DCBOOKS
Malayalam News Literature Website

ജീവിതം = വിജയം: ജോയ് ആലുക്കാസ്‌

സെയില്‍സ്മാന്‍ തന്റെ നീണ്ട മൂക്കിന്‍ തുന്പിലൂടെ എന്നെയൊന്ന് നോക്കി. ആ നോട്ടത്തില്‍ പുച്ഛമുണ്ടായിരുന്നു. എന്റെ സാധാരണ വേഷത്തിനോടുള്ള പുച്ഛം. എന്നിട്ട് ഒട്ടും തേച്ചുമിനുക്കാത്ത ഒരു ചോദ്യമെറിഞ്ഞു: ”എന്തു വേണം?”ഞാന്‍ അയാളുടെ ഇടതുവശത്ത് ആരെയും വശീകരിക്കുംവിധത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അതിഗംഭീരനായ റോള്‍സ് റോയിസ് സില്‍വര്‍ സെറഫി
ലേക്ക് നോക്കി. ‘എനിക്ക് ഈ കാറൊന്ന് കാണണം’ എന്ന് പറഞ്ഞു.

അയാള്‍ അവജ്ഞയോടെ പരിഹസിച്ചു: ”ഇത് കാണാനുള്ള കാറല്ല. വില്‍ക്കാനുള്ളതാണ്. വളരെയേറെ വിലപിടിപ്പുള്ള ഒന്നാണ്.”

ലാവന്റൈന്‍ വംശജനെന്ന് തോന്നിപ്പിച്ച സെയില്‍സ്മാന് എന്റെ ഇന്ത്യന്‍ രൂപഭാവങ്ങളോട് താത്പര്യം തോന്നിയില്ല. എന്നില്‍നിന്ന് അധികമൊന്നും പ്രതീക്ഷിക്കാനില്ല എന്നയാള്‍ ഉറപ്പിച്ചിരിക്കുന്നു.ദുബൈയില്‍ ഡോളറിനെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. 2001-ല്‍ ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളെ അത്ര അഭിവൃദ്ധി പ്രാപിച്ച ഒരു സമുദായമായി കണക്കിലെടുത്തിരുന്നുമില്ല. ഞാന്‍ വെറുമൊരു അധമന്‍. റോള്‍സ് റോയിസ് ഷോറൂമിന്റെ വിശുദ്ധ മണ്ണില്‍ ദുര്‍മുഖം കാണിച്ച് നില്‍ക്കുന്നവന്‍.

വേണമെങ്കില്‍ എനിക്ക് ഈ റോള്‍സ് റോയിസിനെ സ്വര്‍ണ്ണം പൊതിയാനാകും എന്നയാള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍, ഒരുപക്ഷേ, എന്റെ മുന്നിലയാള്‍ ചുവന്ന പരവതാനിവിരിക്കുമായിരുന്നു. എന്നാല്‍ ആഡംബരക്കാറുകള്‍ കണ്ട് വെള്ളമിറക്കാന്‍ അലഞ്ഞെത്തിയ മറ്റൊരു വിടനാണിത് എന്നു തീരുമാനിച്ചുറപ്പിച്ചിരുന്നതിനാല്‍, അയാള്‍ തൊട്ടടുത്തുള്ള ഷോറൂമിലേക്ക് വിരല്‍ ചൂണ്ടി. അത് മിത്സുബിഷി ഓട്ടോമൊബൈല്‍സിന്റേതായിരുന്നു. ‘കാറാണ് വേണ്ടതെങ്കില്‍ അവിടേക്ക് പോയിക്കോളൂ’ എന്ന് പറഞ്ഞ് തിരിഞ്ഞുനടന്നു; ഞാന്‍ പരിഗണനയേ അര്‍ഹിക്കുന്നില്ല എന്ന മട്ടില്‍.എന്നില്‍ കോപം കുമിയുന്നത് ഞാനറിഞ്ഞു. ആ കോപം Textഎനിക്കുവേണ്ടി മാത്രമല്ല, എന്റെ നാട്ടുകാര്‍ക്കുവേണ്ടിയുമായിരുന്നു. അക്കാലത്ത് ഇന്ത്യക്കാര്‍ ഇങ്ങനെ അപമാനിക്കപ്പെടുക എന്നത് സാധാരണമായിരുന്നു. എളിമയോടെ പെരുമാറിയ എന്നെ ഇത്തരത്തിലുള്ള ധിക്കാരംകൊണ്ട് ഒഴിവാക്കാം എന്നയാള്‍ ധരിച്ചിരിക്കും.

ആ ഷോറൂമിലേക്ക് ഞാന്‍ ആകസ്മികമായാണെത്തിപ്പെട്ടത്. സുഹൃത്തും മിത്സബിഷിയുടെ റീജിയണല്‍ സെയില്‍സ് തലവനുമായ അഷ്‌റഫിനെ കാണാന്‍ അല്‍ ഹബ്തൂര്‍ മോട്ടോഴ്‌സിലെത്തിയതായിരുന്നു ഞാന്‍. അവര്‍ക്ക് റോള്‍സ് റോയിസിന്റെ ഡീലര്‍ഷിപ്പുമുണ്ടായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ അഷ്‌റഫ് അവിടെയില്ലായിരുന്നു.

അദ്ദേഹത്തെ കാത്തുനില്‍ക്കുന്നതിനിടയിലാണ് ഈ സില്‍വര്‍ സെറഫ് തൊട്ടടുത്ത ഷോറൂമില്‍ കണ്ടത്. അതൊന്ന് അടുത്തു കാണാന്‍ ഞാനവിടേക്ക് നീങ്ങി. അപ്പോഴാണ് ആ സെയില്‍സ്മാന്‍ എന്നോട് ഇത്തരത്തില്‍ പെരുമാറിയതും വേണ്ടുവോളം അപമാനിച്ചതും.

ആ നിമിഷത്തില്‍തന്നെ അഷ്‌റഫും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും അവിടെയെത്തി. ഞങ്ങള്‍ അഭിവാദ്യങ്ങള്‍ കൈമാറിയ ഉടന്‍ ഈ റോള്‍സ് റോയിസ് വാങ്ങാന്‍ എനിക്കുദ്ദേശ്യമുണ്ട് എന്ന് ഞാന്‍ പ്രഖ്യാപിച്ചു. പെട്ടെന്ന് ഷോറൂമിന്റെ മുഴുവന്‍ ശ്രദ്ധ എന്നിലേക്കെത്തി.

”ആ കാറോ?” അതിലൊരാള്‍ ആ റാംപിലേക്ക് ചൂണ്ടി എന്നോട് ചോദിച്ചു.

”അതെ.” എന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു.

”പക്ഷേ, അത് പ്രദര്‍ശനത്തിനുള്ളതാണ്. താങ്കള്‍ ഓര്‍ഡര്‍ നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ പുതിയതൊന്ന് എത്തിക്കാം.”

”എനിക്ക് ഇതുതന്നെ വേണം.”

പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഒരു കാര്‍ വാങ്ങുക എന്നത് സാധാരണ നടപ്പില്ലാത്ത ഒന്നാണെന്ന് എനിക്കറിയാം. റോള്‍സ് റോയിസ് കാറുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടതുണ്ട്. പക്ഷേ, എനിക്ക് വിട്ടുകൊടുക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു.

”എനിക്ക് ഇതുതന്നെ വേണം. ഇപ്പോള്‍തന്നെ വേണം.”

ഷോറൂം പെട്ടെന്ന് നിശ്ശബ്ദമായി. ഞാന്‍ തീര്‍ത്തും ഗൗരവത്തിലാണെന്ന് അവരെല്ലാം തിരിച്ചറിഞ്ഞു. കടലാസുപണികള്‍ തുടങ്ങി. ഞാന്‍ അവിടെ വച്ചുതന്നെ പണമടച്ചു. എന്റെ ഈ സമ്മാനവുമായി ഓഫീസിലേക്ക് തിരിച്ചെത്തി.

അപ്പോഴാണ് ദശലക്ഷം ദിര്‍ഹമിന്റെ ഒരു ചോദ്യം എന്നിലുയര്‍ന്നത്. ഇനി ഇത് ഞാനെന്തു ചെയ്യും?

പെട്ടെന്നുള്ള ഒരു വികാരവിക്ഷോഭത്തിലാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ഈ കാര്‍ വാങ്ങാനുള്ള തീരുമാനം തീര്‍ത്തും വൈകാരികമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തലച്ചോറിനകത്തെ യുക്തിയുടെ ഭാഗം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. എനിക്ക് പെട്ടെന്നൊരു വെളിപാടുണ്ടായി. ഇതിനെ ഞാനൊരു നേട്ടമാക്കും. ഒപ്പം അത് റോള്‍സ് റോയിസിനുള്ള എന്റെ മറുപടിസന്ദേശവുമാകും.

വില്പനയുടെ പ്രോത്സാഹനത്തില്‍ പലപ്പോഴും കാറുകള്‍ ഉള്‍പ്പെടാറുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗജന്യങ്ങള്‍ വളരെ ഇഷ്ടമാണ്. ഇടത്തരം കാറുകള്‍ നറുക്കെടുപ്പിലൂടെ കൊടുക്കുക എന്നത് വില്പന വര്‍ദ്ധിപ്പിക്കാന്‍ അധികച്ചെലവില്ലാത്ത, ഫലവത്തായ ഒരു മാര്‍ഗ്ഗമാണ്. ഞങ്ങള്‍ പരസ്യം നല്‍കി. 500 ദിര്‍ഹം വിലയ്ക്ക് ജ്വല്ലറി വാങ്ങുന്നയാള്‍ക്ക് ഒരു കൂപ്പണ്‍ ലഭിക്കും. ഭാഗ്യശാലിക്ക്… ശ്വാസമൊന്നടക്കി പിടിച്ചോളൂ… സമ്മാനമായി ഒരു റോള്‍സ് റോയിസ്!

പ്രമുഖ പരസ്യ ഏജന്‍സിയായ മാഡ്‌കോ ഗള്‍ഫ് ആണ് ആ പരസ്യം രൂപപ്പെടുത്തിയത്. സ്വര്‍ണ്ണവളകളുടെ ഗോപുരത്തിനു മുകളില്‍ ‘സ്പിരിറ്റ് ഓഫ് എക്സ്റ്റസി’ (ഹര്‍ഷോന്മാദത്തിന്റെ ചൈതന്യം) എന്ന റോള്‍സ് റോയ്‌സിന്റെ ബോണറ്റ് മാസ്‌കോട്ട് മകുടമായി. അതിനു കീഴെ സില്‍വര്‍ സെറഫിന്റെ ചിത്രം. ഇന്ദ്രിയസുഖം പകരുന്ന വെട്ടിത്തിളങ്ങുന്ന ബാഹ്യരൂപത്തില്‍ ക്രോം നിറത്തിലുള്ള അലങ്കാരങ്ങള്‍, നമ്പര്‍ പ്ലേറ്റില്‍ ‘ആര്‍ ആര്‍ 1’ എന്ന് വലിയ അക്ഷരത്തില്‍. ഈ പരസ്യം ഉപഭോക്താക്കളെ വല്ലാതെ ആകര്‍ഷിച്ചു. ‘ലോകത്തിലെ ഒന്നാം നമ്പര്‍ 22 കാരറ്റ് ജ്വല്ലറി’യില്‍നിന്ന് ‘ലോകത്തിലെ ഒന്നാം നമ്പര്‍ കാര്‍.’ സമ്മാനം നേടാനായി അത് ഉപഭോക്താക്കളെ ക്ഷണിച്ചു.

പ്രതീക്ഷയ്ക്കപ്പുറമായിരുന്നു അതിന്റെ ഫലം. നഗരത്തിന് അതൊരാവേശമായി. ഒരു ചില്ലറവില്പനക്കാരനും അതുവരെ ഇത്രയും വിലകൂടിയ ഒരു ആഡംബരക്കാര്‍ സമ്മാനമായി നല്‍കിയിട്ടില്ല. അത് സംസാരവിഷയമായി. ഉപഭോക്താക്കള്‍ ഇരച്ചെത്തി. ചിലര്‍ ആഭരണങ്ങള്‍ വാങ്ങി. മറ്റ് ചിലര്‍ക്ക് കൂപ്പണ്‍ മാത്രം മതിയായിരുന്നു. വളരെ പെട്ടെന്നുതന്നെ ആലുക്കാസ് ജ്വല്ലറി മറ്റൊരു തലത്തിലേക്ക് കുതിച്ചുയര്‍ന്നു.

ആലുക്കാസും ഉന്നതനിലവാരമുള്ള ഒരു ആഡംബര കാര്‍ ബ്രാന്‍ഡുമൊത്തുള്ള അപ്രതീക്ഷിത ചങ്ങാത്തം ഞങ്ങളുടെ ശ്രേയസ്സ് പതിന്മടങ്ങു വര്‍ദ്ധിപ്പിച്ചു. ഇരുവര്‍ക്കും വിജയം നല്‍കിയ ഒരു അവസ്ഥ. ഞാന്‍ എനിക്ക് ചെയ്യാനുള്ളത് ചെയ്തിരിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ആലുക്കാസ് അതിന്റെ സാന്നിദ്ധ്യം വലിയൊരു വിസ്‌ഫോടനത്തോടെതന്നെ അറിയിച്ചിരിക്കുന്നു. ഭാഗ്യക്കുറി നറുക്കെടുപ്പുകളുടെ ഭാഗമായി തങ്ങളുടെ കാറുകള്‍ ഇനി ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന് അതിനുശേഷം റോള്‍സ് റോയിസ് തീരുമാനിച്ചു. പ്രോത്സാഹന പ്രചരണ പ്രവര്‍ത്തനങ്ങളില്‍ റോള്‍സ് റോയിസ് കാറുകള്‍ ഉപയോഗിച്ചിരുന്ന ദുബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ചില്ലറവില്പനശാലയോടുപോലും അവര്‍ ഇനിയത് ചെയ്യരുത് എന്നാവശ്യപ്പെട്ടു.

എനിക്കാകട്ടെ ഇതൊരു പ്രഖ്യാപനമായിരുന്നു. വര്‍ഷങ്ങളോളം എന്നും വീട്ടില്‍ തോറ്റുകൊടുക്കേണ്ടിവന്നവനായ ഞാന്‍ എന്തു വിരട്ടലുകളും ഭയപ്പെടുത്തലുകളും അനായാസം മറികടക്കാന്‍ തക്കവിധത്തില്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.