DCBOOKS
Malayalam News Literature Website

‘പീഡിതനഗരങ്ങളിലെ മഴയുടെ ഭാഷ’ അരുന്ധതി റോയ് നടത്തിയ പ്രഭാഷണം ഈ ലക്കം പച്ചക്കുതിരയില്‍

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നടത്തപ്പെടുന്ന ഡബ്യൂ. ജി. സെബാള്‍ഡ് പ്രഭാഷണപരമ്പരയില്‍ സര്‍ഗ്ഗാത്മക സാഹിത്യവിവര്‍ത്തനത്തെ ആസ്പദമാക്കി 2018 ജൂണ്‍ 5-ാം തീയതി അരുന്ധതി റോയ് ചെയ്ത പ്രഭാഷണത്തിന്റെ ലിഖിത രൂപമാണിത്. ”പീഡിതനഗരങ്ങളില്‍ മഴ പെയ്യുന്നത് ഏതു ഭാഷയില്‍?” എന്ന പാബ്ലോ നെരൂദയുടെ വരികളാണ് പ്രഭാഷണത്തിന്റെ ശീര്‍ഷകം. ഭാഷാന്തരീകരണം എന്ന സാമാന്യാര്‍ത്ഥിനുമപ്പുറം, സങ്കീര്‍ണ്ണതകളും വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യയിലെ ജനങ്ങളുടെ സാംസ്‌കാരിക വിനിമയം എന്ന വിശാലമായ അര്‍ത്ഥത്തില്‍ വിവര്‍ത്തനം എന്നപദം ഇവിടെ വ്യവഹരിക്കപ്പെട്ടിരിക്കുന്നു. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷയുടെയും രാഷ്ട്രീയത്തെയും ചരിത്രത്തെയും അപനിര്‍മ്മിച്ചുകൊണ്ട് പുനര്‍വായിച്ചുകൊണ്ട് നടത്തുന്ന ആത്മകഥാപരമായ ആഖ്യാനം കൂടിയാണ് ഇത്. വിവര്‍ത്തനം ഡോ. ജോസഫ്. കെ. ജോബ്

“രംഗം കല്‍ക്കത്തയിലെ ഒരു പുസ്തകചര്‍ച്ചാവേദി. ആദ്യനോവലായ ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’ പ്രസിദ്ധീകരിച്ചിട്ട് കഷ്ടിച്ച് ഒരാഴ്ച ആകുന്നതേയുള്ളൂ. നോവല്‍ ചര്‍ച്ചയ്ക്കിടെ സദസ്യരില്‍നിന്ന് ഒരാള്‍ എഴുന്നേറ്റുനിന്ന് എന്നോട് ചോദിച്ചു: ”ഏതെങ്കിലുമൊരു എഴുത്തുകാരന്‍ എന്നെങ്കിലും തന്റെ മാസ്റ്റര്‍പീസ്, മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷയില്‍ ഇതുപോലെ രചിച്ചിട്ടുണ്ടാകുമോ?”കടുപ്പിച്ച സ്വരത്തില്‍ ശത്രുതാഭാവത്തോടെയാണ് ചോദ്യം. ഞാനോര്‍ത്തു: ഒരു മാസ്റ്റര്‍പീസ് എഴുതിയെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടില്ലല്ലോ. പോരാത്തതിന് ഞാന്‍ ഒരു എഴുത്തു’കാരനും’ അല്ലല്ലോ. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍ ഇംഗ്ലിഷില്‍ എഴുതി ആവശ്യത്തിലേറെ പ്രശസ്തി പിടിച്ചുപറ്റുന്നതിലുള്ള അമര്‍ഷം മുഴുവനുമുണ്ടായിരുന്നു ചോദ്യകര്‍ത്താവിന്റെ വാക്കുകളില്‍. ഞാന്‍ ഉത്തരം പറഞ്ഞു: ”വ്ളാദിമിര്‍ നബക്കോഫ്, റഷ്യക്കാരനായി ജനിച്ച് ഇംഗ്ലിഷില്‍ പ്രശസ്തനായിത്തീര്‍ന്ന എഴുത്തുകാരന്‍”- എന്റെ ഉത്തരം ചോദ്യകര്‍ത്താവിനെ കൂടുതല്‍ കോപിഷ്ഠനാക്കി. അയാള്‍ ഹാളുവിട്ട് ഇറങ്ങിപ്പോയി.

ഇരുപതുവര്‍ഷമായി ആ സംഭവം കഴിഞ്ഞിട്ട്. ഇന്നാലോചിക്കുമ്പോള്‍ ആ ചോദ്യത്തിന്റെ ശരിയായ ഉത്തരം ‘അല്‍ഗോരിതങ്ങള്‍’ എന്നാണെന്ന് തോന്നുന്നു.- നിര്‍മ്മിത ബുദ്ധിയുടെ അല്‍ഗോരിതങ്ങള്‍. ഏത് ഭാഷയിലും മാസ്റ്റര്‍പീസുകളെഴുതി അപരഭാഷകളിലെ മാസ്റ്റര്‍പീസുകളാക്കാന്‍ വിവര്‍ത്തനങ്ങളിലൂടെ സാധിക്കുന്ന ഒരു കാലമാണിത്. നമ്മളുടേത് ഒരു പഴയ കാലമായിരുന്നു. നമുക്കൊക്കെ അറിയാവുന്നതും കുറെയൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് നാം വിചാരിക്കുന്നതുമായ ആ പഴയകാലം കടന്നുപോയി. എന്തിനായിരിക്കാം നാം ഇവിടെ ഒത്തുചേര്‍ന്നത്? ലോകത്തിലെ അഗണ്യജനകോടികളുടെ ഒരംശം മാത്രമാണ് ഇവിടെയിരിക്കുന്ന ഈ നമ്മളെല്ലാം, സഹജീവികളായ മനുഷ്യര്‍ ഉണ്ടാക്കിയ ഭാഷയില്‍ ചില ഗൂഢതാത്പര്യങ്ങള്‍ പുലര്‍ത്തുന്നതുകൊണ്ടുമാത്രം ഇവിടെ ഇങ്ങനെ ഒത്തുചേര്‍ന്നിരിക്കുന്നു എന്നുമാത്രം.

അന്നത്തെ ആ മാതൃഭാഷ/മാസ്റ്റര്‍പീസ് സംഭവത്തിനുശേഷം ആഴ്ചകള്‍ കഴിഞ്ഞ് എനിക്ക് ലണ്ടനിലെ ഒരു ലൈവ് റേഡിയോ ഷോയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. എന്നോടൊപ്പം ആ പരിപാടിയില്‍ പങ്കെടുത്ത മറ്റൊരതിഥി ഒരു ബ്രിട്ടീഷ് ചരിത്രകാരനായിരുന്നു. പരിപാടിക്കിടെ ഇന്റര്‍വ്യൂക്കാരന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ബ്രിട്ടീഷ് ചരിത്രകാരന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സ്തുതിച്ചുമാത്രം ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. സ്തുതിഗീതങ്ങള്‍ മാത്രം പാടാനറിയാവുന്ന അദ്ദേഹം ഒരു ഘട്ടത്തില്‍ തിരിഞ്ഞ് എന്നോടു പറഞ്ഞു:
”ഇംഗ്ലിഷിലെഴുതുന്നതിലൂടെ താങ്കളും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വാഴ്ത്തിപ്പാടുകയാണ് ചെയ്യുന്നത്.”റേഡിയോ ഷോകളില്‍ പങ്കെടുത്ത് വലിയ പരിചയമില്ലാതിരുന്നതുകൊണ്ട് ഞാന്‍ കുറച്ചുനേരം മിണ്ടാതിരുന്നു. പരിഷ്‌കാരത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന അനുസരണശീലമുള്ള പ്രാകൃതര്‍ അങ്ങനെയൊക്കെ വേണമല്ലോ പെരുമാറാന്‍! പക്ഷേ, കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് സകല നിയന്ത്രണവും നഷ്ടപ്പെട്ടുപോയി. അസുഖകരമായി ഞാന്‍ എന്തൊക്കെയോ പറയുകയും ചെയ്തു. അദ്ദേഹം ആകെ വിഷണ്ണനായി. നിന്ദിക്കുവാന്‍ ഉദ്ദേശിച്ചല്ല, അഭിനന്ദിക്കുവാന്‍ ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് ഷോയ്ക്കുശേഷം അദ്ദേഹം എന്നോട് പറയുകയുണ്ടായി. എന്റെ പുസ്തകം അദ്ദേഹത്തിന് ഇഷ്ടമായിരുന്നുവത്രേ. ജാസും ബ്ലൂസും ആഫ്രിക്കന്‍-അമേരിക്കന്‍ രചനകളുമെല്ലാം അടിമത്തത്തെ വാഴ്ത്തിപ്പാടാന്‍ ഉദ്ദേശിച്ചുള്ള

മനം നീറ്റുന്ന നിരവധി ചോദ്യങ്ങള്‍ ഇരുസംഭവങ്ങളും തൊടുത്തുവിടുന്നുണ്ട്. കൊളോണിയലിസം, ദേശീയത, ആധികാരികത, വരേണ്യത, ജാതി, സാംസ്‌കാരികസ്വത്വം… അങ്ങനെ പലതും. എഴുത്തിനെ ഗൗരവമുള്ള പ്രവര്‍ത്തനമായി കരുതുന്ന ഏതൊരു എഴുത്തുകാരിയുടെയും നാഡീവ്യൂഹത്തെ ത്രസിപ്പിക്കുന്ന വിഷയങ്ങളാണിവയെല്ലാം. ആശയങ്ങള്‍ക്ക് വ്യക്തതയും മൂര്‍ത്തതയും പകരേണ്ട ഭാഷ നിശ്ശബ്ദമാക്കപ്പെടുന്നതിനോട് യോജിക്കാന്‍ എനിക്കാവില്ല. എന്നോട് സംവദിച്ചവര്‍ ചെയ്തതതാണ്. നമ്മുടെ സംവാദവേദികളില്‍ പലപ്പോഴും ഇതു സംഭവിക്കാറുണ്ട്. എന്താണോ യഥാര്‍ത്ഥത്തില്‍ പറയാനുദ്ദേശിച്ചത്, അതായിരിക്കില്ല പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുക. തികച്ചും സ്വകാര്യവും അതേസമയം സാമൂഹികവുമാണ് ഭാഷ. ഭാഷയുമായി ബന്ധപ്പെട്ട് ഞാന്‍ നേരിട്ട വെല്ലുവിളികള്‍ യഥായോഗ്യമായിരുന്നു. നിരന്തരം അവയെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നത് ചിന്തകളില്‍ അവ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടുതന്നെ…”

 

തുടര്‍ന്ന് വായിക്കാം ഓഗസ്റ്റ് ലക്കത്തിലെ പച്ചക്കുതിരയില്‍

 

 

 

 

 

Comments are closed.