DCBOOKS
Malayalam News Literature Website

ഇനി വ്യത്യസ്ത ചിന്തകളുടെ നാലു ദിനങ്ങള്‍; സ്‌പെയ്‌സസ് ഫെസ്റ്റിന് ഇന്ന് തുടക്കം കുറിച്ചു

തിരുവനന്തപുരം: പുതിയ ആശയങ്ങളുടെ, വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019-ന് പ്രൗഢഗംഭീരമായ തുടക്കം . തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചുനടക്കുന്ന ഈ സാംസ്‌കാരികമാമാങ്കത്തില്‍ ലോകപ്രശസ്തരായ സാമൂഹികചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാ സാംസ്‌കാരിക പരിസ്ഥിതി രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഇന്ത്യയ്ക്ക് പുറമെ സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത ആര്‍ക്കിടെക്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ ബഹു.മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പേസസ് ഫെസ്റ്റ്-2019 ന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരിക്കും. വിജയ് ഗാര്‍ഗ്( The Council Of Architecture-COA), രാകേഷ് ശര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, എ.സി മൊയ്തീന്‍, മേയര്‍ വി.കെ.പ്രശാന്ത്, ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കര എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.

ചരിത്രം, ഡിസൈന്‍, വാസ്തു, കല, രാഷ്ട്രീയം, തത്വചിന്ത, സാഹിത്യം, ആര്‍ക്കിടെക്ചര്‍, സമൂഹം, സിനിമ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒരേ സമയം മൂന്ന് വേദികളിലായി നൂറിലേറെ സംവാദങ്ങള്‍ ഇവിടെ അരങ്ങേറുന്നു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍, ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ, പ്രശസ്ത ആര്‍ക്കിടെക്ട് ബി.വി. ദോഷി, വികാസ് ദിലവരി, ജയാ ജയ്റ്റ്‌ലി, ശശി തരൂര്‍, ഐറ ത്രിവേദി, പ്രകാശ് രാജ്, ടി.എം. കൃഷ്ണ, എന്‍.എസ്. മാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീലങ്കന്‍ ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കര, ഡീന്‍ ഡിക്രൂസ്, റസൂല്‍ പൂക്കുട്ടി, സത്യപ്രകാശ് വാരാണസി, നീലം മഞ്ജുനാഥ്, സാറാ ജോസഫ്, സുനില്‍ പി. ഇളയിടം, മനു എസ്.പിള്ള, ജി.എസ് പ്രദീപ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന സെഷനുകള്‍ക്ക് പുറമെ മുഖാമുഖങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, പരമ്പരാഗത തൊഴില്‍വിദഗ്ധരുടെ അനുഭവാഖ്യാനങ്ങള്‍ എന്നിവയും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ക്കിടെക്ചര്‍ എന്ന സംസ്‌കാരത്തെക്കുറിച്ചും കേരളത്തിന്റെ ആഗോളസ്വത്വത്തെ കുറിച്ചും മുംബൈയിലെ പൈതൃകസംരക്ഷണത്തെ കുറിച്ചും പുണ്യസ്ഥലങ്ങളിലെ ജ്ഞാനഭാവത്തെ കുറിച്ചും വായനശാല, ചായക്കട, ഷാപ്പ് തുടങ്ങിയ പങ്കുവയ്ക്കിലിടങ്ങളിലെ ബലതന്ത്രത്തെ കുറിച്ചും ഒന്നാം ദിവസം ചര്‍ച്ച ചെയ്യും. പ്രകൃതിക്ഷോഭങ്ങള്‍ തുടര്‍ക്കഥയാകുന്ന കേരളത്തെ പറ്റി ഡോ. വി.എസ്. വിജയന്‍ പ്രൊഫ. മാധവ് ഗാഡ്ഗിലുമായി സംഭാഷണം നടത്തും.

സിനിമയിലേയും സാഹിത്യത്തിലേയും കഥപറച്ചിലിന്റെ ആര്‍ക്കിടെക്ച്ചറും, നമ്മുടെ കരകൗശല പാരമ്പര്യങ്ങളുടെ പുനരുജ്ജീവനവും സൂക്ഷിപ്പും, സ്വതന്ത്ര സമൂഹങ്ങളുമൊക്കെ രണ്ടാം നാള്‍ ചര്‍ച്ച ചെയ്യപ്പെടും. മനു എസ് പിള്ളയുമായും റസൂല്‍ പൂക്കുട്ടിയുമായുള്ള സംഭാഷണങ്ങളും ഇതേദിവസം നടക്കും.

കേരളത്തിലെ വാസ്തുകലയിലെ പ്രകൃതിയേയും ആധൂനികതയേയും കുറിച്ചുള്ള സെഷന്‍ മൂന്നാംനാള്‍ ഉണ്ടായിരിക്കും. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സന്യാസി മഠങ്ങളിലെ ഉള്ളറകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സെഷനില്‍ പങ്കെടുക്കും.

അവസാന ദിവസമായ സെപ്റ്റംബര്‍ ഒന്നിന് കോളനി അനന്തര നഗരശാസ്ത്രം ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നെഹ്രുവിന്റെ ആധുനിക വീക്ഷണതലങ്ങളെ പറ്റി ഡോ. ശശി തരൂര്‍ നടത്തുന്ന പ്രഭാഷണം സ്‌പെയ്‌സസ് വേദിയെ സംവാദഭൂമിയാക്കും. ലിംഗം, ഇടം എന്നിവിടങ്ങളിലെ സമവാക്യങ്ങളെ കുറിച്ചും, ഇംഗ്ലീഷുകാര്‍ തന്നുപോയ വാസ്തുപാരമ്പര്യത്തെകുറിച്ചും, കേരളത്തിന്റെ പുനനിര്‍മ്മാണം, ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചുമൊക്കെ നാലാംനാള്‍ ചര്‍ച്ചകള്‍ നടക്കും. അന്നേദിവസം ഡി സി കിഴക്കേമുറി സ്മാരകപ്രഭാഷണം മാഗ്‌സസെ പുരസ്‌കാര ജേതാവ് ടി.എം കൃഷ്ണ നിര്‍വഹിക്കും.

ടി.എം കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, തകര ബാന്‍ഡിന്റെ റോക്ക് ഷോ, എം.ടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി കളം തീയറ്റര്‍ ആന്റ് റപ്രട്ടറി കേരളയുടെ ആഭിമുഖ്യത്തില്‍ പ്രശാന്ത് നാരായണന്‍ അണിയിച്ചൊരുക്കുന്ന നാടകം ‘മഹാസാഗരം’, കലാശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് എന്നിവയും കനകക്കുന്നിന്റെ സായാഹ്നങ്ങളെ കലാസാന്ദ്രമാക്കും.

പ്രശസ്ത ചിത്രകാരനും ബിനാലെ സംഘാടകനുമായ റിയാസ് കോമുവിന്റെ പുസ്തക ഇന്‍സ്റ്റലേഷനും പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോല്‍സവവും ഫെസ്റ്റിന്റെ മാറ്റ് കൂട്ടും. കവി കെ. സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറെന്ന നിലയില്‍ നേതൃത്വം നല്‍കുമ്പോള്‍ പ്രശസ്ത ആര്‍ക്കിടെക്റ്റ് ടി.എം സിറിയക്കാണ് ഫെസ്റ്റിവല്‍ ക്യുറേറ്റര്‍. ഇന്ന് രാവിലെ 10 മണി മുതല്‍ സെഷനുകള്‍ ആരംഭിക്കും.

വിശദവിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക 

Comments are closed.