DCBOOKS
Malayalam News Literature Website

സംവാദവേദിയില്‍ രാകേഷ് ശര്‍മ്മയും വികാസ് ദിലവരിയും എത്തുന്നു

വ്യത്യസ്തമായ ആശയങ്ങളുടെ തുറന്ന സംവാദവേദിയാകാന്‍ ഒരുങ്ങുകയാണ് SPACES: Design, Culture & Politics ഫെസ്റ്റിവല്‍. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ മേള 2019 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ആശയോത്സവത്തില്‍ കാലികപ്രസക്തമായ നിരവധി വിഷയങ്ങള്‍ ഇടംപിടിക്കുന്നു. മൂന്ന് വേദികളിലായി നാല് ദിവസം നടക്കുന്ന സംവാദങ്ങളില്‍ നിരവധി പ്രഗത്ഭരും അണിചേരുന്നു.

Conservation Practice: A Bombay case study എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ പ്രശസ്ത ആര്‍ക്കിടെക്ട് വികാസ് ദിലവരിയുമായി അഭിമുഖസംഭാഷണം നടത്തുന്നത് ഡോ. മീന ടി.പിള്ളയാണ്. Man’s reach exceeds his grasp habitation on outer space  എന്ന വിഷയത്തില്‍ ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയന്‍ രാകേഷ് ശര്‍മ്മയുമായി വി.പി. ബാലഗംഗാധരനാണ്  സംവാദത്തില്‍ ഏര്‍പ്പെടുന്നത്.

സ്വന്തം മുറി: ഗാര്‍ഹികവും സാമൂഹികവുമായ ഇടത്തിനുള്ള അവകാശം എന്ന ചര്‍ച്ചയില്‍ ബിന്ദു അമ്മിണി, ദീദി ദാമോദരന്‍, ജെ.ദേവിക, രേഖാ രാജ്, സി.എസ്. ചന്ദ്രിക എന്നിവര്‍ പങ്കെടുക്കുന്നു. കൂടാതെ ദൃശ്യമാധ്യമങ്ങളിലെ വ്യവഹാര ഇടങ്ങള്‍ എന്ന സംവാദത്തില്‍ ജോണ്‍ ബ്രിട്ടാസ്, എം.ജി.രാധാകൃഷ്ണന്‍, വേണു ബാലകൃഷ്ണന്‍, ജോണ്‍ മുണ്ടക്കയം എന്നിവരും പങ്കുചേരുന്നു.

വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു വേദികളിലായി നൂറിലേറെ സംവാദങ്ങളാണ് വിവിധ വിഷയങ്ങളിലായി നടക്കുക. കവിയും ചിന്തകനുമായ പ്രൊഫ.കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടി.എം സിറിയക് ആണ് ഫെസ്റ്റിവല്‍ ക്യുറേറ്റ് ചെയ്യുന്നത്.  പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവം ഈ മേളയുടെ പ്രധാന സവിശേഷതയാണ്. ഒപ്പം ചിത്രകാരന്‍ റിയാസ് കോമുവിന്റെ പുസ്തക ഇന്‍സ്റ്റലേഷന്‍, ശില്പകലാശാലകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

അഞ്ഞൂറിലേറെ സാഹിത്യകലാപ്രവര്‍ത്തകരും ചിന്തകരും ആര്‍ക്കിടെക്ചര്‍മാരും നാലുദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും. സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ആര്‍ക്കിടെക്ചര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ സംഗീതനൃത്ത പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

Comments are closed.