floccinaucinihilipilification…നാക്കുളുക്കുമോ ഈ വാക്ക് ?
പുതിയ ഇംഗ്ലീഷ് പദങ്ങളെ പരിചയപ്പെടുത്തുന്നതില്‍ എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ ശശി തരൂര്‍ എം.പി എന്നും ശ്രദ്ധ കാണിക്കാറുണ്ട്. തരൂരിന്റെ ഏറ്റവും പുതിയ കൃതിയായ ദി പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി ആന്‍ഡ് ഹിസ് ഇന്ത്യ എന്ന കൃതിയിലും അദ്ദേഹം ഒരു കുസൃതി ഒളിപ്പിച്ചുവെച്ചിരുന്നു. പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്കുപയോഗിച്ചാണ് അദ്ദേഹം ട്വിറ്ററില്‍ പുസ്തകത്തെ പരിചയപ്പെടുത്തിയത്.
floccinaucinihilipilification (ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍) mass noun. The action or habit of estimating something as worthless; എന്തെങ്കിലുമൊന്നിനെ വിലകുറഞ്ഞതായിക്കാണുന്ന പ്രവൃത്തി അല്ലെങ്കില്‍ ശീലം. ഇതാണ് ഡി.സി. ബുക്‌സ് ഡിക്ഷ്ണറിയില്‍ ഈ വാക്കിന് നല്‍കിയിരിക്കുന്ന നിര്‍വ്വചനം.
പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ വാക്കിന്റെ ഉത്ഭവം. ഫ്‌ളൊക്‌സി, നോസി, നിഹിലി, പിലി എന്നീ നാലു ലാറ്റിന്‍ വാക്കുകള്‍ക്കൊപ്പം ഇംഗ്ലീഷിലെ ഫിക്കേഷനും ചേര്‍ന്നാണ് ഈ വാക്കുണ്ടായത്. ബ്രിട്ടണിലെ ഈറ്റന്‍ കോളെജിലെ വിദ്യാര്‍ത്ഥികളോ അധ്യാപകരോ ആരോ ഒരു തമാശയ്ക്കുണ്ടാക്കിയ വാക്കാണിതെന്നാണ് കരുതുന്നത്.
1741-ല്‍ ഇംഗ്ലീഷ് കവി വില്യം ഷെന്‍സ്റ്റോണ്‍ ഒരു കത്തിലാണ് ഈ വാക്ക് ആദ്യം പ്രയോഗിച്ചത്. സാധാരണയായി ഇത് വാക്യമായി ഉപയോഗിക്കാറില്ല, ഇംഗ്ലീഷില്‍ ഏറ്റവുമധികം അക്ഷരങ്ങളുള്ള വാക്കിന് ഉദാഹരണമായാണ് ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷനെ(floccinaucinihilipilification) ചൂണ്ടിക്കാണിക്കാറുള്ളത്.
Comments are closed.