DCBOOKS
Malayalam News Literature Website

‘അടൂര്‍ ഗോപാലകൃഷ്ണന്‍’; മലയാള സിനിമയുടെ നിത്യവിസ്മയം

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ഖ്യാതി നേടിക്കൊടുത്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ അതിഥിയായെത്തുന്നു. സ്‌പേസസ് വേദിയിലെത്തുന്ന അടൂര്‍ ഗോപാലകൃഷ്ണനുമായി Architecture and Cinema: Space in the Cinematic Imagination എന്ന വിഷയത്തില്‍ കെ.ആര്‍ മനോജാണ് അഭിമുഖസംഭാഷണം നടത്തുന്നത്.

മലയാളസിനിമയുടെ മുഖം മാറ്റിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. അടൂരിന്റെ സ്വയംവരത്തിന് മുമ്പു വരെ സിനിമകള്‍ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യവശത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഗാനനൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച സ്വയംവരത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം എതിരേറ്റു.

കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചതാണ്. അരവിന്ദന്‍, പി.എ.ബക്കര്‍, കെ.ജി. ജോര്‍ജ്, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കൂത്ത്, നാല് പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും, പിന്നെയും എന്നിവയാണ് അടൂര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.

ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. പത്മശ്രീ പുരസ്‌കാരം, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച സംവിധായകര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, ജെ.സി ദാനിയേല്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്പേസസ് ഫെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് അരങ്ങേറുന്നത്.

സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

Comments are closed.