ആണ് വിശദീകരിക്കുന്നത്. അംബേദ്‌കർ ബുദ്ധിസം സ്വീകരിക്കുന്നതും സി വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ ഈഴവർ ബുദ്ധിസത്തിലേയ്ക്ക് പോകുന്നതിനുള്ള സാദ്ധ്യതകൾ ആരായുന്നതും ശ്രീനാരായണ ഗുരു അതിനെ ഒരു വിലങ്ങിൽ നിന്ന് മറ്റൊന്നിലേയ്ക്കുള്ള യാത്രയായി പറയുന്നതും ഒക്കെ ബോബിയുടെ വിവരങ്ങളിൽ സജീവങ്ങളായി വരുന്നു. ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ബുദ്ധിസത്തിന്റെ വ്യാപനവും തകർച്ചയും എങ്ങനെ സംഭവിച്ചു എന്നുള്ളതിന്റെ സാമൂഹിക-രാഷ്ട്രീയ-മത പശ്ചാത്തലത്തെ പരിശോധിക്കുന്ന ഗ്രന്ഥകർത്താവ് എന്തുകൊണ്ട് തമിഴ് നാട്ടിൽ, ഇളങ്കോവടികളും ചാത്തനാരും ഉണ്ടായിട്ടു കൂടി ബുദ്ധിസം ശൈവ-വൈഷ്ണവ മത്സരങ്ങളിൽ നിന്ന് അപ്പാടെ പുറത്താക്കപ്പെട്ടു എന്ന് അന്വേഷിക്കുന്നു. മധ്യപൗരസ്ത്യ ഏഷ്യ, കിഴക്കൻ ഏഷ്യ, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ബുദ്ധിസം നേടിയ രൂപ-ഭാവമാറ്റങ്ങളെ ചരിത്രസഹിതം വിശദീകരിച്ച ശേഷം ഇന്ന് ബുദ്ധൻ എങ്ങനെ പാശ്ചാത്യലോകത്തിന് ഒരു മനഃശാസ്ത്രഞ്ജന്റെ ഗുണം ചെയ്യുന്നു എന്നും എങ്ങനെ അവിടെയെല്ലാം ബുദ്ധിസ്റ്റുകളുടെ എണ്ണം ഒരു മുഖ്യധാരാ മതത്തിലെന്ന പോലെ വളരുന്നു എന്നും വിശദീകരിക്കുന്നു.
ബുദ്ധിസത്തിന്റെ പഠിതാക്കൾക്ക് കൂടുതൽ ചർച്ചകളിലേർപ്പെടാനും തുടക്കക്കാർക്ക് പ്രവേശകമായും പൊതുതാത്പര്യക്കാർക്ക് വാദമുഖങ്ങളായും ഗവേഷകർക്ക് പുനർപഠനത്തിനുള്ള സാധ്യതകളെയും ‘ശ്രമണ ബുദ്ധൻ’ എന്ന ഈ പുസ്തകം വികസിക്കുന്നു. ഡി സി ബുക്ക്സ് അതിന്റെ നാല്പത്തിയേഴാം വാർഷികത്തിൽ ഇറക്കിയ നാല്പത്തിയേഴു പുസ്തകങ്ങളിൽ ഒന്നാണിത്. വായിക്കാനും സൂക്ഷിക്കാനും ഉള്ള ഒരു പുസ്തകം.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.